Logo

 

പ്രഭാതത്തിനും പുഞ്ചിരിക്കും ഒരേ ചന്തമാണുള്ളത്

25 February 2021 | സാരസാഗരം

By

കവിളില്‍ മുത്തം തന്ന് സ്‌കൂള്‍ വാനിലേക്ക് ഓടിക്കയറുമ്പോള്‍ ഫൈഹമോള്‍ എന്നെ നോക്കി പുഞ്ചിരിച്ചിരുന്നു. ഓഫീസിലേക്ക് ബാഗെടുത്തിറങ്ങുമ്പോള്‍ ഭാര്യ സൈനു പുഞ്ചിരിതൂകി മുന്നിലുണ്ടായിരുന്നു. ഗേറ്റിനു മുന്നിലൂടെ, ‘ഓഫീസിലേക്കാണല്ലെ’, എന്ന് ചോദിച്ച് മാധവേട്ടന്‍ പുഞ്ചിരിച്ചുകൊണ്ട് കടന്നു പോയി.
സലീമും സുധാകരനും പിന്നെ മീന്‍കാരന്‍ മൂസയും വേറെ പലരും. ബസ് കാത്തുനില്‍ക്കുമ്പോള്‍ അടുത്തു വന്ന് കുശലാന്വേഷണം നടത്തി; എല്ലാവരുടെ മുഖത്തും പുഞ്ചിരി. ഓഫീസില്‍ ജോലിത്തിരക്കിനിടയിലും സഹപ്രവര്‍ത്തകര്‍ ആരും പുഞ്ചിരിക്കാന്‍ മറക്കുന്നേയില്ല!
പക്ഷെ, ഒരാള്‍, ഒരാള്‍ മാത്രം എന്നെ നോക്കി പുഞ്ചിരിതൂകുന്നേയില്ല; കണ്ണാടിയിലെ എന്റെ പ്രതിബിംബം!
അതെന്താ… അങ്ങനെ?!

പ്രിയപ്പെട്ടവരെ,
ഹൃദയങ്ങള്‍ തുറന്നു കയറാനുള്ള താക്കോലാണ് പുഞ്ചിരി.
പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍ക്കുന്നതും പുഞ്ചിരിതന്നെ.
ജീവിതത്തില്‍ പരസ്പര സ്‌നേഹത്തിന്റെ വിത്തുപാകിമുളപ്പിക്കുന്നതില്‍ പുഞ്ചിരിയുടെ പങ്ക് അളവറ്റതാണ്.
പുഞ്ചിരിക്കാന്‍ പണച്ചെലവില്ല.
നല്‍കുന്തോറും തിരിച്ചു ഫലം നല്‍കിക്കൊണ്ടിരിക്കുന്ന ഫലവൃക്ഷമാണ് പുഞ്ചിരി.
നിമിഷങ്ങളേ പുഞ്ചിരിക്ക് വേണ്ടൂ; അതിന്റെ ഓര്‍മ്മകളാകട്ടെ വര്‍ഷങ്ങളോളം മറ്റൊരുത്തന്റെ മനസ്സിലവശേഷിക്കും. ദുഃഖത്തിന് ഒന്നിലും മാറ്റം വരുത്താനാകില്ല; ഒരു പുഞ്ചിരിക്ക് പുതുലോകത്തെ സൃഷ്ടിക്കാനാകും. ചക്രവാളത്തിലുദിച്ചു പൊങ്ങുന്ന പ്രഭാതത്തിനും, അതേ പ്രഭാതത്തില്‍ ഒരാളുടെ ചുണ്ടില്‍ വിടരുന്ന മന്ദസ്മിതത്തിനും ഒരേ ചന്തമാണ്. രണ്ടും പുതിയ പ്രതീക്ഷയാണ്.
ഏതുരാജ്യക്കാരനും ഒരു പോലെ മനസ്സിലാകുന്ന ഒരേയൊരു ഭാഷയേയുള്ളൂ; അത്പു ഞ്ചിരിയാണ്.

പുഞ്ചിരി പ്രോത്സാഹനമാണ്-
“നിങ്ങൾ കണ്ടുമുട്ടുന്ന ആരെയും പുഞ്ചിരികൊണ്ടൊ അഭിനന്ദനംകൊണ്ടൊ
പ്രോത്സാഹിപ്പിക്കുക” എന്ന്, ജോയ്സ് മേയർ പറഞ്ഞിട്ടുണ്ട്.
“ഒരു പുഞ്ചിരി ഞാൻ മറ്റു-
ള്ളവർക്കായ്ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമ്മല പൗർണമി” എന്നാണ് മഹാകവി അക്കിത്തം പാടിയത്.

മുഅ്മിനിൻ്റെ പ്രകാശിക്കുന്ന വ്യക്തിത്വമാണ് പുഞ്ചിരി. സ്നേഹം കൊണ്ട് വിടരാത്ത ചുണ്ടുകളേക്കാൾ വികൃതമായ മറ്റൊന്നില്ല ഭൂമിയിൽ. സദാ പുഞ്ചിരിക്കുന്ന മുഖവുമായി ആളുകള്‍ക്കിടയില്‍ ജീവിച്ച പ്രവാചകന്‍(സ്വ)യാണ് നമ്മുടെ സ്നേഹഭാജനം. പകരമില്ലാത്ത മാതൃക. പുഞ്ചിരിതൂകി ജീവിച്ച തിരുമേനി(സ്വ) പുഞ്ചിരിയെപ്പറ്റി ഏറെപ്പറഞ്ഞിട്ടുണ്ട്, പഠിപ്പിച്ചിട്ടുണ്ട്.
അബൂ ദര്‍റ് (റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “നിന്‍റെ സഹോദരന്‍റെ മുഖത്തു നോക്കിയുള്ള നിന്‍റെ പുഞ്ചിരി നിന്നില്‍ നിന്നുള്ള സ്വദക്വയാണ്.” (തിര്‍മിദി)

മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് ഇപ്രകാരമാണ്: ജാബിര്‍ ബ്നു അബ്ദില്ല(റ) നിവേദനം. അല്ലാഹുവിന്‍റെ ദൂതന്‍(സ്വ) അരുളി: “എല്ലാ നന്മയും സ്വദക്വയാണ്. മുഖപ്രസന്നതയോടെ നിന്‍റെ സഹോദരനെ അഭിമൂഖീകരിക്കുന്നതും സ്വദക്വതന്നെയാണ്.” (തിര്‍മിദി)

അബൂദര്‍റ്(റ) നിവേദനം ചെയ്യുന്നത് കാണുക. പ്രവാചകന്‍ (സ്വ) അരുളി: “ഒരു നന്മയേയും നീ നിസ്സാരമായി കാണരുത്. നിന്‍റെ സഹോദരനെ പുഞ്ചിരിയോടെ സമീപിക്കുന്നതു പോലും.” (തിര്‍മിദി)
ജരീറ് ബ്നു അബ്ദില്ല(റ) പ്രവാചക ശ്രേഷ്ഠനെ അനുസ്മരിക്കുന്നത് കാണുക. “ഞാന്‍ മുസ്‌ലിമായതു മുതല്‍ എന്‍റെ സാന്നിധ്യത്തെ പ്രവാചകന്‍(സ്വ) അവഗണിച്ചിട്ടേയില്ല. എന്‍റെ മുഖത്തുനോക്കി പുഞ്ചിരി തൂകിക്കൊണ്ടല്ലാതെ തിരുമേനി(സ്വ) എന്നെ സ്വീകരിച്ചിട്ടുമില്ല.” (മുസ്‌ലിം)

അബുദുല്ലാഹിബ്നു ഹാരിഥ്(റ) പ്രവാചകനെ ഓര്‍മ്മിച്ചെടുക്കുന്നതും ഇപ്രകാരം തന്നെയാണ്. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്‍റെ ദൂതനേക്കാള്‍ പുഞ്ചിരിതൂകുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടേയില്ല.” (തിര്‍മിദി)

പ്രവാചക പത്നി ആയിഷ(റ) തന്‍റെ പ്രിയതമനെ പരിചയപ്പെടുത്തിയത് വായിക്കുക: “മാര്‍ദ്ദവ സ്വഭാവക്കാരനായിരുന്നു പ്രവാചകന്‍(സ്വ). ജനങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്നവരും. നിങ്ങളുടെ കൂട്ടത്തിലെ ഒരാള്‍തന്നെയായിരുന്നു അദ്ദേഹം; പക്ഷെ, സദാ ആഹ്ലാദചിത്തനും പുഞ്ചിരിതൂകുന്നവരുമായിരുന്നു അവിടുന്ന്.”

ഹൃദയശുദ്ധിയുടെ പ്രകാശമാണ് മുഖത്തു കാണുന്ന പ്രസന്നതയും പുഞ്ചിരിയും. ഇബ്നു ഉയയ്ന(റ) പറഞ്ഞു: “സ്നേഹക്കൊയ്ത്തിന് മുഖപ്രസന്നതയോളം പോന്ന മറ്റൊന്നില്ല. പുണ്യമെന്നത് ലളിതമാണ്: പ്രസന്നമായ മുഖവും മൃദുലമായ സംസാരവും.”

പുഞ്ചിരി പ്രതിഫലാര്‍ഹമായ സ്വദക്വയാണെങ്കില്‍ ആര്‍ക്കും നല്‍കാതെ നാമെന്തിനതിനെ പൂഴ്ത്തിവെക്കണം! നമുക്കിനി പുഞ്ചിരിക്കാം, അല്ലെ!

പ്രിയപ്പെട്ടവരെ, സത്യമായും നമ്മുടെ ചുണ്ടിൽ ഇപ്പോഴൊരു മൃദുമന്ദഹാസം വിടരുന്നില്ലെ? അത് കെടാതെ സൂക്ഷിക്കുക!


Tags :


ഹനീൻ ഹബീബ്