Logo

 

ഇന്ദ്രനീലം കൊണ്ടരികുതുന്നിയ പവിഴങ്ങള്‍

11 March 2021 | സാരസാഗരം

By

ഒരു അറബിക്കവിതാശകലം ഓര്‍മ്മവരുന്നു.
‘ഒരു മനുഷ്യന് രണ്ടു പാതിയേ ഉള്ളൂ;
ഒന്ന്: അവന്റെ ഹൃദയം
രണ്ട്: അവന്റെ നാവ്
അവരണ്ടും രക്തമാംസാദികളാല്‍ ചേര്‍ത്തുവെച്ചിരിക്കുന്നുവെന്ന് മാത്രം!’

നാവ് മഹത്തായ ദൈവാനുഗ്രഹമാണ്.
മനുഷ്യാവയവങ്ങളില്‍ വളരെ ചെറിയൊരു സൃഷ്ടി.
ആകാരം ചെറുതാകാം, പക്ഷെ നാവിന്റെ ആഡ്യത്വം വലുതാണ്.
രണ്ട് ദൗത്യങ്ങളെ നാവ് സ്വീകരിച്ചിട്ടുണ്ട്; സംസാരവും നിശ്ശബ്ദതയും.
അംറ്ബ്‌നുല്‍ ആസ്വ്(റ) പറയുകയുണ്ടായി: സംസാരം മരുന്നുപോലെയാണ്: അളവില്‍ ഉപയോഗിക്കുമ്പോഴാണ് അത് ഫലപ്രദമായിത്തീരുന്നത്.അധികമായാല്‍ അത് നിന്നെ നശിപ്പിച്ചേക്കും.

കാലുപിഴച്ചാല്‍ വീണുപോകുകയേയുളളൂ, വീണ്ടും എഴുന്നേല്‍ക്കാനായേക്കാം. നാവു പിഴച്ചാല്‍ അങ്ങനെയല്ല, എഴുന്നേല്‍ക്കാനാകാത്ത വിധം വീണുപോയേക്കും.
‘വാക്കുകള്‍ നാക്കായ തോക്കിലെയുണ്ടകള്‍’ എന്ന് കവി ചെമ്മനം പാടിയിട്ടുണ്ട്.
സൂക്ഷിച്ചുപയോഗിക്കുമെങ്കില്‍ ഏത് മുറിവിനെയും ഉണക്കുന്ന ഭൗഷജ്യമായി വാക്കുകള്‍ മാറുമെന്നും അദ്ദേഹം പറയുന്നുണ്ട്.
ചിലരുടെ നാക്കില്‍നിന്നുതിരുന്ന വാക്കുകളെ കുഞ്ചന്‍നമ്പ്യാര്‍ കളിയാക്കിയത് ഇങ്ങനെയാണ്:’കര്‍ണ്ണങ്ങള്‍ക്കിതുകേള്‍ക്കുന്നേരം/ പുണ്ണിലൊരമ്പുതറച്ചതുപോലെ.’

കൊടിയ വിഷം തുപ്പുന്ന സര്‍പ്പത്തോട്,
മൂര്‍ച്ചയേറിയ വാളിനോട്,
ഉന്നം തെറ്റാത്ത അമ്പിനോട്,
മുനയൊടിയാത്ത മുള്ളിനോട്,
മുതുക പുളയ്ക്കുന്ന ചാട്ടയോട്… അങ്ങനെയങ്ങനെ പലതിനോടും നാക്ക് ഉപമിക്കപ്പെട്ടിട്ടുണ്ട്.
‘സൗന്ദര്യം നാവിലാണുവേണ്ടത്, പൂര്‍ണ്ണത ഹൃദയത്തിലും’എന്നൊരുചൊല്ലുണ്ട്.
‘ഹൃദയം ചുരുങ്ങുമ്പോള്‍ നാക്ക് വലുതാകാന്‍ തുടങ്ങും’ എന്നൊരു ചൊല്ലുമുണ്ട്.
അനാവശ്യവര്‍ത്തമാനങ്ങളില്‍നിന്നുംനാവ് ഒതുങ്ങാന്‍ തുടങ്ങുമ്പോഴാണ്
അറിവിന്റെ ചക്രവാളത്തിലേക്ക്മനുഷ്യന്‍ കയറാന്‍തുടങ്ങുന്നത്. ‘ബുദ്ധിയുടെ ലക്ഷണമാണ്‌ സംസാരത്തിലെമിതത്വം’ എന്ന് അലി(റ) പ്രസ്താവിച്ചത് അതുകൊണ്ടാകാം!
നീണ്ടനാവുള്ളഒരാള്‍ക്കുംതന്റെഹൃദയത്തില്‍ രഹസ്യം സൂക്ഷിക്കാനാകില്ല. കരുതിയിരിക്കുക; വൃഥാസംസാരിക്കുന്നവനോട് രഹസ്യമേല്‍പ്പിക്കരുത്. നീ വീടെത്തുമ്പോഴേക്കുംനിന്റെരഹസ്യങ്ങള്‍നിന്റെഅയല്‍പക്കത്തെത്തിയിരിക്കും.
നാവ് ആര്‍ക്കും നോവേല്‍പ്പിക്കാതിരിക്കണം. സ്വന്തത്തിന് നോവേല്‍ക്കാന്‍ ഇടവരുത്താതിരിക്കണം.അര്‍ത്ഥമില്ലാത്ത സംസാരത്തേക്കാള്‍ അര്‍ത്ഥ സമ്പുഷ്ടമായ മൗനമാണ് വിവേകികള്‍ക്ക് ചന്തമായിട്ടുള്ളത്.
ഒരു പിതാവ് തന്റെ മകനെ ഉപദേശിച്ചത് ഇങ്ങനെ: മോനെ മറ്റുള്ളവര്‍ അവരുടെ വാക്ചാതുരിയില്‍ അഭിമാനിക്കുമ്പോള്‍, നീ നിന്റെ നിശ്ശബ്ദതയിലാകണം അഭിമാനിക്കേണ്ടത്.
ഒരു അറബിക്കവി പാടിയത് ഇങ്ങനെയാണ്:
‘വിവേകം സൗന്ദര്യമാണ്, മൗനം ആരോഗ്യവും.
നീ മിതമായി സംസാരിക്കുക.
മൗനം ഭജിച്ചതുകൊണ്ട് വിരളമായേ എനിക്ക് ഖേദിക്കേണ്ടി വന്നിട്ടുള്ളൂ.
സംസാരം കൊണ്ട് ജീവിതത്തില്‍ പലവട്ടം ഞാന്‍ ഖേദിച്ചിട്ടുണ്ട്.’

പ്രിയപ്പെട്ടവരെ, നമ്മള്‍ മുഅ്മിനുകളാണ്. നാവും സംസാരശേഷിയും അല്ലാഹുവിന്റെ അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞവര്‍. അല്ലാഹുവില്‍ നിന്നു ലഭിച്ച ഏതൊരു അനുഗ്രഹത്തേയും പോലെ നാക്കിനേയും വാക്കിനേയും അവന്റെ തൃപ്തിക്കുതകും വിധമാണ്‌ നാം ഉപയോഗിക്കേണ്ടത്. അല്ലാഹു പറഞ്ഞതു വായിച്ചിട്ടില്ലെ:
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ കര്‍മ്മങ്ങള്‍ നന്നാക്കിത്തരും, നിങ്ങളുടെ പാപങ്ങള്‍ അവന്‍ പൊറുത്തുതരും. അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നവന്‍ മഹത്തായ വിജയം നേടിയിരിക്കുന്നു. (അഹ്‌സാബ്: 70, 71)

മുഹമ്മദു നബി(സ്വ) നമ്മെ ഉപദേശിച്ചത് കാണുക. അബൂഹുറയ്‌റ(റ) നിവേദനം. അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ നല്ലതുമാത്രം സംസാരിക്കട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ. (ബുഖാരി)

എന്തിലും ഏതിലും വാചാലനാകാന്‍ എനിക്കും നിങ്ങള്‍ക്കും കൊതിയുണ്ടെന്നത് നേരാണ്. പക്ഷെ, തിരുമേനി(സ്വ)യുടെ വാക്കുകള്‍ വായിക്കൂ;
അബൂസഈദുല്‍ ഖുദ്‌രി നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്ന ഒരു വചനമിങ്ങനെ; ‘ഓരോ പ്രഭാതത്തിലും മനുഷ്യ ശരീരത്തിലെ അവയവങ്ങളെല്ലാം നാവിന് കീഴ്‌പ്പെട്ട് കൊണ്ട് ഇങ്ങനെ പറയും; ഞങ്ങളുടെ കാര്യത്തില്‍ നീ അല്ലാഹുവിനെ സൂക്ഷിക്കുക. കാരണം, നിന്റെ നിലപാടിനനുസരിച്ചാണ് ഞങ്ങളുടെ പ്രവര്‍ത്തനം. നീ നേര്‍വഴിയിലായാല്‍ ഞങ്ങളും നേരെയാകും നീ വളഞ്ഞ് പോയാല്‍ ഞങ്ങള്‍ക്കും വളവുവരും’ (തിര്‍മിദി).

മൂര്‍ച്ചയുള്ള വാക്കുകളല്ല, ചേര്‍ച്ചയുള്ള വാക്കുകളാണ് മുസ്‌ലിമിന് അലങ്കാരം. ഇണങ്ങാനും ഇണക്കാനുമുതകുക അത്തരം വാക്കുകള്‍ക്കാണ്. പ്രവാചകതിരുമേനി(സ്വ) ഒരിക്കല്‍ പ്രിയപത്‌നിയോട്‌ ചോദിച്ചു:
”ആയിഷാ, ഞാന്‍ എപ്പോഴെങ്കിലും മോശമായവാക്കുകള്‍ പറയുന്നത്‌ നിനക്ക് അനുഭവമുണ്ടൊ? ചിലരെഅവരുടെ സംസാരത്തിലെ ഉപദ്രവത്തില്‍നിന്ന് രക്ഷപ്പെടാനായി ആളുകള്‍ മാറ്റിനിര്‍ത്തുന്നത് കണ്ടിട്ടില്ലെ. അത്തരംമാറ്റി നിര്‍ത്തപ്പെടുന്ന ആളുകളാണ് അഹുവിങ്കല്‍ ഏറ്റവും നികൃഷ്ടന്മാര്‍.” (ബുഖാരി)

പ്രിയപ്പെട്ടവരെ, നമുക്ക് നാവിനെ സൂക്ഷിച്ചുപയോഗിക്കാം. സംസാരം ലഘുവാക്കാം. ”അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല.” (ക്വാഫ്: 18) എന്ന ഖുര്‍ആനിക പാഠത്തെ ജീവിതത്തില്‍ എപ്പോഴും ഓര്‍മ്മിക്കാം.

ഒരു അറബിക്കവിതാശകലം ചിന്തനീയമാണ്:
‘ഒരു മിതഭാഷിയും അപമാനിതനായിട്ടില്ല,
ഒരു വാചാലനും കാലിടറാതിരുന്നിട്ടില്ല,
മൗനംപോരായ്മയുമല്ല!
ചിലരുടെ സംസാരങ്ങള്‍ വെള്ളിയാകാം,
പക്ഷെ, മൗനംഇന്ദ്രനീലംകൊണ്ടലങ്കരിച്ച
പവിഴമാണ്!’


Tags :


ഹനീന്‍ ഹബീബ്