Logo

 

മൗനത്തെ ഭയക്കുന്നവരോട്‌

23 February 2021 | Poetry

By

എന്റെ മൗനത്തെക്കൊല്ലാന്‍
വേണ്ടിയൊ പടയുമായ്
വന്നു നില്‍ക്കുന്നൂ മുന്നില്‍,
നിങ്ങള്‍ക്കിതിന്തേ പറ്റീ!

ആയിരം മുഷ്ടിക്കൊത്ത്
പൊങ്ങുന്ന മുദ്രാവാക്യ
ക്കാറ്റിനെ പേടിക്കാത്ത
നിങ്ങള്‍ക്കോ മൗനം ഭീതി!

ഇത്തിരി നേരം ഞാനീ
വല്മീകതല്പം പൂകി
മൗനിയായിരിക്കുവാന്‍
നിനച്ചൂ, നിങ്ങള്‍ക്കതില്‍,
ആയിരം നാവില്‍ നിന്നു
മുതിരും വാക്കായ്, ചങ്കില്‍
കൊള്ളുന്നൊരൂക്കായ് തോന്നില്‍
ഞാനെന്തിനപരാധി!

വാക്കിനേക്കാളും മൂര്‍ത്ത
മൂര്‍ച്ചയേറുമീ മൗനം
സ്വേച്ഛാധിപതികളെ
യൊക്കെയും വിറപ്പിച്ച,
ചരിത്രം നിങ്ങള്‍ക്കുള്ളില്‍
അലയ്ക്കുന്നുണ്ടാം, പട-
പ്പുറപ്പാടിതാ ഭീതി
കൊണ്ടുതന്നെയൊ കഷ്ടം!

എന്റെ മൗനത്തെക്കൊല്ലാ
മെന്നാലുമൊരു നൂറു
മൗനികള്‍ വരും നിന്റെ
നിദ്രയെക്കെടുത്തുവാന്‍!

മൗനത്തില്‍ നിന്നാണൂര്‍ജ്ജം
കരുത്തായ്ത്തീരുന്നതും
സിംഹാസനങ്ങള്‍ക്കുമേല്‍
ഉല്‍ക്കയായ് വീഴുന്നതും
മലകള്‍ മൗനം വിട്ടാല്‍
അഗ്നിജ്വാലകള്‍ തുപ്പും
മൗനഭഞ്ജനം ഭൂമി
ചെയ്‌തെങ്കില്‍ വിറകൊള്ളും
ആഴിയാര്‍ത്തലയ്ക്കും വന്‍
തിരകള്‍തള്ളും വാന
മാകെയും നിരക്കനെ
കൊള്ളിയാന്‍ മിന്നും ചിന്നും!

വെറുതെ വിട്ടേക്കുക,
എന്നെയും മൗനത്തെയും
നിങ്ങളീ പടയുമായ്
ദൂരെ മാറിനില്‍ക്കുക
ഒരുനാള്‍ വരും അന്നീ
മൗനവും വെടിഞ്ഞു ഞാൻ
ലോകത്തിന്‍ പുതുപാട്ടി
നൊപ്പമുച്ചത്തില്‍ പാടും
ചെങ്കോലും കിരീടവും
വേലുമമ്പുമായ് വാണ
നിങ്ങളന്നോച്ചാനിച്ചു
നില്‍ക്കുമങ്ങിങ്ങായ്, നൂനം!


Tags :


കബീർ എം. പറളി