Logo

 

പുതുവർഷം പുനരാലോചനക്കും പുനഃപരിശോധനക്കും

1 January 2021 | Essay

By

ഒരു പുതുവർഷത്തിന്റെ ആരംഭ ദിനം എന്ന നിലക്ക് ജനുവരി ഒന്ന് പുതുവത്സര ദിനമായി ആഘോഷിക്കപ്പെടുകയാണ്. കാലങ്ങളായി നമുക്ക് ചുറ്റും നടന്ന് വരുന്ന ഇത്തരത്തിലുള്ള ആഘോഷമാണ് ന്യൂ ഇയർ സെലിബ്രേഷൻ എന്ന പേരിലറിയപ്പെടുന്നത്‌.
പ്രതിദിനം 24 മണിക്കൂറുള്ള 365 ദിവസങ്ങൾ നമ്മളിൽ നിന്ന് കൊഴിഞ്ഞു പോയ ഈ ഒരു സാഹചര്യത്തിൽ ആഘോഷങ്ങൾക്കപ്പുറത്ത് ചില വീണ്ടുവിചാരങ്ങളും തിരിഞ്ഞ് നോട്ടങ്ങളുമല്ലെ നമുക്കുണ്ടാവേണ്ടത്?
കഴിഞ്ഞ് പോയ വർഷത്തിലെ ഓരോ സെക്കന്റുകളെയും കുറിച്ചുള്ള വിശകലനങ്ങളും തിരിഞ്ഞ് നോട്ടവും വിലയിരുത്തലുകളുമെല്ലാം ജീവനുള്ള ഒരു സമൂഹത്തിന്റെ അടയാളമാണ് എന്ന് കൂടി നാം മനസ്സിലാക്കുമ്പോൾ ആ തിരിഞ്ഞ് നോട്ടത്തിന്‌ വീണ്ടും പ്രസക്തി വർദ്ധിക്കുകയാണ് ചെയ്യുന്നത്.

പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുമ്പോൾ കഴിഞ്ഞ് പോയ വർഷത്തിലെ നന്മ-തിന്മകളെ വിലയിരുത്താനും സംഭവിച്ച വീഴ്ച്ചകളെ അവലോകനം ചെയ്യാനും അവയിൽ നിന്ന് ഗുണപാഠമുൾക്കൊള്ളാനും വന്നുപോയ തെറ്റുകളെ വിലയിരുത്താനും അവയ്ക്ക് ആവർത്തനം സംഭവിക്കാതിരിക്കാനും പുരോഗതി ആവശ്യമുള്ള മേഖലകളിൽ മികവുകൾ രൂപപ്പെടുത്താനുമെല്ലാം നമുക്ക് സാധിച്ചാൽ ഒരു വർഷം കൂടി പിന്നിടുന്ന ഈ സാഹചര്യത്തിൽ നമുക്ക് പറയാനാകും ഒന്ന് കൂടി മെച്ചപ്പെട്ട രീതിയിലുള്ള ഒരു ജീവിതം നമുക്ക് കാഴ്ച്ചവെക്കണം എന്ന്.
വിലയിരുത്തലുകളില്ലാത്ത ഒരു പ്രവർത്തനവും അതിന്റെ വിജയത്തിലേക്ക് എത്തിച്ചേരുകയില്ല.

മുകളിൽ നാം സൂചിപ്പിച്ച ഇത്തരം ഇവാലുവേഷനുകൾക്ക് ഏത് സമയം വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം. അങ്ങനെ നോക്കുമ്പോൾ ചുമരിലെ കലണ്ടറുകൾ മാറ്റുന്ന വർഷത്തിന്റെ അവസാന ദിവസം അതിനായി വിനിയോഗിക്കാൻ കഴിഞ്ഞാൽ അതേറെ നല്ലതായിരിക്കും.

ആപാതമധുരവും ആലോചനാമൃതവുമാകേണ്ട പുതുവർഷ പുലരി നിർഭാഗ്യവശാൽ ആഘോഷത്തിമർപ്പിന്റെ ആലസ്യത്തിലും കൂത്താട്ടത്തിന്റെ ‘ഹാങോവറിലും’ വൈകിയുണരുന്ന ഒരു പ്രഭാതമായിട്ടാണ് ഇന്ന് സമൂഹം നോക്കിക്കാണുന്നത്. കൂത്താടാനുള്ള ഒരു ദിവസമായിട്ടാണ് ഡിസംബർ 31 നെ ചിലരെല്ലാം കരുതുന്നത്.
പുതുവത്സരപ്പിറവിയിൽ യുവതലമുറ രുചിച്ച മദ്യച്ചാറിന്റെ കണക്ക് പുറത്ത് വരുമ്പോൾ യഥാർത്ഥത്തിൽ സമൂഹം എത്രത്തോളം ധാർമികമായി പിന്നോക്കാവസ്ഥയിലേക്ക്‌ പോയിരിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിയും.

പുതുവർഷത്തിൽ നാം എത്തിനിൽക്കുമ്പോൾ ഈ വർഷത്തിന്റെ അവസാന സമയത്താണ് നാമുള്ളത് എന്ന ചിന്തയാണ് നമ്മളിലുണ്ടാവേണ്ടത്.
ചില പ്രധാന ചിന്തകളും വീണ്ടുവിചാരങ്ങളും തിരിഞ്ഞ് നോട്ടങ്ങളും ഈ ഒരു സന്ദർഭത്തിൽ ആവശ്യമാണ്.

സർവ്വലോക രക്ഷിതാവായ അല്ലാഹു നമുക്ക് നൽകിയ ആയുസ്സിൽ നിന്ന് ഒരു വർഷം കൂടി കൊഴിഞ്ഞ് പോയല്ലോ എന്നാണ് ഇത്തരമൊരു സാഹചര്യത്തിൽ പ്രഥമമായി നാം ആലോചിക്കേണ്ടത്.
എന്റെ മരണത്തോട് ഞാൻ വീണ്ടും അടുത്തു എന്ന ചിന്ത.
നബി(സ) പറഞ്ഞു :
സർവ്വസുഖാനുഭൂതികളെയും തകർത്ത് കളയുന്ന മരണത്തെ കുറിച്ച് നിങ്ങൾ ധാരാളമായി സ്മരിക്കുക. (തിർമിദി 2307)

കാരുണ്യവാനായ റബ്ബിന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രങ്ങൾക്ക്‌ പാത്രീഭൂതരായിട്ടാണ് ഈ ഭൂമുഖത്ത് നാം ഓരോ നാനോ സെക്കന്റുകളും ജീവിക്കുന്നത്. എന്നാൽ ഖേദകരമെന്ന് തന്നെ പറയാം റബ്ബ് നൽകിയ അനുഗ്രഹങ്ങളെ കുറിച്ച് മനുഷ്യരിൽ ബഹുഭൂരിപക്ഷവും അശ്രദ്ധാലുക്കളാണ്.
നബി(സ) പറയുന്നു : “രണ്ട് മഹാ അനുഗ്രഹങ്ങൾ അവയിൽ ധാരാളം ആളുകൾ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ആരോഗ്യവും ഒഴിവ് സമയവുമാകുന്നു അവ.”(ബുഖാരി 6412)

ജീവിതത്തിൽ ചില അവസ്ഥകൾ നമ്മെ ബാധിക്കുന്നതിന് മുൻപ് ഗൗരവമായ രീതിയിൽ തന്നെ നാം ഓർത്തിരിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് പ്രവാചകൻ മുഹമ്മദ് നബി(സ) നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇതിങ്ങനെയാണ്.
അഞ്ച് കാര്യങ്ങൾക്ക് മുമ്പുള്ള അഞ്ച് കാര്യങ്ങളെ നിങ്ങൾ പരിഗണിക്കുക. വാർദ്ധക്യത്തിന് മുമ്പ് യുവത്വം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിന് മുമ്പ് ധന്യത, തിരക്കിന് മുമ്പ് ഒഴിവ് സമയം, മരണത്തിന് മുമ്പ് ജീവിതം. (ബൈഹഖി – അൽ ആദാബ് 498)
ഈ പ്രവാചക വചനത്തിൻ്റെ ആത്മാവുൾക്കൊണ്ടവർക്കെങ്ങനെയാണ്‌ ആഘോഷങ്ങൾ കൊണ്ട് പുതുവത്സര ദിനങ്ങളെ വരവേൽക്കാനാവുക?

മരണമെന്ന യാഥാർത്ഥ്യം ഏത് സമയത്തും എങ്ങിനെയും നമ്മിലേക്ക് കടന്ന് വരാം.
“അങ്ങനെ അവരുടെ കാലാവധി വന്നെത്തിയാൽ പിന്നെ ഒരു നിമിഷം പോലും അവർക്കത് വൈകിക്കാനാവില്ല.നേരെത്തെയാക്കാനും സാധ്യമല്ല. (ഖുർആൻ 16:61)

2020 കടന്ന് പോകുന്നു.
പുതുവർഷം കടന്ന് വരുന്നു.
ഇനി എത്രകാലം നാം ഇവിടെ ഉണ്ടാവുമെന്ന് നമുക്കറിവില്ല.
ക്ഷണിക്കാതെ തന്നെ കയറി വരുന്ന മരണമെന്ന അതിഥി ആ യാഥാർത്ഥ്യവുമായി വരുന്നതിന് മുമ്പ് മരണാനന്തര ലോകത്തെ ശാശ്വത മോക്ഷത്തിനായി ഇഹലോക ജീവിതത്തെ സൽകർമ്മങ്ങൾ കൊണ്ട് നമുക്ക് പ്രകാശിപ്പിക്കാം.


Tags :


സജ്ജാദ് ബിൻ അബ്ദുർറസാഖ്