Logo

 

ഇസ്‌ലാമിക്‌ സ്റ്റഡീസിൽ ഇന്റെൻസീവ്‌ പ്രോഗ്രാമിന്‌ അപേക്ഷകൾ ക്ഷണിച്ചു

5 March 2021 | Reports

By

സ്കൂൾ/കോളജ്‌ അധ്യയനത്തെ ബാധിക്കാത്ത സഹവാസ ക്യാമ്പുകൾ വഴി പുരോഗമിക്കുന്ന ചതുർവർഷ സൗജന്യ ഇസ്‌ലാമിക പഠന-പരിശീലന പദ്ധതിയിലേക്ക്‌ ബൗദ്ധിക മികവും ഇസ്‌ലാമികാവേശവുമുള്ള ആൺകുട്ടികളിൽ നിന്ന് (പ്രായപരിധി 17-21) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകരിൽ നിന്ന്‌ അഭിരുചി പരീക്ഷയും അഭിമുഖവും വഴി 25 പേർക്കാണ്‌‌ പ്രോഗ്രാമിലേക്ക്‌ അഡ്മിഷൻ നൽകുക. Intensive Programme in Integrated Islamic Studies, Language & Leadership എന്ന പേരിൽ വളവന്നൂരിലെ ചെറിയമുണ്ടം ചെയർ ഫോർ സ്റ്റഡീസ്‌ ആൻഡ്‌ റീസേർച്ച്‌ ആണ്‌ പ്രോഗ്രാം‌ സംഘടിപ്പിക്കുന്നത്‌. ചെറിയമുണ്ടം ചെയർ ഡയറക്റ്റർ മുസ്തഫാ തൻവീർ ആണ്‌ പ്രോഗ്രാം സൂപർവൈസർ. അപേക്ഷിക്കേണ്ട അവസാന തീയതി 2021 മാർച്ച് 31. പ്രോഗ്രാം 2021 മേയ് മാസത്തിൽ ആരംഭിക്കും. https://forms.gle/5f7KncAag2qUhqtE9 എന്ന ലിങ്കിലുള്ള ഗൂഗ്‌ൾ ഫോം പൂരിപ്പിച്ച്‌ സബ്മിറ്റ്‌ ചെയ്യുകയാണ്‌ അപേക്ഷിക്കുന്നവർ ചെയ്യേണ്ടത്‌.

ഖുർആൻ, ഹദീഥ്‌, സീറ, അഖീദ, ഫിഖ്‌ഹ്‌, താരീഖ്‌ തുടങ്ങിയ സുപ്രധാന ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ അഹ്‌ലുസ്സുന്ന: പണ്ഡിതപാരമ്പര്യത്തിന്റെ നിലപാടുകളോട്‌ ഒട്ടിനിന്നും പുതിയകാല ചോദ്യങ്ങളെ വ്യക്തതയോടെ അഭിമുഖീകരിച്ചും ആഴമുള്ള പഠന-ഗവേഷണങ്ങൾ നിർവഹിക്കുന്നതിനായി ജീവിതം സമർപിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുവാൻ ഉദ്ദേശിച്ചുള്ളതാണ്‌ പ്രോഗ്രാമിലെ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ കരിക്കുലം. അറബി, ഇംഗ്ലീഷ്‌, മലയാളം, ഉർദു, ഫ്രഞ്ച്‌ ഭാഷകളിൽ വൈദഗ്ധ്യം നേടിത്തുടങ്ങുവാനുള്ള പരിസരമൊരുക്കുന്നതിനുവേണ്ടിയുള്ള ഭാഷാ പരിശീലനക്കളരികൾ പ്രോഗ്രാമിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. ഇസ്‌ലാമിക പഠനങ്ങളെ കൂടുതൽ ബൗദ്ധിക മികവുള്ളതാക്കാൻ തക്ക പ്രകൃതിശാസ്ത്ര, സാമൂഹ്യശാസ്ത്ര, ദാർശനിക, മതതാരതമ്യപഠന ചർച്ചകളും ഇസ്‌ലാം വിമർശനങ്ങളെ ധൈഷണിക, വൈജ്ഞാനിക കൃത്യതയോടെ വിശകലനം ചെയ്ത്‌ ശീലിപ്പിക്കുന്ന സെഷനുകളും ഉണ്ടാകും.
അക്കഡമിക്‌ സൂക്ഷ്മതയുള്ള വായനയും ചിന്തയും എഴുത്തും വളർത്തുന്നതിന്‌ ശക്തമായ ഊന്നൽ നൽകും. ഭക്തിപൂർണമായ ജീവിതം, സാമൂഹ്യപ്രതിബദ്ധത, സേവനത്വര, ഇസ്‌ലാമിക പ്രബോധന പ്രവർത്തനങ്ങൾ, മുസ്‌ലിം സമുദായ പരിഷ്കരണ/ശാക്തീകരണ പരിശ്രമങ്ങൾ, ബൗദ്ധിക സംവാദങ്ങൾ, പ്രഭാഷണ/രചനാ സംഭാവനകൾ എന്നിയവയിൽ അഭിനിവേശമുണ്ടാക്കാനും തദ്‌രംഗങ്ങളിൽ ദിശാബോധം പകരുവാനും തക്ക രീതിയിലാണ്‌ പ്രോഗ്രാം ക്രമീകരണം. കേരളത്തിന്റെയും ഇൻഡ്യയുടെയും സാമൂഹിക സവിശേഷതകളെയും മുസ്‌ലിം ചരിത്രാനുഭവങ്ങളെയും വർത്തമാനകാല സങ്കീർണതകളെയും ഇവയൊക്കെ ആവശ്യപ്പെടുന്ന കർമശാസ്ത്ര, രാഷ്ട്രീയ, മതപ്രബോധന നിലപാടുകളെയും കുറിച്ച വിശദമായ അവബോധം വിദ്യാർത്ഥികൾക്ക്‌ നൽകും.

പ്രോഗ്രാമിന്റെ ഉള്ളടക്കത്തെ സഹായിക്കുന്ന അതിഥി അധ്യാപകർ, യാത്രകൾ, വ്യക്തി/സ്ഥാപന സന്ദർശനങ്ങൾ, ഫീൽഡ്‌ വർക്കുകൾ, പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്നിവ സവിശേഷതകളാണ്‌. വിദ്യാർത്ഥികൾക്ക് വേണ്ടി‌ റഫറൻസ്‌ ലൈബ്രറി ഒരുക്കിയിട്ടുണ്ട്‌. നാലു വർഷം നീണ്ടുനിൽക്കുന്നതാണ്‌ പ്രോഗ്രാം. പന്ത്രണ്ട്‌ ട്രൈമെസ്റ്ററുകളായി മൊത്തം പ്രോഗ്രാമിനെ തിരിച്ചുകൊണ്ടാണ്‌ പഠന/ബോധന സംവിധാനം. രണ്ട്‌ ഏകദിന ക്യാമ്പുകളും ഒരു ത്രിദിന/ചതുർദിന ക്യാമ്പും ആണ്‌ സാധാരണ നിലയിൽ ഓരോ ട്രൈമെസ്റ്ററിലും ഉണ്ടാവുക. ക്യാമ്പുകൾക്കായി തിയ്യതികൾ തെരഞ്ഞെടുക്കുക അവധി/വെക്കേഷൻ ദിനങ്ങളിൽ നിന്നായിരിക്കും. ബാക്കി പഠനപ്രവർത്തനങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലൂടെയും അസൈൻമെന്റുകളിലൂടെയും ആയിരിക്കും. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്‌ ഡിപ്ലോമ നൽകും. വിശദവിവരങ്ങൾക്ക്‌ 9446611903 എന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് സംഘാടകർ അറിയിച്ചു.


Admin