Logo

 

ഒരു പനിനീര്‍പൂവിലേക്ക് നോക്കുക

4 March 2021 | സാരസാഗരം

By

നിരാശയോടൊപ്പം ജീവിതമില്ല.
ജീവിക്കുന്നവനില്‍ നിരാശ കാണില്ല.
മനസ്സിന്റെ ആത്മഹൂതിയാണ് നിരാശ എന്നൊരു ചൊല്ലുണ്ട്.
വേദനകളെത്ര വേണേലും സഹിക്കാനാകും.
നിരാശയെ ഒരു നിമിഷം പോലും സഹിക്കുക സാധ്യമല്ല.
ജീവിതത്തെ നേരിടാന്‍ കഴിയാത്ത ദുര്‍ബ്ബലന്റെ
യാത്രാവഴിയാണ് നിരാശ.
മനുഷ്യര്‍ ജീവിതത്തില്‍ പലവട്ടം കൊല്ലപ്പെടുന്നുണ്ട്;
നിരാശയാണ് അതിന്റെയൊക്കെ ഘാതകന്‍!
നിരാശയെക്കൊല്ലാന്‍ ഒരേയൊരു ആയുധമേയുള്ളൂ; പ്രതീക്ഷ!
അതിന് മൂര്‍ച്ചകൂട്ടുന്നവനാണ് വിവേകി.
ജീവിതത്തോട് നിരാശ തോന്നുമ്പോള്‍ ഒരു പനിനീര്‍പൂവിലേക്ക് നോക്കുക എന്നൊരു സാഹിത്യശകലം വായിച്ചതായോര്‍ക്കുന്നു. മുള്ളുകള്‍ നിറഞ്ഞ തണ്ടില്‍ എത്ര പുഞ്ചിരിയോടെയാണ് അതിന്റെ നില്‍പ്‌!

മുഅ്മിനിന്റെ വ്യതിരിക്തത അവനിലെ ശുഭാപ്തിവിശ്വാസമാണ്. ഹാ, എന്തൊരു സൗഭാഗ്യമാണത്! ജീവിതത്തെ പഴിക്കുന്നവനല്ല മുഅ്മിന്‍. തന്റെ മുന്നിലെ പാതിനിറഞ്ഞ കോപ്പ നോക്കി അവന്‍ പറയും, എന്റെ കോപ്പയില്‍ പകുതി നിറഞ്ഞിരുപ്പുണ്ടെന്ന്. നിരാശന്‍ അങ്ങനെയല്ല. തന്റെ മുന്നിലെ പാതിനിറഞ്ഞ കോപ്പ നോക്കി അവന്‍ പറയും, എന്റെ കോപ്പയിലെ പകുതിയും കാലിയാണ് എന്ന്.

ഗര്‍ഭാശയ കാലം മുതല്‍ക്ക് ഇന്നോളം ജീവിതത്തിനെല്ലാം നല്‍കിയ ദയാനിധിയായ അല്ലാഹുവിന്റെ കരുതലും തലോടലും അനുഭവിച്ചു കൊണ്ടിരിക്കുന്ന വിശ്വാസിയും വിശ്വാസിനിയും, ഇടയ്‌ക്കൊക്കെയുണ്ടാകുന്ന പരീക്ഷണങ്ങളില്‍ ആശ നശിച്ച്, അല്ലാഹുവിനെ വിമര്‍ശിച്ച് കഴിഞ്ഞു കൂടില്ല. നിരാശക്ക് കൂടുകൂട്ടാന്‍ മുഅ്മിനിന്റെ ഹൃദയത്തില്‍ ഇടമില്ല എന്നതാണ് വാസ്തവം.

“തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക?
വഴിപിഴച്ചവരല്ലാതെ.” (ഹിജ്ര്‍: 56) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മറ്റൊരു വചനം ഇപ്രകാരമാണ്: “അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യൂസുഫ്: 87)

‘ശുഭാപ്തിവിശ്വാസത്തോടെ ജീവിതത്തിലേക്ക് നോക്കുക: അതിന്റെ ഓരോ കണികയ്ക്കും എന്തുമാത്രം ചന്തമാണ്!’ എന്ന് മുസ്ത്വഫ അസ്സ്വിബാഈ നിരീക്ഷിച്ചിട്ടുണ്ട്. സര്‍വ്വശക്തനായ റബ്ബിനെ സംബന്ധിച്ച സദ്‌വിചാരത്തില്‍ നിന്നാണ് സത്യവിശ്വാസിയുടെ ഹൃദയത്തില്‍ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്. ‘അല്ലാഹുവിനോടുള്ള സദ്‌വിചാരം ഉത്തമമായ ആരാധനയാണ്’ (അബൂദാവൂദ്, തിര്‍മിദി) എന്ന് പ്രവാചകന്‍ (സ്വ) പഠിപ്പിച്ചിട്ടുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം, അല്ലാഹു പറഞ്ഞതായി നബി(സ്വ) അരുളുന്നു: “എന്നെപ്പറ്റിയുള്ള എന്റെ ദാസന്റെ വിചാരത്തൊടൊപ്പമാണ് ഞാനുള്ളത്.” (ബുഖാരി, മുസ്ലിം) അഥവാ മറ്റൊരു ഹദീഥില്‍ വന്നതു പോലെ, റബ്ബില്‍ നിന്ന് തനിക്ക് നന്മകള്‍ ലഭിക്കുമെന്നാണ് ഒരാളുടെ പ്രതീക്ഷയെങ്കില്‍ അവനോട് ആ വിധമായിരിക്കും അല്ലാഹുവിന്റെ പ്രതികരണം. അതല്ല, എന്റെ റബ്ബ് എന്നെ പരിഗണിക്കാന്‍ പോകുന്നില്ല എന്ന ധാരണയാണ് പടച്ചവനെപ്പറ്റിയുള്ളതെങ്കില്‍ അല്ലാഹുവിന്റെ പ്രതികരണവും അവ്വിധത്തില്‍ത്തന്നെയായിരിക്കും.

പ്രിയപ്പെട്ടവരേ, ‘അവന്‍ അഥവാ അല്ലാഹു സത്യവിശ്വാസികളോട് അത്യന്തം കരുണയുള്ളവനാകുന്നു.’ (അഹ്‌സാബ്: 43) എന്ന ദൈവിക വാഗ്ദത്തമാണ് നമ്മുടെയൊക്കെ ജീവിതത്തെ സന്തോഷകരമാക്കി നിലനിര്‍ത്തുന്നത്.
പ്രയാസങ്ങളും പ്രതിബന്ധങ്ങളും രോഗങ്ങളും ആകുലതകളും ജീവിതത്തില്‍ എത്തിനോക്കാത്തതു കൊണ്ടൊ കുത്തിനോവിക്കാത്തതു കൊണ്ടൊ ഒന്നുമല്ല നമ്മളിലെ ഈ നിറഞ്ഞ സന്തോഷം. കാരുണ്യവാനായ നാഥന്റെ പ്രവിശാലമായ റഹ്മത്തിലുള്ള സുദൃഢമായ വിശ്വാസം കൊണ്ട്.

നാം വിശ്വസിക്കുന്ന അല്ലാഹു ആരാണ്?
കണ്ഠനാഡിയേക്കാള്‍ സമീപസ്ഥന്‍! (ക്വാഫ്: 16)
ചോദിച്ചോളൂ, ഞാന്‍ തരുന്നതാണ് എന്ന് വാക്കുതന്നവന്‍! (ഗാഫിര്‍: 60)
ചോദിക്കുന്ന ദാസന്ന് ഒന്നും നല്‍കാതെ തിരിച്ചയക്കുന്നതില്‍ ലജ്ജിക്കുന്നവന്‍! (അബൂദാവൂദ്)
ദാസന്മാരേ, നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശപ്പെടരുതേ എന്ന് ഉപദേശിക്കുന്നവന്‍! (സുമര്‍: 53)
കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം
നീക്കികൊടുക്കുകയും ചെയ്യുന്നവന്‍! (നംല്: 62)

ആകയാല്‍ പ്രിയപ്പെട്ടവരേ, നിരാശപ്പെടരുത്. ജീവിതത്തിന്റെ ഏതവസ്ഥയിലും അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പ്രതീക്ഷയോടെ ജീവിക്കുക. അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നവന്ന് മറ്റൊരാശ്രയത്തിന്റെ ആവശ്യം വരുന്നില്ല. നിരാശ കൊലയാളിയാണ്. സ്വച്ഛമായ ജീവിതത്തിന്റെ ക്രൂരനായ ഘാതകന്‍. സന്തുഷ്ടമായ, സജീവമായ, സാർത്ഥകമായ ജീവിതത്തിന് നമ്മോടൊപ്പം കൂട്ടുണ്ടാകേണ്ടത് പ്രതീക്ഷയാണ്. ഇന്ന് അസ്തമിച്ച സൂര്യൻ നാളെ ഉദിക്കുമെന്ന പ്രതീക്ഷ. രാത്രിയിൽ പറന്നിറങ്ങിയ ഇരുൾപ്പക്ഷികൾ പകലിൽ പറന്നകലുമെന്ന പ്രതീക്ഷ. ഒന്നുറപ്പിക്കുക; ഏതു ജീവിതാവസ്ഥയിലും ദൈവബോധം നമുക്കു നൽകുന്ന ആനന്ദത്തിന് അവാച്യമായ മധുരമുണ്ടാകും.

അറബീ കവയത്രി ഗാദത്തുസ്സിമാൻ, തൻ്റെ ഉൻശൂദത്തുൽ ഫറഹ് എന്ന കവിതയിൽ പാടിയ ഈരടികളോർമ്മവരുന്നു:
“പഞ്ചസാരയിടാതെയാണ് ഞാനെൻറെ കാപ്പി മോന്തുന്നത്,
അത്രമേൽ മധുരമാണ്,
ഇന്നലെകളിലെ എൻ്റെ അനുഭവങ്ങൾക്ക്!”

പ്രിയപ്പെട്ടവരേ, ജീവിതത്തിന് മധുരം മാത്രം നല്കുന്ന അനുഭവങ്ങളില്ല. അനുഭവങ്ങളെല്ലാം അല്ലാഹുവിൻറെ നിശ്ചയങ്ങളാണെന്ന് മനസ്സ് ഉള്‍ക്കൊള്ളുമ്പോള്‍ എല്ലാത്തരം അനുഭവങ്ങളും മധുരമായി നമുക്ക് ആസ്വദിക്കാനാകുകയാണ്. അപ്പോൾ, നമുക്ക് പ്രതീക്ഷയോടെ ജീവിക്കാം. പ്രാർത്ഥനയോടെ നടക്കാം. തീർച്ചയായും അല്ലാഹു നമ്മോടൊപ്പമുണ്ട്.


Tags :


ഹനീൻ ഹബീബ്