Logo

 

മദ്യം മനുഷ്യനോട്‌ ചെയ്യുന്നത്‌

27 June 2019 | Study

By

“ദുഃഖവും ദുരിതവും കലഹവും ആവലാതിയും ആര്‍ക്കാണ്?
ആര്‍ക്കാണ് അകാരണമായ മുറിവുകള്‍?
ആരുടെ കണ്ണാണ് ചുവന്നുകലങ്ങിയത്?
വീഞ്ഞുകുടിച്ച് സമയം പോക്കുന്നവര്‍ക്കും വീഞ്ഞുകലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കും തന്നെ.
ചഷകങ്ങളില്‍ വീഞ്ഞ് ചെമന്നുതിളങ്ങി കവിഞ്ഞൊഴുകുന്നത് നോക്കിനില്‍ക്കരുത്.
അവസാനം അത് പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും.
അപ്പോള്‍ നീ വിചിത്ര കാഴ്ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും.
നീ നടുക്കടലില്‍ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആയിത്തീരും.”(1)

ബൈബിള്‍ പഴയ നിയമത്തിലെ സുഭാഷിതങ്ങളില്‍ ‘ജ്ഞാനിയുടെ ആപ്തവാക്യങ്ങളില്‍’ ഉള്‍പ്പെടുത്തി രേഖപ്പെടുത്തിയിട്ടുള്ള മേല്‍വാചകങ്ങള്‍, ലഹരിപാനീയങ്ങള്‍ മനുഷ്യനെ നശിപ്പിക്കുന്ന രീതികളെ മനോഹരമായി ആവിഷ്‌ക്കരിക്കുന്നുണ്ട്. കുടിച്ചുനശിക്കുന്നവരില്‍ ലോകത്തുതന്നെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് മലയാളി എന്നത് ഇന്ന് ഒരു സാമാന്യ പൊതുവിജ്ഞാനം മാത്രമാണ്. ഇന്‍ഡ്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ മദ്യ ഉപഭോഗം നടക്കുന്ന സംസ്ഥാനമെന്ന ‘ഖ്യാതി’ കേരളത്തിനാണ്. (ഒരു വര്‍ഷത്തില്‍ 8.3 ലിറ്റര്‍ ആല്‍ക്കഹോള്‍ പലതരം മദ്യങ്ങളിലൂടെയായി ഓരോ മലയാളിയുടെയും വയറ്റിലെത്തുന്നു എന്നാണ് കണക്ക്; കുടിക്കാത്തവരെ ഒഴിവാക്കി കണക്ക് കൃത്യമാക്കിയാല്‍ കുടിയന്‍മാര്‍ അകത്താക്കുന്ന ആല്‍ക്കഹോള്‍ അളവ് ഇതിലുമെത്രയോ കൂടുതലാണെന്ന് കാണാനാകും).(2) പഞ്ചാബും ഹരിയാനയും സജീവമായ മദ്യവിപണിയുള്ള സംസ്ഥാനങ്ങളാണെങ്കിലും കേരളത്തിന്റെ പിന്നില്‍ മാത്രമാണ് അവയുടെ സ്ഥാനം എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മലയാളിയുടെ മദ്യപാനം ഇന്‍ഡ്യന്‍ ശരാശരിയുടെ നാലിരട്ടിയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.(3) ശരാശരി പതിനായിരം കോടി രൂപയുടെ മദ്യവില്‍പ്പനയാണ് പ്രതിവര്‍ഷം കേരളത്തില്‍ നടക്കുന്നത്. കേരളത്തിന്റെ മദ്യഭ്രാന്ത് തളരുകയല്ല, തഴക്കുകയാണ് വര്‍ഷംതോറും. 1986ല്‍ മലയാളി കുടി തുടങ്ങുന്ന പ്രായം 19 ആയിരുന്നെങ്കില്‍ 1990ല്‍ അത് 17ഉം 1995ല്‍ 14ഉം ആയി. 2008 ആയപ്പോഴേക്കും 12-13 വയസ്സില്‍ തന്നെ മദ്യം ഉപയോഗിക്കാനാരംഭിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ധാരാളമുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍.(4) സാക്ഷരതയുടെയും പ്രബുദ്ധതയുടെയും പേരില്‍ അഭിമാനിക്കുന്ന നവോത്ഥാനാനന്തര കേരളീയ തലമുറ സ്വയം നശിക്കുക മാത്രമല്ല, നാശത്തിലേക്ക് അടുത്ത തലമുറയെ കൈപിടിച്ചുകൊണ്ടുപോവുക കൂടിയാണ് ചെയ്യുന്നത് എന്നര്‍ത്ഥം. കുടി, മലയാളി അസ്തിത്വത്തിന്റെ അടിസ്ഥാന സാംസ്‌കാരിക സവിശേഷതയായി പുറംനാടുകളില്‍ വിലയിരുത്തപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ ഇതിനകം വഷളായിക്കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.

ഇന്‍ഡ്യയെ മദ്യവിമുക്തമാക്കാനുള്ള പദ്ധതികള്‍ ഭരണകൂടം തയ്യാറാക്കണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ (Directive Principles) ഭരണഘടനാ ശില്‍പികള്‍ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. മാര്‍ഗനിര്‍ദേശക തത്ത്വങ്ങളിലെ നാല്‍പ്പത്തിയേഴാം ആര്‍ട്ടിക്ക്ള്‍ ആണ് ലഹരിപാനീയങ്ങളുടെ ഉപയോഗത്തിന് നിരോധനം കൊണ്ടുവരാന്‍ വേണ്ടി രാഷ്ട്രം പരിശ്രമിക്കണമെന്ന് നിര്‍ദേശിക്കുന്നത്. സമ്പൂര്‍ണ ജനാധിപത്യം നിലവില്‍ വന്നതിനുശേഷവും നമുക്ക് ഇത്‌ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നത് തീര്‍ത്തും അപമാനകരമാണ്. നാട്ടുകാര്‍ക്കുവേണ്ടിയുള്ള നാട്ടുകാരുടെ ഭരണത്തിനുകീഴില്‍ നാട്ടുകാരുടെ ജീവിതം നശിപ്പിക്കുന്ന ലഹരിപാനീയങ്ങള്‍ മദ്യമുതലാളിമാരുടെ മാത്രം കീശ വീര്‍പ്പിച്ച് സമൃദ്ധമായി ഒഴുകുന്നതിന്റെ പേരാണോ ജനാധിപത്യം? മദ്യവ്യവസായം വഴി സർക്കാറിനുണ്ടാകുന്ന വരുമാനം അതിന്റെ പ്രത്യാഘാതങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരവും മദ്യരാഹിത്യത്തിന്റെ നന്മകള്‍ വഴി നേടിയെടുക്കാവുന്നതും മാത്രമാണ്. 2008ല്‍ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസ് പാര്‍ലിമെന്റിനെ അറിയിച്ചത്, മദ്യവരുമാനത്തിലൂടെ സര്‍ക്കാറിനുണ്ടായ വരുമാനം 21,600 കോടി രൂപയും നഷ്ടം 24,400 കോടി രൂപയുമാണെന്നാണ്.(5) മദ്യപാനം വരുത്തിവെക്കുന്ന ആരോഗ്യ, ജീവനഷ്ടങ്ങളും ഉല്‍പാദനക്ഷമതയിലെ കുറവും പരിഹരിക്കാന്‍ മദ്യവില്‍പനയില്‍ നിന്നുള്ള വരുമാനം സര്‍ക്കാറിന് മതിയാകാതെ വരുന്നുവെന്നര്‍ത്ഥം. പിന്നെയുമെന്തിനാണ്, മദ്യനിരോധന നടപടികള്‍ക്ക് ഭരണകൂടത്തെ പ്രേരിപ്പിക്കുന്ന ഭരണഘടനയുള്ള ഒരു രാഷ്ട്രം ആറര കോടി പൗരന്‍മാരെ (2004ലെ ഔദ്യോഗിക കണക്ക്)(6) കുടിച്ചുനശിക്കാന്‍ വിടുന്നത്? നാട്ടുകാരുടെ നന്മയെക്കാള്‍ വ്യാപാര കുത്തകകളുടെ പ്രലോഭനങ്ങള്‍ ഗവണ്‍മെന്റുകളുടെ ദിശാസൂചിയാകുമ്പോള്‍ സംഭവിക്കുന്ന ദുരന്തമാണിത്.

1970നും 1995നും ഇടയില്‍ 106.7% വര്‍ദ്ധനവ് ഇന്‍ഡ്യയില്‍ കുടിയന്‍മാരുടെ എണ്ണത്തിലുണ്ടായിയെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ മദ്യ ഉല്‍പാദനത്തിന്റെ 65 ശതമാനവും ഇന്‍ഡ്യയിലാണ് നടക്കുന്നതെന്നും വീര്യം കൂടിയ മദ്യമാണ് ഇന്‍ഡ്യന്‍ വിപണിയില്‍ ചെലവാകുന്ന മദ്യത്തിന്റെ എണ്‍പത് ശതമാനവുമെന്നും രണ്ടുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് മൂന്നൂറ് ഇന്‍ഡ്യക്കാരില്‍ ഒരാള്‍ മദ്യപിക്കുന്നു എന്നായിരുന്നു കണക്കെങ്കില്‍ ഇപ്പോള്‍ അത് ഇരുപത് പേരില്‍ ഒരാള്‍ എന്ന അപകടകരമായ തോതിലായിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നതിനെ(7) എത്രകാലം നമുക്കവഗണിക്കാന്‍ കഴിയും? സര്‍ക്കാറിന്റെ ഇച്ഛാശക്തിയും ജനങ്ങളുടെ സഹകരണവുമുണ്ടെങ്കില്‍ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും മദ്യവര്‍ജനം പ്രായോഗികമാണെന്ന് ലക്ഷദ്വീപിന്റെ ഉദാഹരണം തെളിയിക്കുന്നുണ്ട്. മദ്യ ഉല്‍പാദനത്തിനും ഉപഭോഗത്തിനും വില്‍പനക്കും സമ്പൂര്‍ണമായ നിയമവിലക്ക് ലക്ഷദ്വീപുകളില്‍ നിലനില്‍ക്കുന്നു; അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നു.

ഏതെങ്കിലുമൊരു ഹൈഡ്രോകാര്‍ബണിലെ (കാര്‍ബണ്‍, ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന തന്മാത്രകള്‍) കാര്‍ബണ്‍ ആറ്റത്തോട് ഹൈഡ്രോക്‌സില്‍ ഗ്രൂപ്പുകള്‍ (ഓക്‌സിജന്‍, ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന തന്മാത്രകള്‍) ഘടിപ്പിക്കപ്പെടുമ്പോഴുണ്ടാകുന്ന രാസഘടനയെയാണ് ശാസ്ത്രലോകം സാങ്കേതികമായി ‘ആല്‍ക്കഹോള്‍’ എന്ന് വിളിക്കുന്നത്. കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്‌സിജന്‍ ആറ്റങ്ങളുടെ എണ്ണം വ്യത്യാസപ്പെടുന്നതിനനുസരിച്ച് ആല്‍ക്കഹോള്‍ തന്മാത്രകളുടെ സ്വഭാവ സവിശേഷതകള്‍ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. CH3-CH2-OH എന്ന തന്മാത്രാ ഘടനയോടുകൂടിയ ആല്‍ക്കഹോള്‍ ആണ് രസതന്ത്രത്തിന്റെ ഭാഷയില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എത്തനോള്‍ (Ethyl Alcohol/Ethanol) എന്നറിയപ്പെടുന്നത്. മനുഷ്യനെ മത്തുപിടിപ്പിക്കുവാന്‍ കഴിയുമെന്നതാണ് എത്തനോളിന്റെ രാസസവിശേഷത. മദ്യവുമായി ബന്ധപ്പെടുത്തി പൊതുവ്യവഹാരങ്ങളില്‍ ആല്‍ക്കഹോള്‍ എന്ന് പ്രയോഗിക്കപ്പെടുന്നത് എത്തനോളിനെ ഉദ്ദേശിച്ചാണ്. പുളിപ്പിക്കല്‍ പ്രക്രിയ (Fermentation) വഴി വ്യത്യസ്ത ഭക്ഷ്യപദാര്‍ത്ഥങ്ങളില്‍ നിന്ന് എത്തനോള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്ന് മനുഷ്യന്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു. മദ്യം (Liquor), എത്തനോള്‍ അടങ്ങിയ ദ്രാവകമാണ്. ഭക്ഷ്യയോഗ്യമായ ഏതെങ്കിലും പാനീയത്തെ പുളിപ്പിച്ച് അതില്‍ എത്തനോളിന്റെ സാന്നിധ്യമുണ്ടാക്കുകയാണ് മദ്യഉല്‍പാദനത്തില്‍ സംഭവിക്കുന്നത്. മൂന്നു മുതല്‍ നാല്‍പത് ശതമാനം വരെയാണ് സാധാരണഗതിയില്‍ മദ്യദ്രാവകത്തില്‍ എത്തനോളിന്റെ അളവുണ്ടാവുക. എത്തനോള്‍ കൂടുന്നതിനനുസരിച്ച് മദ്യത്തിന്റെ വീര്യം വര്‍ദ്ധിക്കുന്നു. പ്രപഞ്ചനാഥന്‍ മനുഷ്യരുടെ മനസ്സും ശരീരവും പുഷ്ടിപ്പെടാനുപയുക്തമായ രീതിയില്‍ ഭൂമിയില്‍ സംവിധാനിച്ചിട്ടുള്ള വിവിധ പഴങ്ങളും ധാന്യങ്ങളും എത്തനോള്‍ സാന്നിധ്യമുള്ളതാക്കാന്‍ വേണ്ടി പുളിപ്പിക്കുകയും ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും അതുപയോഗിച്ച് നശിപ്പിക്കുകയും ചെയ്യുക എന്ന വിഡ്ഢിത്തമാണ് മദ്യപാനികളില്‍നിന്നുണ്ടാകുന്നതെന്ന് ചുരുക്കം.

മുന്തിരിച്ചാറ് പുളിപ്പിച്ചുണ്ടാക്കുന്ന വീഞ്ഞാണ് (Wine) മദ്യത്തിന്റെ പ്രധാനപ്പെട്ട ഒരിനം. പ്ലം, ചെറി, ആപ്പിള്‍ തുടങ്ങിയ പഴങ്ങളുടെ ചാറും വീഞ്ഞുനിര്‍മ്മാണത്തിനുപയോഗിക്കാറുണ്ട്. ബാര്‍ലി പോലുള്ള ധാന്യങ്ങള്‍ പുളിപ്പിച്ചുണ്ടാക്കുന്ന മദ്യം ‘ബിയര്‍’ (Beer/യവമദ്യം) എന്നറിയപ്പെടുന്നു. വീഞ്ഞും ബിയറുമെല്ലാം വാറ്റി, അതിലെ പഴ/ധാന്യ സത്ത് പരമാവധി കളഞ്ഞ് എത്തനോള്‍ അളവ് പാരമ്യത്തിലെത്തിച്ചാണ് ‘സ്പിരിറ്റ്’ നിര്‍മ്മിക്കുന്നത്. 20 ശതമാനം മുതല്‍ തൊണ്ണൂറ്റിയെട്ട് ശതമാനം വരെ എത്തനോള്‍ സാന്ദ്രതയുള്ള സ്പിരിറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. റം, ബ്രാന്‍ഡി, വിസ്‌കി, സ്‌കോച്ച്, വോഡ്ക, ഷാംപെയ്ന്‍ തുടങ്ങിയവയെല്ലാം വ്യത്യസ്ത രീതികളില്‍ നിര്‍മ്മിക്കപ്പെടുന്ന സ്പിരിറ്റുകളാണ്. കേരളത്തിലേതുപോലെ തെങ്ങ്, പന തുടങ്ങിയ ഒറ്റത്തടി മരങ്ങളുടെ മണ്ട ചെത്തിയാല്‍ കിട്ടുന്ന വെളുത്ത മധുര പാനീയം പുളിപ്പിച്ച് ‘ചാരായം’ നിര്‍മ്മിക്കുന്ന പതിവും പല നാടുകളിലുമുണ്ട്. ശുദ്ധമായ എത്തനോളിന്റെ ചവര്‍പ്പിനെ പലതരം നിറങ്ങളിലൂടെയും ഗന്ധങ്ങളിലൂടെയും രുചികളിലൂടെയും മൂടിവെച്ചുകൊണ്ടാണ് ഈ മദ്യങ്ങളെല്ലാം വിപണി കീഴടക്കുന്നത്. എന്തൊക്കെ വ്യത്യാസങ്ങള്‍ പുറമേക്ക് പ്രകടിപ്പിച്ചാലും ഇവയെല്ലാം ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്- എത്തനോള്‍ ശരീരത്തിലെത്തിച്ച് കുടിക്കുന്നയാളെ നശിപ്പിക്കുക! ഏതു പാനീയത്തില്‍ കലര്‍ത്തിയാണ് എത്തനോള്‍ ശരീരത്തിലെത്തുന്നത് എന്നത് ഇവിടെ നിര്‍ണായകമല്ല. പാനീയം ഒരു ‘കാരിയര്‍’ മാത്രമാണ്, അതിലെ എത്തനോളാണ് അതിനെ മദ്യമാക്കുന്നത്. എത്തനോള്‍അ ടങ്ങിയിട്ടുണ്ടെങ്കില്‍ ഏതു പാനീയവും, അതില്‍ എത്ര പഴച്ചാറുണ്ടെങ്കിലും, മദ്യവും അതിനാല്‍ തന്നെ അപകടകരവുമാണെന്നര്‍ത്ഥം.

എത്തനോള്‍ മനുഷ്യശരീരത്തില്‍ ചെയ്യുന്നതെന്താണെന്ന് മനസ്സിലാക്കിയാല്‍ തന്നെ മദ്യത്തെ ന്യായീകരിക്കുന്നവര്‍ മാനവരാശിയുടെ കഠനശത്രുക്കളാണെന്ന് മനസ്സിലാകും. പുതിയ ലോകക്രമത്തില്‍ രോഗം, അംഗവൈകല്യം, മരണം എന്നിവക്ക് ഏറ്റവുമധികം കാരണമാകുന്ന അഞ്ചുഘടകങ്ങളില്‍ ഒന്ന് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന ഈ വര്‍ഷം പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പ്രസ്താവിക്കുന്നുണ്ട്. മുപ്പത്തിമൂന്ന് ലക്ഷം മനുഷ്യര്‍ ഓരോ വര്‍ഷവും മദ്യപാനം മൂലം മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മനുഷ്യശരീരത്തെ നിഗ്രഹിക്കുന്ന കൊടുംവിഷമാണ് മദ്യമെന്നുതന്നെയാണ് ഇതിനര്‍ത്ഥം. മദ്യം ഉപയോഗിക്കുന്ന വ്യക്തി ഇഞ്ചിഞ്ചായി മരിക്കുകയാണ് ചെയ്യുന്നത്. അയാളുടെ ശരീരഭാഗങ്ങള്‍ ഒന്നൊന്നായി മദ്യം കവര്‍ന്നെടുക്കുന്നു. മദ്യപാനം കാരണമായുണ്ടാകുന്ന ഇരുനൂറോളം രോഗങ്ങളുടെ വിവരണങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.(8) കരളിനെ ബാധിക്കുന്ന സിറോസിസ് (Liver Cirrhosis) ഇതില്‍ ഏറ്റവും മാരകമായ ഒന്നാണ്.(9) മദ്യപാനം സിറോസിസ് രോഗമില്ലാത്തവര്‍ക്ക് അതുണ്ടാക്കുകയും സിറോസിസ് ഉള്ളവരെ രോഗം തീവ്രതരമാക്കി മരണത്തിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. കരളിലെ കലകള്‍ വടുക്കള്‍ കെട്ടിയും മുഴകള്‍ വന്നും നശിച്ചുപോകുന്ന അവസ്ഥയാണ് സിറോസിസ്. കരളിന്റെ പ്രവര്‍ത്തനം നിലച്ചുപോവുകയും വയര്‍ വീര്‍ത്തുവരികയുമാണ് ഇതിന്റെ അനന്തരഫലം. സിറോസിസ് ചികിത്സിച്ചു ഭേദമാക്കുക ദുഃസാധ്യമാണെന്നു പറയാം. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ മുച്ചൂടും നശിപ്പിച്ച് കുടിക്കുന്നയാളെ കൊന്നുകളയുന്ന മദ്യം സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കലാണ് രാജ്യക്കൂറെന്ന് വിവേകമുള്ള ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

സിറോസിസ് മാത്രമല്ല എത്തനോളിന്റെ ശരീരശാസ്ത്രപരമായ ‘സംഭാവന.’ കരള്‍ തകര്‍ക്കുന്നതുപോലെത്തന്നെ, ആഗ്നേയഗ്രന്ഥി(pancreas)യെയും മദ്യം തകര്‍ക്കുന്നു. ആഗ്നേയഗ്രന്ഥിവീക്കം (Pancreatitis) ആണ് ഇതിന്റെ പരിണിതി. മദ്യം മാരകമായ ഒരു കാര്‍സിനോജന്‍ (കാന്‍സറിന് കാരണമാകുന്ന വസ്തു) കൂടിയാണെന്ന് പലര്‍ക്കും അറിയില്ല. വായ, അന്നനാള ഭാഗങ്ങള്‍, ശബ്ദനാളം, ആമാശയം, കുടല്‍, കരള്‍, മലാശയം തുടങ്ങിയയിടങ്ങളിലെല്ലാം കാന്‍സറിന് കാരണമാകുന്ന ഭീകരനാണ് മദ്യം.(10) ഏതെല്ലാം ശരീരഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നുണ്ടോ, അവിടെയെല്ലാം മദ്യം കാന്‍സറിന്റെ ബീജങ്ങള്‍ വിതക്കുന്നുവെന്ന് സാരം. സ്ത്രീകളില്‍ സ്തനാര്‍ബുദമുണ്ടാക്കാനും മദ്യത്തിന് കഴിയും. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ മദ്യപാന പ്രവണത വളരെ കുറവായിരുന്നുവെങ്കിലും സമീപകാലത്ത് ഇതില്‍ വലിയ വ്യത്യാസം വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വികസനവും പാശ്ചാത്യവല്‍ക്കരണവും ത്വരിതപ്പെടുകയും സ്ത്രീപുരുഷ സമ്പര്‍ക്കങ്ങളും സ്ത്രീകളുടെ തൊഴില്‍പ്രവേശനവും വര്‍ധിക്കുകയും ചെയ്യുന്നതിനനുസരിച്ച് ഓരോ നാട്ടിലും മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്. 2012ല്‍ ലോകത്താകെ നടന്ന പെണ്‍മരണങ്ങളില്‍ നാല് ശതമാനം മദ്യപാനം മൂലമായിരുന്നു.(11) സ്തനാര്‍ബുദത്തിനെതിരിലുള്ള പോരാട്ടത്തിന് മദ്യത്തെക്കൂടി ലക്ഷ്യമാക്കേണ്ടിവരും പുതിയ കാലത്ത് എന്നാണിത് സൂചിപ്പിക്കുന്നത്.

സ്തനാര്‍ബുദം മാത്രമല്ല, മദ്യം സ്ത്രീക്ക് നല്‍കുന്ന സവിശേഷ ശാരീരിക ദുരന്തം. ഗര്‍ഭകാലത്തെ മദ്യപാനം അമ്മയെ മാത്രമല്ല, കുഞ്ഞിനെയും ഭീകരമായി ബാധിക്കുന്നുവെന്ന കാര്യം റിപ്പോര്‍ട്ട് എടുത്തുപറയുന്നുണ്ട്. Fetal Alcohol Syndrome എന്ന് വൈദ്യശാസ്ത്രം പൊതുവായി വിളിക്കുന്ന ഈ അവസ്ഥയില്‍ മദ്യം ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തിന് കേടുപാടുകള്‍ വരുത്തുകയാണ് ചെയ്യുന്നത്.(12) കുഞ്ഞ് മാനസികവും ശാരീരികവുമായ വൈകല്യങ്ങളോടെ ജനിക്കാന്‍ ഇത് കാരണമാക്കുന്നു. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യവസ്ഥയെ മദ്യം ആക്രമിക്കുന്നതുമൂലം പഠനവൈകല്യങ്ങളും ബുദ്ധിമാന്ദ്യവും വന്നുഭവിക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. വികലവും അപൂര്‍ണവുമായ ശാരീരിക വളര്‍ച്ച, കാതിന്റെയും മൂക്കിന്റെയും രൂപവൈകല്യങ്ങള്‍, കണ്‍പോള/പുരിക വൈചിത്ര്യങ്ങള്‍, മെലിഞ്ഞ മേല്‍ചുണ്ട് തുടങ്ങിയവയാണ് ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രത്തിന്റെ ഇരയാകുന്ന നവജാതശിശുക്കളുടെ പ്രധാന രോഗലക്ഷണങ്ങള്‍.(13)

മൂര്‍ത്തമായ രോഗാവസ്ഥയിലേക്ക് ശരീരത്തെ കൊണ്ടുപോവുക മാത്രമല്ല മദ്യം ചെയ്യുന്നത്, പ്രത്യുത തല്‍സമയ ദൗര്‍ബല്യങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുക കൂടിയാണ്. ലഹരിപാനീയങ്ങള്‍ രക്തത്തില്‍ കലരുന്നതോടുകൂടി അനാരോഗ്യകരമായ ശാരീരിക പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടാനാരംഭിക്കുന്നു. രക്തസമ്മര്‍ദം വര്‍ദ്ധിക്കുകയും ഹൃദയ അറകളുടെ സന്തുലനം നഷ്ടപ്പെടുകയും ചെയ്യുക എന്നതാണ് എത്തനോള്‍ രക്തത്തിലെത്തുന്നതിന്റെ സ്വാഭാവിക ഫലം. മദ്യത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് മസ്തിഷ്‌കത്തിലെ രക്തധമനികള്‍ പൊട്ടുന്നതിലേക്കും അതുവഴിയുള്ള മരണത്തിലേക്കും കുടിയന്‍മാരെ നയിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതുകൊണ്ടാണ്.(14) മദ്യം ശരീരത്തിലെത്തുന്നതോടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയും. അത് തുടര്‍ജീവിതത്തില്‍ നിരന്തരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. റ്റ്യൂബർ കുലോസിസും ന്യൂമോണിയയും മുതല്‍ എയ്ഡ്‌സ് വരെയുള്ള രോഗങ്ങള്‍, പ്രതിരോധശേഷി കുറവായതുകൊണ്ടുതന്നെ, മദ്യപാനിയുടെ ശരീരത്തെ കീഴടക്കാനെളുപ്പമാണെന്ന് വസ്തുനിഷ്ഠ പഠനങ്ങളുടെ വെളിച്ചത്തില്‍ ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുന്നുണ്ട്.(15)

നോക്കൂ; ശരീരത്തിന് ഉന്മേഷം പകരുന്ന പഴങ്ങളും ധാന്യങ്ങളും പുളിപ്പിച്ച് കേടുവരുത്തി അവയുപയോഗിച്ച് ഉന്മത്തനാകാന്‍ ശ്രമിക്കുന്ന മനുഷ്യന്‍, രക്തസമ്മര്‍ദം വര്‍ദ്ധിപ്പിക്കുകയും രക്തധനമനികളെയും ഹൃദയത്തെയും തലച്ചോറിനെയും തകര്‍ക്കുകയും രോഗപ്രതിരോധശേഷി നശിപ്പിച്ച് മാരകമായ രോഗങ്ങള്‍ക്ക് കീഴടങ്ങുകയും കരളിനെയും ആഗ്നേയഗ്രന്ഥിയെയും ഗര്‍ഭസ്ഥശിശുവിനെയും വരെ കുരുതികൊടുക്കുകയും പലതരം കാന്‍സറുകളുടെ കടന്നാക്രമണത്തിന് ശരീരത്തെ വിട്ടുകൊടുക്കുകയും പല രീതിയില്‍ തന്റെ ശരീരത്തിന്റെ പെട്ടെന്നുള്ള മരണത്തിന് അരങ്ങൊരുക്കുകയുമാണ് ഏതാനും സമയത്തെ ‘ഉന്മത്തതയ്ക്ക്’ വേണ്ടി ചെയ്യുന്നത്! ആത്മഹത്യാപരമാണ് മദ്യം പകരുന്ന മദത്തിന്റെ ശാരീരിക മറുവിലയെന്ന് ചുരുക്കം. വിദ്യാസമ്പന്നതയുടെ പേരില്‍ അഭിമാനിക്കുന്ന കേരളീയന് തന്റെ ജീവശാസ്ത്രപരവും ആരോഗ്യശാസ്ത്രപരവുമായ അറിവുകളൊന്നും ജീവിതത്തില്‍ ഉപകാരപ്പെട്ടുകൂടെന്ന വാശിയുണ്ടോ?

ശരീരത്തെ മാത്രമല്ല മദ്യം തകര്‍ക്കുകയും തളര്‍ത്തുകയും ചെയ്യുന്നത്, പ്രത്യുത മനസ്സിനെയും അതുവഴി ആത്മാവിനെയും കൂടിയാണ്. ‘ബോധം’ മരവിക്കുന്നതുവഴിയുണ്ടാകുന്ന ‘മറവി’യാണല്ലോ, മദ്യപാനത്തിന്റെ യഥാര്‍ത്ഥത്തിലുള്ള ലക്ഷ്യം തന്നെ. ‘ലഹരി’യെന്നു പറയുമ്പോള്‍ താനാരാണെന്നും എവിടെയാണെന്നും എന്തിനാണെന്നും എങ്ങനെയെല്ലാമാകാമെന്നുമുള്ള ഓര്‍മകള്‍ നഷ്ടപ്പെട്ട് തോന്നിയതുപോലെ പെരുമാറാനുള്ള സ്വാതന്ത്ര്യം തലച്ചോര്‍ രസതന്ത്രപരമായി നല്‍കുന്നുവെന്നാണ് അര്‍ഥമാക്കപ്പെടുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല, മറപ്പിക്കുകയാണ് മദ്യം ചെയ്യുന്നത് എന്ന് സാരം. പ്രസ്തുത ‘മറവി’യുടെ ആഘോഷത്തില്‍ ചെയ്തുപോകുന്ന കാര്യങ്ങള്‍, പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രപഞ്ചനാഥന്‍ മനുഷ്യന് നല്‍കിയിട്ടുള്ള ഏറ്റവും വലിയ സര്‍ഗസിദ്ധിയാണ് ബുദ്ധി. ബുദ്ധിയെ ജ്വലിപ്പിച്ചുനിര്‍ത്തുന്നവര്‍ക്കാണ് ഏതുരംഗത്തും വിജയമുണ്ടാകുന്നത്. മദ്യം ചെയ്യുന്നത് ബുദ്ധിയെ കൊന്നുകിടത്തുകയാണ്. ബുദ്ധിമാന്ദ്യമുള്ള ഒരാള്‍ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും അയാള്‍ക്കും ചുറ്റുപാടുള്ളവര്‍ക്കും വിനാശകരമായിരിക്കും എന്ന് മനസ്സിലാക്കാന്‍ വലിയ ധൈഷണിക വ്യായാമങ്ങളൊന്നും ആവശ്യമില്ല. പണം കൊടുത്ത് ഏതാനും നേരത്തേക്ക് തലച്ചോറിനെ കൊന്നുകളയുന്നവര്‍ പരാജയത്തിന്റെ സുനിശ്ചിത പാതയാണ് തിരഞ്ഞെടുക്കുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളും വര്‍ദ്ധിക്കുമ്പോള്‍ മേധാശക്തി മൂര്‍ച്ച വരുത്തുകയും സജീവമാക്കുകയും കൃത്യമായി ഉപയോഗിക്കുകയുമാണ് വേണ്ടതെന്ന ലളിതസത്യം പോലും മറന്ന് മദ്യമേശകളില്‍ പ്രജ്ഞയറ്റുകിടക്കുന്ന പമ്പരവിഡ്ഢിയെയാണ് യഥാര്‍ത്ഥത്തില്‍ നാം കുടിയന്‍ എന്ന് വിളിക്കുന്നത്. ഒരു വ്യക്തിയുടെ വിജയവും അയാളുടെ കുടുംബത്തിന്റെ സംതൃപ്തിയും സമൂഹത്തിന്റെ സ്വാസ്ഥ്യവും രാഷ്ട്രത്തിന്റെ പുരോഗതിയും അയാളുടെ സല്‍ബുദ്ധിക്ക് ആനുപാതികമാണെന്ന വസ്തുതയില്‍നിന്ന് തന്നെ, കൂടി എത്ര കൊടിയ ആത്മാഹുതിയും കുടുംബവിരുദ്ധതയും സാമൂഹ്യദ്രോഹവും രാഷ്ട്രവിരോധവുമാണെന്ന് വ്യക്തമാകുന്നുണ്ട്. ബോധത്തെ സജീവമാക്കുന്ന ആഹാരപാനീയങ്ങളാണ്, അല്ലാതെ നിശ്ചലമാക്കുന്ന ലഹരിദ്രാവകങ്ങളല്ല പൗരന്‍മാരുടെ നന്മയാഗ്രഹിക്കുന്ന ഭരണകൂടങ്ങള്‍ വിപണിയില്‍ ലഭ്യമാക്കേണ്ടത് എന്ന നിലപാടില്‍ മാനവികവിരുദ്ധമായി എന്തുണ്ടെന്നാണ് മദ്യവാദികള്‍ പറയുന്നത്?

ബോധം നശിപ്പിക്കാന്‍ വേണ്ടി തലച്ചോറിനെ തളയ്‌ക്കുകയാണ് മദ്യം ചെയ്യുന്നത്. രസതന്ത്രപരമായി എത്തനോള്‍ ഒരു ഡിപ്രസന്റ് (Depressent/തലച്ചോറിനെയും ശരീരത്തെയും മന്ദീഭവിപ്പിക്കുന്ന വസ്തു) ആണ്. നാഡീവ്യവസ്ഥക്ക് മദ്യമേല്‍പ്പിക്കുന്ന മാന്ദ്യം പരിധിവിട്ട് ചിലപ്പോള്‍ അപസ്മാരം വരെയായി മാറാറുണ്ട്. നാഡീവ്യൂഹത്തിനേല്‍ക്കുന്ന പരുക്കുകള്‍ മിക്കപ്പോഴും ഉല്‍കണ്ഠാ രോഗത്തിനും വിഷാദത്തിനും കാരണമാകുന്നു.(16) മറവിയും ബുദ്ധിമാന്ദ്യവും സ്ഥല-കാല വിഭ്രമവും വിഷാദവും ഉല്‍കണ്ഠാ രോഗവും അപസ്മാരവുമെല്ലാമാണ് ‘സമാധാനത്തിന്റെ’ ലക്ഷണങ്ങളെങ്കില്‍, ഭ്രാന്തിനുള്ള മരുന്ന് കുത്തിവെച്ച് ‘നിത്യശാന്തി’ നേടുകയായിരിക്കും കുടിയന്‍മാര്‍ക്ക് കൂടുതല്‍ കരണീയം! തലച്ചോറിനുമേലുള്ള എത്തനോളിന്റെ പ്രവര്‍ത്തനം തലച്ചോറിനെ എന്നെന്നേക്കുമായി കേടുവരുത്തുന്ന അനുഭവങ്ങള്‍പോലും വിരളമല്ലെന്നാണ്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓര്‍മപ്രശ്‌നങ്ങളാണ് മദ്യപാനം മൂലം തലച്ചോറിന്റെ ജീവന്‍ പൂര്‍ണമായി നഷ്ടപ്പെട്ടുതുടങ്ങുന്നതിന്റെ പ്രധാന സൂചനയെന്നാണ് വിദഗ്ധാഭിപ്രായം.(17)

മസ്തിഷ്‌കത്തിലെ സെറിബ്രല്‍ കോര്‍ട്ടക്‌സിലാണ് മസ്തിഷ്‌കം ഏറ്റവും വലിയ ആഘാതങ്ങള്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്റെ ഓര്‍മ്മ, ശ്രദ്ധ, അവബോധം തുടങ്ങിയ ഗുണങ്ങള്‍ സെറിബ്രല്‍ കോര്‍ട്ടക്‌സിന്റെ സംഭാവനയാണ്. ഇവ നഷ്ടപ്പെട്ട ഒരാള്‍ മറ്റുള്ളവര്‍ക്ക് എന്തുമാത്രം അപകടകാരിയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രവര്‍ത്തനങ്ങളുടെ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിച്ച് അവയില്‍ നിന്ന് മനുഷ്യനെ തടയുന്ന/വിലക്കുന്ന (Inhibitory Function of the Brain) എല്ലാ മസ്തിഷ്‌കഭാഗങ്ങളെയും മദ്യം ഉറക്കിക്കിടത്തും.(18) വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാന്‍ കഴിവില്ലാതെ തോന്നിയതുമുഴുവന്‍ ചെയ്തുകൂട്ടും മദ്യപന്‍ എന്നര്‍ത്ഥം. അത്തരമാളുകളെ നാട്ടില്‍ സ്വൈരവിഹാരം നടത്താന്‍ അനുവദിച്ചാല്‍ സംഭവിക്കാവുന്ന സാമൂഹിക ദുരന്തങ്ങളൊക്കെയും ഇപ്പോള്‍ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. കാര്യങ്ങളെ അപഗ്രഥിക്കുവാനും മനസ്സിലാക്കുവാനുമുള്ള കഴിവ്, കാഴ്ചയെയും തലച്ചോറിനെയും ഏകോപിപ്പിക്കുവാനുള്ള കഴിവ്, താന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രം ശരിയായി നിര്‍ണയിക്കാനുള്ള കഴിവ്, മനസ്സ് വിചാരിക്കുന്നേടത്ത് ശരീരചലനങ്ങള്‍ തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള കഴിവ്- ഇവയെല്ലാം മദ്യപാനിക്ക് ഏറെ നേരത്തേക്ക് നഷ്ടമാകുന്നു. അക്രമസ്വഭാവം, എടുത്തുചാട്ടം, അപകടകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള ഭയമില്ലായ്മ തുടങ്ങിയവ ഇതിന്റെ അനന്തരഫലങ്ങളാണ്.

ഒരുതരം കാല്‍പനിക ലോകത്തിലെത്തിപ്പെടുന്ന മദ്യപാനി വിപുലമായ ലൈംഗിക മോഹങ്ങളെ മനസ്സില്‍ താലോലിക്കുന്നു. ആസക്തിയുടെ മൂര്‍ധന്യത്തില്‍ മുന്നില്‍ വന്നുപെടുന്ന ആരെയും എങ്ങനെയും കീഴ്‌പ്പെടുത്താനും ഭോഗിക്കുവാനുമുള്ള ത്വര അയാളിലുണ്ടാകുന്നു. എന്നാല്‍ എന്തൊക്കെ ചെയ്താലും, മദ്യം ശരീരത്തെ അപ്പാടെ ദുര്‍ബലമാക്കുന്നതുകൊണ്ടുതന്നെ, വന്യമായ ഈ ലൈംഗിക മോഹങ്ങളെ ഒരിക്കലും സംതൃപ്തമായി സഫലീകരിക്കുവാന്‍ അയാള്‍ക്ക് കഴിയില്ല. ഇത് സൃഷ്ടിക്കുന്ന നിരാശ കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങളിലേക്ക് അയാളെ നയിക്കുന്നു. ചിലപ്പോള്‍ പങ്കാളിയെ ഇരയായി കാണുകയും പ്രതികാര മനോഭാവത്തോടെ ക്രൂരമായി പെരുമാറുകയും ചെയ്യുന്നു. ഇത്രമാത്രം സ്‌ഫോടനാത്മകമാണ് മദ്യപാനിയുടെ മനസ്സ്. മദ്യപാന്‍മാര്‍ വാഹനമോടിക്കുന്നതുമൂലം റോഡപകടങ്ങളും സമൂഹത്തിലെ മറ്റംഗങ്ങളുമായി ഇടപഴകുന്നതുകാരണം കുറ്റകൃത്യങ്ങളും കുത്തനെ വര്‍ധിക്കുന്നതിന്റെ കാരണം ഇതെല്ലാമാണ്. തലച്ചോറാണ് മനുഷ്യശരീരത്തെ നിയന്ത്രിക്കുന്നത്. നിയന്ത്രണം വിടുകയും അക്രമാസക്തമായിത്തീരുകയും ചെയ്ത മസ്തിഷ്‌കമുള്ള ഒരാള്‍, അയാള്‍ സ്വയം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, അപകടകരമായി പെരുമാറും. അയാളുടെ തലച്ചോര്‍ മദ്യത്തിന്റെ തടവിലായിരിക്കുന്നിടത്തോളം കാലം അയാള്‍ക്ക് അങ്ങനെയേ ചുറ്റുപാടുകളോട് പ്രതികരിക്കാന്‍ കഴിയൂ. മദ്യപാനികള്‍ക്ക് പൊതുസമ്പര്‍ക്കത്തിനുള്ള സ്വാതന്ത്ര്യമനുവദിക്കുന്നത്, അതുകൊണ്ടുതന്നെ, രാജ്യത്തെ മുഴുവന്‍ പൗരന്‍മാരോടുമുള്ള തുല്യതയില്ലാത്ത അക്രമമാണ്.

കേരളത്തിലെ ഇരുപത്തിയഞ്ച് ശതമാനം ആശുപത്രി കേസുകളും അറുപത്തിയൊന്‍പത് ശതമാനം കുറ്റകൃത്യങ്ങളും മദ്യത്തിന്റെ സംഭാവനയാണെന്ന വസ്തുത(19) തന്നെ, മദ്യം സൃഷ്ടിക്കുന്ന ‘വകതിരിവില്ലായ്മ’ നമ്മുടെ നാട്ടില്‍ എത്ര വലിയ സാമൂഹിക ദുരിതമാണെന്ന് വിളിച്ചോതുന്നുണ്ട്. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എഴുപതു ശതമാനത്തോളം ഒരു പാനീയത്തിന്റെ ലഭ്യതയവസാനിപ്പിച്ചാല്‍ കുറക്കാന്‍ കഴിയുമെങ്കില്‍ അത്തരമൊരു നടപടിക്ക് ഇനിയുമെന്തിനാണ് അമാന്തിക്കുന്നത്? അമേരിക്കയിലെ കുറ്റകൃത്യ സ്ഥിതിവിവരക്കണക്കുകളുടെ ആധികാരിക സ്രോതസ്സായ ‘ബ്യൂറോ ഓഫ് ജസ്റ്റിസ് സ്റ്റാറ്റിസ്റ്റിക്‌സ്’ 1996ല്‍ പുറത്തുവിട്ട വിവരമനുസരിച്ച് അമേരിക്കയിലെ കുറ്റവാളികളില്‍ മൂന്നിലൊന്നുപേരും ആ വര്‍ഷം കുറ്റകൃത്യത്തിന്റെ സമയത്ത് മദ്യലഹരിയിലായിരുന്നു. ഓരോ വര്‍ഷവും മുപ്പത് ലക്ഷം കൊടുംക്രൂരതകള്‍ക്ക് മദ്യപാനികള്‍ മറ്റുള്ളവരെ ഇരകളാക്കുന്നുവെന്ന് അവരുടെ റിപ്പോര്‍ട്ട് തുടരുന്നു.(20) നമ്മുടെ നാട്ടില്‍ തന്നെ നടക്കുന്ന ദാരുണമായ റോഡപകടങ്ങളില്‍ ഏറ്റവും വലിയ വില്ലന്‍ മദ്യമാണെന്ന് ആര്‍ക്കാണിപ്പോള്‍ അറിഞ്ഞുകൂടാത്തത്? പ്രശസ്ത ക്രിമിനോളജിസ്റ്റായ റോബര്‍ട്ട് വി. സെലിഗര്‍ അഭിപ്രായപ്പെട്ടതുപോലെ, ‘ഇന്നത്തെ ഏറ്റവും മോശം കൊലപാതക കുറ്റവാളി മദ്യപിച്ച് വാഹനമോടിക്കുന്നയാളാണ്.'(21) കേരളീയ കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും മദ്യപാനികളുടെ കൈക്കനുഭവിക്കുന്ന മര്‍ദനങ്ങളും മലയാളിയുടെ കാതുപിളര്‍ത്ത് നിത്യവും പുറത്തുവരുന്ന ഭീകരമായ കവര്‍ച്ചാ-കൊലപാതക-ബലാത്സംഗ കുറ്റകൃത്യങ്ങള്‍ സാധ്യമാക്കുന്നതില്‍ മദ്യത്തിന്റെ സജീവ പങ്കാളിത്തവും മാത്രം പോരേ, യഥാര്‍ത്ഥത്തില്‍ മദ്യം ആവേശിച്ച തലച്ചോറുകളെ സമൂഹത്തില്‍ വെച്ചുപൊറുപ്പിക്കാന്‍ കൊള്ളില്ലെന്ന് മനസ്സിലാക്കാന്‍? ഇതിനെല്ലാം പുറമെയാണ് കള്ളുകുടിയന്‍മാരുടെ കുടുംബങ്ങളില്‍ സംഭവിക്കുന്ന സാമ്പത്തിക ആത്മാഹുതി. സ്വന്തത്തിനും മറ്റുള്ളവര്‍ക്കും തീര്‍ത്തും വിനാശകരമായ കള്ള് സ്വന്തമാക്കാന്‍ നിത്യവും വന്‍തുക ചെലവിട്ട് തകര്‍ന്നുപോകുന്ന കുടുംബങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ പോലും മതിയാകില്ല മദ്യവാദികള്‍ പറയുന്ന റവന്യൂ വരുമാനത്തിന്റെ കണക്കുകള്‍.

ലഹരിപാനീയങ്ങള്‍ നുണയുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇരകളാണെന്നും അവര്‍ ചുറ്റുപാടുമുള്ളവരെക്കൂടി ഇരവല്‍ക്കരിക്കുന്നുവെന്നുമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. മദ്യാസക്തിക്കെതിരായ ‘യുദ്ധം’ ഭരണകൂടങ്ങളുടെയെല്ലാം അടിയന്തിര ബാധ്യതയായിത്തീര്‍ന്നിട്ടുള്ള ഒരുകാലത്താണ് നാം ജീവിക്കുന്നതെന്ന് ബാറുടമകള്‍ക്കുവേണ്ടി തൊണ്ട കീറുന്നവരെല്ലാം മനസ്സിലാക്കേണ്ടതുണ്ട്. ലോകാരോഗ്യ സംഘടന തന്നെ ഇപ്പോള്‍ ഇക്കാര്യം സര്‍ക്കാറുകളോട് നിര്‍ദ്ദേശിച്ചുകൊണ്ടിരിക്കുകയാണ്. കുടിക്കുന്ന വ്യക്തി നശിച്ചുപോകുന്നു എന്ന കാര്യത്തോളം അയാളുടെ ഇണ, മക്കള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സഹപ്രവര്‍ത്തകര്‍, അയാളുമായി ഇടപഴകുന്ന അപരിചിതര്‍, അയാളുടെ വാഹനത്തിന് സമീപത്തുകൂടി കടന്നുപോകുന്നവര്‍ തുടങ്ങിയവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ട് സമഗ്രമായ നടപടികള്‍ക്ക് ഏറ്റവും വേഗത്തില്‍ ലോകരാജ്യങ്ങള്‍ മുതിരണമെന്നാണ് WHO മദ്യത്തിനെതിരെ പ്രഖ്യാപിച്ച ‘ഗ്ലോബല്‍ സ്ട്രാറ്റജി’യില്‍ പറയുന്നത്.(22)

മദ്യാസക്തിക്കെതിരായ പോരാട്ടം സര്‍ക്കാരിനുമാത്രം പൂര്‍ണമാക്കാന്‍ കഴിയുന്ന ഒന്നല്ല. നിയമനിര്‍മാണവും ദൃഢനിശ്ചയത്തോടെയുള്ള നടപടിക്രമങ്ങളും വഴി മദ്യത്തിന്റെ ലഭ്യത കുറക്കുവാന്‍ കഴിയുമെങ്കിലും മദ്യാസക്തരായ മനുഷ്യരെ ലഹരിയുടെ അടിമത്തത്തില്‍ നിന്ന് മാനസികമായി മോചിപ്പിക്കുവാന്‍ ബോധവല്‍ക്കരണ പ്രക്രിയകളിലൂടെ മാത്രമേ കഴിയൂ. നമ്മുടെ നാട്ടില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന മദ്യവിരുദ്ധ പ്രചരണപ്രവര്‍ത്തനങ്ങള്‍ പലതും പരാജയപ്പെട്ടുപോകാനുള്ള അടിസ്ഥാനപരമായ കാരണം മദ്യാസക്തി ഒരു ജീവിതവീക്ഷണത്തില്‍ നിന്നാണ് രൂപംകൊള്ളുന്നത് എന്ന് ബോധവല്‍ക്കരണങ്ങളുമായി രംഗത്തിറങ്ങുന്നവര്‍ മനസ്സിലാക്കാത്തതാണ്. ലഹരിയും അതിനോടനുബന്ധിച്ച മറവിയും നല്‍കുന്ന നൈമിഷിക ആനന്ദം മനുഷ്യന് പ്രിയപ്പെട്ടതായിത്തതീരുന്നത് ഭൗതികവാദത്തിന്റെ ജീവിതദര്‍ശനം അവന്റെ തലച്ചോറിനെ സ്വാധീനിക്കുമ്പോഴാണ്. യാദൃഛികമായി രൂപംകൊണ്ട ഒരു ശരീരമാണ് തന്റേതെന്നും മരണത്തോടുകൂടി മണ്ണില്‍ ലയിച്ച് ശൂന്യമായിത്തീരുകയാണ് താന്‍ ചെയ്യുന്നതെന്നും മനസ്സിലാക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ജീവിതം തീര്‍ത്തും അര്‍ത്ഥശൂന്യമാണ്. പരമാവധി ആനന്ദിക്കുക മാത്രമാണ് അയാളെ സംബന്ധിച്ചിടത്തോളം ജീവിത്തിന്റെ ദൗത്യം. ‘തിന്നുക, കുടിക്കുക, രസിക്കുക, രമിക്കുക’ എന്ന ഭൗതികവാദ മുദ്രാവാക്യത്തെത്തന്നെയാണ് ‘അടിച്ചുപൊളിക്കേണ്ടേ’ എന്നു ചോദിക്കുമ്പോള്‍ പുതുതലമുറ ഏറ്റുചൊല്ലുന്നത്. ‘അടിച്ചുപൊളി’ പരമാവധി സംഭവിക്കലാണ് ജീവിതത്തിന്റെ ദൗത്യമെന്ന് വരുമ്പോള്‍ ജീവസന്ധാരണത്തിനാവശ്യമായ പരിശ്രമങ്ങള്‍ നടത്തിയ ശേഷം ബാക്കിസമയം മദ്യലഹരിയിലേക്ക് കൂപ്പുകുത്തുന്നത് കേവല യുക്തിയായിത്തീരുന്നു. ‘ഈ നിമിഷത്തെക്കുറിച്ച് മാത്രം ആലോചിക്കുക; നാളെയെക്കുറിച്ച് വ്യാകുലപ്പെടരുത്’ എന്ന ഓഷോ രജനീഷിന്റെ സിദ്ധാന്തത്തിന്റെ ദാര്‍ശനിക ഭൂമിക ഇതാണ്. ലഹരി താല്‍ക്കാലികമായ ആനന്ദം നല്‍കുമെങ്കില്‍, അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെന്തായിരുന്നാലും അവയെക്കുറിച്ചാലോചിക്കാതെ ലഹരിയില്‍ മുഴുകി ജീവിതനിമിഷങ്ങള്‍ പരമാവധി ‘ആസ്വദിക്കുക’ എന്ന ഓഷോയുടെ തത്ത്വശാസ്ത്രമാണ് മദ്യപാനികളെയെല്ലാം ഏറിയതോ കുറഞ്ഞതോ ആയ അളവില്‍ സ്വാധീനിക്കുന്നത്.

മുന്‍പിന്‍ നോക്കാതെയുള്ള ആസ്വാദനമാണ് ജീവിതത്തിന്റെ അര്‍ത്ഥമെന്ന് സിദ്ധാന്തിച്ച ആധുനിക ഭൗതികചിന്തകരെല്ലാം മുഴുകുടിയന്‍മാരായി മാറിയത് യാദൃഛികമല്ല. ഇമ്മാനുവല്‍ കാന്റ്, ഹെയ്ഡിഗര്‍, ഡേവിഡ് ഹ്യൂം, ഫ്രെഡറിക് ഹെഗല്‍, കാള്‍ മാര്‍ക്‌സ് തുടങ്ങി ആരും ഇതിന് അപവാദമല്ല.(23) ഭൗതികവാദത്തിന്റെ ജീവിതസങ്കല്‍പ്പത്തെ ആദര്‍ശവല്‍ക്കരിച്ച നവോത്ഥാനാനന്തര പടിഞ്ഞാറന്‍ സാഹിത്യത്തിന്റെയും ബുദ്ധിജീവിതങ്ങളുടെയുമെല്ലാം അവസ്ഥ ഇതുതന്നെയായിരുന്നു. ഒ. ഹെൻറിയും ഏണസ്റ്റ് ഹെമിംഗ്‌വേയും ടെന്നിസീ വില്യംസും അടക്കമുള്ള പ്രഖ്യാതരായ അമേരിക്കന്‍ സാഹിത്യകാരന്‍മാരുടെയെല്ലാം കുടി വിശ്വപ്രസിദ്ധമാണ്. ആധുനിക ഇന്‍ഡ്യന്‍ ഭാഷാസാഹിത്യങ്ങള്‍ പിറവികൊണ്ടത് ഇംഗ്ലീഷ് എഴുത്തുകളെ അനുകരിച്ചുകൊണ്ടായിരുന്നു എന്നതിനാല്‍തന്നെ നമ്മുടെ സാഹിത്യകാരന്‍മാരില്‍ മിക്കവരും ‘വിദേശമദ്യ’ത്തിന്റെ അടിമകളായി ‘ആധുനിക സ്വത്വം’ സംരക്ഷിക്കുന്നു. ഇവിടെ, ഈ പറയപ്പെട്ട പ്രതിഭകളെല്ലാം തന്നെ മദ്യപാനമില്ലാത്തവരായിരുന്നുവെങ്കില്‍ ലോകത്തിനു കൂടുതല്‍ സംഭാവനകള്‍ നല്‍കുമായിരുന്നു എന്നതാണ് അനിഷേധ്യമായ ഒരു സത്യം. ഇവരുടെയെല്ലാം ഉല്‍പാദനക്ഷമതയെ തകര്‍ക്കുകയും തളര്‍ത്തുകയും ഊറ്റിയെടുക്കുകയുമാണ് കള്ള് ചെയ്തത്. അതില്‍നിന്ന് പാഠം പഠിക്കുന്നതിനുപകരം, ഇവരുടെ ജീവിതങ്ങളെ ആദര്‍ശവല്‍ക്കരിക്കുവാനും റോള്‍മോഡലുകളായി അവതരിപ്പിക്കാനും അവരുടെ തെറ്റുകളെ ന്യായീകരിക്കാന്‍ ‘ആനന്ദസിദ്ധാന്ത’ത്തിന് മൂര്‍ച്ച കൂട്ടാനുമാണ് നമ്മുടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നിര്‍ഭാഗ്യവശാല്‍ ശ്രമിക്കുന്നത്.

പുതുതലമുറയെ അപ്പാടെ സുഖജീവിതമാണ് ജന്മലക്ഷ്യമെന്ന് പഠിപ്പിച്ച് ലഹരിക്കടിമകളാക്കി മാറ്റുന്ന സിദ്ധാന്തജീവികളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കാനുള്ള പ്രബുദ്ധതയാണ് മലയാളി മാതാപിതാക്കള്‍ ഇനി വളര്‍ത്തിയെടുക്കേണ്ടത്. മലയാളത്തിന്റെ മഹാനടനായി വിശേഷിക്കപ്പെടുന്ന മോഹന്‍ലാല്‍, ഓഷോയെ ഉദ്ധരിച്ചുകൊണ്ട്, ആനന്ദം നല്‍കുന്നു എന്ന ഒരൊറ്റക്കാരണത്താല്‍ തന്നെ ലഹരി ന്യായീകരണക്ഷമമാണ് എന്ന് തന്റെ ഒരുവിധമെല്ലാ ഇന്റര്‍വ്യൂകളിലും മലയാളിയെ പറഞ്ഞുപറ്റിക്കുന്നവരില്‍ പ്രമുഖനാണ്. താന്‍ മദ്യപിക്കാറുണ്ടെന്ന് പരസ്യമായി അഭിമാനത്തോടെ പറയുന്ന താരം പ്രേക്ഷകന്റെ മനസ്സില്‍ താരത്തോടുമാത്രമല്ല, കുടി എന്ന ശീലത്തോടും ആരാധന വളര്‍ത്തുകയാണ് ചെയ്യുന്നത്. ഒരു പ്രമുഖ തെന്നിന്‍ഡ്യന്‍ വിസ്‌കി കമ്പനി ഗറില്ലാ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി തയ്യാറാക്കിയ വീഡിയോ പരസ്യത്തിലും നിരത്തുകളിലെ പടുകൂറ്റന്‍ ബോര്‍ഡുകളിലും ‘വൈകിട്ടെന്താ പരിപാടി’ എന്നു ചോദിച്ചുകൊണ്ട് ലാല്‍ പ്രത്യക്ഷപ്പെട്ടത് കമ്പനിയുടെ മദ്യവില്‍പ്പനയെ അത്ഭുതകരമായ ഉയരങ്ങളിലെത്തിച്ചുവെന്നതുതന്നെ, താരപരിവേഷമുള്ളവരുടെ വര്‍ത്തമാനങ്ങള്‍ മലയാളിയെ എന്തുമാത്രം സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. ആനന്ദം മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് കരുതുന്നതുകൊണ്ടുതന്നെയാകാം, എത്രപേര്‍ കുടിച്ചുതുലഞ്ഞാലും പണം കിട്ടുന്ന ഏതുപരസ്യത്തിലും അഭിനയിക്കാമെന്ന് ലാല്‍ തീരുമാനിക്കുന്നത്. മോഹന്‍ലാല്‍ പ്രതീകവല്‍ക്കരിക്കുന്ന ജീവിതവീക്ഷണത്തെ ദാക്ഷിണ്യപൂര്‍വം വെറുതെ വിട്ടുകൊണ്ട് മദ്യാസക്തിക്കെതിരെ എത്ര കഠിനകഠോരമായ സമരം നടത്തിയിട്ടും കാര്യമില്ല എന്നതാണ് സത്യം.

സമകാലിക കേരളത്തിന്റെ ഏറ്റവും വലിയ ദുരന്തം ഈ ജീവിതവീക്ഷണത്തിന്റെ വ്യാപനമാണ്. സ്വന്തം ശരീരത്തിന്റെ നൈമിഷികമായ ആനന്ദമാണ് ശരിതെറ്റുകളെ തീരുമാനിക്കാനുള്ള മാനദണ്ഡമെങ്കില്‍ പിന്നെ തെറ്റെന്നുപറയാന്‍ യാതൊന്നുമുണ്ടാവുകയില്ല. കൊള്ളയും കൊലയും വ്യഭിചാരവും ബലാത്സംഗവുമെല്ലാം അത്തരമൊരു മാനസികാവസ്ഥയില്‍ സ്വീകാര്യമായി മാറും. ”എന്തുവന്നാലുമെനിക്കാസ്വദിച്ചീടണം/മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം/എന്നുമിതിന്റെ ലഹരിയിലാനന്ദ/തുന്ദിലമെന്‍മനം മൂളിപ്പറക്കണം” എന്ന കവിവാക്യം ആസ്വാദനത്തെ ജീവിതലക്ഷ്യമാക്കുകയും മദ്യത്തെ ജീവിതത്തിന്റെ രൂപകമാക്കുകയും ചെയ്യുന്നതിനാല്‍ ഭൗതികവാദ ജീവിത വീക്ഷണത്തിന്റെ പ്രഘോഷണമായി പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍, ജീവിതാസ്വാദനം ഭൗതികവാദത്തിന്റെ ലക്ഷ്യമാണെന്നേയുള്ളൂ; ഭൗതികവാദികള്‍ക്കൊന്നും ജീവിതം യഥാവിധി ആസ്വദിക്കാന്‍ കഴിയാറില്ല. ലഹരിയുടെ കാര്യം തന്നെയെടുക്കുക. ലഹരി ഉപയോഗിക്കുക വഴി കൈവരുന്നത് ആസ്വാദനമല്ല, മറിച്ച് സര്‍വനാശമാണെന്ന് മദ്യത്തിന്റെ ശാരീരിക-മാനസിക-സാമൂഹിക ഫലങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്ക് മുഴുവന്‍ ബോധ്യമാകും. ലഹരി ഉപഭോഗം വഴി സ്വയം നശിക്കുകയും മറ്റുള്ളവര്‍ക്കൊരു ഭാരമായി മാറുകയുമാണ് മനുഷ്യന്‍ ചെയ്യുന്നത്. അത്തരമൊരാള്‍ക്ക് എങ്ങനെയാണ് ജീവിതം ആസ്വദിക്കാന്‍ കഴിയുക? അനന്തരഫലങ്ങളെക്കുറിച്ചാലോചിക്കാതെ ‘വര്‍ത്തമാന’ത്തില്‍ മാത്രം ജീവിക്കുന്നവര്‍ക്കല്ല, സന്തോഷം നൈമിഷികമാകരുതെന്നും അത് ജീവിതത്തിലുടനീളം നിലനില്‍ക്കുവാനുള്ള ആസൂത്രണങ്ങളാണ് താന്‍ നടത്തേണ്ടതെന്നും തിരിച്ചറിയുന്നയാള്‍ക്കാണ് ജീവിതത്തെ സ്ഥായിയായി ആസ്വദിക്കാന്‍ കഴിയുക. ജീവിതത്തെ ഗൗരവതരമായി സമീപിക്കുന്നവര്‍ക്കുമാത്രമേ, ലഹരിയല്ല ആസ്വാദനത്തിന്റെ മാര്‍ഗമെന്ന് തിരിച്ചറിയാന്‍ കഴിയൂ എന്നര്‍ത്ഥം. മതത്തിന് മാത്രമാണ് അത്തരമൊരു ജീവിതവീക്ഷണത്തിലേക്ക് മനുഷ്യനെ നയിക്കാന്‍ കഴിയുക. തന്റെ ജീവിതം പ്രപഞ്ചനാഥന്റെ സമ്മാനമാണെന്നും മരണാനന്തരം തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അളന്നുതൂക്കി വിധിക്കപ്പെടുമെന്നും മനസ്സിലാക്കുമ്പോഴാണ് മനുഷ്യന്‍ ജീവിതത്തിന്റെ വിലയറിയുക. അപ്പോള്‍, വിലപ്പെട്ട ജീവിതത്തിന്റെ കുറേ ഭാഗം ബുദ്ധി മരവിപ്പിച്ച് ദുരിതം വിതയയ്ക്കുന്നത് തനിക്ക് കനത്ത് നഷ്ടമാണെന്നും നന്മയുടെ മാര്‍ഗത്തില്‍ സര്‍ഗാത്മകമായി വ്യാപൃതനാകാനാണ് ജീവിതം ചെലവഴിക്കേണ്ടതെന്നും മനുഷ്യന് തിരിച്ചറിയാനാകും, ജീവിതത്തിന്റെ ഓരോ നിമിഷവും നശിപ്പിക്കാതെ ആസ്വദിക്കാനാവും. ലഹരിക്കെതിരായ പോരാട്ടം മതത്തിന്റെ ജീവിതവീക്ഷണം മനസ്സുകളില്‍ സന്നിവേശിപ്പിച്ചുകൊണ്ടുമാത്രമേ ലക്ഷ്യം കാണൂ എന്ന് തിരിച്ചറിയാന്‍ വൈകാതിരിക്കുകയാണ്, സാമൂഹിക സംഘടനകളുടെ മദ്യവിരുദ്ധ ബോധവല്‍ക്കരണങ്ങള്‍ വിജയിക്കാനുള്ള ഒന്നാമത്തെ കാല്‍വെപ്പ്.

കുറിപ്പുകൾ:

1. സുഭാഷിതങ്ങള്‍ 23:29-35
2. ‘A heavy -handed solution to kerala`s drinking problem’, The Economist, August 30, 2014.
3. WHO: Global status Report on Alcohol and Health -2014/Country profiles (www.who.int/substance_abuse/publications/report/msb-gsr-2014-.pdf).
4. മാതൃഭൂമി ആരോഗ്യ മാസിക, നവംബര്‍ 2008, പുറങ്ങള്‍ 17-9.
5. Ibid, പുറം 33.
6. Ibid.
7. www.alcoholrehab.com/alcoholism/alcoholism-in-india.
8. WHO: Global status Report on Alcohol and Health -2014, p. 2
9. Ibid, p.12.
10. Ibid, p.12.
11. Ibid, p.8.
12. Ibid, p.12.
13. www.intelectualdisability.info.
14. WHO, op.cit, p.12.
15. Ibid, p.12.
16. Ibid, p.12.
17. ‘Alcohol and Brain’, The British Medical Journal, Vol.1, No.6019 (May 15, 1976), p.1168.
18. ‘Alcohol and Brain’, The British Medical Journal, Vol.2, No.4307 (July 24. 1943), p.112.
19. The Economist, op.cit.
20. Cristopher Carpenter, ‘Heavy Alcohol Use and Crime: Evidence from Underage Drunk-Driving Laws’, Journal of Law and Economics, Vol.50, No.3 (Aug 2007), pp. 539-40.
21. Robert V. Seliger, ‘Alcohol and Crime’, The Journal of Criminal Law, Criminology, and Police Science, Vol.44, No.4 (Nov.-Dec 1953), p. 438.
22. WHO: op.cit, p.14.
23. Darius Bazarrgan, ‘Cheers to Karl Marx’, www.news.bbc.co-uk/z/hi/uk-news/8643.


Tags :


mm

Musthafa Thanveer