ശൈഖ് സ്വാലിഹ് അസ്സദ്ലാൻ നിര്യാതനായി
24 October 2017 | Reports
രിയാദ്: സുഊദി അറേബ്യയിലെ സമുന്നത സലഫീ പണ്ഡിതന്മാരിൽ ഒരാളായ ശൈഖ് സ്വാലിഹ് അസ്സദ്ലാൻ നിര്യാതനായി. 77 വയസ്സായിരുന്നു. എടവണ്ണ ജാമിഅ നദ് വിയ്യയുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഒരിക്കൽ കേരളത്തിൽ വന്നിട്ടുണ്ട് ശൈഖ് സ്വാലിഹ്.
ഹിജ്‌റ വർഷം 1362ൽ ബുറയ്ദയിൽ ആണ് ശൈഖ് സ്വാലിഹ് അസ്സദ്ലാൻ ജനിച്ചത്. ശൈഖ് ഇബ്നുബാസ്, ശൈഖ് മുഹമ്മദുൽ അമീൻ അശ്ശൻക്വീതി തുടങ്ങിയ ലോകപ്രശസ്തരായ പണ്ഡിതന്മാർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരാണ്. രിയാദിലെ ഇമാം മുഹമ്മദ് ഇബ്ൻ സുഊദ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. ശേഷം അവിടെത്തന്നെ അധ്യാപകനായി. സർവകലാശാലയിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾക്ക് ഗൈഡ് ആയി വർത്തിച്ചത് ശൈഖ് ആണ്.
കിടയറ്റ കർമ്മശാസ്ത്ര വിശാരദൻ ആയിരുന്നു ശൈഖ് സ്വാലിഹ്. ഇംഗ്ലണ്ട് സന്ദർശിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ അദ്ദേഹം നടത്തിയ ഫിക്വ്ഹ് പ്രഭാഷണങ്ങളുടെ വീഡിയോ റെക്കോഡിംഗിന് ഇന്റർനെറ്റിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. തക്ഫീർ, തീവ്രവാദം, ഭീകരവാദം തുടങ്ങിയവയെ നഖശിഖാന്തം എതിർത്തു. നിരവധി ഗ്രന്ഥങ്ങളുടെ കർത്താവാണ്.