Logo

 

ബാംഗ്ലൂർ: അക്രമത്തിന് ഇസ്ലാമിക സാധൂകരണമോ?

13 August 2020 | Opinion

By

ബാംഗ്ലൂരിൽ എന്തൊക്കെയാണ്‌ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാകാൻ ഇനിയും സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ, പ്രമാദമായ ആ ഫെയ്സ്ബുക്‌ പോസ്റ്റിനെക്കുറിച്ചോ അതിനോട്‌ ഭരണകൂടം സ്വീകരിച്ച സമീപനത്തെക്കുറിച്ചോ സമരം പോയ വഴികളെക്കുറിച്ചോ മൂന്ന് മുസ്‌ലിംകൾ മരിക്കാനിടയായ പൊലീസ്‌ വെടിവെപ്പിന്റെ ന്യായാന്യായങ്ങളെക്കുറിച്ചോ ഇപ്പോൾ സംസാരിക്കാനുദ്ദേശിക്കുന്നില്ല.

പ്രക്ഷോഭങ്ങൾ സമാധാനത്തിന്റെ വഴി വിട്ട്‌ അക്രമങ്ങളിലേക്ക്‌ സംക്രമിക്കുന്നത്‌ ഇൻഡ്യയിൽ അസാധാരണമൊന്നും അല്ല. എന്നാൽ ബാംഗ്ലൂരിൽ നിന്നുള്ള വാർത്തകളോടുള്ള ചില മലയാളി മുസ്‌ലിം സോഷ്യൽ മീഡിയ പ്രതികരണങ്ങൾ വളരെ വിചിത്രമായിരുന്നു‌. അക്രമപ്രവർത്തനങ്ങളെ ഇസ്‌ലാമികമായി സാധൂകരിക്കാൻ ശ്രമിക്കുന്ന തരത്തിലായിരുന്നു അവ. നബിനിന്ദകർക്ക്‌ ഇസ്‌ലാമിക ശരീഅത്‌ പ്രകാരം ശിക്ഷയുണ്ടെന്ന് പറയുന്ന പണ്ഡിതന്മാരുടെ ഉദ്ധരണികളുടെ അകമ്പടിയോടെ ‘വൈജ്ഞാനിക’മാണ്‌ വാദങ്ങൾ പലതും!

ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചപ്പോൾ അതിൽ അമുസ്‌ലിം പൗരന്മാരുടെ എണ്ണം വർധിച്ചതും, അവർ നബി (സ) യുടെ പ്രവാചകത്വം നിഷേധിക്കുന്ന അമുസ്‌ലിംകളായിത്തന്നെ മതസ്വാതന്ത്ര്യത്തോടെയും ജീവനും സ്വത്തിനും രാഷ്ട്രത്തിന്റെ സംരക്ഷണം അനുഭവിച്ചും ഖലീഫമാർക്കും സുൽതാൻമാർക്കുമൊക്കെ കീഴിൽ ജീവിതം തുടർന്നതും മധ്യകാല ചരിത്രത്തിൽ സുവിദിതമാണ്‌. എന്നാൽ ക്രൈസ്തവ പശ്ചാതലമുണ്ടായിരുന്ന അപൂർവം ചില ദിമ്മികൾ മുസ്‌ലിംകളോടും പ്രവാചകനോടുമുള്ള വംശീയമായ വെറുപ്പ്‌ കൊണ്ട്‌ ഉന്മാദം ബാധിച്ച്‌ നബി (സ) യെ തെറി പറഞ്ഞ്‌ മുസ്‌ലിംകളെ അപമാനിക്കാനും നാട്ടിൽ സ്പർധയുണ്ടാക്കാനുമൊക്കെ ശ്രമിക്കുന്നവരായി ഉണ്ടായിരുന്നു. അവർക്ക്‌ ഇസ്‌ലാമിക രാജ്യത്തിലെ കോടതികൾ എങ്ങനെയാണ്‌ ശിക്ഷ വിധിക്കേണ്ടത്‌ എന്ന കാര്യത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ ചർച്ചകൾ നടന്നിട്ടുണ്ട്‌. ഇമാം ശാഫിഈയും ഇബ്നുൽ മുൻദിറും ഖാദി ഇയാദും ഇബ്നു തയ്‌മിയ്യയും സുബ്കിയും സുയൂതിയും റംലിയും ഒക്കെ അതിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് തത്‌സംബന്ധമായ നിയമങ്ങൾ നിർധാരണം ചെയ്ത്‌ ഭരണകർത്താക്കൾക്ക്‌ മാർഗദർശനം നൽകാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്‌. ഇവരുടെയൊക്കെ അഭിപ്രായങ്ങളോട്‌ വിയോജിച്ചവരും മുസ്‌ലിം പണ്ഡിതന്മാർക്കിടയിൽ ഉണ്ടായിട്ടുണ്ട്‌.

ഇസ്‌ലാമിക രാജ്യത്തെ ശിക്ഷാ പട്ടികയിൽ (ഹദ്ദുകൾ) പരാമൃഷ്ട രീതിയിലുള്ള നബിനിന്ദാ കുറ്റങ്ങൾ എങ്ങനെയാണ്‌ കടന്നുവരേണ്ടത്‌ എന്ന വിഷയത്തിലുള്ള അന്വേഷണങ്ങളാണ്‌ ഇപ്പറഞ്ഞ കർമ്മശാസ്ത്ര സംവാദത്തിന്റെ അന്തസത്ത. ഇതും ബാംഗ്ലൂരിലെ അക്രമങ്ങളും തമ്മിലുള്ള ബന്ധമെന്താണ്‌? ഒന്നാമതായി, ഇൻഡ്യ എന്ന ആധുനിക ജനാധിപത്യ മതനിരപേക്ഷ ദേശരാഷ്ട്രത്തിൽ ഭരണകൂടത്തിന്‌ നടപ്പിലാക്കാൻ ബാധ്യതയുള്ളത്‌ ഇസ്‌ലാമിക ഹദ്ദുകളല്ല, മറിച്ച്‌ ഐ. പി. സി. പ്രകാരമുള്ള ശിക്ഷകളാണ്‌. രണ്ടാമതായി, ഹദ്ദുകൾ ഇസ്‌ലാമിക രാജ്യത്തുപോലും നടപ്പിലാക്കേണ്ടത് കോടതി വിധി പ്രകാരം‌ ഭരണാധികാരികളുടെയോ ഉദ്യോഗസ്ഥരുടെയോ ഉത്തരവാദിത്തത്തിലാണ്‌. പ്രജകൾ നിയമം കയ്യിലെടുത്ത്‌ അക്രമം അഴിച്ചുവിടുകയല്ല അതിന്റെ രീതി. ഇസ്‌ലാമിലെ മറ്റു ഹദ്ദുകളെപ്പറ്റി ആലോചിച്ചാൽ ഇത്‌ വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. മോഷണത്തിനും മദ്യപാനത്തിനും കൊലപാതകത്തിനും പരസ്യ വ്യഭിചാരത്തിനുമൊക്കെയുള്ള ഇസ്‌ലാമിക രാജ്യത്തെ ശിക്ഷകൾ ഇൻഡ്യയിൽ ആരെങ്കിലും നടപ്പിലാക്കുന്നുണ്ടോ? ഇല്ല. ഇസ്‌ലാമിക രാജ്യങ്ങളിൽ അത്‌ ആൾകൂട്ട വിചാരണയുടെ അടിസ്ഥാനത്തിലാണോ നടന്നിരുന്നത്‌? അല്ല.

മുഹമ്മദ്‌ നബി (സ)ക്കെതിരിൽ അസഭ്യം വർഷിക്കുന്നതും അശ്ലീല പോസ്റ്റുകൾ ഉണ്ടാക്കുന്നതും ജനാധിപത്യത്തിന്റെ കാതലായ വിമർശന സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളല്ല. ഒരു ബഹുസ്വര സമൂഹത്തിന്റെ നൈതികതക്ക്‌ നിരക്കാത്ത വംശീയമായ അവഹേളനങ്ങളും കടുപ്പമുള്ള വിദ്വേഷവും അമാന്യമായ വ്യക്തിഹത്യയുമാണ്‌‌ അത്തരം പ്രവണതകളിൽ ഉള്ളത്‌. അവ ഇൻഡ്യൻ നിയമവ്യവസ്ഥ പ്രകാരം തന്നെ ശിക്ഷാർഹമാണ്‌. ആ ശിക്ഷകളാണ്‌ ഇൻഡ്യയിൽ അത്തരക്കാർ അർഹിക്കുന്നത്‌, അല്ലാതെ ഇസ്‌ലാമിക ഹദ്ദുകൾ അല്ല. അവ ഇവിടുത്തെ കോടതികളാണ്‌ നടപ്പിലാക്കേണ്ടത്‌. അങ്ങനെയൊന്നും സംഭവിക്കുന്നില്ലെങ്കിൽ ഇൻഡ്യൻ ഭരണഘടന പ്രകാരമുള്ള രാഷ്ട്രീയ/നിയമ പരിശ്രമങ്ങളാണ്‌‌ മുന്നോട്ടുള്ള വഴി, അല്ലാതെ മധ്യകാല കർമശാസ്ത്ര ചർച്ചകളുടെ സന്ദർഭ നിരപേക്ഷമായ ഉപയോഗമല്ല. തെരുവിൽ നടക്കുന്ന കലാപങ്ങളിലേക്ക്‌‌ ഇസ്‌ലാമിക ശരീഅത്തിനെ വലിച്ചിഴക്കുന്നത്‌ കാണുമ്പോൾ ഇത്രയെങ്കിലും പറയാതിരിക്കാനാവുന്നില്ല.


Tags :


mm

Musthafa Thanveer