Logo

 

സുഖമായുറങ്ങാൻ സുഖമായുണരാൻ

18 March 2021 | സാരസാഗരം

By

താക്കോല്‍ കൈകളില്‍ത്തന്നെയുണ്ടായിട്ടും സന്തോഷത്തിന്റെ വാതില്‍ക്കല്‍ മുട്ടിനില്‍ക്കുന്നവരാണ് ഏറെയും! ആത്മസംതൃപിതിയാണ് സന്തോഷത്തിന്റെ താക്കോല്‍.
ലഭ്യമായ ജീവിത വിഭവങ്ങളില്‍ എന്റെ മനസ്സിന് സംതൃപ്തിയുണ്ടൊ? എങ്കില്‍ ഞാനാണ് സൗഭാഗ്യവാന്‍!
എത്ര കിട്ടിയാലും ‘പോരാ’ എന്ന മനസ്സുള്ളവന്‍ ചങ്ങലയ്ക്കിട്ട അടിമയാണ്.
‘എനിക്കെത്രയോ കിട്ടിയിരിക്കുന്നൂ’ എന്ന് ആശ്വസിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രന്‍!
നിലവിലുള്ളതില്‍ സന്തുഷ്ടി കാണിക്കാത്തവന് വന്നുകിട്ടുന്നതിലൊന്നിലും സന്തുഷ്ടി കാണിക്കാനാകില്ല.
ജീവിതത്തില്‍ അല്‍പമേ നേടാനായിട്ടുള്ളൂ എന്നത് നിരാശയാണ്, അല്‍പമെങ്കിലും നേടാനായിട്ടുണ്ട് എന്നതാണ് സമ്പന്നത!
കിട്ടിയ ജീവിത വിഭവങ്ങളെത്രയോ ആകട്ടെ, അവയില്‍ ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്നവനാണ്, മുഖത്ത് കാര്‍മേഘം പടര്‍ത്തി നടക്കുന്ന കോടീശ്വരനേക്കാള്‍ പണക്കാരന്‍.
‘പായയ്ക്കനുസരിച്ച് കാല്‍നീട്ടിക്കിടക്കുക’ എന്നൊരു അറബിച്ചൊല്ലുണ്ട്. കാലു നീട്ടാന്‍ പാകത്തില്‍ പായയ്ക്ക നീളമില്ലെന്ന് ശപിച്ചിരിക്കുന്നവന്ന് ഉറക്കം ലഭിക്കില്ല എന്ന് സാരം. ആഗ്രഹങ്ങള്‍ ആവശ്യമാണ്. അവയ്ക്കു വേണ്ടിയുള്ള അധ്വാനവും വേണ്ടതു തന്നെ. പക്ഷെ, ആഗ്രഹങ്ങള്‍ ആകാശം പോലെയാണ്; അത് മുഴുവന്‍ പറന്നെത്താന്‍ നമുക്കാകില്ല.
നോക്കൂ, പറക്കാന്‍ വിശാലമായ ആകാശമുണ്ടെന്ന് കരുതി പറവകളേതെങ്കിലും അതില്‍ വെറുതെ പാറി നടക്കാറുണ്ടൊ? മുകളിലേക്ക് മുകളിലേക്ക് പറന്നുയരാന്‍ കൊതിച്ചിട്ട്, അതിനു കഴിയാതെ തലതല്ലിച്ചാകുന്ന വല്ല പക്ഷിയെയും കണ്ടിട്ടുണ്ടൊ?

ഇമാം ശാഫീഈ(റ)യുടെ കവിതാശകലങ്ങള്‍ ഇവിടെ പ്രസക്തമാണ്:
“മനഃസംതൃപ്തിയെയാണ് സമ്പന്നതയുടെ ശിരസ്സായി ഞാന്‍ കാണുന്നത്, അതിന്റെ തുമ്പുകളില്‍ മുറുകെപ്പിടിച്ചുകൊണ്ടാണ് എന്റെ യാത്ര, അതുകൊണ്ടു തന്നെ ആരുടെ വാതിലിനുമുന്നിലും
യാചനാപൂര്‍വ്വം ആര്‍ക്കുമെന്നെ കാണാനാകില്ല, ആത്മസംതൃപ്തനെന്ന നിലയ്ക്ക് ഞാനൊരിക്കലും തളര്‍ന്നു പോയിട്ടുമില്ല, കയ്യില്‍ ദിര്‍ഹമുകളധികമില്ലാതെത്തന്നെ ഞാനൊരു സമ്പന്നനാണ്
ജനങ്ങള്‍ക്കിടിയില്‍ രാജാവിനെപ്പോലെയാണ് ഞാന്‍!”

പ്രിയപ്പെട്ടവരേ, ഉപജീവനത്തില്‍ കാണിക്കുന്ന സംതൃപതിയാണ് നമ്മുടെ ജീവിത വിശുദ്ധിക്ക് വെളിച്ചമാകുന്നത്. സംതൃപ്തിയുടെ അഭാവം എന്നെയും നിങ്ങളേയും അന്യായങ്ങളിലേക്കും അവിവേകങ്ങളിലേക്കും നയിക്കും. ജീവിതത്തെ അത് ദുഷ്കരമാക്കും. സംതൃപ്തിയില്ലെങ്കിൽ കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന അന്നത്തിലും ഉടുക്കുന്ന വസ്ത്രത്തിലും ഒരു അനുഭൂതിയും നമുക്ക് ലഭിക്കില്ല.

മുഅ്മിന്‍ എപ്പോഴും മനഃസംതൃപ്തനാണ്. ജീവിതത്തിനാവശ്യമായതെല്ലാം തനിക്കു ചുറ്റും ഒരുക്കിവെച്ച റബ്ബില്‍ അവന്ന് വിശ്വാസമുണ്ട്. ആഗ്രഹത്തിനും അധ്വാനത്തിനും പ്രാര്‍ത്ഥനയ്ക്കുമനുസരിച്ച് അവനുദ്ദേശിക്കും വിധം തനിക്കവന്‍ നല്‍കിക്കൊണ്ടിരിക്കുമെന്ന ഉറപ്പുമുണ്ട്. ഇന്നുകിട്ടിയതെത്രയോ അത്രയാണ് ഇന്നത്തേക്കായി തനിക്കുള്ള അല്ലാഹുവിന്റെ വിഹിതം എന്നറിഞ്ഞ് ആശ്വസിക്കാനും സന്തോഷിക്കാനും മുഅ്മിനുകള്‍ക്കാണ് സാധിക്കുക. നിരാശയേശാത്ത ഹൃദയത്തില്‍ നിന്നാണ് കുടിച്ചിറക്കുന്ന ഒരിറ്റു വെള്ളത്തിലും അവാച്യമാണ് മധുരം നുണയാന്‍ വിശ്വാസികള്‍ക്കാകുന്നത്.

സംതൃപ്തിക്ക് അറബിയില്‍ പറയുന്ന പദം ക്വനാഅഃ എന്നാണ്.
ക്വനാഅഃ – അല്ലാഹു നല്‍കിയതില്‍, അവന്‍ നല്‍കിയ വിഹിതത്തില്‍ തൃപ്തിയടയലാണ്
ക്വനാഅഃ – കയ്യിലുള്ളതില്‍ ഐശ്വര്യമനുഭവിക്കലാണ്, കൈമോശം വന്നതില്‍ പരിതപിക്കാതിരിക്കലാണ്
ക്വനാഅഃ – ഹലാലുകളില്‍ മനസ്സിനെ പിടിച്ചു നിര്‍ത്തലാണ്, അനര്‍ഹങ്ങളിലേക്ക് മനസ്സു തിരിക്കാതിരിക്കലാണ്.
ക്വനാഅഃ – അധീനതയിലുള്ളതില്‍ ആശ്വസിക്കലാണ്, അന്യാധീനങ്ങളില്‍ ആശവെക്കാതിരിക്കലാണ്
ക്വനാഅഃ – ഹൃദയം നിറഞ്ഞ സംതൃപ്തിയാണ്; അതില്‍ പരിദേവനങ്ങള്‍ക്ക് ഇടംകൊടുക്കാതിരിക്കലാണ്.

ആരാണ് യഥാര്‍ത്ഥ ധനാഢ്യന്‍ എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. അബൂഹുറയ്‌റ(റ) നിവേദനം. “ധാരാളം ഐഹിക വിഭവമുണ്ടാവുക എന്നതല്ല സമ്പന്നത; ഹൃദയത്തിന്റെ ധന്യതയാണ് യഥാര്‍ത്ഥ സമ്പന്നത.” (ബുഖാരി, മുസ്ലിം)

ഉബൈദുല്ലാഹിബ്‌നു മിഹ്‌സ്വന്‍ (റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ അരുളി: “വാസസ്ഥലത്ത് നിര്‍ഭയനായി, ശരീരത്തില്‍ ആരോഗ്യവാനായി, ഒരു ദിവസത്തെ ഭക്ഷണം കൈവശമുള്ളവനായി പ്രഭാതത്തില്‍ ഉണരാകുന്നവന്‍, ദുനിയാവു മുഴുവന്‍ ലഭ്യമായവനെപ്പോലെയാണ്.” (തിര്‍മിദി)

അബ്ദുല്ലാഹിബ്‌നു അംറു ബ്‌നുല്‍ ആസ്വ്(റ) നിവേദനം. നബി(സ്വ) അരുളി: “മുസ്ലിമായവന്‍ വിജയിച്ചിരിക്കുന്നു. അവന്റെ ഉപജീവനം മതിയായ വിഭവമായിരിക്കും. താന്‍ നല്‍കിയതില്‍ അല്ലാഹു അവനെ സംതൃപ്തിപ്പെടുത്തുന്നതാണ്.” (മുസ്ലിം)

പ്രിയപ്പെട്ടവരേ, അല്ലാഹുവിന്റെ പ്രിയം നേടാനുള്ള മാര്‍ഗ്ഗമാണിത്. സത്യസന്ധമായ ഈമാനിന്റെ പ്രകടനമാണിത്. ശാന്തമായ ജീവിതത്തിന് അവസരം നല്‍കുന്നതും ഇതുതന്നെയാണ്. വ്യക്തികള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവുമുണ്ടാകാന്‍ മനഃസംതൃപ്തി കൂടിയേ തീരൂ. അതല്ലെങ്കില്‍ സഹജീവികളിലെ ഉപജീവന വ്യത്യാസങ്ങളുടെ പേരില്‍ നമുക്കിടയിൽ അസൂയ ഉടലെടുക്കും. അത് പല അപക്രമങ്ങളിലേക്കും കൊണ്ടെത്തിക്കും. ശാന്തമായ ഹൃദയവും പ്രശോഭിതമായ മുഖവും ആശ്വാസം നിറഞ്ഞ വാക്കുകളും സംതൃപ്ത മനസ്‌കരിലേ കാണാനാകൂ. അല്ലാഹു നല്‍കിയ വിഹിതങ്ങളില്‍ ബറകത്തുണ്ടാകാനും ക്വനാഅത്ത് കൂടിയേ തീരൂ. അവന്‍ വീതിച്ചു തന്ന വിഭവങ്ങളുടെ പേരില്‍ ഹൃദയപൂര്‍വ്വം അവന്നു നന്ദിചെയ്യാന്‍ ക്വനാഅത്തുള്ളവര്‍ക്കേ സാധ്യമാകൂ.

കിട്ടാത്ത ഒന്നിലും ദുഃഖം വേണ്ടതില്ല. കിട്ടേണ്ടതായ ഒന്നിനേയും വേണ്ടെന്ന് വെക്കേണ്ടതുമില്ല. അവ ചോദിച്ചു വാങ്ങാനുള്ളതല്ലെ നമ്മുടെ പ്രാര്‍ത്ഥന? നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നവനല്ലെ നമ്മുടെ റബ്ബ്? അവന്‍ പറഞ്ഞതു വായിച്ചിട്ടില്ലെ:
“അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക.” (നിസാഅ്: 32) “അല്ലാഹുവിന്റെ അനുഗ്രഹത്തില്‍ നിന്ന് തേടിക്കൊള്ളുകയും ചെയ്യുക.” (ജുമുഅ: 10)

പ്രവാചക തിരുമേനി(സ്വ) തദ്വിഷയകമായി ഒരു പ്രാര്‍ത്ഥന തന്നെ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. “അല്ലാഹുമ്മബ്‌സുത്വ് അലൈനാ മിന്‍ ബറകാത്തിക്ക, വറഹ് മത്തിക്ക, വഫദ്വ്‌ലിക, വരിസ്‌ക്വിക.” (ബുഖാരി/അദബുല് മുഫ്‌റദ്) ‘അല്ലാഹുവേ, നിന്റെ അനുഗ്രഹങ്ങളും നിന്റെ കരുണയും നിന്റെ കൃപയും നിന്റെ ഉപജീവനവും ഞങ്ങള്‍ക്ക് നീ നല്‍കേണമെ’ എന്നാണ് പ്രസ്തുത പ്രാര്‍ത്ഥനയുടെ സാരം.

പ്രിയപ്പെട്ടവരേ, സംതൃപ്ത ഹൃദയരായി ജീവിക്കാനാകുന്നത് സൗഭാഗ്യമാണ്. അതിനാൽ, കിട്ടിയതിൽ സന്തോഷിക്കുക. കിട്ടേണ്ടതിനായി പ്രാർത്ഥിക്കുക. കിട്ടിയിട്ടില്ലാത്തവയിൽ നിരാശപ്പെടാതിരിക്കുക. എല്ലാം നൽകുന്ന നാഥനിൽ പ്രതീക്ഷ വെക്കുക. സുഖമായി ഉറങ്ങാൻ, സുഖമായി ഉണരാൻ നമുക്കത് ഉണർവ്വേകും. ഇപ്പോൾ, ഹൃദയത്തിനൊരു കുളിരനുഭവപ്പെടുന്നില്ലെ. ഈ കുളിർമ്മ അല്ലാഹു നിലനിർത്തി നൽകട്ടെ.


Tags :


ഹനീൻ ഹബീബ്