Logo

 

ജൂലൈ 30 ഭാഷാ സമര രക്തസാക്ഷിദിനം – കുഞ്ഞിപ്പയുടെ രക്തസ്മരണയിൽ മുഹമ്മദ്‌ മാസ്റ്റർ

28 July 2017 | Feature

By

കാളികാവ്‌/സ്റ്റാഫ്‌ റിപ്പോർട്ടർ:

വീണ്ടും ഒരു ജൂലൈ മുപ്പത്‌ വരുമ്പോൾ കാളികാവിലെ പഴേടത്ത്‌ മുഹമ്മദ്‌ മാസ്റ്ററുടെ മനസ്സിൽ ആവേശവും വേദനയും ഒരുപോലെ തികട്ടി വരികയാണ്‌. രണ്ട്‌ തിയതികളേ തനിക്ക്‌ ഒരിക്കലും ഓർമ്മ തെറ്റാത്തതായുള്ളൂ എന്ന് മാസ്റ്റർ പറയുന്നു; ഒന്ന് താൻ ജനിച്ച തിയതി, രണ്ടാമത്തേത്‌ 1980 ജൂലൈ 30. അന്നാണല്ലോ, മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ആഭിമുഖ്യത്തിൽ ഭാഷാ സമരത്തിന്റെ ഭാഗമായി ഐതിഹാസികമായ മലപ്പുറം കലക്റ്ററേറ്റ്‌ പിക്കറ്റിംഗ്‌ നടന്നത്‌! സമരഭടന്മാരിലൊരാളായിരുന്ന മാസ്റ്റർക്ക്‌ എങ്ങനെയാണത്‌ മറക്കാനാവുക?!

അക്കോമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ-ഇങ്ങനെയാണ്‌ ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള കൊമ്മ്യൂണിസ്റ്റ്‌ സർക്കാർ പൊതുവിദ്യാലയങ്ങളിൽ നിന്ന് അറബി ഭാഷാ പഠനത്തെ എടുത്തുകളയാനുള്ള കുടില പദ്ധതിയെ നിരുപദ്രവകരമെന്ന് തോന്നും വിധം ‘മനോഹരമായി’ ആംഗലവൽകരിച്ചത്‌. മുസ്‌ലിം വിദ്യാർത്ഥി തലമുറയുടെ സാംസ്കാരിക വ്യക്തിത്വം നേർപ്പിക്കുക, സമുദായത്തിന്‌ പ്രാധിനിത്യപരവും സാമ്പത്തികവുമായ ഉണർവ് നൽകിയ അറബി അധ്യാപക തസ്തികകൾ ഇല്ലാതാക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. മർക്സിസത്തിന്റെ പ്രത്യയശാസ്ത്രപരമായ മതവിരോധവും മാർക്സിസ്റ്റ്‌ പാർട്ടി നേതൃത്വത്തിന്റെ ജാതിസ്വത്വപരമായ സവർണ മാടമ്പിത്തവും സമം ചേർന്നുണ്ടായ നീക്കം പതിവുപോലെ പൊതുവിദ്യാഭാസം ‘മതേതരവും നിലവാരപൂർണവും’ ആകേണ്ടതിന്റെ ന്യായങ്ങൾ പറഞ്ഞാണ്‌ അരങ്ങിലെത്തിയത്‌. മുസ്‌ലിം നേതൃത്വത്തിന്‌ ഈ ഗൂഡാലോചന വളരെ കൃത്യമായി തിരിച്ചറിയാൻ കഴിഞ്ഞു.

അറബി അധ്യാപക സംഘടനയായ കെ. എ. റ്റി. എഫ്‌ ആണ്‌ സമരം തുടങ്ങിയത്‌. കൊളത്തൂർ റ്റി. മുഹമ്മദ്‌ മൗലവി ആയിരുന്നു പ്രസിഡന്റ്‌. പി. കെ. അഹ്‌ മദ്‌ അലി മദനിയും കരുവള്ളി മുഹമ്മദ്‌ മൗലവിയും പ്രധാന ബുദ്ധികേന്ദ്രങ്ങൾ. മുഹമ്മദ്‌ മാസ്റ്റർ അറബി അധ്യാപകനായി സ്കൂളിൽ ചേർന്ന് നാല്‌ വർഷം കഴിഞ്ഞപ്പോഴാണ്‌ പ്രക്ഷോഭം ആരംഭിക്കുന്നത്‌. 1980ൽ തിരുവനന്തപുരത്തേക്ക്‌ സെക്രട്ടറിയേറ്റ്‌ പടിക്കൽ കെ. എ. റ്റി. എഫ്‌ ആഹ്വാനം ചെയ്ത സമരത്തിനായി പോകുമ്പോൾ മാസ്റ്റർക്ക്‌ വയസ്സ്‌ ഇരുപത്തിനാല്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അറബി അധ്യാപകരോട്‌ സി. എച്ച്‌ മുഹമ്മദ്‌ കോയ കാലം കൊത്തിവെച്ച വാക്കുകളിൽ പ്രസംഗിച്ചു: “നിങ്ങൾ അധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്‌. നിങ്ങൾ ക്ലാസ്‌ മുറികളിലേക്ക്‌ മടങ്ങിപ്പോവുക. ഈ സമരം നിങ്ങളിൽ നിന്ന് മുസ്‌ലിം സമുദായം ഏറ്റെടുത്തിരിക്കുന്നു.” ആവേശം അലകടലായി ഇളകിമറിഞ്ഞ ആ വാക്കുകൾ ഇപ്പോഴും കാതിൽ ഇരമ്പിയാർക്കുന്നതുപോലെ മാസ്റ്റർക്ക്‌ അനുഭവപ്പെടുന്നു.

പിന്നെ, അക്ഷരാർത്ഥത്തിൽ സമരം സമുദായം ഏറ്റെടുക്കുകയായിരുന്നു. കെ. പി. എ മജീദ്‌ ആണ്‌ അന്ന് യൂത്ത്‌ ലീഗ്‌ സംസ്ഥാന സെക്രട്ടറി. പി. കെ. കെ ബാവ പ്രസിഡന്റ്‌. ജൂലൈ 30ന്‌ ജില്ലാ ‌ തലസ്ഥാനങ്ങളിൽ യൂത്ത്‌ ലീഗ് കലക്റ്ററേറ്റ്‌ ഉപരോധം പ്രഖ്യാപിച്ചു. പ്രവർത്തകർ അവകാശബോധത്തിന്റെ അമരജ്വാലകളായി മുഴുസമയ സജീവതയിലേക്ക്‌ പടർന്നുകയറി. കാളികാവ്‌ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ സെക്രട്ടറിയാണ്‌ അന്ന് മുഹമ്മദ്‌ മാസ്റ്റർ. എന്നും ആലോചനകൾ, ആസൂത്രണങ്ങൾ. അവയിലെ നിത്യസാന്നിധ്യമായിരുന്നു നാട്ടിലെ പ്രധാന യൂത്ത്‌ ലീഗുകാരനായ കുഞ്ഞിപ്പ. സാധാരണക്കാരൻ, ടാപ്പിംഗ്‌ തൊഴിലാളി.

റമദാൻ മാസമായിരുന്നു അത്‌. ബദ് ർ യുദ്ധം നടന്ന റമദാൻ 17 ആ വർഷം ജൂലൈ 30 ആണ്‌. ബദ്‌ റിന്റെ ഓർമ്മകളുള്ള മനസ്സുമായാണ്‌ വിശുദ്ധമായ ഒരു ജനാധിപത്യ ചെറുത്തുനിൽപിന്‌ ‌ മുസ്ലിം ചെറുപ്പം അന്ന് മലപ്പുറത്തേക്ക്‌ നോമ്പുകാരായി പ്രവഹിച്ചത്‌. തലേന്നു രാത്രി കാളികാവിലെ പ്രവർത്തകർ ഒത്തുചേർന്ന് ചർച്ചകൾ നടത്തിയത്‌ മുഹമ്മദ്‌ മാസ്റ്റർ ഓർക്കുന്നു. പിറ്റേന്ന് ലാത്തിചാർജ്ജു മുതൽ വെടിവെപ്പു വരെ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്‌ ആ ഇരുത്തത്തിൽ കുഞ്ഞിപ്പ സംസാരിച്ചത്‌ ഇന്നലെ കഴിഞ്ഞതുപോലെയാണ്‌ മാസ്റ്റർ അനുസ്മരിച്ചത്‌. പിറ്റേന്ന് രാവിലെ ബസ്സിൽ കയറി എല്ലാവരും മലപ്പുറത്തേക്കു പോയി. ആ യാത്ര മുഴുവൻ മുദ്രാവാക്യങ്ങളായിരുന്നു; കാളികാവിലും പരിസരപ്രദേശങ്ങളിലുമുള്ള മാപ്പിള യുവത്വം റമദാൻ നൽകിയ ഈമാനിന്റെ കരുത്തുമായി ക്വുർആനിന്റെ ഭാഷക്കുവേണ്ടി യാത്രയിലുടനീളം ശബ്ദമുയർത്തിക്കൊണ്ടിരുന്നത്‌ മാസ്റ്റർ മനസ്സ്‌ നിറഞ്ഞ്‌ പറയുന്നു.

മലപ്പുറം മുണ്ടുപറമ്പിൽ ഇന്ന് ഗവ. കോളജ്‌ നിൽക്കുന്നിടത്താണ്‌ അന്ന് കലക്റ്ററേറ്റ്‌. രാവിലെ ഒൻപതു മണിയോടുകൂടി സമരസ്ഥലത്ത്‌ എല്ലാവരും എത്തി. നാനൂറോളം പേർ കാളികാവ്‌ ഭാഗത്തുനിന്ന് തന്നെ ഉണ്ടായിരുന്നുവെന്നാണ്‌ മാസ്റ്ററുടെ ഓർമ്മ. അരീക്കോട്ടെയും പുളിക്കലെയും എടവണ്ണയിലെയും അറബിക്‌ കോളജ്‌ വിദ്യാർത്ഥികൾ ആവേശപൂർവം ഉപരോധത്തിൽ കണ്ണിചേർന്നു. മലപ്പുറം നഗരത്തിൽ പതിനായിരത്തോളം എം. എസ്‌. എഫ്‌, യൂത്ത്‌‌ ലീഗ്‌ പ്രവർത്തകർ വന്ന് നിറഞ്ഞു. കലക്റ്ററേറ്റ്‌ ഗെയ്റ്റിനു മുന്നിൽ തികച്ചും ശാന്തരായി ഇരുന്ന് മുദ്രാവാക്യം മുഴക്കുന്ന നോമ്പുകാരായ സമരക്കാരെ നഗരം ആദരവോടും കൗതുകത്തോടും കൂടി നോക്കിനിന്നു. സമുന്നതരായ മുസ്‌ലിം ലീഗ്‌ നേതാക്കൾ ധർണയെ അഭിസംബോധന ചെയ്തു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ പൊലീസ്‌ വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി വരാൻ തുടങ്ങി. പന്ത്രണ്ടോളം വാഹനങ്ങൾ വന്നു. ഓരോന്നിലും സാധ്യമാകുന്നത്ര പ്രവർത്തകരെ കുത്തിനിറച്ച്‌ അറസ്റ്റ്‌ ചെയ്ത്‌ കൊണ്ടുപോയി. എന്നിട്ടും പ്രകോപനങ്ങൾ ഒന്നും ഉണ്ടായില്ല. മുൻ നിരയിലുണ്ടായിരുന്നവർ ഘട്ടം ഘട്ടമായി അറസ്റ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നതിനനുസരിച്ച്‌ പിറകിലുണ്ടായിരുന്നവർ മുന്നിലേക്ക്‌ കയറിയിരുന്നു.

ഇതിനിടെയാണ്‌ ഏകദേശം ഉച്ചയോടടുത്ത്‌ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ പെരിന്തൽമണ്ണ ഡി. വൈ. എസ്‌. പി വാസുദേവൻ സമരസ്ഥലത്തേക്ക്‌ തന്റെ വാഹനത്തിൽ ഇരച്ചുകയറി വന്നത്‌. കൊടുമ്പിരികൊള്ളുന്ന പ്രക്ഷോഭത്തിന്‌ ഒത്ത നടുവിലൂടെ തന്റെ വാഹനത്തിന്‌ കലക്റ്ററേറ്റ്‌ ഗെയ്റ്റ്‌ കടക്കണമെന്നായിരുന്നു ജനാധിപത്യബോധം തരിമ്പുമില്ലാത്ത പൊലീസ്‌ ഏമാന്റെ ഔദ്ധത്യം നിറഞ്ഞ ശാഠ്യം. അത്‌ അനുവദിക്കാതിരുന്നതായിരുന്നു സമരക്കാർ ചെയ്ത കുറ്റം! ‘ശിക്ഷ’ ഉടൻ പ്രഖ്യാപിക്കപ്പെട്ടു: ‘ഫയർ’ എന്ന് വാസുദേവൻ ജീപ്പിലിരുന്ന് ആക്രോശിച്ചത്‌ മാസ്റ്റർക്ക്‌ നടുക്കത്തോടുകൂടി ഓർത്തെടുക്കാനാകുന്നുണ്ട്‌. പിന്നെ സംഭവിച്ചതൊന്നും വാക്കുകളിലേക്ക്‌ പകർത്താനാവില്ല. കലക്റ്ററേറ്റ്‌ വളപ്പിനകത്തുനിന്ന് പൊലീസുകാർ നിരായുധരായ സമരക്കാർക്കുനേരെ കണ്ണിൽ ചോരയില്ലാതെ വെടിവെപ്പ്‌ നടത്തി.

ചോര! പുക! തീ! ദിഗന്തങ്ങൾ തകർന്നുപോകുന്ന ശബ്ദങ്ങൾ! ആർപ്പുവിളികൾ! അട്ടഹാസങ്ങൾ! ആർക്കും എന്തൊക്കെയാണ്‌ സംഭവിക്കുന്നത്‌ എന്ന് മനസ്സിലായില്ല. പൊടുന്നനെ ചിത്രം മാറുകയായിരുന്നു. സമരഭൂമി ചോരക്കളമായി. ആളുകൾ നാലുപാടും ചിതറിയോടി. താനും ചില കൂട്ടുകാരും പെരിന്തൽമണ്ണ ഭാഗത്തേക്ക്‌ ഓടി. കുറേ ദൂരം പിന്നിട്ടപ്പോൾ ഒരിടത്ത്‌ കയറിനിന്നു. മനസ്സിൽ നിറയെ ആധിയായിരുന്നു. ആരൊക്കെയോ മരിച്ചുവെന്നും മറ്റും അവിടെയുള്ളവർ പറയുന്നത്‌ കേട്ടു. പിന്നെ മഞ്ചേരിയിലേക്ക്‌ പതുക്കെ നടന്നു. അവിടെയെത്തിയപ്പോഴേക്കും രാത്രി ആയിരുന്നു. അപ്പോഴും നോമ്പ്‌ തുറക്കാൻ പറ്റിയിരുന്നില്ല. താനടക്കം വെടിവെപ്പിൽ മരിച്ചുവെന്ന അഭ്യൂഹം പടരുന്നതായി അപ്പോഴാണ്‌ അറിഞ്ഞത്‌. വേഗം നാട്ടിലേക്ക്‌ തിരിച്ചു. അപ്പോഴേക്കും ശരിയായ വാർത്തകൾ കിട്ടിത്തുടങ്ങി. മൂന്നു മരണം, ആയിരത്തോളം പേർക്ക്‌ പരിക്ക്‌.

ഇടതുപക്ഷ സർക്കാറിന്റെ പൊലീസ്‌ ധാർഷ്ട്യത്തിനുമുന്നിൽ രക്തം ചിന്തി പിടഞ്ഞുതീർന്ന ആ മൂന്ന് സമരോത്സുക യൗവനങ്ങളിലൊന്ന് തങ്ങളുടെ കുഞ്ഞിപ്പയാണെന്ന് കാളികാവുകാർ പതുക്കെയറിഞ്ഞു. ആ രാത്രി മാസ്റ്ററുടെ മനസ്സിൽ നിന്നൊരിക്കലും മായില്ല. പ്രവർത്തനങ്ങളിൽ കൂടെ നിന്ന് കരുത്തായവൻ, രാവിലെ തന്റെ കൂടെ സമരമുഖത്തേക്ക്‌ വണ്ടി കയറിയവൻ, ഒരു രക്തപുഷ്പമായി ദീനിനും സമുദായത്തിനും വേണ്ടി ജീവൻ കൊടുത്ത്‌ കാണാമറയത്തേക്ക്‌ പോയിരിക്കുന്നു. രാത്രി കുഞ്ഞിപ്പയുടെ മയ്യിത്ത്‌ വീട്ടിലെത്തുമ്പോൾ മാസ്റ്ററുടെയും സുഹൃത്തുക്കളുടെയും ഉള്ള്‌ പിടഞ്ഞു; ഇപ്പോഴും അമർന്നിട്ടില്ലാത്ത പിടച്ചിൽ. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത്‌ ക്വബ്‌‌ർ അടക്കി. കിഴക്കനേറനാടിന്റെ മണ്ണ്‌ ചോര പുരണ്ട നെഞ്ചുമായി വന്ന ഒരു വീരപുത്രനെക്കൂടി മാറിലേക്ക്‌ ചേർത്തു. കുഞ്ഞിപ്പക്ക്‌ ശഹാദത്തിന്റെ വിശുദ്ധ പദവി കിട്ടാൻ ആയിരങ്ങളുടെ തേങ്ങൽ ഏഴാനാകാശത്തിനപ്പുറത്തേക്ക്‌ ഉയർന്നു. അതിലേക്ക്‌ വിനയാന്വിതനായി മുഹമ്മദ്‌ മാസ്റ്ററും ചേർന്നുനിന്നു.

മയ്‌ലപ്പുറത്തുകാരൻ മജീദിന്റെയും തേഞ്ഞിപ്പലത്തുകാരൻ റഹ്മാന്റെയും കാളികാവുകാരൻ കുഞ്ഞിപ്പയുടെയും രക്തസാക്ഷിത്വം വെറുതെയായില്ല. നിയമസഭയിൽ പൊലീസ്‌ കിരാതത്വത്തിലേക്ക്‌ ശ്രദ്ധ ക്ഷണിച്ച്‌ പ്രസംഗിച്ചുകൊണ്ടിരിക്കെ കെ. പി. എ മജീദ്‌ ബോധരഹിതനായി നിലത്തുവീണു. സമുദായം ഒന്നടങ്കം മജീദ്‌-റഹ്മാൻ-കുഞ്ഞിപ്പ വികാരത്തിൽ ചേർന്നുനിന്നു. ഒടുവിൽ സർക്കാർ മുട്ടുമടക്കി. വേദനയും വീറും കലർന്ന ആ വിജയത്തിന്റെ എല്ലാ സങ്കീർണ്ണതകളും സംസാരം അവസാനിക്കുമ്പോഴും മുഹമ്മദ്‌ മാസ്റ്ററുടെ മുഖത്തുണ്ട്‌!


Tags :


mm

Admin