Logo

 

അഖില്‍ ഖുറേഷി: നീതി നിഷേധത്തിന്റെ തനിയാവര്‍ത്തനം

1 September 2021 | Opinion

By

2018 നവംബറില്‍ ഗുജറാത്ത് ഹൈക്കോടതിയിലെ 1200 അഭിഭാഷകര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു കത്തയക്കുന്നുണ്ട്. കീഴ് വഴക്കങ്ങളും, നിയമങ്ങളും അട്ടിമറിച്ച് നടന്ന അസാധാരണമായൊരു സ്ഥലംമാറ്റ ഉത്തരവിനെതിരെയായിരുന്നു ഈ പ്രതിഷേധം. ജസ്റ്റിസ് അഖില്‍ ഖുറേഷിയെന്ന ഗുജറാത്ത് ഹൈക്കോടതിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്ന ന്യായാധിപന്‍ പക്ഷേ അതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ്. 2010ല്‍ ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ഖുറേഷിയാണ് സെഹ്‌റാബുദ്ദീന്‍ ഷെയ്ഖിനെയും കൂട്ടാളി പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അമിത്ഷായെ രണ്ടു ദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്. 2004ല്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായ അഖില്‍ ഖുറേഷിക്ക് 2018 നവംബറില്‍ ഗുജറാത്തിന്റെ ചീഫ്ജസ്റ്റിസാകാനിരിക്കെയാണ് അപ്രതീക്ഷിതമായി ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റമുണ്ടാകുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ
എതിര്‍പ്പ് മറികടന്നുകൊണ്ട് ലോകായുക്ത നിയമനത്തില്‍ ഖുറേഷി നടത്തിയ വിധിപ്രസ്ഥാവങ്ങള്‍ സര്‍ക്കാറിന് വലിയ തിരിച്ചടിയായിരുന്നു. 2016ല്‍ മായാ കോട്‌നാനിയുമായും, 2018ല്‍ പോസ്റ്റ് ഗോധ്ര കലാപവുമായും ബന്ധപ്പെട്ട വിധിപ്രസ്താവങ്ങളില്‍ നീതിലഭിക്കാതെ പോകുന്ന ഇരകളെയോര്‍ത്ത് ഖുറേഷി നടത്തിയ നിരീക്ഷണങ്ങള്‍ സ്‌റ്റേറ്റും പൊലീസും കാണിക്കുന്ന കുറ്റകരമായ നിസംഗതയുടെ തുറന്നുപറച്ചിലുകളായിരുന്നു. നരേന്ദ്രമോദിക്കും അമിത്ഷാക്കും അനഭിമതനായത് കൊണ്ടാണ് ഗുജറാത്തിലെ സീനിയോറിറ്റി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിട്ടും ഖുറേഷിയുടെ സ്ഥലംമാറ്റത്തിന് കാരണമെന്നായിരുന്നു നിയമമേഖലയില്‍ നിന്നടക്കം ഉയര്‍ന്ന വ്യാപകമായ വിമര്‍ശനങ്ങള്‍. ഗുജറാത്തിലെ മോദി സര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുത്ത സിവില്‍സര്‍വ്വീസ് ഉദ്യാഗസ്ഥരടക്കം പിന്‍കാലത്ത് അനുഭവിച്ച വേട്ടയാടല്‍ സഞ്ജീവ് ബട്ടിന്റെയും, ആര്‍.ബി ശ്രീകുമാറിന്റയുമെല്ലാം കാര്യത്തില്‍ കണ്ടതാണ്. ഇതിന്റെ തുടര്‍ച്ചയാണ് ജ.അകില്‍ ഖുറേഷിയുടെ കാര്യത്തിലും സംഭവിച്ചത്. സീനിയോറിറ്റിയിലെ ഒന്നാമനായ ഖുറേഷി ബോംബെ ഹൈക്കോടതിയില്‍ അഞ്ചാംസ്ഥാനക്കാരനായിട്ടാണ് നിയമിതനായത്.എന്നാല്‍ കൊളീജിയത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന വിധമുള്ള വിമര്‍ശനങ്ങളുയര്‍ന്നതോടെ 2019 മെയ് മാസത്തില്‍ ഖുറേഷിയെ മധ്യപ്രദേശ് ചീഫ്ജസ്റ്റിസായി കൊളീജിയം ശുപാര്‍ശ ചെയ്തു. എന്നാല്‍ വിവിധ കോടതികളിലേക്ക് ഡി.എന്‍. പട്ടേല്‍, വി.രാമസുബ്രമണ്യന്‍, ആര്‍.എസ്. ചൗഹാന്‍ എന്നിവരുടെ പേരുകള്‍ അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ അഖില്‍ ഖുറേഷിയുടെ കാര്യത്തില്‍ മൗനം പാലിച്ചു. വീണ്ടും ഇതേ ആവശ്യം സുപ്രീംകോടതി കൊളീജിയം കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വെച്ചിട്ടും നാല് മാസം കഴിഞ്ഞിട്ടും ശുപാര്‍ശ അംഗീകരിച്ച് ഉത്തരവുണ്ടായില്ല. പരമാവധി ആറാഴ്ചക്കുള്ളില്‍ തീരുമാനമുണ്ടാകേണ്ട വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി. എസ്. നരിമാന്റെ നേതൃത്ത്വത്തില്‍ അഭിഭാഷകര്‍ സുപ്രീംകോടതിയെ സമീപിച്ചതോടെ തൃപുര ഹൈക്കോടതി ചീഫ്ജസ്റ്റിസായി ഖുറേഷിയെ നിര്‍ദേശിച്ച് കൊളീജിയം കേന്ദ്രത്തിനെ സമീപിച്ചു.അങ്ങനെ 2019 സെപ്തംബറില്‍ 53 ജഡ്ജിമാരുള്ള രാജ്യത്തെ എറ്റവും വലിയ കോടതികളിലൊന്നായ മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസ് ആകേണ്ടിയിരുന്ന ജസ്റ്റിസ് അഖില്‍ ഖുറേഷി നാല് ജഡ്ജിമാര്‍ മാത്രമുള്ള തൃപുര ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. നീതിബോധത്തോടെ നിര്‍ഭയമായി കടമ നിറവേറ്റിയെന്ന കാരണത്താലാണ് അര്‍ഹതയുണ്ടായിട്ടും ഗുജറാത്ത്,മധ്യപ്രദേശ് കോടതികളിലെ ചീഫ്ജസ്റ്റിസ് പദവിയില്‍ നിന്ന് ഖുറേഷി തഴയപ്പെട്ടത്.

ഹൈക്കോടതിയിലെയും,സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് സുപ്രീംകോടതി ചീഫ്ജസ്റ്റിസും,സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരും ഉള്‍ക്കൊള്ളുന്ന കൊളീജിയം ആണ്. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ അംഗീകാരം കൂടി ലഭിച്ചാലേ നിയമനം സാധുവാകൂ. ബാഹ്യമായ ഇടപെടലുകള്‍ ഒന്നുമില്ലാതെ രഹസ്യാത്മകത നിലനിര്‍ത്തി നടക്കുന്ന ഈ നിയമനത്തിനുള്ള പ്രധാന പോരായ്മ ജഡ്ജിയായി നിയമനം ലഭിച്ചവരുടെ യോഗ്യതയും തഴയപ്പെടുന്നവരുടെ അയോഗ്യതയുമാണ്. ഇതിന്റെ അടിസ്ഥാനമെന്താണ് എന്നത് നിര്‍വചിക്കുക സാധ്യമല്ല. കഴിഞ്ഞ കുറേ നാളുകളായി പരമോന്നത കോടതിയിലേക്ക് ജഡ്ജിമാരുടെ നിയമനം നടന്നിട്ടില്ല. ജസ്റ്റിസ് എസ്.എ. ബോബ്‌ടേ ചീഫ്ജസ്റ്റിസായിരിക്കുമ്പോള്‍ ചേര്‍ന്ന കൊളീജിയം യോഗത്തില്‍ റിട്ട.ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അഖില്‍ ഖുറേഷിയെ സുപ്രീംകോടതിയിലേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി കൊളീജിയം യോഗം ചേര്‍ന്നിരുന്നില്ല. ജസ്റ്റിസ് നരിമാന്‍ വിരമിച്ച തൊട്ടടുത്ത ദിവസം ചേര്‍ന്ന കൊളീജിയം യോഗം ഒന്‍പത് ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശചെയ്യുകയും, കേന്ദ്രസര്‍ക്കാര്‍ അത് അംഗീകരിക്കുകയും ചെയ്തു.എന്നാല്‍ രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയോറിറ്റിയുള്ള കര്‍ണാടക ഹൈക്കോടതി ചീഫ്ജസ്റ്റിസ് അഭയ് ഓക സുപ്രീംകോടതിയിലെത്തിയപ്പോള്‍ രണ്ടാം സ്ഥാനക്കാരനായ അഖില്‍ ഖുറേഷി ഒന്‍പത് പേരിലും ഉള്‍പ്പെട്ടില്ല. മൂന്ന് വനിതാ ജഡ്ജിമാരും, ഒ.ബി.സി, ഷെഡ്യൂള്‍ഡ് കാസ്റ്റ് തുടങ്ങിയ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കിയ ശുപാര്‍ശയാണ് നല്‍കിയതെന്ന കൊളീജിയം വാദം ആഘോഷിക്കപ്പെടുമ്പോള്‍ വിചാരത്തടവുകാരനെപ്പോലെ നില്‍ക്കേണ്ടി വരികയാണ് രാജ്യത്തെ മുതിര്‍ന്ന രണ്ടാം സ്ഥാനക്കാരനായ ചീഫ്ജസ്റ്റിസിന് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.2018ല്‍ ഗുജറാത്തില്‍ നിന്നാരംഭിച്ച ഭരണകൂട വേട്ടയാടല്‍ 2021ല്‍ സുപ്രീംകോടതിയുടെ പടിമുറ്റത്ത് എത്തിനില്‍ക്കുകയാണ്.2022 മാര്‍ച്ച് 7 ന് അഖില്‍ ഖുറേഷി വിരമിക്കും മുന്‍പ് നിലവിലെ ഒഴിവ് കൂടാതെ ജസ്റ്റിസ് സുഭാഷ് റെഡ്ഡിയുടെ ഒഴിവുകൂടി സുപ്രീംകോടതിയിലുണ്ടാകും. എന്നാല്‍ നിലവിലെ കൊളീജിയം നീതിനിഷേധത്തിന്റെ തുടര്‍ക്കഥയുടെ ഭാഗമാകുമോ എന്നത് കണ്ടറിയണം. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷന്‍ വികാസ് സിംങ് നടത്തിയ നിരീക്ഷണം പ്രസക്തമാകുന്നതിവിടെയാണ് ‘ കൊളീജിയത്തിലെ മുഴുവന്‍ പേരും ഖുറേഷിയെ നിയമിക്കേണ്ട എന്ന് തീരുമാനം എടുത്തുവെന്നാണ് നമ്മള്‍ പൊതുവില്‍ കരുതുക. എന്നാല്‍ സര്‍ക്കാര്‍ നിയമിക്കും എന്ന് ഉറപ്പുള്ളവരുടെ പേര് മാത്രമേ കൊളീജിയം ശുപാര്‍ശ ചെയ്യുന്നുള്ളൂ, അങ്ങനെയെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു സിസ്റ്റം. നിങ്ങള്‍ സര്‍ക്കാരിനോട് ചോദിക്കൂ, ഏതെല്ലാം പേരുകളാണ് അവര്‍ക്ക് അനുകൂലമായുള്ളതെന്ന്,എന്തിനാണീ നാടകം തുടരുന്നത്?’


AFSAL YUSAF