Logo

 

ഇസ്‌ലാമിക ബലികർമം മക്കൻ ബഹുദൈവാരാധനയുടെ ശേഷിപ്പോ?

11 November 2020 | Study

By

മുഹമ്മദ്‌ നബി (സ): വിമർശനങ്ങൾക്ക്‌ മറുപടി – 5

“ഇസ്‌ലാമിക പാരമ്പര്യം പറയുന്നതുപോലെ അബ്രഹാമിനോട് ദൈവം ബലിയായി നല്‍കാന്‍ നിര്‍ദ്ദേശിച്ച് പരീക്ഷിച്ചത് ഇശ്മയേലിനെയല്ല, ഇസ്ഹാക്വിനെയാണ്. ഇശ്മയേലിനു പകരമല്ല, ഇസ്ഹാക്വിനു പകരമാണ് അബ്രഹാം ആടിനെ ബലിയറുത്തത്. അതിനാല്‍ ഹജ്ജിന്റെ ഭാഗമായുള്ള ഇസ്‌ലാമിക ബലി അബ്രഹാമിക ബലിയുടെ അനുസ്മരണമല്ല, മറിച്ച് ബഹുദൈവാരാധനാപരമായ ഇസ്‌ലാം പൂർവ മക്കന്‍ ആചാരങ്ങളുടെ ശേഷിപ്പാണ്. മക്കയിൽ ബഹുദൈവാരാധകരുടെ പല തരം അറവനുഷ്ഠാനങ്ങളുണ്ടായിരുന്നുവെന്ന് ഇസ്‌ലാമിക സ്രോതസ്സുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്‌.” – മക്കയുടെ അബ്രഹാമിക പൈതൃകത്തെ നിരാകരിക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള മിഷനറി വിശകലനങ്ങളില്‍ സര്‍വസാധാരണമായ ഈ സമർത്ഥനം വസ്തുതാപരമാണോ?

-അല്ല. ഒന്നാമതായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടേണ്ട കാര്യം, ഇസ്‌ലാമിക ബലിയുടെ അബ്രഹാമിക പുത്രബലി വേരുകളെ സംബന്ധിച്ച സംവാദത്തിന്‌, ഹജ്ജിന്റെ ഭാഗമായ ബലികര്‍മം ബഹുദൈവാരാധനാപരമായ നിഷ്പത്തിയുള്ളതാണെന്ന് സ്ഥാപിക്കാനുള്ള മിഷനറി പരിശ്രമത്തില്‍ ഒരു പങ്കും വഹിക്കാനില്ല എന്നതാണ്‌. അബ്രഹാം പുത്രനെ ബലി നൽകാൻ സന്നദ്ധനായതിന്റെ പശ്ചാതലമൊന്നും ഇല്ലെന്ന് വന്നാലും സ്വതന്ത്രമായ നിലയ്ക്കുതന്നെ പ്രപഞ്ചനാഥനെ ആരാധിച്ചുകൊണ്ടുള്ള ഒരു പുണ്യകർമമായി നിൽക്കാൻ ശേഷിയുള്ളതാണ്‌ ഹജ്ജിന്‌ പോയവർ മക്കയിൽ വെച്ചും അല്ലാത്ത മുസ്‌ലിംകൾ സ്വന്തം നാടുകളിൽ വെച്ചും ദുൽഹിജ്ജ പത്തിന്‌ നിർവഹിക്കുന്ന ഇസ്‌ലാമിക ബലി (ഉദുഹിയ്യത്/നഹർ). ഇസ്‌മാഈലിനെ/ഇസ്‌ഹാക്വിനെ ബലി നൽകാൻ സന്നദ്ധമായ പ്രത്യേക സംഭവത്തെ പിന്തുടർന്നുകൊണ്ടല്ലാതെയും അബ്രഹാമിനും മുഹമ്മദ്‌ നബി(സ)ക്കും‌ ദിവ്യബോധനങ്ങൾ പ്രകാരം ഹജ്ജിന്റെ ഭാഗമായി നിശ്ചയിക്കാവുന്ന ഒരു ആചാരമാണത്‌. വിശ്വാസികൾ സ്വന്തം സമ്പത്ത് ചെലവഴിച്ച് വാങ്ങിയറുത്ത മൃഗങ്ങളുടെ മാംസം പ്രപഞ്ചനാഥന്റെ തൃപ്തി കാംക്ഷിച്ച് പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ സന്നദ്ധരാകുകയാണ് ഇസ്‌ലാമിക ബലിയില്‍ സംഭവിക്കുന്നത്. പ്രപഞ്ചരക്ഷിതാവല്ലാത്ത മറ്റൊരു ശക്തിയോടുമുള്ള ഭക്തി അതിൽ കടന്നുവരുന്നില്ല. പ്രപഞ്ചനാഥനായ അല്ലാഹുവിലേക്ക്, ബലിയറുക്കപ്പെടുന്ന മൃഗത്തിന്റെ മാംസമോ രക്തമോ അല്ല, മറിച്ച് അതിന് സന്നദ്ധനാകുന്ന വ്യക്തിയുടെ മനസ്സിന്റെ നന്മയാണ്എത്തിച്ചേരുന്നതെന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്: “അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്.”1 ശുദ്ധ ഏകദൈവാരാധനയുടെ ഭാഗമായി, ദൈവത്തിന് ഭക്ഷണമാവശ്യമാണെന്ന യാതൊരു തെറ്റിദ്ധാരണയുമില്ലാതെ നിര്‍വഹിക്കപ്പെടുന്ന സേവനപ്രവര്‍ത്തനമാണ് ഇസ്‌ലാമിക ബലിയും അതോടനുബന്ധിച്ച മാംസവിതരണവുമെന്ന് ചുരുക്കം.

മുഹമ്മദ്‌ നബി (സ) മാത്രമല്ല, മിഷനറിമാർ അംഗീകരിക്കുന്ന പൂർവപ്രവാചകന്മാരും ഇതേ ബലി സംസ്കൃതി ജനതതികൾക്ക്‌ പകർന്നു നൽകിയിട്ടുണ്ടെന്ന് പ്രവാചകന്മാരുടെ ചരിത്രത്തിലൂടെ കടന്നുപോയാൽ മനസ്സിലാകും. ഇബ്റാഹീമിനോട് ദൈവം സംസാരിച്ചത് ഏത് പുത്രന്റെ കാര്യമായിരുന്നാലും, പ്രവാചകപാരമ്പര്യം ഒന്നടങ്കം ഉയർത്തിപ്പിടിച്ച ഒരു ആരാധന മുഹമ്മദ്‌ നബി (സ) തന്റെ അനുചരന്മാരെ പഠിപ്പിക്കുന്നതിൽ എന്ത്‌ അസാംഗത്യമാണുള്ളത്? പ്രപഞ്ചനാഥന്റെ പ്രീതി ഉദ്ദേശിച്ചുള്ള മൃഗബലി പ്രവാചകാധ്യാപനമാണെന്നും ബഹുദൈവാരാധനയുടെ ശേഷിപ്പല്ലെന്നുമാണ് ബൈബ്ളിന്റെ അസന്നിഗ്ധമായ വീക്ഷണം. ബൈബ്ളെഴുത്തുകാര്‍ യഹോവക്കുവേണ്ടിയുള്ള മൃഗബലിയുടെ വിശദമായ കര്‍മശാസ്ത്രം വിവരിച്ചിട്ടുള്ളത് പൂര്‍ണമായും പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിലാണോ എന്ന കാര്യം സംശയാസ്പദമാണെങ്കിലും, ഏകദൈവാരാധനയുടെ ഭാഗമായി പ്രവാചകനിര്‍ദേശങ്ങള്‍ പ്രകാരം തന്നെ സെമിറ്റിക് ചരിത്രത്തിലുടനീളം മൃഗബലി നിലനിന്നുവെന്ന് അവ വ്യക്തമാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. ആദിമനുഷ്യനായ ആദാമിനു തന്നെ മൃഗബലിയുടെ മഹത്വത്തെക്കുറിച്ച് ദൈവം അറിവു നല്‍കിയിരുന്നുവെന്നാണ് ബൈബ്ളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണല്ലോ, ആദാമിന്റെ പുത്രനായ ആബേല്‍ “തന്റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ അവിടുത്തേക്ക് കാഴ്ചവെച്ചതും, ആബേലിലും അവന്‍റെ കാഴ്ചവസ്തുക്കളിലും അവിടുന്ന്” പ്രസാദിച്ചതും.2 ഇവിടം മുതല്‍ പഴയനിയമത്തില്‍ മുഴുവന്‍ മൃഗബലി വിവരണങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ദൈവത്തില്‍ നിന്ന് ലഭിച്ച അനുഗ്രഹങ്ങള്‍ക്കുള്ള നന്ദിയായും നേര്‍ച്ചയുടെ ഭാഗമായും പെസഹ ആഘോഷത്തിനുവേണ്ടിയും തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായും അനുശോചനച്ചടങ്ങെന്ന നിലയിലും സ്വതന്ത്രമായ പുണ്യകര്‍മമെന്ന നിലക്കുമെല്ലാം പുരോഹിതന്‍മാരും രാജാക്കന്‍മാരും സമൂഹവും വ്യക്തികളുമെല്ലാം നടത്തിയ മൃഗബലികളുടെ കഥകള്‍ കൊണ്ട് സമൃദ്ധമാണ് ബൈബ്ൾ പഴയനിയമം. ബലിമൃഗത്തെ അറുത്തശേഷം പുകയും മാംസഗന്ധവും ദൈവത്തിലേക്കയക്കാന്‍ വേണ്ടി മൃഗശരീരം കത്തിക്കുന്നതുമുതല്‍ ബലിമൃഗത്തിന്റെ രക്തം പുരോഹിത നേതൃത്വത്തില്‍ അള്‍ത്താരക്കുചുറ്റും തളിക്കുന്നതുവരെയുള്ള, ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന് പരിചയമില്ലാത്ത രീതികളും ജൂതസമൂഹത്തില്‍ മൃഗബലിയുടെ ഭാഗമായി നിലനിന്നിരുന്നുവെന്നും ബൈബ്‌ളിൽ നിന്നുതന്നെ മനസ്സിലാക്കാം.3

ബൈബ്ളും ബൈബ്ളിന്റെ വെളിച്ചത്തില്‍ ജീവിച്ച സമൂഹവും മൃഗബലിയെ മനസ്സിലാക്കിയ രീതിയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മൃഗബലി എന്നു കേള്‍ക്കുമ്പോഴേക്കും ബഹുദൈവാരാധനയെക്കുറിച്ച് ചിന്തിക്കുവാനാരംഭിക്കുന്ന ആധുനിക മിഷനറിമാര്‍, തങ്ങളുടെ സ്വന്തം മതഗ്രന്ഥത്തെയും ചരിത്രത്തെയും തന്നെയാണ് അപഹസിക്കുന്നത് എന്നതത്രെ സത്യം. ഫിലസ്ത്വീനിലെ വിശുദ്ധഗേഹം കേന്ദ്രീകരിച്ച് ജൂതന്‍മാര്‍ നടത്തിയിരുന്ന മതാനുഷ്ഠാനങ്ങളുടെ സുപ്രധാനമായ ഭാഗം തന്നെ മൃഗബലിയായിരുന്നു. സി.ഇ എഴുപതില്‍ റോമക്കാര്‍ ആ ആരാധനാലയം തകര്‍ത്തപ്പോഴാണ് മൃഗബലി ജൂതന്‍മാര്‍ക്കിടയില്‍നിന്ന് ഇല്ലാതായിത്തുടങ്ങിയതെന്നാണ് ഗവേഷകരുടെ അഭിപ്രായം. പഴയനിയമ പ്രവാചകന്‍മാരെല്ലാം പഠിപ്പിച്ച അനുഷ്ഠാന ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തി പൗലോസ് സ്ഥാപിച്ച പുതിയ മതത്തിന്റെ വക്താക്കളായി മാറിയപ്പോഴാണ് ക്രൈസ്തവരില്‍ നിന്ന് ബൈബ്ളികമായ മൃഗബലി സമ്പ്രദായം അന്യം നിന്നുപോയത്. ക്രിസ്തുവിന്റെ കുരിശുമരണം എന്ന മിത്തിനെ ഉപജീവിച്ച്‌, ക്രിസ്തു സ്വയം ബലിയായിത്തീർന്നുവെന്നും ഇനി മൃഗബലികൾക്ക്‌ പ്രസക്തിയില്ലെന്നുമുള്ള സിദ്ധാന്തം ചമച്ചുകൊണ്ട്‌ ക്രൈസ്തവ പൗരോഹിത്യം പഴയനിയമത്തെ ഈ വിഷയത്തിൽ റദ്ദ്‌ ചെയ്യാനുള്ള ന്യായമുണ്ടാക്കി. ബൈബ്‌ളിൽ ഇപ്പോഴും വളരെ വ്യക്തമായി അനുശാസിക്കപ്പെടുന്ന, എന്നാല്‍ അതിന്റെ അനുയായികള്‍ യഥാവിധി പിന്തുടരാന്‍ സന്നദ്ധത കാണിക്കാത്ത പ്രവാചകപാരമ്പര്യമാണ് മൃഗബലിയെന്നര്‍ത്ഥം.4 ബൈബ്‌ളികമായ വീക്ഷണത്തിൽ നന്മയായ ഒരു കാര്യം മുസ്‌ലിംകളിലെങ്കിലും അവശേഷിക്കുന്നതില്‍ ബൈബ്‌ളിന്റെ വക്താക്കള്‍ വേവലാതിപ്പെടുന്നതിന്റെ മനശാസ്ത്രമെന്താണ്‌? അതിൽ ബഹുദൈവാരാധനയുടെ എന്ത് അടരുകളുണ്ടെന്നാണ് മിഷനറിമാര്‍ പറയുന്നത്?

പല ബഹുദൈവാരാധക സമൂഹങ്ങളുടെയും അനുഷ്ഠാനമുറകളില്‍ മൃഗബലിയുണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പ്രപഞ്ചനാഥനു പുറമെയുള്ള വിഗ്രഹങ്ങളുടെയും സാങ്കല്‍പിക അദൃശ്യശക്തികളുടെയും പൊരുത്തത്തിനുവേണ്ടിയും പലപ്പോഴും അവയെ ‘ഊട്ടാന്‍’ വേണ്ടിയും നിര്‍വഹിക്കപ്പെടുന്ന അന്ധവിശ്വാസ ജഡിലമായ അറവുകളാണവ. പ്രവാചകന്‍മാര്‍ ഏകദൈവവിശ്വാസത്തിന്റെ ഭാഗമായി പഠിപ്പിച്ച ശരിയായ ബലിരീതികളില്‍ നിന്ന് വ്യതിചലിച്ചുപോയാണ് ബഹുദൈവാരാധകര്‍ ഇത്തരം ദുരാചാരങ്ങളില്‍ എത്തിപ്പെട്ടതെന്നാണ് മതഗ്രന്ഥങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നത്. മക്കയിലെ ബഹുദൈവാരാധക സംസ്കാരത്തിലും ഇത്തരത്തിലുള്ള പല ബലികളുമുണ്ടായിരുന്നു. മക്കയിൽ ഇസ്‌ലാം പൂർവ്വകാലത്ത്‌ വിഗ്രഹങ്ങളുടെ പ്രസാദത്തിനുവേണ്ടി ബലി നിര്‍വഹിക്കപ്പെട്ടിരുന്നു എന്നതുകൊണ്ട്‌ അല്ലാഹുവിനുവേണ്ടിയുള്ള ബലി മുഹമ്മദ്‌ നബി(സ) ജനങ്ങളെ പഠിപ്പിക്കുവാൻ പാടില്ലായിരുന്നുവെന്നാണോ മിഷനറിമാരുടെ വാദം? ബഹുദൈവാരാധക സമൂഹങ്ങളിലേക്ക്‌ കടന്നുചെന്ന്, അവർ നിർവഹിച്ചിരുന്ന ബഹുദൈവാരാധനാപരമായ ബലികൾ നിരോധിക്കുകയും പ്രപഞ്ചരക്ഷിതാവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ള യഥാർത്ഥ ബലിയുടെ ദർശനവും രീതിശാസ്ത്രവും അവരെ പഠിപ്പിക്കുകയുമാണ്‌ ഇക്കാര്യത്തിൽ പ്രവാചകന്മാരുടെ ദൗത്യം എന്ന് ആർക്കാണറിയാത്തത്‌? ആ ദൗത്യം നിർവഹിക്കുക മാത്രമാണ്‌ നബി(സ)യും ചെയ്തത്‌.

മക്കയിലെ അറബികൾക്കിടയിലേക്ക്‌ ബഹുദൈവാരാധന കടന്നുവന്നതുതന്നെ കന്നുകാലികളെ അല്ലാഹുവല്ലാത്തവർക്ക്‌ നേർച്ചയാക്കുന്ന സംസ്കാരത്തിലൂടെയാണെന്നും അത്‌ തുടങ്ങിവെച്ച ആൾക്ക്‌ പരലോകത്ത്‌ കടുത്ത ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്നും വിശദീകരിച്ച്‌‌ മുസ്‌ലിംകളിൽ അത്തരം ‘അനുഷ്ഠാന മൃഗ’ങ്ങളോടുള്ള സമ്പൂർണ്ണമായ വിപ്രതിപത്തിയുണ്ടാക്കുവാൻ‌ നബി(സ) ശ്രദ്ധിച്ചു‌.5 മക്കയിൽ ലബ്ധപ്രതിഷ്ഠമായിരുന്ന ബഹുദൈവാരാധനാപരമായിരുന്ന മൃഗാനുഷ്ഠാനങ്ങൾ ക്വുർആൻ തന്നെ അസാധുവായി പ്രഖ്യാപിക്കുന്നുണ്ട്‌.6 അല്ലാഹുവല്ലാത്തവർക്കുവേണ്ടി മൃഗങ്ങളെ അറുക്കാൻ പാടില്ലെന്ന്7 മാത്രമല്ല ഇസ്‌ലാം പഠിപ്പിച്ചത്‌, പ്രത്യുത ബഹുദൈവാരാധകർ അപ്രകാരം അറുത്ത മൃഗങ്ങളുടെ മാംസം ആരെങ്കിലും കൊണ്ടുവന്ന് തന്നാൽ അത്‌ ഭക്ഷിക്കുവാൻ പോലും പാടില്ലെന്നാണ്‌.8 വിഗ്രഹങ്ങൾക്കും മറ്റും ബലികൾ സമർപ്പിക്കുന്നതും ആ മാംസം അത്തരം വിശ്വാസങ്ങളോടുകൂടി ഭക്ഷിക്കുന്നതും ബഹുദൈവാരാധനയാണെന്ന് പഠിപ്പിച്ച്‌ അവിടെ നിർത്താതെ, ബഹുദൈവാരാധകരുടെ വിശ്വാസമണ്ഡലം പങ്കിടാതെയാണെങ്കിൽ പോലും അത്തരം ബലിമാംസങ്ങൾ ഭക്ഷിക്കുന്നത്‌ പാപമാണെന്ന് വിശ്വാസികളെ തെര്യപ്പെടുത്തി ബഹുദൈവാരാധനാപരമായ അനുഷ്ഠാനങ്ങളുടെ അനുബന്ധങ്ങളോടുപോലും മുസ്‌ലിംകൾ അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തിയ മഹാപ്രവാചകനാണ്‌ മുഹമ്മദ്‌ നബി (സ) എന്ന് ചുരുക്കം. ഇബ്‌റാഹീമീ ഏകദൈവാരാധനയുടെ പ്രധാനപ്പെട്ട ഒരു താൽപര്യം വിഗ്രഹങ്ങൾക്കായുള്ള ബലിയും അത്തരം ബലിമാംസങ്ങളും വർജിക്കലാണെന്ന് മക്കയിലെ ഹനീഫുകൾക്ക്‌ തന്നെ ബോധ്യമുണ്ടായിരുന്നതാണ്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ പ്രവാചകത്വത്തിന്‌ മുമ്പുതന്നെ വ്യക്തതയുണ്ടായിരുന്ന വിഷയമാണിത്‌. ബഹുദൈവാരാധകരായ സുഹൃത്തുക്കളും മറ്റും വിഗ്രഹങ്ങൾക്ക്‌ നിവേദിച്ച മാംസം തിന്നാൻ കൊടുത്താൽ പ്രവാചകത്വപൂർവ്വകാലത്തും അത്‌ നിരസിക്കുകയാണ്‌ നബി(സ)യും ഹനീഫുകളും ചെയ്തിരുന്നത്‌.9

കേവലയുക്തികൊണ്ടുതന്നെ ഏകദൈവാരാധനക്ക്‌ വിരുദ്ധമാണെന്ന് മനസ്സിലാകുന്ന‌, മുഹമ്മദ്‌ നബി(സ) കർക്കശമായും അസന്നിഗ്ധമായും നിരോധിച്ച മക്കൻ ദുരാചാരമായിരുന്നു വിഗ്രഹങ്ങൾക്കുവേണ്ടിയുള്ള ബലി എന്നിരിക്കെ അത്തരം ബലികളെ ഇസ്‌ലാം സ്വാംശീകരിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല. എല്ലാ തരം ബഹുദൈവാരാധക ബലികളിൽ നിന്നും നിശ്ശേഷം മുക്തമായ, അങ്ങനെയുള്ള ബലി മാംസത്തോടടക്കം നിഷ്കൃഷ്ടമായ ദൂരം നിഷ്ഠയോടെ പാലിക്കുന്ന ഒരു സമൂഹത്തെയാണ്‌ നബി (സ) ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധന പ്രവർത്തനങ്ങളിലൂടെ വാർത്തെടുത്തത്‌. അല്ലാഹുവല്ലാത്ത ആർക്കെങ്കിലും വേണ്ടിയുള്ള ഒരൊറ്റ ബലി പോലും ഇസ്‌ലാമിൽ ഇല്ലെന്ന് ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യ ധാരണയെങ്കിലുമുള്ള സർവർക്കും അറിയാം. ഹജ്ജ്‌/ബലി പെരുന്നാൾ അറവ്‌ അല്ലാഹുവിനുമാത്രമുള്ള ആരാധനയാണ്. അല്ലെന്ന് വാദിക്കാൻ മിഷനറിമാർക്കുപോലും ആവില്ല; കാരണം ഇസ്‌ലാമിക പ്രമാണങ്ങളിൽ അത്ര സുവ്യക്തമാണ്‌ അതിന്റെ ദർശനവും പ്രയോഗവും. മക്കയിൽ പല കാലങ്ങളിലായി പ്രചാരത്തിൽ വന്ന ബഹുദൈവാരാധക ബലികളെ മുഴുവൻ നിഷകാസനം ചെയ്ത പ്രവാചകൻ (സ), ഇസ്‌ലാം പൂർവ്വ മക്കയിൽ നിലവിലുണ്ടായിരുന്നവയിൽ വെച്ച്‌ സംരക്ഷിച്ചത്‌ ഹജ്ജ്‌ ബലിയെ മാത്രമാണ്‌. അതിന്റെ കാരണം, ആ ബലി ഇബ്‌റാഹീമും ഇസ്‌മാഈലും ഹജ്ജിലെ ഒരു കർമമായി മക്കക്കാരെ പഠിപ്പിച്ച, അല്ലാഹുവിന്‌ മാത്രമുള്ള ആരാധനയായിരുന്നു എന്നതത്രെ. ബഹുദൈവാരാധനയിലേക്ക്‌ ആസകലം കൂപ്പുകുത്തിയ ആ സമൂഹത്തിൽ ബാക്കിനിന്നിരുന്ന, നൂറ്റാണ്ടുകൾക്കുമ്പ് അവർക്കിടയിലെ പ്രവാചകന്മാർ പഠിപ്പിച്ചിരുന്ന ഏകദൈവാരാധനയുടെ ആചാരശേഷിപ്പുകളിൽ ഒന്നായിരുന്നു അത്‌. ഹജ്ജ്‌ ബലിയിലേക്ക്‌ കാലാന്തരത്തിൽ കടന്നുവന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമൊക്കെ തൂത്തെറിഞ്ഞ്‌ അതിനെ അതിന്റെ അബ്രഹാമിക ആദിമ വിശുദ്ധിയിൽ പുനസ്ഥാപിക്കുകയാണ്‌ ഇസ്‌ലാമിക ഹജ്ജ്‌ ചെയ്തത്‌. വിഗ്രഹങ്ങൾക്കായി ബലിയർപ്പിച്ച മൃഗങ്ങളുടെ മാംസം ഭക്ഷിക്കാൻ വിസമ്മതിച്ചുകൊണ്ട്‌ ഹനീഫ്‌ ആയിരുന്ന സയ്ദ്‌ ഇബ്നു അംരിബ്നു നുഫയ്‌ൽ മക്കയിലെ ബഹുദൈവാരാധകരോട്‌ പറഞ്ഞ ഒരു വാചകം ഇപ്രകാരമാണ്‌: “അല്ലാഹുവാണ്‌ ആടിനെ സൃഷ്ടിച്ചത്‌. അവൻ തന്നെയാണ്‌ അതിന്‌ കുടിക്കാനുള്ള വെള്ളം ആകാശത്തുനിന്ന് മഴയായി ഇറക്കിയത്‌. അതിന്‌ ഭക്ഷിക്കാനുള്ള പുല്ല് ഭൂമിയിൽ മുളപ്പിച്ചതും അവൻ തന്നെ. എന്നിട്ടും നിങ്ങൾ ആ ആടിനെ അവനല്ലാത്തവരുടെ പേരിൽ അറുക്കുന്നു!”10

അതെ, അല്ലാഹു സൃഷ്ടിച്ച്‌ പരിപാലിക്കുന്നവയെ അവനല്ലാത്തവയെ വണങ്ങാൻ ഉപകരണമാക്കുന്ന ബഹുദൈവാരാധക ബലികളിലെ അക്രമം ചൂണ്ടിക്കാണിച്ച്, അല്ലാഹു മാത്രമാണ്‌ എല്ലാ ബലികളും അർഹിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയാണ്‌ സയ്ദിനെ പോലുള്ള ഏകദൈവിശ്വാസികൾ എല്ലാ കാലത്തും ചെയ്തത്‌. നബി(സ), ബഹുദൈവാരാധക ബലിയകൾ ഉപേക്ഷിച്ച സമൂഹത്തിന്‌ ഹജ്ജ്‌/പെരുന്നാൾ ബലി നിർവഹിച്ച്‌ അല്ലാഹുവിനാണ്‌ ബലിയർപ്പിക്കേണ്ടതെന്നും അതിന്റെ രീതി ഇന്നതാണെന്നും പഠിപ്പിച്ചുകൊടുത്തു. ആടും മാടും ഒട്ടകവുമെല്ലാം അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യത്തിന്റെ നിദർശനങ്ങളാണെന്നും അവന്റെ നാമത്തിലാണ്‌ അവയെ അറുക്കേണ്ടതെന്നും അവന്റെ അനുഗ്രഹങ്ങൾക്ക് അവനോട്‌‌ നന്ദി കാണിച്ച്‌ മാംസം പാവങ്ങളുമായി പങ്കുവെക്കണമെന്നും പ്രായോഗികമായി ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമിക ഹജ്ജ്‌ ബലി, ബഹുദൈവാരാധന തിമർത്താടിയിരുന്ന മക്കയിൽ സംശുദ്ധമായ ഏകദൈവാരാധനയുടെ പുതുയുഗമാണ്‌ അനാദൃശമായ സൗന്ദര്യത്തോടെ വിളംബരം ചെയ്തത്‌. ഹജ്ജിലെ ബലിക്കാഹ്വാനം ചെയ്യുന്ന ക്വുർആൻ വചനത്തിന്റെ ആശയത്തിൽ നിന്നുതന്നെ ഇത്‌ സുതരാം വ്യക്തമാണ്‌: “ഒട്ടകങ്ങളും കന്നുകാലികളും പ്രപഞ്ചരക്ഷിതാവായ സാക്ഷാൽ ആരാധ്യനെക്കുറിച്ചാണ്‌ നിങ്ങളെ ഓർമിപ്പിക്കുന്നത്‌. അവയിൽ നിങ്ങൾക്ക്‌ അവൻ അനുഗ്രഹങ്ങൾ സംവിധാനിച്ചിരിക്കുന്നു. അതിനാൽ നിങ്ങളവയെ ബലി അറുക്കേണ്ടത്‌ അവന്റെ നാമത്തിലാകുന്നു. അറവ്‌ കഴിഞ്ഞാൽ മാംസം നിങ്ങൾ ഭക്ഷിക്കുകയും ദാരിദ്ര്യം പരസ്യമായ പാവപ്പെട്ടവർക്കും ദാരിദ്യം ഒളിച്ചുവെക്കുന്ന പാവപ്പെട്ടവർക്കും നൽകുകയും ചെയ്യുക. അറക്കാൻ കഴിയും വിധം ആ മൃഗങ്ങളെ നിങ്ങൾക്ക്‌ കീഴ്‌പെടുത്തിത്തരുന്നതും‌ അല്ലാഹുവാണ്‌, അവനോടാണ്‌ നിങ്ങൾ നന്ദിയുള്ളവരായിരിക്കേണ്ടത്‌.”11

ഇനി പരിശോധിക്കപ്പെടേണ്ടത്‌, ഇബ്‌റാഹീം പഠിപ്പിച്ച ഹജ്ജ്‌ കർമങ്ങളിൽ മൃഗബലി ഉൾപെട്ടിരുന്നില്ല എന്ന വാദത്തിന്‌ മിഷനറിമാരുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടോ എന്നതാണ്‌. യാതൊരു തെളിവുമില്ല എന്നതാണ്‌ യാഥാർത്ഥ്യം. മക്കയിലെ ഏതെങ്കിലും ബഹുദൈവാരാധക ബലി പരിണമിച്ചാണ്‌ ഹജ്ജിലെ ബലികർമം എന്ന വാദത്തിനുണ്ടോ ഏതെങ്കിലും ചരിത്രരേഖയുടെ പിൻബലം? ഇല്ലേയില്ല! പിന്നെ ഈ വിഷയത്തിൽ മിഷനറിമാരുണ്ടാക്കുന്ന വിവാദത്തിൽ എന്ത്‌ കഴമ്പാണുള്ളത്‌? ബൈബ്‌ൾ പ്രവാചകന്മാർ ഇസ്രാഈല്യരെ പഠിപ്പിച്ച ഏകദൈവത്തിനുള്ള മൃഗബലി അബ്രഹാം മക്കക്കാരെയും പഠിപ്പിച്ചുവെന്നും ജെറൂസലേമിലെന്ന പോലെ മക്കയിലും അതൊരു തീർത്ഥാടക കർമമായി നിശ്ചയിച്ചുവെന്നും മുഹമ്മദ്‌ നബി(സ) അതിനെ അതിന്റെ തനിമയിൽ വീണ്ടെടുത്തുവെന്നുമുള്ള ഇസ്‌ലാമിക നിലപാടിനെ നിരാകരിക്കാനുതകുന്ന ദുർബലമായ തെളിവുകൾ പോലും മിഷനറിമാരുടെ കയ്യിൽ ഇല്ലെന്നതാണ്‌ വാസ്തവം. മക്കയിൽ മുഹമ്മദ്‌ നബി(സ) കടന്നുവരുന്ന സമയത്ത്‌ ബഹുദൈവാരാധനാപരമായ ബലികളുണ്ടായിരുന്നു എന്നതാണ്‌ ആകെക്കൂടി ഉന്നയിക്കപ്പെടുന്ന ‘പ്രശ്നം.’ ചുരുങ്ങിയ പക്ഷം ബൈബ്‌ളെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ മിഷനറിമാർ അപഹാസ്യമായ ഈ വാദം ഉന്നയിക്കുമായിരുന്നില്ല. ഇസ്രാഈല്യർക്കിടയിൽ ബഹുദൈവാരാധന കടന്നുവന്നപ്പോൾ വിഗ്രഹങ്ങൾക്ക്‌ ബലിയർപ്പിക്കുന്നതും‌ വ്യാപകമായതിനെക്കുറിച്ചും ഏലിയാവിനും ഏലീശാക്കും യിരമ്യാവിനുമൊക്കെ അവയ്ക്കെതിരിൽ ശക്തമായി പോരാടേണ്ടി വന്നതും പഴയ നിയമം വിവരിക്കുന്നില്ലേ? ഇസ്രാഈല്യർ ഏറ്റെടുത്ത വിഗ്രഹാരാധക ബലികളെ ചൂണ്ടിക്കാണിച്ച് അവയിലാണ്‌ യഹോവയുടെ പ്രവാചകന്മാർ പ്രബോധനം ചെയ്ത ഏകദൈവാരാധനാപരമായ ബലികളുടെ നിഷ്പത്തി എന്ന് വാദിക്കാൻ മിഷനറിമാർ സന്നദ്ധമാകുമോ?

ആഹാബ്‌ രാജാവും ജസബൽ രാജ്ഞിയും കൂടി ബാൽ പൂജ ഇസ്രാഈല്യർക്കിടയിൽ സാർവത്രികമാക്കിയപ്പോൾ ഏലിയാ ചെയ്തത്‌, പരസ്യമായി ഒരു സ്ഥലത്തുവെച്ച്‌ ബാലിന്‌ മൃഗബലി നടത്തി അത്‌ ബാൽ സ്വീകരിക്കുന്നത്‌ കാണിക്കാൻ രാജാവിനെയും രാജ്ഞിയെയും ശിങ്കിടികളെയും വെല്ലുവിളിക്കുകയും അതേ സ്ഥലത്ത്‌ അതേ സമയം യഹോവക്ക്‌ മൃഗബലി നടത്തി അത്‌ യഹോവ ആകാശത്തേക്ക്‌ ഉയ‌ർത്തുന്നത്‌ താൻ കാണിച്ചുതരാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ടാണെന്നാണ്‌ ബൈബ്‌ൾ പറയുന്നത്‌.12ബഹുദൈവാരാധക ബലികൾ ഭരണകൂട പിന്തുണയോടെ സാർവ്വത്രികമായ ഒരു ഘട്ടത്തിൽ പോലും ബലി എന്ന ഏർപാട്‌‌ സമ്പൂർണ്ണമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച്‌ അത് യഹോവയല്ലാത്തവർക്ക്‌ സമർപ്പിക്കുന്നതിന്റെ ഫലശൂന്യതയെക്കുറിച്ചാണ്‌ ഏലിയാ സംസാരിച്ചത്‌ എന്ന ഈ കാര്യം മക്കയുടെയും മുഹമ്മദ്‌ നബി (സ)യുടെയും ചരിത്രം വിശകലനം ചെയ്യുമ്പോൾ മിഷനറിമാർ മറന്നുപോകുന്നതാണോ? വിഗ്രഹങ്ങൾക്ക്‌ മൃഗബലി മാത്രമല്ല, നരബലി പോലും ചെയ്യുന്ന പതനത്തിലൂടെ കടന്നുപോയിട്ടുണ്ട്‌ ഇസ്രാഈൽ സമൂഹം. സ്വന്തം കുഞ്ഞുങ്ങളെ സാങ്കൽപിക ബാൽ ദേവനുവേണ്ടി ബൻഹിന്നോം താഴ്‌വരയിൽ കൊണ്ടുപോയി കുരുതികൊടുത്ത കാലം ഇസ്‌ഹാക്വിന്റെ സന്തതികൾക്കുണ്ടായിട്ടും13 അവരെ പ്രവാചകന്മാർ പഠിപ്പിച്ച ശരിയായ ബലിരീതികൾ വേർതിരിച്ച്‌ മനസ്സിലാക്കാൻ കഴിയുന്ന മിഷനറിമാർക്ക്‌, ഇസ്‌മാഈലിന്റെ സന്തതികളിൽ പിൽകാലത്ത്‌ സ്ഥാപിക്കപ്പെട്ട വിഗ്രഹാരാധക ബലികളിൽ നിന്ന് അബ്രഹാം അവരെ പഠിപ്പിച്ച സാധുവായ മൃഗബലിയെ വേർതിരിച്ച്‌ മനസ്സിലാക്കാനും കഴിയേണ്ടതാണ്‌; അതിന് അവർക്ക്‌‌ കഴിയാത്തത്‌ വംശീയവും മതപരവുമായ അന്ധതകൾ കൊണ്ടാണെന്ന് അവരല്ലാത്തവർക്കെല്ലാം മനസ്സിലാകുന്നുണ്ട്‌!

ഇനി ബലിയായി അല്ലാഹു ഇബ്‌റാഹീമിനോട്‌ ആവശ്യപ്പെട്ടത്‌ ഇസ്മാഈലിനെയാണോ ഇസ്‌ഹാക്വിനെയാണോ എന്ന വിഷയത്തിലേക്ക്‌ വരാം. ഒന്നാമതായി, ഹജ്ജ്‌ ബലി അബ്രഹാം പുത്രബലിക്ക്‌ സന്നദ്ധനായതിന്റെ അനുസ്മരണമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നുണ്ടെങ്കിൽ മാത്രമേ മിഷനറിമാർ ഈ ചർച്ചയിലേക്ക്‌ ഇസ്‌മാഈൽ-ഇസ്‌ഹാക്വ്‌ സംവാദത്തെ കൊണ്ടുവരുന്നതിന്‌ എന്തെങ്കിലും പ്രസക്തിയുള്ളൂ. ക്വുർആനിലോ പ്രബലമായ ഹദീഥുകളിലോ ഒന്നും ഹജ്ജ്‌‌ ബലിയുടെ പശ്ചാതലം അതാണെന്ന് പറഞ്ഞിട്ടില്ല. എന്നാൽ, മക്കയിലെ അറബികൾക്കിടയിൽ പരമ്പരാഗതമായി അങ്ങനെയൊരു ധാരണ നിലനിന്നിരുന്നു എന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാകില്ല. ഹജ്ജ്‌ ബലി നടന്നിരുന്ന മിനായിൽ വെച്ചാണ്‌ അബ്രഹാം പുത്രനെ ബലി നൽകാനൊരുങ്ങിയത്‌‌ എന്നൊരു പാരമ്പര്യവും അവർക്കിടയിൽ വളരെ പ്രബലമായിത്തന്നെ ഉണ്ടായിരുന്നു. ഇസ്‌ലാമിക ചരിത്രകാരന്മാർ പൊതുവിൽ ഈ ധാരണകളെ അംഗീകരിച്ചുപോന്നിട്ടുമുണ്ട്‌. എന്നാൽ നബി(സ) അതിനെ ശരിവെക്കുകയോ നിരാകരിക്കുകയോ ചെയ്ത രേഖകളൊന്നും ഉപലബ്‌ധമല്ലാത്തതുകൊണ്ട്‌, മുസ്‌ലിംകളെ വിശ്വാസപരമായി ബാധിക്കാത്ത ഒരു വൈജ്ഞാനിക ചർച്ച മാത്രമാണ്‌ ഈ പാരമ്പര്യത്തിന്റെ വസ്തുതാപരത. അറബികളിൽ പലരും വെച്ചുപുലർത്തിയിരുന്ന ആ ധാരണ‌ ശരിയാണെങ്കിൽ, അത്‌ ഹജ്ജ്‌ ബലിയെ സംബന്ധിച്ച ചരിത്രപരമായ ഒരറിവു കൂടി നൽകും എന്ന് മാത്രമേയുള്ളൂ. ഇനി അത്‌ തെറ്റാണെന്ന് വരുകിലോ, ഹജ്ജ്‌ ബലിയുടെ സാധുതയെയോ വിശുദ്ധിയെയോ ഒന്നും അതൊരു നിലക്കും ബാധിക്കാനും പോകുന്നില്ല.

രണ്ടാമതായി, ബലി ഇസ്‌മാഈൽ ആയിരുന്നില്ല, മറിച്ച്‌ ഇസ്‌ഹാക്വ്‌ ആയിരുന്നു എന്ന് സ്ഥാപിക്കപ്പെട്ടാലും ഹജ്ജ്‌ ബലി അബ്രഹാമിക പുത്രബലിയുടെ അനുസ്മരണമാണെന്ന അറബ്‌ പാരമ്പര്യത്തിന്‌ അത്‌ പരിക്കൊന്നും ഏൽപിക്കാൻ പോകുന്നില്ല. അബ്രഹാം പുത്രൻ ഇസ്‌മാഈലിനെയും കൂട്ടി സ്ഥാപിച്ച ആരാധനാലയം കേന്ദ്രീകരിച്ചുള്ള തീർത്ഥാടനകർമങ്ങളിൽ ഇസ്‌മാഈലിന്റെ സഹോദരൻ ബലിയാകാനിരുന്നത്‌ അനുസ്മരിച്ചുകൊണ്ടുള്ള ഒരു കർമ്മം നിശ്ചയിക്കപ്പെടുന്നതിൽ എന്ത്‌ അസാംഗത്യമുണ്ടെന്നാണ്‌ മിഷനറിമാർ കരുതുന്നത്‌? ഇസ്‌ലാമിന്‌ ഇസ്‌ഹാക്വിനോട്‌ എന്തെങ്കിലും വിരോധമോ ഇസ്‌മാഈലിനോട്‌ പക്ഷപാതമോ ഇല്ല. രണ്ടു പേരും പരിശുദ്ധരായ പ്രവാചകന്മാരും പരിശുദ്ധനായ ഒരു മഹാപ്രവാചകന്റെ മക്കളുമാണ്‌. രണ്ടുപേരെയും അംഗീകരിക്കലും അവർക്കിടയിൽ വിവേചനങ്ങൾ കൽപിക്കാതിരിക്കലും മുസ്‌ലിം ആകുന്നതിന്റെ മുന്നുപാധിയാണെന്ന് വിശുദ്ധ ക്വുർആൻ അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്‌.14ഇസ്‌മാഈലിനോട്‌ വംശീയമായ അവമതിപ്പുകൾ വെച്ചുപുലർത്തുന്ന മിഷനറിമാർക്ക്‌, സകല പ്രവാചകന്മാരെയും ഒരുപോലെ ആദരിക്കുന്ന ഇസ്‌ലാമിക വിശ്വമാനവികത മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. അതുകൊണ്ടാണ്‌, ബലി ഇസ്മാഈൽ ആയിരുന്നില്ല, പ്രത്യുത ഇസ്‌ഹാക്വ്‌ ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടാൽ ഹജ്ജ്‌ ബലിയുടെ ഇസ്‌ലാമിക പരിവേഷം തകരുമെന്ന തെറ്റിദ്ധാരണയിൽ അവർ കാലം കഴിക്കുന്നത്‌.

അബ്രഹാമിനോട്‌ അല്ലാഹു ബലിക്കായി നിർദേശിച്ചത്‌ ഇസ്‌മാഈലിനെയാണോ ഇസ്‌ഹാക്വിനെയാണോ എന്ന കാര്യം ക്വുർആനിൽ നേർക്കുനേരെ പരാമർശിക്കപ്പെട്ടിട്ടില്ലെങ്കിലും ക്വുർആൻ വചനങ്ങളുടെ ശൈലിയിൽ നിന്നും ക്രമത്തിൽ നിന്നും അത്‌ ഇസ്‌മാഈൽ ആയിരുന്നുവെന്ന് വ്യക്തമാകുന്നുവെന്നും മിനയിൽ വെച്ച്‌ ഇസ്‌മാഈലിനെയാണ്‌ ഇബ്‌റാഹീം ബലി നൽകാനൊരുങ്ങിയത്‌ എന്ന കാര്യം മക്കയിലെ ഖുറയ്ശികൾക്കിടയിൽ നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്നതാണെന്നും നിരവധി പ്രവാചക ശിഷ്യന്മാർ ഉദ്ദിഷ്ട ബലി (ദബീഹ) ഇസ്‌മാഈൽ ആയിരുന്നുവെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രഗൽഭരായ പല മുസ്‌ലിം പണ്ഡിതന്മാരും ഇസ്‌ലാമിന്റെ ആദിമ കാലം മുതൽക്കുതന്നെ സമർത്ഥിച്ചിട്ടുണ്ട്‌. പക്ഷേ ആദ്യകാലത്തെ ചില മുസ്‌ലിം ചരിത്രകാരന്മാർ, ഇസ്‌ഹാക്വിനെയാണ്‌ ബലിയറുക്കാനൊരുങ്ങിയത്‌ എന്നും ഇസ്‌ഹാക്വിനെയും കൂട്ടി ഇബ്‌റാഹീം അല്ലാഹു നൽകിയ അതിവേഗതയുള്ള ഒരു അത്ഭുത മൃഗത്തിന്റെ പുറത്ത്‌ മിനയിൽ വരികയാണുണ്ടായതെന്നും അഭിപ്രായം പറഞ്ഞതും കാണാം‌. എന്നാൽ, ഇസ്‌ഹാക്വ്‌ ആയിരുന്നു ബലി എന്ന ഈ അഭിപ്രായം അറബ്‌-ഇസ്‌ലാമിക പാരമ്പര്യത്തിനുള്ളിലേക്ക്‌ യഹൂദ-ക്രൈസ്തവ ചരിത്രാഖ്യാനങ്ങളെ പ്രശ്നവൽകരണങ്ങൾ കൂടാതെ ഉദാരമായി അവലംബിച്ച, രീതിശാസ്ത്രപരമായ കൃത്യത കുറഞ്ഞ ചില മുസ്‌ലിം എഴുത്തുകാർ വഴി കടന്നുവന്നതാണെന്നും ആയതിനാൽ തന്നെ അത്‌ അസ്വീകാര്യമാണെന്നും യുഗപ്രഭാവനായ ഇസ്‌ലാമിക പണ്ഡിതൻ ഇബ്നു തയ്മിയ്യ വളരെ വിശദമായി ചൂണ്ടിക്കാണിക്കുന്നുണ്ട്‌.15 ബലി ഇസ്‌ഹാക്വ്‌ ആയിരുന്നുവെന്ന അഭിപ്രായം, ഇബ്നു തയ്മിയ്യ ചൂണ്ടിക്കാണിച്ച കാരണങ്ങളാൽ തന്നെ,‌ ഇസ്‌ലാമിക ലോകത്ത്‌ സ്വാഭാവികമായും തള്ളപ്പെടുകയാണ്‌ ചെയ്യുന്നത്‌. ഇവിടെ ഈ പൊതു മുസ്‌ലിം നിലപാടിനെ തിരുത്താൻ തക്ക രേഖകളെന്തെങ്കിലും മിഷനറിമാരുടെ കൈവശമുണ്ടോ എന്നതാണ്‌ ഇനി പരിശോധിക്കേണ്ടത്‌; അവയുണ്ടെന്ന് വന്നാലും ഇസ്‌ലാമിക ബലിയുടെ സാംഗത്യത്തെ അതൊരിക്കലും ബാധിക്കുകയില്ലെന്ന തിരിച്ചറിവോടുകൂടി.

ഇസ്‌മാഈൽ ആയിരുന്നില്ല, മറിച്ച്‌ ഇസ്‌ഹാക്വ്‌ ആയിരുന്നു നിർദിഷ്ട ബലി എന്ന വാദത്തിന്‌ അവലംബമായി ഒരൊറ്റ ‘പ്രമാണ’മേ മിഷനറിമാരുടെ കയ്യിലുള്ളൂ – അത്‌ ബൈബ്ൾ ആണ്‌.
ദൈവികനിര്‍ദേശപ്രകാരം ഇശ്മയേലിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴല്ല മറിച്ച് ഇസ്ഹാക്വിനെ ബലിയറുക്കാനൊരുങ്ങിയപ്പോഴാണ് ആടിനെ ബലിയായി നല്‍കാനുള്ള കല്‍പന അബ്രഹാമിന് ലഭിച്ചതെന്ന് ബൈബ്ൾ പറയുന്നുവെന്നും അതിനാല്‍ ഇസ്‌മാഈലിനെ മിനയിൽ വെച്ച്‌ ഇബ്‌റാഹീം ബലിയായി നൽകാനൊരുങ്ങി എന്നും എന്നാൽ ഇസ്മാഈലിനെ ബലിയാക്കലായിരുന്നില്ല, മറിച്ച് ദൈവനിര്‍ദ്ദേശങ്ങള്‍ അപ്പടി സ്വീകരിക്കുവാനുള്ള ത്യാഗസന്നദ്ധത ഇബ്റാഹീമില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു ഇവ്വിഷയകമായ ദൈവിക പദ്ധതി എന്നതിനാല്‍ ബലിയറുക്കാനുള്ള സന്നദ്ധത ഇബ്റാഹീം തെളിയിച്ചപ്പോള്‍ മകനെ ബലിയറുക്കേണ്ടതില്ലെന്നു പറഞ്ഞ് പകരം ബലിയറുക്കാനായി ദൈവം ഒരാടിനെ നല്‍കിയെന്നും മിനയിൽ വെച്ച്‌ ഇബ്‌റാഹീം ആ ആടിനെ അറുത്തുവെന്നുമുള്ള അറബ്‌ മുസ്‌ലിം പാരമ്പര്യം വ്യാജമാണെന്നും ആണ്‌ മിഷനറിമാര്‍ വാദിക്കാറുള്ളത്. മുൻ അധ്യായത്തിൽ സൂചിപ്പിച്ചതുപോലെ, ബൈബ്ള്‍ പറയുന്നുവെന്നതുകൊണ്ടുമാത്രം അബ്രഹാം ബലി നല്‍കാനൊരുങ്ങിയത് ഇസ്ഹാക്വിനെയാണെന്ന് സ്ഥാപിക്കപ്പെടുകയില്ല. ആധികാരികമായ ഒരു ചരിത്രസ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ, ബൈബ്ൾ വിവരണങ്ങളുടെ മാത്രം വെളിച്ചത്തില്‍ ഇശ്മയേലിനെ ബലി നല്‍കാനാണ് ദൈവനിര്‍ദേശമുണ്ടായത് എന്ന നിലപാടിനെ നിരാകരിക്കുന്നത് അര്‍ത്ഥശൂന്യമാണ്. അതുകൊണ്ടാണ്‌, ബൈബ്‌ളിനെ അവലംബമാക്കി രൂപംകൊണ്ട യഹൂദ-ക്രൈസ്തവ ധാരണകളെ ചരിത്രരചനയിൽ അന്ധമായി പുണരുന്നതിനെ ചോദ്യം ചെയ്യാനും ചരിത്രം എന്ന പേരിൽ മുസ്‌ലിം ലോകത്തടക്കം പ്രചരിച്ച ഇസ്രാഈലീ കഥാകഥനങ്ങളോട്‌ വിമർശനാത്മകമായ ഒരു സമീപനം വളർത്തിയെടുക്കാനും ഇബ്നു തയ്മിയ്യയെപോലുള്ളവർ ശ്രദ്ധിച്ചത്‌.

അവസാനമായി, ഇസ്‌ഹാക്വിനെയാണ്‌ അബ്രഹാം ബലി നൽകാനൊരുങ്ങിയത്‌ എന്ന്, മിഷനറിമാർ അവകാശപ്പെടുന്നതുപോലെ, ബൈബ്ൾ പറയുന്നുണ്ടോ എന്നുകൂടി പരിശോധിക്കപ്പെടേണ്ടതുണ്ട്‌‌. ഇസ്ഹാക്വിനെ ബലി നല്‍കുവാനാണ് ദൈവം ആവശ്യപ്പെട്ടതെന്ന് ബൈബ്ളിൽ വായിക്കാനാകുന്നുണ്ടെന്ന കാര്യം ശരിയാണ്. എന്നാല്‍ ഈ പരാമര്‍ശമുള്‍ക്കൊള്ളുന്ന ഖണ്ഡിക പൂര്‍ണമായി വായിച്ചാല്‍ ഇസ്ഹാക്വ്‌ എന്ന പദം അതില്‍ പിന്നീടാരോ എഴുതിച്ചേര്‍ത്തതാണെന്ന് പകല്‍പോലെ വ്യക്തമാണ്. ബൈബ്ൾ വചനങ്ങള്‍ നോക്കുക: “പിന്നീടൊരിക്കല്‍ ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. അബ്രഹാം, അവിടുന്ന് വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളി കേട്ടു. നീ സ്നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസ്ഹാക്വിനെയും കൂട്ടിക്കൊണ്ട് മോറിയ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക്ഒരു ദഹനബലിയായി അര്‍പ്പിക്കണം…. ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അബ്രഹാം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവെച്ചിട്ട് ഇസ്ഹാക്വിനെ ബന്ധിച്ച് വിറകിനുമീതെ കിടത്തി. മകനെ ബലി കഴിക്കാന്‍ അബ്രഹാം കത്തി കയ്യിലെടുത്തു. തല്‍ക്ഷണം കര്‍ത്താവിന്‍റെ ദൂതന്‍ ആകാശത്തുനിന്ന് ‘അബ്രഹാം അബ്രഹാം’ എന്നു വിളിച്ചു. ‘ഇതാ ഞാന്‍’, അവന്‍ വിളികേട്ടു. ‘കുട്ടിയുടെ മേല്‍ കൈവെക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല’…… കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് വീണ്ടും അബ്രഹാമിനെ വിളിച്ചുപറഞ്ഞു: ‘കര്‍ത്താവ് അരുളി ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്ക കൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും.”16

അടിവരയിട്ട ഭാഗങ്ങള്‍ ശ്രദ്ധിക്കുക. ദൈവം ആവശ്യപ്പെട്ടതും അബ്രഹാമിന്റെ ആത്മാര്‍പ്പണത്തെ പ്രശംസിച്ചതുമെല്ലാം ബൈബ്ൾ പ്രകാരം അബ്രഹാമിന്റെ ‘ഏകപുത്രനെ’ പരാമര്‍ശിച്ചുകൊണ്ടാണ്. അബ്രഹാമിന് ആദ്യമുണ്ടായ പുത്രന്‍ ഇസ്മാഈല്‍ ആണെന്ന് ഏത് ബൈബ്ള്‍ വായനക്കാരനാണ് അറിയാത്തത്? ഇസ്ഹാക്വ്‌ ജനിക്കുന്നതിനുമുമ്പാണ് ഈ സംഭവങ്ങളെല്ലാമുണ്ടായതെന്ന് ‘ഏകപുത്രന്‍’ എന്ന പ്രയോഗത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഇസ്മാഈലിനെയാണ് ഇബ്റാഹീം ബലിയറുക്കാനായി കൊണ്ടുപോയതെന്ന് ബൈബ്ളെഴുത്തുകാര്‍ക്കുപോലും ബോധ്യമുണ്ടായിരുന്നുവെന്നര്‍ത്ഥം. ഇസ്ഹാക്വിനെയും ഇസ്ഹാക്വ്‌ ജീവിച്ച പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെയും ഈ സംഭവവിവരണത്തിലേക്ക് പിന്നീടാരോ ചേര്‍ത്തുവെച്ചതാണെന്ന് മനസ്സിലാക്കാനേ നിഷ്പക്ഷരായ ബൈബ്ൾ പഠിതാക്കള്‍ക്ക് കഴിയൂ. ഇതിന് പ്രേരകമായി വര്‍ത്തിച്ചത് യഹൂദ വംശീയതയാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. തങ്ങളുടെ വംശപിതാവായ യഅ്ക്വൂബിന്റെ പിതാവിനില്ലാത്ത മഹത്വം അറബികളുടെ പിതാവായ ഇസ്മാഈലിനുണ്ടായിക്കൂടെന്ന യഹൂദ ശാഠ്യത്തില്‍നിന്നുണ്ടായ ഒരു കൈക്രിയയെയാണ് മിഷനറിമാര്‍ ‘ചരിത്ര’മായി അവതരിപ്പിക്കുന്നത് എന്ന കാര്യം എന്തുമാത്രം സഹതാപാര്‍ഹമല്ല! യഥാർത്ഥത്തിൽ, യഹൂദരുടെ കൈവശമുണ്ടായിരുന്ന തൗറാതിലും ഇസ്‌മാഈൽ ആണ്‌ ബലിക്കൊരുക്കപ്പെട്ടത്‌ എന്നു തന്നെയാണുണ്ടായിരുന്നതെന്നും ഇസ്‌ഹാക്വ്‌ എന്ന പേര്‌ അതിലേക്ക്‌ പിൽകാലത്ത്‌ യഹൂദറബ്ബിമാർ കൃത്രിമമായി കൂട്ടിച്ചേർത്തതാണെന്നും ബലി ഇസ്‌ഹാക്വ്‌ ആണ്‌ എന്ന് ഇസ്രാഈല്യർ നൽകുന്ന വിവരണമനുസരിച്ച്‌ പറയുന്ന മുസ്‌ലിം ചരിത്രകാരന്മാർ ഇസ്രാഈല്യരുടെ പോലും ഗ്രന്ഥത്തെയല്ല, മറിച്ച്‌ അതിൽ അവർ നടത്തിയ അഴിമതിയെയാണ് (തഹ്‌രീഫ്‌)‌ കണ്ണുമടച്ച്‌ വിശ്വസിക്കുന്നതെന്നും ഇബ്നു തയ്മിയ്യ ഇവ്വിഷയകമായ ചർച്ചകളിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്‌.17

ഹാജർ ഇസ്രാഈലി അല്ലാത്ത ഒരു നീഗ്രോ അടിമസ്ത്രീയായിരുന്നതിനാൽ അവരിലുണ്ടായ പുത്രന്‍ അബ്രഹാമിന്റെ പുത്രപദവിക്കർഹനല്ലെന്നും അതുകൊണ്ടാണ്‌ ഇസ്‌ഹാക്വ്‌ ‘ഏകപുത്രൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടതെന്നും‌ ചില മിഷനറിമാര്‍ വാദിച്ചുനോക്കാറുണ്ട്. മനുഷ്യത്വമുള്ളവർക്കെല്ലാം ഓക്കാനം വരുന്ന പച്ചയായ ഇസ്രാഈലീ വംശീയതയാണ്‌ ഇവ്വിഷയകമായ ഇസ്‌ലാം വിമർശനങ്ങളുടെ സാക്ഷാൽ അടിയൊഴുക്കെന്ന് മറയില്ലാതെ കാണിച്ചുതരിക മാത്രമാണ്‌ വാസ്തവത്തിൽ ഈ വാദഖണ്ഡം ചെയ്യുന്നത്‌. മാനവവിരുദ്ധമെന്നതിനു പുറമെ, ബൈബ്ൾവിരുദ്ധം കൂടിയാണ് ഈ നിലപാട്. അടിമസ്ത്രീയായിരുന്ന ഹാജറിനെ ഭാര്യയായാണ് അബ്രഹാം സ്വീകരിച്ചതെന്ന് ബൈബ്ൾ വ്യക്തമാക്കുന്നുണ്ട്. “കാനാന്‍ ദേശത്ത് പത്തു വര്‍ഷം താമസിച്ചുകഴഞ്ഞപ്പോള്‍ അവന്റെ ഭാര്യ സാറ ദാസിയായ ഈജിപ്തുകാരി ഹാഗറിനെ തന്റെ ഭര്‍ത്താവിന് ഭാര്യയായി നല്‍കി.”18 ഇസ്മാഈലിനെ, വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പുത്രനായിത്തന്നെയാണ് അബ്രഹാം പരിഗണിച്ചതെന്നാണ് ബൈബ്ളിന്റെ പക്ഷം. സാറയുടെ അടിമസ്ത്രീയായിരുന്ന ഹാഗാറിനെ അബ്രഹാമിനും സാറക്കുമൊന്നും ഇഷ്ടമുണ്ടായിരുന്നില്ലെന്നും സാറയെയാണ് തന്റെ പ്രിയതമയായി അബ്രഹാം പരിഗണിച്ചിരുന്നതെന്നും വംശീയത തലക്കുപിടിച്ച ചില മിഷനറിമാര്‍ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കാറുണ്ട്. അവരുടെ സങ്കുചിതത്വത്തെ വാദത്തിനുവേണ്ടി അംഗീകരിച്ചുകൊടുത്താല്‍തന്നെ ബൈബ്ള്‍ പ്രകാരം ഇസ്മാഈല്‍ മാത്രമേ അബ്രഹാമിന്റെ ആദ്യ ജാതനാകൂ എന്നുള്ളതാണ് വാസ്തവം. ആവര്‍ത്തനപുസ്തകം പറയുന്നത് കാണുക: “ഒരാള്‍ക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കുകയും അവന്‍ ഒരുവളെ സ്നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവന് സന്താനങ്ങളുണ്ടാവുകയും ആദ്യജാതന്‍ ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍ അവന്‍ തന്റെ വസ്തുവകകള്‍ പുത്രന്‍മാര്‍ക്ക് ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്. അവന്‍ തന്റെ സകല സമ്പത്തുക്കളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനുകൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്റെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യ ജാതന്റെ അവകാശം അവനുള്ളതാണ്.”19 ചുരുക്കത്തില്‍, ഇസ്മാഈലിനെയല്ല മറിച്ച് ഇസ്ഹാക്വിനെയാണ് ബലി നല്‍കാന്‍ ദൈവം നിര്‍ദേശിച്ചത് എന്ന് ബൈബ്ൾ പറയുന്നു എന്ന, മിഷനറിമാരുടെ ഹജ്ജ്‌ ബലി സംബന്ധിച്ച എല്ലാ വാദങ്ങളും കെട്ടി ഉയർത്തപ്പെട്ടിരിക്കുന്ന അടിത്തറ പോലും ഒരു മിത്താണ്‌. പ്രസ്തുത അടിത്തറ ഭദ്രമാണെങ്കിൽ പോലും അതിന്മേൽ പടുക്കപ്പെട്ടിരിക്കുന്ന മറ്റു വാദങ്ങളെല്ലാം അർത്ഥശൂന്യമാണെന്ന് നാം ചൂണ്ടിക്കാണിച്ചു. അടിത്തറ കൂടി അബദ്ധമാണെന്ന് വ്യക്തമാകുമ്പോൾ അനാവൃതമാകുന്നത്‌ തീരെ ദുർബലമായ ഒരു ചീട്ടുകൊട്ടാരമാണ്‌‌ ഈ വിഷയത്തിൽ നബി(സ)ക്കെതിരിൽ കെട്ടി ഉയർത്തപ്പെട്ടിരിക്കുന്നത്‌ എന്നത്രെ.

കുറിപ്പുകൾ

  1. 1. 22: ഹജ്ജ്‌: 37.
  2. 2. ഉല്‍പത്തി 4: 4.
  3. 3. വിശദാംശങ്ങൾക്ക്‌, പ്രധാനമായും, തോറയിലെ പുറപ്പാട്‌, സംഖ്യ, ലേവ്യ എന്നീ പുസ്തകങ്ങൾ നോക്കുക.
  4. 4. See ‘worship’ in Paul J. Achtemeier (ed.), Harper’s Bible Dictionary (Bangalore: Theological Publications in India, 1994), pp. 1143-7.
  5. 5. ബുഖാരി, സ്വഹീഹ്‌ (കിതാബുൽ മനാക്വിബ്‌ – ബാബു ക്വിസ്സ്വതി ഖുസാഅ).
  6. 6. 5: മാഇദ: 103.
  7. 7. ക്വുർആൻ 5: മാഇദ: 3; മുസ്‌ലിം, സ്വഹീഹ്‌ (കിതാബുൽ ഉദ്വാഹാ – ബാബുൽ ഫർഇ വൽ അതീറ).
  8. 8. ക്വുർആൻ 5: മാഇദ: 3.
  9. 9. ബുഖാരി, സ്വഹീഹ്‌ (കിതാബു മനാക്വിബിൽ അൻസ്വാർ – ബാബു ഹദീഥു സയ്ദി ബ്നി അംരി ബ്നി നുഫയ്‌ൽ).
  10. 10. Ibid.
  11. 11. 22: ഹജ്ജ്‌: 36
  12. 12. 1 രാജാക്കൻമാർ 18.
  13. 13. യിരമ്യാവ് 7: 29-34,‌ 19: 4-6.
  14. 14. 3: ആലു ഇംറാൻ: 84.
  15. 15. ഉദാഹരണത്തിന്‌ കാണുക: അഹ്‌മദ്‌‌ ഇബ്നു തെയ്മിയ്യ, മജ്‌മൂഉ ഫതാവാ ശെയ്ഖുൽ ഇസ്‌ലാം അഹ്‌മദ്‌ ഇബ്നി തെയ്മിയ്യ (രിയാദ്‌/മദീന: വസാറതുശ്ശുഊനിൽ ഇസ്‌ലാമിയ്യതി വൽ ഔക്വാഫി വദ്ദഅ്വതി വൽ ഇർശാദ്‌, 1425/2004), വോള്യം 4, പുറങ്ങൾ 331-6.
  16. 16. ഉല്‍പത്തി 22 : 117.
  17. 17. ഇബ്നു തെയ്മിയ്യ, op.cit.
  18. 18. ഉല്‍പത്തി 16 : 3
  19. 19. ആവര്‍ത്തനം 21 : 15-7.

Tags :


mm

Musthafa Thanveer