Logo

 

ഇൻ ശാ അല്ലാഹ്‌, ഇൻ ശാ അല്ലാഹ്‌!

5 October 2018 | പ്രഭാപർവം

By

മനസ്സിനെ അതിന്റെ രോഗങ്ങളിൽ നിന്ന് സംസ്കരിക്കുന്ന അനേകം ഉൾകാഴ്ചകൾ അല്ലാഹു‌ സ്നേഹപൂർവം പകർന്നുനൽകുന്ന അതിമനോഹരമായ ഖുർആനികാധ്യായമാണ്‌ അൽകഹ്ഫ്‌. ‘ഇൻ ശാ അല്ലാഹ്‌’ (അല്ലാഹു ഇച്ഛിച്ചാൽ) എന്ന് ചേർത്തുകൊണ്ടല്ലാതെ നാളെ/ഭാവിയിൽ എന്തെങ്കിലും ചെയ്യും/നടക്കും/ഉണ്ടാകും എന്ന് പറയാൻ പാടില്ലെന്ന ഇസ്‌ലാമിക വിധി നേർക്കുനേരെ പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഖുർആൻ വചനങ്ങളാണ്‌‌ കഹ്ഫിലെ 23, 24 ആയത്തുകൾ. എന്തൊക്കെ സംഭവിക്കണം/വേണ്ട എന്ന് തീരുമാനിക്കുന്നത്‌ അല്ലാഹുവാണെന്നും അവന്റെ വിധിയെക്കുറിച്ച യാതൊരറിവും മനുഷ്യർക്ക്‌ നൽകപ്പെട്ടിട്ടില്ല എന്നും ഇരിക്കെ ഭാവിയുടെ ഗതിവിഗതികളെയും അതിലെ തന്റെ ഭാഗധേയത്തെയും കുറിച്ച്‌ തറപ്പിച്ച്‌ കാര്യങ്ങൾ പറയുന്നതിലെ ശരികേടിനെക്കുറിച്ച്‌ മുസ്‌ലിം സാധാരണക്കാർക്കുവരെ ധാരണയുണ്ട്‌. നമ്മളുടെ ഇംഗിതങ്ങളല്ല, അല്ലാഹുവിന്റെ തീരുമാനങ്ങളാണ്‌ നടപ്പിലാവുക എന്നതിനാൽ ആർക്കെങ്കിലും എന്തെങ്കിലും വാക്ക്‌ നൽകുമ്പോൾ ‘ഇൻ ശാ അല്ലാഹ്‌’ എന്ന് കൂട്ടിപ്പറയാൻ ഒരുവിധമെല്ലാവരും ഇപ്പോൾ ശ്രദ്ധിക്കാറുണ്ട്‌. അല്ലാഹുവിന്റെ വലുപ്പവും നമ്മുടെ ചെറുപ്പവും തിരിച്ചറിഞ്ഞ്‌ അംഗീകരിക്കുന്ന ‘ഇൻ ശാ അല്ലാഹ്‌’ എന്ന ചെറുവാചകം വിശാലമായ കുറേ അർത്ഥങ്ങൾ ഉൾകൊള്ളുന്നതാണ്‌. അവയെ മനസ്സിലാക്കാനുള്ള ശ്രമം നമ്മുടെ ‘ഇൻ ശാ അല്ലാഹ്‌’കളെ കൂടുതൽ ജീവസ്സുറ്റതും മധുരതരവുമാക്കും.

‘ഇൻ ശാ അല്ലാഹ്‌’ ഒരു പ്രാർത്ഥന കൂടിയാണ്‌. ‘റബ്ബേ, ഞാനിക്കാര്യം നടക്കണമെന്നാഗ്രഹിക്കുന്നു. പക്ഷേ എനിക്ക്‌ അതിന്‌ കഴിയില്ല. നീയാണത്‌ നടത്തിത്തരേണ്ടത്‌. എന്റെ ആഗ്രഹം നീ ദയാപൂർവം സാക്ഷാത്കരിച്ചുതരണേ’ എന്ന മനോഭാവമുണ്ടായാൽ ഓരോ ‘ഇൻ ശാ അല്ലാ’യും ജീവിതത്തിന്റെ ആത്മീയസാന്ദ്രത വർധിപ്പിക്കും. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനുള്ള സാധ്യതയും ഏറും. അനേകം ഭാര്യമാരുണ്ടായിരുന്നു സുലയ്മാൻ നബിക്ക്‌. ഒരു രാത്രി, ഒരാൾക്കുശേഷം മറ്റൊരാൾ എന്ന രീതിയിൽ, അവരിലൊരുപാടുപേരുമായി ലൈംഗിംക ബന്ധത്തിലേർപ്പെട്ട അദ്ദേഹം താൻ അന്ന് ബന്ധപ്പെട്ട ഭാര്യമാർ മുഴുവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്ന ഓരോ പോരാളിയെ പ്രസവിക്കും എന്ന പ്രത്യാശ പ്രകടിപ്പിച്ചെന്നും എന്നാൽ അങ്ങനെ സംഭവിച്ചില്ലെന്നും മുഹമ്മദ്‌ നബി പറഞ്ഞുതന്നിട്ടുണ്ട്‌. തന്റെ പ്രതീക്ഷ പ്രഖ്യാപിക്കുമ്പോൾ സുലയ്മാൻ നബി ‘ഇൻ ശാ അല്ലാഹ്‌’ എന്ന് കൂട്ടിച്ചേർത്തിരുന്നുവെങ്കിൽ ഒരുപക്ഷേ അത്‌ പൂവണിഞ്ഞേനെയെന്ന് മുഹമ്മദ്‌ നബി ആ കഥയിൽ നിന്നുള്ള ഗുണപാഠമെന്നപോലെ പറഞ്ഞിട്ടുണ്ട്‌. (ബുഖാരി). അഭിലാഷങ്ങളും കണക്കുകൂട്ടലുകളും പങ്കുവെക്കുമ്പോൾ ‘ഇൻ ശാ അല്ലാഹ്‌’ ചേർത്ത്‌ അവയെ പ്രാർത്ഥനാവൽകരിക്കാനുള്ള ശ്രദ്ധയാണ്‌ പ്രവാചകൻ ഇവിടെ നമ്മിൽനിന്ന് നിഷ്കർഷിക്കുന്നത്‌.

ഇഹലോക ജീവിതത്തിൽ നമ്മളാഗ്രഹിച്ച പലതും സംഭവിക്കാതെ പോവുകയും ആഗ്രഹിക്കാത്ത ചിലത്‌ സംഭവിക്കുകയും ചെയ്യുന്നു. ‘ഇൻ ശാ അല്ലാഹ്‌’ ഉണ്ടായാലും ചിലപ്പോഴൊക്കെ സ്വപ്നങ്ങൾ നിലംപൊത്തും. അത്തരം സന്ദർഭങ്ങളിൽ പതറുന്നവരാണ്‌ കുറേ മനുഷ്യർ; പടച്ചവനെ ശപിച്ച്‌ സ്വയം അഭിശപ്തരായി മാറാൻ ദുരന്തങ്ങൾ കാരണമാകുന്നവർ! യഥാർത്ഥത്തിൽ, നമ്മുടെ ഇംഗിതങ്ങളല്ല, പ്രത്യുത അല്ലാഹുവിന്റെ ഉദ്ദേശ്യങ്ങളാണ്‌ നടപ്പിലാവുക എന്ന് ആദ്യമേ ബോധ്യമുള്ളതുകൊണ്ടല്ലേ, നാം ‘ഇൻ ശാ അല്ലാഹ്’‌ പറഞ്ഞിരുന്നത്‌? മനുഷ്യരുടെ പദ്ധതികൾക്ക്‌ എപ്പോഴുമുള്ള ഒരു അസാധ്യതയെ ‘ഇൻ ശാ അല്ലാഹ്‌’ പറഞ്ഞ്‌ ഓർക്കുന്നവർ‌ പിന്നീടെങ്ങനെയാണ്‌ കാര്യങ്ങൾ വിചാരിച്ച പോലെ ആകാതിരിക്കുമ്പോൾ ഞെട്ടുന്നത്‌? ഏറ്റവും സമചിത്തതയോടുകൂടി ഏതുതരം സംഭവങ്ങളെയും ആശ്ലേഷിക്കുവാനുള്ള മാനസികമായ കെൽപ്‌ ‘ഇൻ ശാ അല്ലാഹ്‌’ പ്രദാനം ചെയ്യുന്നില്ലെങ്കിൽ ഹൃദയം തൊടാതെയുള്ള അനുഷ്ഠാനമാക്കി മഹത്തായ ഒരു പ്രാർത്ഥനാവാക്യത്തെ നാം ചുരുക്കുന്നുണ്ടെന്നാണ്‌ അർത്ഥം. നന്മയെന്ന് നാം കരുതുന്നവ നേടിയെടുക്കാൻ വേണ്ടി അധ്വാനിക്കാനും ലക്ഷ്യസാഫല്യത്തിനായി അല്ലാഹുവിനോട്‌ പ്രാർത്ഥിക്കാനും ഒരിക്കൽ പ്രവാചകൻ ശിഷ്യന്മാരെ ഉപദേശിച്ചു. എന്നിട്ടുടനെ നബി അവരോട്‌ പറഞ്ഞത്‌, ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കാതിരുന്നാൽ അസ്വസ്ഥരാകാതെ ‘ഖദ്ദറല്ലാഹു വമാ ശാഅ ഫഅല’ (‘അല്ലാഹു തീരുമാനിച്ചു; അവൻ ഉദ്ദേശിച്ചത്‌ അവൻ പ്രവർത്തിച്ചു) എന്ന് സംതൃപ്തിയോടെ പ്രഖ്യാപിക്കാൻ ആണ്‌. (ഇബ്നു മാജ). ‘ഇൻ ശാ അല്ലാഹ്‌’ മനസ്സറിഞ്ഞ്‌ ചൊല്ലിയവർക്ക്‌‌ പരാജയങ്ങളുടെയും ദുരന്തങ്ങളുടെയും നടുവിൽ ‘ഖദ്ദറല്ലാഹു വമാ ശാഅ ഫഅല’ എന്നും കരളുറപ്പോടെ പറയാനാകും, തീർച്ച!

നമ്മുടെ ചില ഉദ്ദേശ്യങ്ങളെ അല്ലാഹു പൂർത്തീകരിച്ചുതരാത്തത്‌‌ എന്തുകൊണ്ടാണ്‌? അല്ലാഹുവിന്റെ പരമാധികാരവുമായി മാത്രം ബന്ധപ്പെടുത്തിയല്ല ഇതിനെ ആലോചിക്കേണ്ടത്‌, മറിച്ച്‌ അവന്‌ നമ്മോടുള്ള സ്നേഹത്തിന്റെ കൂടി പശ്ചാതലത്തിലാണ്‌. സൂറതുൽ കഹ്‌ഫിൽ ‘ഞാൻ നാളെ ഇന്ന കാര്യം ചെയ്യും’ എന്ന് പറയേണ്ടി വരുമ്പോഴൊക്കെ ‘ഇൻ ശാ അല്ലാഹ്‌’ അനുബന്ധമായി വേണമെന്ന് നിർദേശിച്ചശേഷം അല്ലാഹു ആജ്ഞാപിക്കുന്നത് ഇൻ ശാ അല്ലാഹ്‌ ചൊല്ലുമ്പോൾ‌ ‘ചിലപ്പോൾ ഞാൻ ഉദ്ദേശിച്ച കാര്യത്തേക്കാൾ അനുയോജ്യമായതിലേക്കായിരിക്കും എന്റെ റബ്ബ്‌ എന്നെ നയിക്കുക’ എന്ന് ഓർക്കാനാണ്‌. ജീവിതത്തിൽ ചില തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ നമ്മെ നിഷ്കളങ്കമായി സ്നേഹിക്കുന്ന, നമ്മേക്കാൾ ജീവിതപരിജ്ഞാനമുള്ള, നാം രക്ഷാകർതൃ സ്ഥാനം നൽകി ആദരിക്കുന്ന ആരോടെങ്കിലുമൊക്കെ കൂടിയാലോചിക്കാൻ മനസ്സ്‌ തിടുക്കപ്പെടാറില്ലേ? എന്തുകൊണ്ടാണത്‌? എന്റെ നന്മ മാത്രം ആഗ്രഹിക്കുന്ന, എന്നേക്കാൾ പ്രാഗൽഭ്യമുള്ള അവർ ഞാൻ കാണാത്ത വരുംവരായ്കകൾ എന്റെ തീരുമാനത്തിന്‌ കാണുകയും എന്നെ തിരുത്തുകയും ചെയ്യും എന്നതുകൊണ്ടല്ലേ? അവരങ്ങനെ ചെയ്യുന്നതിനെ അവരുടെ സ്നേഹമായി ഞാൻ വിലമതിക്കുന്നതുകൊണ്ടല്ലേ? സുഹൃത്തെ, അല്ലാഹുവോളം നമ്മെ സ്നേഹിക്കുന്ന ഒരാളുമില്ല. നമ്മുടെ എല്ലാ തീരുമാനങ്ങളുടെയും സകല വരുംവരായ്കകളും സൂക്ഷ്മവും കൃത്യവുമായി അറിയുന്നവൻ അല്ലാഹു മാത്രമാണ്‌. നാം നല്ലതെന്ന് കരുതി ചെയ്യാനൊരുങ്ങുന്ന പലതും വിനാശകരങ്ങളായ വിഡ്ഢിത്തങ്ങൾ ആയിരിക്കും. അവയിൽ നിന്ന് അല്ലാഹു നമ്മെ തടയും. അവയേക്കാൾ അനുയോജ്യമായതിലേക്ക്‌ നമ്മെ നയിക്കും. ‘റബ്ബ്‌’ എന്ന പദത്തെ ‘രക്ഷിതാവ്‌’ എന്നും ‘നാഥൻ’ എന്നുമൊക്കെ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്താനുള്ള പണ്ഡിതപരിശ്രമങ്ങൾ കണക്കിലെടുത്തത്‌ ഇങ്ങനെ കുറേ ആശയങ്ങളെക്കൂടിയാണ്‌. ഓർക്കുക: നമ്മൾ അനാഥരല്ല. നമ്മെ വഴിനടത്താൻ സന്നദ്ധമായി പ്രപഞ്ചപരിപാലകനായ സാക്ഷാൽ അല്ലാഹു തന്നെയുണ്ട്‌! ഇനിമുതൽ ‘ഇൻ ശാ അല്ലാഹ്‌’ പറയുമ്പോൾ മനസ്സിൽ കുറിച്ചിടൂ: ‘ഞാൻ ഇങ്ങനെ ചെയ്യാനാണ്‌ ആഗ്രഹിക്കുന്നത്‌. പക്ഷേ ഇതാണോ നല്ലതെന്ന് എന്റെ റബ്ബിനേ അറിയൂ. എനിക്ക്‌ ഇത്‌ നല്ലതാണെങ്കിലേ അവൻ എന്നെ ഇതിന്‌ അനുവദിക്കൂ.’ ഇങ്ങനെ പരിശീലിച്ചാൽ പദ്ധതികൾ പൊളിയുമ്പോൾ നാം ചിരിക്കും, നമ്മുടെ കണ്ണുകൾ അല്ലാഹുവിനോടുള്ള കൃതജ്ഞത കൊണ്ട്‌ നിറയും. അപ്പോൾ നാം തിരിച്ചറിവിന്റെ തിളക്കമുള്ളവരാകും.

റബ്ബേ, നിനക്കാണെന്നെയിഷ്ടം. നിന്റെ കാരുണ്യം മരണമായി എന്നെ ആശ്ലേഷിക്കുന്നതുവരേക്കും നല്ലതിനല്ലാത്ത എന്റെ സകല ആഗ്രഹങ്ങളെയും തീരുമാനങ്ങളെയും നീ തകർത്തുകളയണേ! നിന്റെ കാവലും തുണയുമില്ലാതെ, നിന്റെ സ്നേഹപൂർവമായ നിയന്ത്രണങ്ങളുടെ തണൽ നൽകാതെ, ഒരു നടപ്പാതയിലും ഒരു നേരവും ഈ അടിമയെ ഒറ്റക്കാക്കരുതേ!


Tags :


mm

Admin