Logo

 

ഹിജാബ്: പുറത്തു നിര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളെയല്ല, ഭരണഘടനയെയാണ്

6 February 2022 | Opinion

By

പാര്‍ലിമെന്റ് പാസാക്കുന്ന പല നിയമങ്ങളും എന്തിനെന്ന് പോലും വ്യക്തതയില്ലാത്തതും ചിലതെങ്കിലും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായി മാറിപ്പോകുന്നുവെന്നും സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍.വി. രമണ കഴിഞ്ഞ സ്വാതന്ത്ര ദിനത്തിൽ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിന് മുന്നില്‍ നടക്കുന്ന ഭരണഘടനക്ക് മുകളിലൂടെയുള്ള പലരുടെയും സഞ്ചാരങ്ങളില്‍ ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിലുള്ള തങ്ങളുടെ ഉത്ഘണ്ഠയാണ് ചീഫ്ജസ്റ്റിസ് പറഞ്ഞു വെച്ചത്. സമാനസ്വഭാവത്തില്‍ തന്നെയാണ് രാജ്യത്ത് ബി.ജെ.പി. ഭരണത്തിലുള്ള സംസ്ഥാനങ്ങളിലും നിയമനിര്‍മ്മാണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നത്. മതം മാറ്റത്തിനെതിരായി യുപിയിലും, മധ്യപ്രദേശിലും, പശുസംരക്ഷണമെന്ന പേരില്‍ കര്‍ണാടകയിലുമെല്ലാം പുതുതായി കൊണ്ടുവന്ന നിയമങ്ങള്‍ സ്വാഭാവിക യുക്തികളെ അപ്രസക്തമാക്കുന്നു.വോട്ട് ബാങ്കിലധിഷ്ഠിതമായ അജണ്ടകള്‍ രൂപീകരിക്കുമ്പോള്‍ അത് രാജ്യത്തിന്റെ ഭരണഘടനയെ മറികടക്കുന്നതാണോ എന്ന ചോദ്യത്തിനുള്ള സാധ്യത പോലും രാജ്യസ്‌നേഹത്തിന്റെ കത്രികപ്പൂട്ടില്‍ ഇല്ലാതാകുന്നത് സ്വാഭാവികമായി മാറുന്നു പുതിയ കാലത്തെ ഇൻഡ്യയില്‍.

കര്‍ണാടകയില്‍ സംഭവിക്കുന്നത്

ഒരു മാസത്തിനുള്ളിൽ കര്‍ണാടകയിലെ മൂന്നാമത്തെ സര്‍ക്കാര്‍ കോളേജിലാണ് ഹിജാബ് ധരിക്കുന്നതിന്റെ പേരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് പ്രവേശനവിലക്ക് നേരിടേണ്ടിവരുന്നത്. നേരത്തെ ഉദുപ്പിയിലായിരുന്നു പ്രശ്‌നങ്ങളെങ്കില്‍ ഇപ്പോളത് കുന്ദാപുരയിലെത്തിയിരിക്കുന്നു. കോളേജിന്റെ ഡ്രസ് കോഡിന് വിരുദ്ധമായുള്ള വസ്ത്രധാരണമെന്നതാണ് ഹിജാബിന് നേരെ തിരിയുന്നതില്‍ കോളേജ് അധികൃതര്‍ പറയുന്ന ന്യായം. മതപരമായ ചിഹ്നങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് തന്നെ ആത്മാഭിമാനത്തോടെ ജീവിക്കുക എന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമായി നിലനില്‍ക്കെയാണ് മുസ്‌ലിം പെണ്‍കുട്ടികളെ ഹിജാബ് ധരിച്ചതിന്റെ പേരിൽ പുറത്ത് നിര്‍ത്തിയിരിക്കുന്നത് ! ബേഠി പടാവോ കാംപയിനുകള്‍ വലിയ മുദ്രാവാക്യമായി മാറുമ്പോള്‍ തന്നെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

വെറുപ്പ് വ്യാപിക്കുന്ന അക്കാദമിക് ഇടങ്ങള്‍

1986ല്‍ പരമോന്നത കോടതിയില്‍ ‘യഹോവയുടെ സത്യസാക്ഷികള്‍’ വിഭാഗത്തില്‍ നിന്നുള്ള മൂന്ന് വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട കേസില്‍ (ബൈജു ഇമ്മാനുവല്‍ സ്‌റ്റേറ്റ് ഓഫ് കേരള,1986 എസ്.സി.ആര്‍ (3)518) ഉണ്ടായ വിധിപ്രസ്താവം ഇന്നും പ്രസക്തമാണ്. വിശ്വാസത്തിന് എതിരായതിനാല്‍ ദേശീയഗാനം ആലപിക്കാന്‍ കഴിയില്ലെന്ന വിദ്യാര്‍ഥികളുടെ വാദത്തെ അനുച്ഛേദം 19(1)(എ), 25(1) പ്രകാരം ഭരണഘടന നല്‍കുന്ന അവകാശമായി കണ്ട് കോടതി അനുകൂല വിധി പുറപ്പെടുവിക്കുകയാണ് ഉണ്ടായത്. സമകാലിക ചുറ്റുപാടില്‍ ഇത്തരമൊരു വിഷയം ഒരു കാംപസില്‍ ഉണ്ടായാല്‍ എങ്ങനെയാകും അതിനെതിരായ പ്രതികരണങ്ങളെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിശാലമായ നമ്മുടെ അക്കാദമിക് ഇടങ്ങള്‍ അത്രകണ്ട് വെറുപ്പിലേക്ക് വഴിമാറിക്കഴിഞ്ഞു. മുസ്‌ലിം സ്ത്രീകളെ ആക്ഷേപിക്കാനിറക്കിയ സുള്ളി ഡീല്‍, ബുള്ളി ബായ് കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെല്ലാം അടുത്തിടെ കാംപസ് വിട്ടവരും, നിലവില്‍ വിദ്യാര്‍ഥികളായവരുമാണ്. ക്ലബ്ഹൗസില്‍ നടന്ന മുസ്‌ലിം സ്ത്രീകള്‍ക്ക് എതിരെയുള്ള ചര്‍ച്ചയില്‍ കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ഥിനി കൂടി ഉള്‍പ്പെട്ടത് നമ്മള്‍ കണ്ടതാണ്. ഹിജാബിനെതിരെ കോളേജില്‍ കാവി നിറത്തിലുള്ള ഷാള്‍ കഴുത്തിലണിഞ്ഞ് പ്രതിഷേധം സംഘടിപ്പിക്കാന്‍ പാകത്തിന് നമ്മുടെ അക്കാദമിക് ഇടങ്ങള്‍ ്് പരുവപ്പെട്ടിരിക്കുന്നു.

ഹിജാബല്ല, മതമാണ് പ്രശ്‌നം

കേവലമൊരു ഹിജാബില്‍ നില്‍ക്കുന്നതല്ല നിലവിലെ പ്രശ്‌നം. മുസ്‌ലിം എന്ന ഐഡന്റിറ്റിയെ വെളിവാക്കുന്ന എന്തും ഡ്രസ് കോഡിന് കീഴ്‌പ്പെടേണ്ടി വരണമെന്ന ചിന്തയാണ് അധികൃതരെ മുന്നോട്ട് നയിക്കുന്നത്. കാലങ്ങളായി അവര്‍ ധരിച്ചുപോരുന്ന വസ്ത്ര രീതിയില്‍ ആര്‍ക്കാണ് പ്രശ്‌നമെന്ന് കര്‍ണാടകയിലെ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ചോദിച്ചത് അതുകൊണ്ടാണ്. ഓരോദിവസവും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ പുതിയ ആരോപണങ്ങളാണ് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ പടച്ചു വിടുന്നത്. ഭരണഘടന പൗരന് ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ (അനുച്ഛേദം 14,19,21,25) നഗ്നമായ ലംഘനമാണ് കര്‍ണാടകയിലെ വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മതപരമായ സ്വാതന്ത്രമെന്നാല്‍ മതവിശ്വാസം മാത്രമല്ല, വിശ്വാസത്തിലധിഷ്ടിധമായ ആചാരങ്ങള്‍ കൂടിയാണ് എന്ന് ലക്ഷ്മീന്ദ്ര തീര്‍ഥ സ്വാമിയാര്‍ (1954 എസ്.സി.ആര്‍ 1005)കേസില്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി വ്യക്തമാക്കിയതാണ്.ഹിജാബ് മുസ്‌ലിം ജീവിതവ്യവഹാരത്തിലെ അവിഭാജ്യഘടകമായതിനാല്‍ പ്രസ്തുത വിധി കര്‍ണാടകയിലെ വിഷയത്തില്‍ പ്രസക്തമാണ്. ഹിജാബുമായി ബന്ധപ്പെട്ട് ഏറ്റവും സുദീര്‍ഘമായ രീതിയില്‍ കേസ് കൈകാര്യം ചെയ്തത് കേരള ഹൈക്കോടതിയാണ്.അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലെ ഡ്രസ് കോഡിനെതിരെ മുസ്‌ലിം വിദ്യാര്‍ഥിനി നല്‍കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ട് 2015ലും 2016ലും ഹിജാബ് മുസ്‌ലിം ജീവിത്തതില്‍ പ്രധാനപ്പെട്ട മതപരമായ വിഷയം തന്നെയാണ് എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതാണ്.

ഭരണഘടനയുടെ ഭാവി എന്ത്

സോഷ്യലിസം, മതേതരത്വം എന്നീ പദങ്ങള്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി.ലോകത്തിന് മുന്നില്‍ ഇന്ത്യയെ വ്യതിരിക്തമാക്കിയിരുന്ന മതേതരത്വമെന്നത് അപകര്‍ഷതയോടെ കാണുന്ന തരത്തില്‍ കാലം മാറിക്കഴിഞ്ഞു. കേശവാനന്ദ ഭാരതി കേസിലൂടെ ഇന്ത്യന്‍ നിയമ വ്യവഹാരത്തില്‍ സുപ്രധാനമായ ഭരണഘടനയുടെ ബേസിക് സ്ട്രക്ചര്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പാര്‍ലിമെന്റില്‍ സ്വകാര്യബില്‍ ചര്‍ച്ചക്കെടുത്തത്. പൗരാവകാശങ്ങളുടെ മുനയൊടിക്കാനുള്ള നിയമനിര്‍മ്മാണങ്ങള്‍ക്കായി ഭരണകൂടങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തുമ്പോള്‍ ഭരണഘടനയുടെ മാത്രമല്ല, രാജ്യത്തിന്റെ ഭാവി കൂടിയാണ് ചോദ്യചിഹ്നമാകുന്നത്.


Tags :


അഫ്‌സല്‍ യൂസഫ്