Logo

 

മുഹമ്മദ്‌ അബ്ദുർറഹ്‌മാനും സയ്യിദ്‌ മൗദൂദിയും

3 November 2019 | Study

By

പ്രസിദ്ധ ഇസ്‌ലാമിക ചിന്തകനും ഗ്രന്ഥകാരനും ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനുമായ സയ്യിദ്‌ അബുൽ അഅ്ലാ മൗദൂദി സാഹിബ്‌ (1903-1979), ഉർദു ബെൽറ്റിൽ നിന്നുള്ള ആളായിട്ടും കേരളീയ മുസ്‌ലിം പൊതുമണ്ഡലത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്‌‌. ക്രമപ്രവൃദ്ധമായി വികസിച്ചുവന്ന് ഒടുവിൽ മൂർത്തമായിത്തീർന്ന അദ്ദേഹത്തിന്റെ ‘ഇസ്‌ലാമിസ’ത്തെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്ത്‌ പ്രചരിപ്പിക്കാൻ കേരള ജമാഅത്തെ ഇസ്‌ലാമിയും, അതിന്റെ പല വശങ്ങളോടും‌ വിയോജിക്കാൻ ഐക്യസംഘം-ജംഇയ്യതുൽ ഉലമാ-നദ്‌വതുൽ മുജാഹിദീൻ കണ്ണികളിലൂടെ വളർന്നുവന്ന കേരളത്തിലെ സലഫീ-ഇസ്‌ലാഹീ ധാരയും നടത്തിയ പരിശ്രമങ്ങളാണ്‌ ഇതിന്‌ മുഖ്യമായും കാരണമായത്‌. ഇബാദത്‌‌, ത്വാഗൂത്‌, ഹാകിമിയ്യത്‌ തുടങ്ങിയ പ്രമേയങ്ങളിൽ മൗദൂദി സാഹിബ്‌ മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളും അവയുടെ വെളിച്ചത്തിൽ അദ്ദേഹം ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകളോട്‌ നിർദ്ദേശിച്ച ആധുനിക രാഷ്ട്രീയ വ്യവസ്ഥിതിയുടെ ബഹിഷ്കരണവും ഇസ്‌ലാമിക പ്രമാണങ്ങൾക്ക്‌ നിരക്കുന്നതല്ലെന്ന വിമർശനമാണ്‌ ഇസ്‌ലാഹീ പണ്ഡിതന്മാർ പ്രധാനമായും ഉയർത്തിയത്‌. മുസ്‌ലിം ലീഗ്‌ രാഷ്ട്രീയത്തിൽ ഉള്ളടങ്ങിയിട്ടുള്ള സാമുദായികതയെ മതവിരുദ്ധമായ ഭൗതിക പ്രമത്തതയും മാനവവിരുദ്ധമായ വർഗീയതയുമായി വിശേഷിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനത്തോടും അവർ കാര്യമായി വിയോജിച്ചു.

മൗദൂദി സാഹിബിന്റെ അനുയായികൾക്കും സലഫികൾക്കുമിടയിൽ മലബാറിൽ കൊടുമ്പിരികൊണ്ട ഈ സംവാദങ്ങളിലെ ശരിതെറ്റുകൾ നിർധാരണം ചെയ്യുകയല്ല ഈ ലേഖനം ലക്ഷ്യമാക്കുന്നത്‌. കേരളത്തിലെ ഇസ്‌ലാഹീ പാരമ്പര്യത്തിൽ മൗദൂദി സാഹിബിന്റെ വാദങ്ങൾക്കെതിരിലുള്ള വിമർശനങ്ങൾ ആരംഭിച്ചത്‌ എപ്പോൾ, ആരിൽ നിന്നാണ്‌ എന്ന് ചരിത്രപരമായി അന്വേഷിക്കുക മാത്രമാണ്‌ ഇവിടെ ചെയ്യുന്നത്‌. മാപ്പിള രാഷ്ട്രീയ നേതൃത്വം തൊള്ളായിരത്തി മുപ്പതുകളിൽ കോൺഗ്രസും ലീഗുമായി ചേരി തിരിഞ്ഞുകൊണ്ടിരുന്ന സമയത്താണ്‌ മൗദൂദിയുടെ എഴുത്തുകൾ മലബാറിൽ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്‌. ദേശീയ പ്രസ്ഥാനത്തിനെതിരിൽ മൗദൂദി മുന്നോട്ടുവെച്ച വിമർശനങ്ങൾ അന്നത്തെ രാഷ്ട്രീയ ചർച്ചകളിൽ കടന്നുവരിക സ്വാഭാവികമായിരുന്നു. ബൗദ്ധികമായ മൂർച്ചയുള്ള ഒരു ദേശീയതാ വിമർശന പദ്ധതിയുടെ ശിൽപി എന്ന നിലയിലാണ്‌ മലബാറിലെ, കോൺഗ്രസിനോട്‌ വിയോജിപ്പുകൾ ഉണ്ടായിരുന്ന മുസ്‌ലിം ബുദ്ധിജീവികൾ ആരംഭത്തിൽ മൗദൂദി സാഹിബിനെ വായിക്കുന്നത്‌. എന്നാൽ വായന പുരോഗമിച്ചപ്പോൾ‌, അദ്ദേഹത്തിന്റെ ദേശീയതാ നിരൂപണം ഇസ്‌ലാമിനെ തന്നെ സമഗ്രമായി പുനർവ്യാഖ്യാനിക്കാനുള്ള അപകടകരമായ പരിശ്രമത്തിന്റെ മുകളറ്റം മാത്രമാണെന്നും അതുകൊണ്ടുതന്നെ അതിനെ പ്രോത്സാഹിപ്പിച്ചുകൂടെന്നുമുള്ള മനസ്സിലാക്കലിലേക്ക്‌‌ അവരിൽ ബഹുഭൂരിപക്ഷവും എത്തി‌‌.

കേരളത്തിൽ ഇസ്‌ലാഹീ മണ്ഡലത്തിൽ നിന്ന് മൗദൂദി സാഹിബിന്റെ ഇസ്‌ലാമിസ്റ്റ്‌ ആശയങ്ങളോട്‌ ഖുർആനും നബിചര്യയും ഉദ്ധരിച്ചുകൊണ്ട്‌ വിയോജിക്കുന്നതിന്‌ തുടക്കം കുറിച്ചവരായി പൊതുവിൽ മനസ്സിലാക്കപ്പെടുന്നത്‌‌‌ കെ. എം. സീതി സാഹിബ്‌, കെ. എം. മൗലവി, എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവി, എൻ. വി. അബ്ദുസ്സലാം മൗലവി, കെ. ഉമർ മൗലവി എന്നിവരാണ്‌. ഇവരെല്ലാം നാൽപതുകളിൽ തന്നെ മൗദൂദി സാഹിബിനോടും ജമാഅത്തെ ഇസ്‌ലാമിയോടുമുള്ള വിയോജിപ്പുകൾ രേഖപ്പെടുത്തിത്തുടങ്ങിയവരും അൻപതുകളിൽ അതിനെ ശക്തമായ ഒരു സംവാദമായി വികസിപ്പിച്ചവരുമാണ്‌. ഈ നേതാക്കളെല്ലാം പ്രായേണ മുസ്‌ലിം ലീഗുകാരും ആയിരുന്നു. എന്നാൽ മൗദൂദി സാഹിബിന്റെ രചനകൾ‌ മലബാറിൽ ആദ്യമായി എത്തുന്നത്‌‌ കോൺഗ്രസ്‌ വിമർശനത്തിന്റെ ഉള്ളടക്കവുമായിട്ടാണെന്ന വസ്തുത പരിഗണിക്കുമ്പോൾ ഇവരേക്കാൾ മുമ്പ്‌ മൗദൂദി നിരൂപണത്തിന്‌ മുൻകയ്യെടുത്തിട്ടുണ്ടാവുക ഇസ്‌ലാഹീ മുന്നേറ്റത്തിലെ കോൺഗ്രസ്‌ പക്ഷമായിരിക്കണം എന്നാണ്‌ അനുമാനിക്കേണ്ടി വരിക.

സീതി സാഹിബിന്റെ നേതൃത്വത്തിലുള്ള ലീഗ്‌ ഇസ്‌ലാഹീ ക്യാമ്പിനേക്കാൾ മുമ്പ്‌ മുഹമ്മദ്‌ അബ്ദുർറഹ്‌മാനും മൊയ്തു മൗലവിയും നേതൃത്വത്തിൽ ഉണ്ടായിരുന്ന കോൺഗ്രസ്‌ ഇസ്‌ലാഹീ ക്യാമ്പിൽ നിന്നാണ്‌ മൗദൂദി സാഹിബിനെതിരിലുള്ള വിമർശനങ്ങൾ ആരംഭിച്ചത്‌ എന്ന് പഴയ തലമുറയിൽ പെട്ട ചിലർ വ്യക്തിപരമായ സംഭാഷണങ്ങളിൽ ഈ ലേഖകനോട്‌ സൂചിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, അതിനുപോൽബലകമായ രേഖകളൊന്നും അന്വേഷണങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ ഉറപ്പിക്കാൻ പ്രേരിപ്പിക്കുന്ന ചില സൂചകങ്ങൾ തിരച്ചിലിൽ കണ്ടുകിട്ടിയിട്ടുണ്ട്‌. കോട്ടയം താഴത്തങ്ങാടിയിൽ നിന്ന് അമുസ്‌ലിംകൾക്കിടയിലെ ഇസ്‌ലാമിക പ്രബോധനവും ക്രിസ്തുമത മിഷനറിമാരുമായുള്ള സംവാദവും ലക്ഷ്യമാക്കി പി. എം. അബ്ദുൽ ഖാദിർ മൗലവി പ്രസിദ്ധീകരിച്ചിരുന്ന ഇശാഅത്ത്‌ മാസികയാണ്‌‌ മൗദൂദി സാഹിബിന്റെ, ദേശീയ പ്രസ്ഥാനത്തെ നിരൂപണം ചെയ്തുകൊണ്ടുള്ള ലേഖനങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്ത്‌ പ്രസിദ്ധീകരിച്ച ആദ്യ ആനുകാലികങ്ങളിലൊന്ന്. മാസികയുടെ 1938 സെപ്റ്റംബർ, ഒക്റ്റോബർ, നവംബർ ലക്കങ്ങളിൽ കവർ സ്റ്റോറിയായി മൗദൂദി സാഹിബിന്റെ തുടർ ലേഖനങ്ങൾ വിവർത്തനം ചെയ്ത്‌ കൊടുത്തിരിക്കുന്നത്‌ കാണാം. പ്രസ്തുത ലക്കങ്ങൾ അമുസ്‌ലിംകളെ ഉദ്ദേശിച്ചുള്ളതല്ലെന്നും മുസ്‌ലിം സാമുദായിക പരിഷ്കരണമാണ്‌ അവയുടെ ലക്ഷ്യമെന്നും സെപ്റ്റംബർ ലക്കം മുഖവുരയിൽ പത്രാധിപർ പ്രത്യേകം പറയുന്നുണ്ട്‌. ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന്‌ മൂന്ന് വർഷത്തോളം മുന്നെയാണിത്‌. ‘തർജുമാനുൽ ഖുർആൻ’ പത്രാധിപർ എന്നാണ്‌ മൗദൂദി സാഹിബിനെ പത്രം പരിചയപ്പെടുത്തുന്നത്‌. പിൽകാലത്ത്‌ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച നിലപാടുകളേക്കാൾ കോൺഗ്രസിനെതിരിൽ മുസ്‌ലിം ലീഗ്‌ ഉന്നയിച്ച സാമുദായിക/സാംസ്കാരിക സ്വത്വ വിഷയങ്ങളോടുള്ള അനുഭാവമാണ്‌‌ ഇശാഅത്ത്‌ പത്രാധിപർക്കുണ്ടായിരുന്നത്‌ എന്നും അതാണ്‌ അദ്ദേഹത്തെ മൗദൂദിയുടെ കോൺഗ്രസ്‌ വിമർശന രചന മാസികക്കുവേണ്ടി തെരഞ്ഞെടുക്കുന്നതിന്‌ പ്രേരിപ്പിച്ചത്‌ എന്നും ലക്കങ്ങളുടെ വരികൾക്കിടയിലൂടെ സൂക്ഷ്‌മമായി കടന്നുപോയാൽ മനസ്സിലാകും.

ഇശാഅത്ത് മൗദൂദി സാഹിബിനെ വിവർത്തനം ചെയ്തതിനെ തുടർന്ന് മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ സാഹിബ്‌ മാസികയെയും പത്രാധിപരെയും രൂക്ഷമായി വിമർശിച്ചു എന്നാണ് ഇശാഅത്തിന്റെ‌ നവംബർ, ഡിസംബർ ലക്കങ്ങളിൽ നിന്ന് മനസ്സിലാകുന്നത്‌. ഇശാഅത്ത്‌ മാസികയുടെയും അതിന്റെ പത്രാധിപരുടെയും ഇസ്‌ലാമിക പ്രബോധന പരിശ്രമങ്ങളുടെ ശക്തനായ സഹകാരിയായിരുന്നു അബ്ദുർറഹ്മാൻ സാഹിബും മൊയ്തു മൗലവിയും എന്ന വസ്തുത കൂടി ഓർക്കുമ്പോഴാണ്‌ ഈ ഇടച്ചിലിന്റെ ചരിത്രപ്രാധാന്യം പൂർണ്ണമായി ഗ്രഹിക്കാനാവുക. പി. എം. അബ്ദുൽ ഖാദിർ മൗലവിയുടെ ഒരു കോൺഗ്രസ്‌ വിമർശന പ്രസംഗത്തോടും ഇശാഅത്ത്‌ പ്രസിദ്ധീകരിച്ച മൗദൂദി ലേഖന പരമ്പരയോടും അബ്ദുർറഹ്‌മാൻ സാഹിബിനുണ്ടായ അമർഷം അൽ അമീന്റെ പത്രാധിപക്കുറിപ്പുകൾ ആയാണ്‌ പുറത്തുവന്നത്‌. അബ്ദുർറഹ്‌മാൻ കെ. പി. സി. സി. പ്രസിഡെന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട സമയം കൂടി ആയിരുന്നു അത്‌. അൽ അമീന്റെ വിമർശനങ്ങളെ പരാമർശിച്ചുകൊണ്ട്‌ നവംബർ ലക്കം ഇശാഅത്തിലുള്ള പ്രസാധകക്കുറിപ്പിന്റെ തലക്കെട്ട്‌ ‘ഇശാഅത്തിന്റെ നേരെ’ എന്നാണ്‌. ‘ഉറുദുവിലുള്ള ഒരു ലേഖനം പരിഭാഷപ്പെടുത്തി ഞങ്ങൾ ചേർത്തത്‌ അൽ അമീനിനിന്‌ അത്ര രസിച്ചില്ലെന്ന് തോന്നുന്നു’ എന്ന് ആ കുറിപ്പിൽ വായിക്കാം. ‘സുസ്ഥാപിതമായ ആൾ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു ശാഖയായ കെ. പി. സി. സി. യുടെ പ്രെസിഡെന്റ്‌ ആയ പത്രാധിപർ കേളപ്പപ്രഭൃതികളുമായുള്ള സമരത്താൽ ക്ഷീണിച്ചുപോയതുകൊണ്ടാണോ അതോ ഇശാഅത്തിനോട്‌ സ്വയം എതിർക്കാൻ അശക്തനായിട്ടാണോ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനോളം പോലും സുസ്ഥാപിതമായിക്കഴിഞ്ഞിട്ടില്ലാത്ത തിരുവിതാംകൂർ-കൊച്ചി കോൺഗ്രസ്സുകളിലെ മുസ്‌ലിംകളെ കൂട്ടുപിടിക്കുന്നത്‌‌ എന്ന് മനസ്സിലാകുന്നില്ല’ എന്ന് ഡിസംബർ ലക്കം ഇശാഅത്തിലെ അൽ അമീൻ വിമർശനത്തിൽ കാണാം. കേരളത്തിൽ മൗദൂദി സാഹിബിന്റെ വിമർശനാത്മക വിശകലനം അദ്ദേഹത്തിന്റെ രചനകൾ ഇവിടെ വെളിച്ചം കണ്ട ഉടനെ ആരംഭിച്ചിട്ടുണ്ടെന്നും അതിന്റെ തുടക്കം മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ സാഹിബിലും അദ്ദേഹത്തിന്റെ അൽ അമീൻ പത്രത്തിലും ആണെന്നുമാണ്‌ ഇശാഅത്തിന്റെ ഈ ലക്കങ്ങൾ വെച്ച്‌ സംഗ്രഹിക്കാവുന്നത്‌. ഇശാഅത്ത്‌ മാസികയിൽ പരാമർശിക്കപ്പെട്ട അൽ അമീനിന്റെ ലക്കങ്ങൾ കണ്ടുകിട്ടിയാൽ ഇതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാനാകും.


Tags :


mm

Musthafa Thanveer