Logo

 

കർണാടകയിൽ വീണ്ടും ഹിജാബ് വിലക്ക്

3 February 2022 | Reports

By

കർണാടക: ഹിജാബ് വിലക്ക് കർണാടകയിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്.
ഉഡുപ്പിയിലെ ഗവൺമെന്റ് വനിതാ കോളേജിൽ ഹിജാബിന് ഒരു മാസമായി തുടരുന്ന വിലക്കിനു പിന്നാലെ ഇതേ ജില്ലയിലെ തന്നെ മറ്റൊരു കോളേജിലും ഇന്ന് ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ തടയുകയുണ്ടായി.
കുന്ദാപുരയിലെ ഗവ. പി.യു കോളേജിലാണ് സംഭവം.

ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികളെ പ്രിൻസിപ്പലടക്കമുള്ളവർ ചേർന്ന് ഗേറ്റിനു മുമ്പിൽ തടയുകയുണ്ടായി.
ഇതുവരെയില്ലാത്ത ഹിജാബ് വിലക്കിന്റെ കാരണം അന്വേഷിച്ച പെൺകുട്ടികൾക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും ലഭിച്ചില്ല. സംഭവത്തിന് മുമ്പ് കാവി ഷാൾ ധരിച്ച് ഒരു സംഘം ആളുകൾ കാംപസിലെത്തി പെൺകുട്ടികളോട് ഹിജാബ് അഴിക്കണമെന്നും കാംപസ് അധികൃതരോട് ഹിജാബിന് വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഹിജാബ് വിലക്കിനെതിരെ ശശി തരൂർ എം. പി. രൂക്ഷമായാണ് പ്രതികരിച്ചത്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാത്രന്ത്ര്യം ഇൻഡ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ശക്തിയാണ്. അത് ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്.
അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുസ്‌ലിം സ്ത്രീകളുടെ ഹിജാബിന് വിലക്ക് കൽപ്പിക്കുകയാണെങ്കിൽ സിഖുകാരന്റെ തൊപ്പിയും , ഹിന്ദുവിന്റെ നെറ്റിയിലെ പൊട്ടും, ക്രിസ്ത്യാനിയുടെ കൈയിലെ കുരിശും എന്ത് ചെയ്യും ?
ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഉത്തരവാണ് കാംപസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും തരൂർ സൂചിപ്പിച്ചു.
മുസ്‌ലിം സ്ത്രീകൾക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങൾക്കും, കർണാടകയിലെ കാംപസുകളിലെ ഹിജാബ് നിരോധനത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് പി. വി. അബ്ദുൽ വഹാബ് എം. പി. ഇന്ന് രാജ്യസഭയിൽ സംസാരിക്കുകയും ചെയ്തു.


Tags :


Admin