Logo

 

കുറ്റപത്രത്തില്‍ കുരുങ്ങിക്കിടക്കുന്ന വിചാരണത്തടവുകാര്‍

6 September 2021 | Opinion

By

“അനീതിയേക്കാള്‍ ഭംഗിയായി തിരിച്ചറിയപ്പെടുകയും അനുഭവിപ്പിക്കപ്പെടുകയും ചെയ്യുന്ന മറ്റൊന്നും ഈ ലോകത്തിലില്ല”. ചാള്‍സ് ഡിക്കന്‍സ് നോവലിലെ ഒരുകഥാപാത്രം നീതിയെ നിര്‍വ്വചിക്കുന്ന ഈ വാക്കുകളാണ് ‘ദ ഐഡിയ ഓഫ് ജസ്റ്റിസ്’ എന്ന തന്റെ പുസ്തകത്തിന്റെ മുഖവുരയായി അമര്‍ത്യസെന്‍ നല്‍കിയിരിക്കുന്നത്. നീതിയുടെ പ്രാധാന്യം എത്രത്തോളമെന്ന് പറഞ്ഞുവെക്കുന്നുണ്ട് ഈയൊരു ചെറിയ വാചകം. അത് കൊണ്ട് കൂടിയാണ് സംശയത്തിനതീതമായി കുറ്റം തെളിയിക്കപ്പെടും വരെ ഒരാളെ കുറ്റവാളി എന്ന് സംബോധന ചെയ്യരുതെന്ന് നമ്മുടെ നിയമപുസ്തകങ്ങള്‍ പറഞ്ഞുവെച്ചത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്. കാലാനുസൃതമായി പരിഷ്‌കരിക്കപ്പെടുന്നതിന്റെ ഭാഗമായി പലതും കൂട്ടിച്ചേര്‍ത്തും, ചിലതെല്ലാം ഒഴിവാക്കിയുമാണ് ഇന്ത്യയിലെ ജുഡീഷ്യല്‍ സംവിധാനം വളര്‍ച്ച പ്രാപിച്ചത്. എന്നാല്‍ നിയമസംവിധാനങ്ങളുടെ കുറ്റകരമായ മെല്ലെപ്പോക്കിലുണ്ടാകുന്ന നീതിനിഷേധങ്ങളും, വൈകിയെത്തുന്ന നീതിയുമെല്ലാം ആധുനിക കാലത്തും പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നു എന്നതിനേക്കാള്‍ ക്രൂരമായ നിയമങ്ങള്‍ മൂലം മനപ്പൂര്‍വ്വം സ്വാഭാവിക നീതി അട്ടിമറിക്കപ്പെടുന്നു എന്നതാണ് നിലവിലെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനമനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം.

രാജ്യത്തെ ക്രിമിനല്‍ നടപടിക്രമങ്ങളിലെ രക്തസാക്ഷികളെന്ന് അഭിസംബോധനയര്‍ഹിക്കുന്ന വിഭാഗമാണ് വിചാരണത്തടവുകാര്‍. വിചാരണ നടപടികള്‍ ആരംഭിക്കുന്നത് വരെയോ, കുറ്റത്തിന്റെ തീവ്രത പരിഗണിച്ച് ശിക്ഷവിധിക്കുന്നത് വരെയോ തടവില്‍ കഴിയുന്നവരെയാണ് വിചാരണത്തടവുകാര്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ 2019ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ മൊത്തം തടവുകാരില്‍ 3,30,487 പേര്‍ വിചാരണകാത്ത് ജയിലില്‍ കഴിയുന്നവരാണ്. ഇന്ത്യന്‍ ജയിലുകളില്‍ ആകെയുള്ളത് 4,78,600 പേര്‍ മാത്രമാണെന്നത് കൂടി കൂട്ടിവായിക്കുമ്പോഴേ വിചാരണത്തടവുകാരുടെ യാഥാര്‍ത്ഥ ചിത്രം മനസിലാകൂ. 2020ല്‍ റ്റാറ്റ ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് രാജ്യത്തെ മൊത്തം തടവുകാരില്‍ 69ശതമാനവും വിചാരണത്തടവുകാരാണ് എന്നതാണ്. ഇതില്‍ തന്നെ 74.08ശതമാനം പേര്‍ ഒരുവര്‍ഷത്തിലധികമായി വിചാരണ തുടങ്ങുകപോലും ചെയ്യാതെ ജയിലറക്കുള്ളിലാണെന്നത് കുറച്ചൊന്നുമല്ല നമ്മുടെ നീതിന്യായ സംവിധാനത്തെ ലജ്ജിപ്പിക്കുന്നത്.


ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ

1350 ജയിലുകളാണ് രാജ്യത്തുള്ളത്. ഇവിടെ പരമാവധി പാര്‍പ്പിക്കാന്‍ കഴിയുന്നത് 4,03,739 പേരെയാണ്. എന്നാലത് നിലവില്‍ 4,78,600 പേരാണ്. നമ്മുടെ ജയിലുകള്‍ തിങ്ങിനിറയാനുള്ള പ്രധാന കാരണം വിചാരണത്തടവുകരുടെ ആധിക്യം ആണ്. 73,418 പേരാണ് യു.പിയിലെ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നത്. 1979ല്‍ മുന്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസായിരുന്ന ഹന്‍സ് രാജ് ഖന്ന അധ്യക്ഷനായ 78ാം ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് സവിസ്തരം പ്രതിപാധിക്കുന്നത് ജയിലുകളിലെ വിചാരണത്തടവുകാരുടെ എണ്ണം കുറക്കുന്നതിനുതകുന്ന നിര്‍ദേശങ്ങളായിരുന്നു. നാല്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം പക്ഷേ ലോകത്തെ തന്നെ വിചാരണത്തടവുകാരുള്ള മുന്‍നിര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു.

വില്ലനാകുന്ന യു.എ.പി.എ

രാജ്യത്ത് പലകാലങ്ങളിലായി നിലനിന്നിരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ നിരോധിക്കല്‍ എന്ന പേരിലുള്ള വ്യത്യസ്ത നിയമങ്ങളുടെ പരിഷ്‌കരിച്ച പതിപ്പായിരുന്നു മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യു.പി.എ ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമവിരുദ്ധ പ്രര്‍ത്തന തടയല്‍ നിരോധന നിയമം(യു.എ.പി.എ). വിചാരണ കൂടാതെ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നോ, സംശയമുള്ളതോ ആയ ഏതൊരാളേയും തെളിവുകള്‍ പോലും ഇല്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്നതാണ് നിയമത്തിന്റെ ഏറ്റവും വലിയ അപകടം. 2019 ലെ അവസാന ഭേദഗതിയിലൂടെ വ്യക്തികളേയും ഭീകരവാദികളായി നിയമപ്രകാരം അറസ്റ്റു ചെയ്യാമെന്ന് വ്യവസ്ഥ വന്നു. രാജ്യത്ത് മനുഷ്യാവകാശം എല്ലാ നിലയിലും ലംഘിക്കപ്പെടുന്ന വിഭാഗമാണ് യു.എ.പി.എ വിചാരണത്തടവുകാര്‍. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016-19 കാലഘട്ടത്തില്‍ 4,231 കേസുകളാണ് യു.എ.പി.എ ആയി രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 112 കേസുകള്‍ മാത്രമേ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ബാക്കിയുള്ളവരെല്ലാം അനന്തമായി ജയിലില്‍ തുടരുകയാണ്. അഞ്ചു ശതമാനം കേസുകളില്‍ മാത്രമാണ് പ്രതിവര്‍ഷം അന്വേഷണം പൂര്‍ത്തിയാക്കി ദേശീയ അന്വേഷണ ഏജന്‍സി അടക്കമുള്ള കുറ്റാന്വേഷണ വിഭാഗങ്ങള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.


കുറ്റപത്രത്തിലെ കുരുക്ക്

സ്വാഭാവിക ജാമ്യം ലഭിക്കാത്ത കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും 90 ദിവസത്തിനുള്ളില്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ സാധാരണ നിലയില്‍ ജാമ്യം ലഭിക്കും. എന്നാല്‍ യു.എ.പി.എ കേസില്‍ പ്രതിചേര്‍ക്കുന്നൊരാളെ 30 ദിവസം വരെ കസ്റ്റഡിയില്‍ വെക്കാനുള്ള അധികാരം അന്വേഷണ സംഘത്തിനുണ്ട്. 180 ദിവസത്തുനുള്ളില്‍ മാത്രമേ യു.എ.പി.എ കേസുകളിലെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുള്ളൂ. ഇത്രയും ദിവസം കൊണ്ട് നിരപരാധിയായ ഏതൊരാള്‍ക്കെതിരെയും ആവശ്യമായ തെളിവുകള്‍ മെനഞ്ഞെടുക്കാന്‍ പൊലീസിന് കഴിയും. 180 ദിവസത്തിന് ശേഷം ജാമ്യാപേക്ഷയുമായി എത്തിയാല്‍ പോലും പ്രഥമദൃഷ്ട്യാ നിലവിലുള്ള തെളിവുകള്‍ പ്രകാരമേ കോടതി ജാമ്യം അനുവദിക്കൂ. ഭൂരിഭാഗം കേസിലും ഇങ്ങനെയാന്ന് സംഭവിക്കാറില്ല. നിരപരാധിയായൊരു മനുഷ്യന്റെ നീണ്ടുപോകുന്ന ജയില്‍ ജീവിതത്തിനാണ് ഇതോടെ തുടക്കമാവുക. സാധാരണ ഗതിയില്‍ കുറ്റം തെളിയിക്കേണ്ട ഉത്തരവാദിത്തം പൊലീസിനാണെങ്കില്‍ യു.എ.പി.എയില്‍ താന്‍ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും ഉത്തരവാദിത്തവും കുറ്റാരോപിതനിലേക്ക് എത്തപ്പെടുന്നു.

കുറ്റപത്രത്തിലെ പേജുകളുടെ എണ്ണവും സാക്ഷികളുടെ എണ്ണവും വര്‍ധിപ്പിച്ചാണ് പുതിയ കാലത്ത് പ്രോസിക്യൂഷന്‍ സംവിധാനം നീതി വൈകിപ്പിക്കുന്നത്. 10000 പേജുള്ള കുറ്റപത്രമാണ് ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ സമര്‍പ്പിച്ചത്. സമാനമായി ഡല്‍ഹി മുസ്‌ലിം വംശഹത്യ കേസില്‍ 17500ഉം, ആസിഫ് ഇക്ബാല്‍ തന്‍ഹ കേസില്‍ 20000 പേജുമുള്ള കുറ്റപത്രങ്ങളാണ് ഡല്‍ഹി പൊലിസ് കോടതിയില്‍ സമര്‍പ്പിച്ചത്. നിങ്ങള്‍ അപസര്‍പ്പക കഥകള്‍ കൊണ്ട് കുറ്റപത്രം നിറക്കുകയാണോയെന്ന് കേസ് പരിഗണിക്കവേ കോടതിക്ക് നിരീക്ഷിക്കേണ്ടി വരെ വന്നിരുന്നു. തീര്‍പ്പാകാതെ ഓരോ കോടതിയിലും പതിനായിരക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ ഓരോ കേസിനും ലഭിക്കുന്ന സമയം ഊഹിക്കാവുന്നതാണ്. അങ്ങനെയൊരന്തരീക്ഷത്തില്‍ നൂറുകണക്കിന് സാക്ഷികളും, പതിനായിരത്തില്‍ പരം പേജുകളുമുള്ള കുറ്റപത്രം വെച്ച് എന്നാണ് വിചാരണ പൂര്‍ത്തീകരിക്കാന്‍ സാധിക്കുക.


അനീതി നേരിട്ടവരോടുള്ള നീതിയെങ്ങനെ?

കശ്മീര്‍ സര്‍വകലാശാലയില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് റഫീഖ് ഷാ.2005ല്‍ സര്‍വ്വകലാശാലയില്‍ നിന്ന് റഫീക്ക് അറസ്റ്റ് ചെയ്യപ്പെടുന്നത് 67 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹിയിലെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്താണ്. നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി റഫീക്ക് മോചിതനായത്. ഹൂബ്ലി ഗൂഡാലോചനാക്കേസില്‍ ഏഴ് വര്‍ഷത്തിന് ശേഷമാണ് മലയാളികളടക്കമുള്ള 17 പേരെ കോടതി വെറുതെ വിട്ടത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സമയത്ത് ഭീകരപ്രവര്‍ത്തനം നടത്താന്‍ പദ്ധതിയിട്ടു എന്ന കാരണത്താല്‍ പിടിയിലായ 11 പേരെ നാസിക്കിലെ പ്രത്യേക ടാഡ കോടതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം വെറുതെ വിടുമ്പോള്‍ പലരും വാര്‍ദ്ധഖ്യത്തിലേക്ക് എത്തിയിരുന്നു. യു.എ.പി.എ കേസില്‍ അകപ്പെട്ട് വിചാരണയില്ലാതെ വര്‍ഷങ്ങള്‍ തള്ളിനീക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മുസ്‌ലിം സമുദായത്തിലുള്ളവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാവോയിസ്റ്റ് ബന്ധമാരോപിച്ച് പിടിയിലാകുന്ന ആക്ടിവിസ്റ്റുകളുടെയും, മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും എണ്ണവും ചെറുതല്ല. എന്നാല്‍ ദശാബ്ധത്തിലധികം ജയിലില്‍ കിടന്നവര്‍ കുറ്റവിമുക്തരായി പുറത്തിറങ്ങുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാന്‍ യാതൊരു പദ്ധതിയും നിയമസംവിധാനത്തിലില്ല.പ്രോസിക്യൂഷന്റെ കുറ്റകരമായ മുന്‍ധാരണകളില്‍ പ്രതിയായി ചിത്രീകരിച്ചവര്‍ അനധികൃതമായ തടവിന് ശേഷം എങ്ങനെ ജീവിക്കുന്നു എന്നത് കാര്യമായ ചര്‍ച്ചയേ ആകുന്നില്ല.


ഫാ. സ്റ്റാന്‍ സ്വാമി പറഞ്ഞുവെക്കുന്നത്

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യന്‍ നീതിന്യായ വ്യവസ്തയുടെ അടിത്തറയാണ് ഫാ.സ്റ്റാന്‍ സ്വാമിയെന്ന ജസ്യൂട്ട് പുരോഹിതന്റെ കസ്റ്റഡി മരണത്തേടെ ചോദ്യംചെയ്യപ്പെടുന്നത്. ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ത്ത് 2020 ഒക്ടോബര്‍ എട്ടിനാണ് റാഞ്ചിയിലെ വീട്ടില്‍നിന്ന് 84കാരനായ സ്വാമിയെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. തലോജ ജയിലില്‍ വെള്ളം കുടിക്കാനുള്ള സ്‌ട്രോ ലഭിക്കാനായി പാര്‍ക്കിന്‍സന്‍ രോഗിയായ സ്റ്റാന്‍ സ്വാമിയ്ക്ക് രണ്ടാഴ്ചയിലധികം കോടതികയറേണ്ടിവന്നു.2021 ജൂലൈ അഞ്ചിന് ബാന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയില്‍ വിചാരത്തടവുകാരനായി കൊണ്ട് ഫാ.സ്റ്റാന്‍ സ്വാമി വിടവാങ്ങിയത് നീതിപീഠത്തോട് നിരവധി ചോദ്യങ്ങള്‍ ബാക്കിവെച്ചാണ്. കുറ്റവാളിയായി വര്‍ഷങ്ങളോളം വിചാരണ കഴിഞ്ഞ് ജയില്‍ മോചിതരാകുന്നവരെപ്പോലെ വിചാരണക്കാലയളവില്‍ മരിച്ചു പോകുന്നവരുടെ അവകാശമാണതില്‍ പ്രധാനമായത്. വിചാരണയില്ലാതെ തടവില്‍ കിടന്ന് ആരോഗ്യം നശിച്ച് കൊണ്ടിരിക്കുന്ന അബ്ദുന്നാസര്‍ മഅദനിയും,ഡല്‍ഹി സര്‍വ്വകലാശാലയിലെ പ്രൊഫ.ഹാനി ബാബുവുമെല്ലാം ഇതേ ചോദ്യം ആവര്‍ത്തിക്കേണ്ടി വരുമേയെന്നത് നമ്മെ പേടിപ്പെടുത്തുന്നു.


പുനര്‍വിചിന്തനത്തിനൊരുങ്ങുന്ന കോടതികള്‍

ബ്രിട്ടീഷുകാര്‍ ദേശീയനേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്ന രാജ്യദ്രോഹക്കുറ്റം(ഐ.പി.സി 124.എ) സ്വാതന്ത്രത്തിന്റെ ഏഴരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും നമ്മള്‍ പിന്തുടരുന്നതിലെ സാങ്കേതികത്വമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചൂണ്ടിക്കാണിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റം ഭരണഘടനാ ലംഘനമാണെന്നത് കൂടി ഇവിടെ പ്രസക്തമാണ്. ദിഷ രവി, അരുണ്‍ ഗോഖോയ്, ആസിഫ് തന്‍ഹ തുടങ്ങി അടുത്തിടെ വന്ന പല കേസുകളിലും അഭിപ്രായ സ്വാതന്ത്രവും, രാജ്യദ്രോഹവും തമ്മിലുള്ള പിടിവലികളില്‍ കോടതികള്‍ സ്വീകരിക്കുന്ന ആശാവഹമായ നിലപാട് നമ്മള്‍ കണ്ടതാണ്.ഫാറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ 50000 രൂപ ഹര്‍ജിക്കാരന് പിഴശിക്ഷ നല്‍കിയാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്. ജനങ്ങള്‍ക്ക് സര്‍ക്കാരിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറയാനും എഴുതാനുമുള്ള അവകാശമുണ്ടെന്ന 1962ലെ കേദാര്‍നാഥ് കേസിലെ സുപ്രധാനമായ വിധിവാചകമാണ് വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ നടപടിയെ എതിര്‍ത്ത് സുപ്രീംകോടതി ഓര്‍മ്മിപ്പിച്ചത്. ഭരണഘടനയുടെയും, പൗരാവകാശങ്ങളുടെയും കാവല്‍ക്കാരന്‍ എന്ന നിര്‍വ്വചനത്തിലേക്ക് വീണ്ടും സുപ്രീംകോടതി തിരിഞ്ഞു നടക്കുന്നത് ഫാഷിസ്റ്റ് ഭരണകാലത്ത് പ്രതീക്ഷ നല്‍കുന്നതാണ്.

അവലംഭം:
•നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് 2019
•ടാറ്റ ട്രസ്റ്റ് ഇന്ത്യ ജസ്റ്റിസ് റിപ്പോര്‍ട്ട് 2020
•ബാര്‍ ആന്‍ഡ് ബെഞ്ച്


AFSAL YUSAF