Logo

 

അരീക്കോട്ടുകാർക്ക്‌ കറാച്ചിയിൽ ‘പെങ്ങളൊച്ച’ നിലച്ചിട്ടില്ല

19 August 2017 | Feature

By

“എന്നേ ചൊടിച്ചു പിരിഞ്ഞ നേര്‍ പെങ്ങളേ,
നിന്നെയെനിക്കൊന്നു കാണാന്‍ കൊതി.”

പാക്കിസ്ഥാനെക്കുറിച്ചുള്ള കുരീപ്പുഴ ശ്രീകുമാറിന്റെ ‘പെങ്ങൾസ്ഥാൻ’ എന്ന കവിതയാരംഭിക്കുന്നത്‌ ഇങ്ങനെയാണ്‌. പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ ‘പെങ്ങൾസ്ഥാൻ’ ആയ മൂന്നു പേർ ഇപ്പോഴും മലപ്പുറം ജില്ലയിലെ അരീക്കോട്ട്‌ ജീവിച്ചിരിപ്പുണ്ട്‌– പുത്തലം തൊടുകര വീട്ടിൽ കോയ ഉമർ കുട്ടി, അബൂബക്‌ർ, അലി എന്നിവർ; പരേതരായ കുഞ്ഞായിൻ കാക്കാന്റെയും പൂവഞ്ചേരി ഇത്തീരി ഉമ്മയുടെയും മക്കൾ. പുത്തലത്തുകാരൻ തന്നെയായിരുന്ന വട്ടിക്കുത്ത്‌ മുഹമ്മദ്‌ സാഹിബ്‌ ആയിരുന്നു ഇവരിൽ കോയ ഉമർ കുട്ടിയുടെ കൂടെ ഇരട്ട പെറ്റ മർയമിന്റെ ഭർത്താവ്‌.

മാപ്പിള ഗൃഹങ്ങളിൽ കൊടിയ വറുതി വിരുന്നുനിന്നിരുന്ന കാലം. ബ്രിട്ടീഷ്‌ ഇൻഡ്യ. വെറ്റിലക്കച്ചവടവും മറ്റുമായി മലബാറിൽ നിന്ന് പലരും മുംബൈയിൽ നിന്ന് അറബിക്കടൽ മുറിച്ചുകടന്നും തീവണ്ടി മാർഗവുമെല്ലാം ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറേ കരയിലുള്ള കറാച്ചിയിൽ പോയി തമ്പടിക്കുന്നു; നാട്ടിലുള്ള കുടുംബത്തിന്‌ ഒരു ജീവിതം ‘അയച്ചുകൊടുക്കാൻ’ ശ്രമിക്കുന്നു. പട്ടിണിക്ക്‌ പരിഹാരമാശിച്ചാണ്‌ മുഹമ്മദും അവരിലൊരാൾ ആയി കറാച്ചിയിൽ എത്തിയത്‌. ആയിടക്കാണ്‌ കൊളോണിയൽ ദിനങ്ങൾക്കറുതി വന്ന് സ്വാതന്ത്ര്യം സാക്ഷാൽകൃതമാകുന്നത്‌. ഇൻഡ്യ, പാക്കിസ്ഥാൻ എന്നിങ്ങനെ രണ്ട്‌ ദേശരാഷ്ട്രങ്ങൾ നിലവിൽ വന്നപ്പോൾ അവയുടെ അതിർത്തി മനുഷ്യബന്ധങ്ങളുടെ വിലയറിയാത്ത വന്മതിൽ ആയി പിൽകാലത്ത്‌ മാറുമെന്ന് രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാകില്ല.

‘വിഭജനം’ നടക്കുമ്പോൾ മുഹമ്മദ്‌ കാക്ക കറാച്ചിയിൽ ആണ്‌. ജീവിതം നെയ്തുകൊണ്ടിരിക്കെ അന്നുവരെ ഒരു ‘രാജ്യത്തായിരുന്ന’ കറാച്ചിയും മലബാറും പൊടുന്നനെ രണ്ട്‌ രാഷ്ട്രങ്ങളിലായിത്തീർന്നതിന്റെ
സങ്കീർണ്ണമായ സാഹചര്യങ്ങൾ അദ്ദേഹത്തെപ്പോലുള്ളവർക്ക്‌ മനസ്സിലായോ എന്നറിയില്ല. എന്നാൽ അവരുടെ ജീവിതത്തിന്റെ വ്യാകരണം അന്നുമുതൽ മാറിമറിഞ്ഞു. മുഹമ്മദ്‌ പാക്കിസ്ഥാനിയായി; നാട്‌ വിട്ട്‌ എങ്ങോട്ടും പോയിട്ടില്ലാത്ത മർയം ഇൻഡ്യക്കാരിയായിത്തന്നെ തുടർന്നു. സ്വദേശികൾ തമ്മിൽ നടന്ന വിവാഹം ഒരു രാത്രി കൊണ്ട്‌ സ്വദേശിയും വിദേശിയും തമ്മിലുള്ളതായി! ഉന്മാദ ‘ദേശീയത’യുടെ ആക്രോശങ്ങൾ ഇന്നത്തേതുപോലെ പൊതുബോധാധിനിവേശം നടത്താത്ത കാലമായതുകൊണ്ട്‌ കാര്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നു. മുഹമ്മദിന്‌ കാറാച്ചിയിൽ നിന്ന് അരീക്കോട്ടേക്ക്‌ പോക്കുവരവുകൾ സാധ്യമായി; മർയം ശൗകത്‌ അലി എന്ന ആൺകുട്ടിയെ പ്രസവിച്ചു. എന്നാൽ ഇങ്ങനെ കാര്യങ്ങൾ അധികകാലം കൊണ്ടുപോകാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുമായിരുന്നില്ല. 1963ൽ മുഹമ്മദ്‌ വന്ന് മർയത്തെയും ശൗകതിനെയും കറാച്ചിയിലേക്ക്‌ കൂട്ടി; എന്നെന്നേക്കുമായി! പിന്നീടൊരിക്കലും ജന്മനാട്‌ സന്ദർശിക്കാൻ അവർക്കായില്ല.

അരീക്കോട്ടുകാരൻ മുഹമ്മദിന്റെ കൂടെ കറാച്ചിയിൽ പെട്ടുപോയ ഒരു തൃശൂർക്കാരൻ ഉണ്ടായിരുന്നു; അദ്ദേഹത്തിന്റെ പേരും മുഹമ്മദ്‌ തന്നെയായിരുന്നു. അവിവാഹിതൻ ആയിരുന്നു അദ്ദേഹം. 1963ൽ മർയത്തെ കൂട്ടാൻ വന്നപ്പോൾ അവരുടെ ഇളയ സഹോദരി ആസ്യയെ കറാച്ചിയിലുള്ള തന്റെ മലയാളി സുഹൃത്ത്‌ തൃശൂർക്കാരൻ മുഹമ്മദിന്‌ വിവാഹം കഴിച്ചുകൊടുക്കാം എന്ന നിർദ്ദേശം ഭാര്യാമാതാവായ ഇത്തീരിയുടെ മുന്നിൽ മുഹമ്മദ്‌ അവതരിപ്പിച്ചു. അങ്ങനെ ആസ്യയും മുഹമ്മദ്‌-മർയം ദമ്പതിമാരുടെ കൂടെ പാക്കിസ്ഥാനിലേക്ക്‌ വണ്ടി കയറി. നാട്ടിൽ നിന്ന് നിക്കാഹിനുള്ള വക്കാലത്തും മുഹമ്മദ്‌ കയ്യിൽ കരുതിയിരുന്നു. കറാച്ചിയിൽ വെച്ച്‌ ആസ്യയുടെ നിക്കാഹ്‌ നടന്നു. അങ്ങനെ തൊടുകര കുടുംബത്തിന്‌ പാക്കിസ്ഥാൻ ശരിക്കും ‘പെങ്ങൾസ്ഥാൻ’ ആയി; രണ്ട്‌ പെങ്ങനമാരും അവരുടെ ഭർത്താക്കന്മാരും ജീവിക്കുന്ന നാട്‌!

വീടുകളിൽ ഫോൺ പോലുമില്ലാത്ത കാലം. വിവരങ്ങൾ അറിഞ്ഞും അറിയിച്ചും അരീക്കോടിനും കറാച്ചിക്കുമിടയിൽ കത്തുകൾ പോയും വന്നും നിന്നു. അക്ഷരങ്ങൾക്കപ്പുറത്തേക്ക്‌ വളരുവാൻ രക്തബന്ധത്തെ അനുവദിക്കുന്നതായിരുന്നില്ല സാമ്പത്തികാവസ്ഥകൾ. രാഷ്ട്രീയ കാലാവസ്ഥയാകട്ടെ, അതിർത്തിക്കിരുവശത്തേക്കുമുള്ള എല്ലാ ഒഴുക്കുകളെയും സംശയത്തോടുകൂടി മാത്രം കാണുന്ന വിധത്തിലേക്ക്‌ വർഷങ്ങൾ കൊഴിയും തോറും വഷളായി വരികയും ചെയ്തു. ‘ശത്രു’രാജ്യത്ത്‌ തിരിച്ചുകിട്ടാത്ത വിധം സ്വന്തം ചോരയുള്ളതിന്റെ വ്യഥ വട്ടിക്കുത്ത്‌, തൊടുകര കുടുംബങ്ങൾ അനുഭവിച്ചു. “എന്റെ പിതാവും ആദ്യകാല മുജാഹിദ്‌ പ്രവർത്തകനും ആയിരുന്ന വട്ടിക്കുത്ത്‌ അബൂബക്‌റിന്റെ ജ്യേഷ്‌ഠസഹോദരൻ ആയിരുന്നു കറാച്ചിയിലെ വട്ടിക്കുത്ത്‌ മുഹമ്മദ്‌. എന്റെ പിതാവ്‌ മരിച്ചപ്പോൾ ഞങ്ങൾ മുഹമ്മദ്‌ മൂത്താപ്പാക്ക്‌‌ കത്തയച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ മൂത്താപ്പ മരിച്ചതായി അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീട്ടുകാരുടെ കത്താണ്‌ ഇവിടെ ലഭിച്ചത്‌. രണ്ടു പേരും ഒരേ ദിവസമാണ്‌ മരിച്ചതെന്ന് കത്തു വായിച്ചപ്പോൾ മനസ്സിലായി.” വട്ടിക്കുത്ത്‌ അബ്ദുൽ വഹ്ഹാബ്‌ സാഹിബ്‌ മില്ലി റിപ്പോർട്ടിനോട്‌ ഓർമ്മകൾ പങ്കുവെച്ചു. അങ്ങനെ ആ അരീക്കോട്ടുകാരന്റെ ശരീരം കറാച്ചിയിൽ മണ്ണോടു ചേർന്നു.

“ഉമ്മാക്ക് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മർയമിനെയും ആസ്യയെയും ഒരു നോക്കുകൂടി കാണുക എന്നതായിരുന്നു. പക്ഷേ അതിന്‌ വിധിയുണ്ടായില്ല. അതിർത്തി മുറിച്ചുകടന്നുള്ള ഒരു പുനസമാഗം അരീക്കോട്ടോ കറാച്ചിയിലോ ഒരിക്കലും സാധ്യമായില്ല. ഒടുവിൽ മർയം മരിച്ചു. ശൗകത്‌ അലിയും മരിച്ചു. ഞങ്ങളുടെ ഉമ്മയും മരിച്ചു.” മർയമിന്റെ കൂടെ ഇരട്ടപെറ്റ്‌ വന്ന കോയ ഉമർ സാഹിബ്‌ ഗദ്ഗത്തോടെ പറഞ്ഞുനിർത്തി.

ഏകദേശം ഇരുപത്‌ വയസ്സ്‌ പ്രായമുള്ളപ്പോഴാണ്‌ ആസ്യ ഇത്താത്തയുടെ കൂടെ കറാച്ചിയിൽ എത്തി വിവാഹിതയായത്‌. ആസ്യയും കുടുംബവും ഇപ്പോഴും കറച്ചിയിൽ ഉണ്ട്‌. “വീട്ടിൽ ഫോൺ കണക്ഷൻ ആയപ്പോൾ അവളുടെ നമ്പർ സംഘടിപ്പിച്ച്‌ ഞങ്ങൾ വിളിച്ചു. പതിറ്റാണ്ടുകൾക്കുശേഷം നാട്ടിൽ നിന്നുള്ള ശബ്ദം കേട്ട അവൾ വികാരഭരിതയായി തളർന്നുവീണു. പിന്നെ ഇടക്കിടെ വിളിക്കും. വിളിച്ചാൽ ആദ്യത്തെ കുറേ മിനുട്ടുകൾ അപ്പുറത്തുനിന്ന് പതിഞ്ഞ ഒരു തേങ്ങൽ ആണ്‌ കേൾക്കുക. ഒരിക്കൽ ഉമ്മയുടെ സഹോദരിമാർക്കൊക്കെ ഫോണിൽ അവളോട്‌ സംസാരിക്കാനായി. ഇപ്പോൾ വിളി കുറവാണ്‌; രാജ്യത്ത്‌ വിദ്വേഷത്തിന്റെ അന്തരീക്ഷം കനപ്പെടുമ്പോൾ ഇതൊക്കെ അൽപം സാഹസികവും ആണ്‌.” മർയത്തിന്റെയും ആസ്യയുടെയും ഇളയ സഹോദരൻ അലി പറഞ്ഞു.

പാക്കിസ്ഥാനിലായിപ്പോയ ആത്മസൗഹൃദങ്ങളുടെയും രക്തബന്ധങ്ങളുടെയും നോവുകൾ ഉത്തരേന്ത്യയിൽ സർവസാധാരണമാണ്‌. മലബാറിൽ പക്ഷേ അത്തരം അനുഭവങ്ങൾ വിരളമാണ്‌. അതുകൊണ്ടുതന്നെ, വട്ടിക്കുത്തുകാരുടെയും തൊടുകരക്കാടെയും ഓർമ്മകൾക്ക്‌ വലിയ പ്രസക്തിയുണ്ട്‌. വിഭജനത്തിന്‌ എഴുപത്‌ വയസ്സ്‌ തികയുമ്പോഴും കറാച്ചിയിൽ അരീക്കോട്ടുകാരുടെ ‘പെങ്ങളൊച്ച’യുണ്ട്‌ എന്നത്‌ ചെറിയ കാര്യമാണോ? പരസ്പരമുള്ള വെറുപ്പിന്റെ അഗ്നി ദഹിപ്പിക്കുന്നത്‌ എല്ലാ തരം മനുഷ്യഭാവുകത്വങ്ങളെയുമാണെന്ന് ലോകരാജ്യങ്ങൾ എന്നാണ്‌ തിരിച്ചറിയുക!


Nasil AK