Logo

 

മാപ്പു നല്‍കാന്‍ എനിക്കൊരു നാഥനുണ്ട്

18 February 2021 | സാരസാഗരം

By

അബൂനുവാസിന്റെ പ്രസിദ്ധമായ ഈരടികളുണ്ട്;
“രക്ഷിതാവേ, എന്റെ പാപങ്ങള്‍ അധികരിച്ചിട്ടുണ്ട്.
നിന്റെ ക്ഷമ എത്രയോ മികച്ചതാണെന്ന് എനിക്കറിയാം.
സദ് വൃത്തര്‍ മാത്രമേ നിന്നെ പ്രതീക്ഷിച്ചുവരാവൂ. എങ്കില്‍
പാപികള്‍ക്ക് പ്രതീക്ഷയോടെ പ്രാര്‍ത്ഥിക്കാന്‍ മറ്റാരാണുള്ളത്?
വിനയപൂര്‍വ്വം ഞാന്‍ നിന്നോടു തേടുകയാണ്.
എന്റെ കരങ്ങള്‍ നീ തട്ടിമാറ്റിയാല്‍ പിന്നെയാരുണ്ട് എനിക്ക് കരുണപകരാനായി?
നിന്നിലേക്കുള്ള എന്റെ ഏക കൈമുതല്‍,
ഞാനൊരു മുസ്ലിമാണെന്നതു കൊണ്ടുതന്നെ,
ഭംഗിയാര്‍ന്ന നിന്റെ ക്ഷമയിലുള്ള പ്രതീക്ഷ മാത്രമാണ്!

പ്രിയപ്പെട്ടവരെ, പാപം ചെയ്യാത്ത മനുഷ്യരില്ല. കഴുകിയാല്‍ മായാത്ത പാപവുമില്ല. പൊടിപടലങ്ങള്‍ നിറഞ്ഞ നിരത്താണ് ദുനിയാവ്. അതിലൂടെ നടക്കുന്നവന് സൂക്ഷ്മത നല്ലതാണ്. പക്ഷെ, ശരീരത്തിലും ഇട്ടുടുത്ത വസ്ത്രങ്ങളിലും അല്പം പോലും അഴുക്കാകാതെ സൂക്ഷിക്കുക അസാധ്യമാണ്. അപ്പോള്‍ നാം ചെയ്യുന്നതെന്തൊ അതു തന്നെയാണ് പാപങ്ങളുടെ കാര്യത്തിലും ചെയ്യേണ്ടതുള്ളൂ. കഴുകി വൃത്തിയാക്കുക; അത്രതന്നെ!

പാപം വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഗൗരവമുള്ളതു തന്നെയാണ്. ചുറ്റുപാടുകളില്‍ പാപസൗഹൃദ മേഖലകള്‍ ഒരുപാടുണ്ട്. മുഅ്മിന്‍ ജാഗ്രതയോടെ ജീവിക്കുന്നത് അതുകൊണ്ടാണ്. സംശുദ്ധമായ ജീവിതം കൊണ്ടാണ് പരമകാരുണികനായ റബ്ബിന്റെ സാമീപ്യവും സ്വര്‍ഗ്ഗവും നേടാനാകുന്നത് എന്ന ബോധമാണ് പ്രസ്തുത ജാഗ്രതയുടെ പ്രചോദനം. എങ്കിലും, അവസരങ്ങളുടെ പ്രലോഭനങ്ങളും ദേഹേച്ഛകളുടെ സമ്മര്‍ദ്ദങ്ങളും കൂടെപ്പിറപ്പുകളുടേയും കൂട്ടുകാരുടേയും പ്രോത്സാഹനങ്ങളും പാപങ്ങളില്‍ ചെന്നുചാടാന്‍ ഇടവരുത്തിയിട്ടുണ്ടാകും. നിരാശയൊന്നും വേണ്ട. ചെയ്തുപോയ തെറ്റുകള്‍, വിശ്വാസിയെന്ന നിലയ്ക്ക് ജീവിതത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന ഹൃദയമറിഞ്ഞ ഖേദമുണ്ടാകുന്നുവെങ്കില്‍ അത് പശ്ചാത്താപമാണ്. പാപങ്ങള്‍ കഴുകി വൃത്തിയാക്കാനുള്ള ഏക ശുദ്ധജലം പശ്ചാത്താപമാണ്. ഖേദം പശ്ചാത്താപമാണ് എന്ന് നബി തിരുമേനി(സ്വ) അരുളിയിട്ടുമുണ്ട്(ഇബ്‌നു മാജ).

ദാസന്മാരും ദാസിമാരും പാപങ്ങള്‍ ചെയ്യാനും, അതേ മാത്രയില്‍ അവരെ പിടിച്ചു ശിക്ഷിക്കാനും തക്കംപാര്‍ത്തിരിക്കുകയല്ല അല്ലാഹു. അവന്‍ ദയാനിധിയാണ്. കരുണയാണ് അവന്റെ മികച്ച ഗുണമായി പ്രവാചകന്‍ പഠിപ്പിച്ചത്. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥാമാധ്യായം അഹുവിനെ സംബന്ധിച്ച് നല്‍കുന്ന പ്രഥമ വിവരം അല്ലാഹു കാരുണ്യവാനും കരുണാനിധിയുമാണ് എന്നാണ്! തെറ്റുചെയ്തുപോയെങ്കില്‍ കുറ്റബോധമുണ്ടാകണം. പശ്ചാത്തപിക്കണം. മാപ്പിരക്കണം. കരുണ തേടണം. വീണ്ടും തെറ്റിലേക്ക് തെന്നിവീഴാതിരിക്കാന്‍ ജാഗ്രതയുണ്ടാകണം. അതിന് തൗഫീഖ് ലഭിക്കാന്‍ അല്ലാഹുവനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. അല്ലാഹു ഇഷ്ടപ്പെടുന്ന സല്‍കര്‍മ്മകാരികളുടെ മികച്ച സ്വഭാവമായി ഖുര്‍ആന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്.
“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവരാണവര്‍. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍”. (ആലു ഇംറാന്‍: 135)

തെറ്റില്‍ പശ്ചാത്തപിച്ചുകൊണ്ടുള്ള കണ്ണീര്‍ അല്ലാഹുവുമായുള്ള കത്തിടപാടാണ് എന്ന് അബു അലി ദഖാഖ്(റ) പറഞ്ഞിട്ടുണ്ട്. പാപങ്ങളെയോര്‍ത്തുള്ള ദുഃഖം ഉണങ്ങിയ ഇലകളെ കാറ്റ് പൊഴിച്ചിടും പോലെ തെറ്റുകളെ കൊഴിച്ചുകളയും എന്ന് മാലിക് ബ്‌നു ദീനാര്‍(റ)യുടെ പ്രസ്താവനയുണ്ട്. ലുഖ്മാനുല്‍ ഹകീം തന്റെ മകന്നു നല്‍കുന്ന സാരോപദേശം ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്.
“മകനേ, പശ്ചാത്തപിക്കാന്‍ വൈകിക്കരുത്. മരണം ആകസ്മികമായാണ് വന്നെത്തുക. പിന്നീടാകാം പശ്ചാത്താപം എന്ന നിലപാട് ഒരു വ്യക്തിയില്‍ രണ്ടപകടങ്ങളാണുണ്ടാക്കുക. ഒന്ന്, മനസ്സില്‍ പാപത്തിന്റെ ഇരുട്ടുകള്‍ കുന്നുകൂടുകയും ഒരിക്കലും മായ്ക്കാനാകാത്തവിധം അവിടം കറപിടിച്ചു കട്ടിയാകുകയും ചെയ്യും. രണ്ട്, മാരക രോഗമോ മരണമോ ഝടിതിയില്‍ ആസന്നമായാല്‍ പാപങ്ങള്‍ മായ്ചുകളയാനുള്ള വൃത്തയിലേര്‍പ്പെടാന്‍ സാവകാശം ലഭിച്ചേക്കില്ല.

അല്ലാഹു സ്‌നേഹപൂര്‍വ്വം നമ്മെ ഉപദേശിക്കുന്നത് ഖുര്‍ആനില്‍ നിന്ന് നാം വായിച്ചിട്ടില്ലെ? അതിങ്ങനെയാണ്: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം.” (തഹ്രീം: 8)

ജീവിതത്തില്‍ സംഭവിക്കുന്ന പാപങ്ങള്‍ ഭീമമാണ്. അവയ്ക്ക് അല്ലാഹുവില്‍ നിന്ന് മാപ്പു ലഭിക്കാനിടയില്ല എന്ന നിരാശ മുഅ്മിനുകളുടെ മനസ്സില്‍ ഉണ്ടായിക്കൂടാ. അല്ലാഹുവിനെ സംബന്ധിച്ച സദ് വിചാരത്തിലും ശുഭപ്രതീക്ഷയിലുമായിരിക്കണം വിശ്വാസികളെപ്പോഴും. അല്ലാഹു അടിമകള്‍ക്ക് നല്‍കുന്ന സമാശ്വാസം ഖുര്‍ആനിലുണ്ട്.
“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)
ഇതിലുമധികം എന്ത് പ്രത്യാശയും പ്രതീക്ഷയുമാണ് പരമകാരുണികനായ നാഥനില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാനുള്ളത്? പ്രവാചകന്‍ പറഞ്ഞില്ലെ, “അല്ലാഹുവാണ! ഒരു ദിവസം എഴുപതിലധികം പ്രാവശ്യം ഞാന്‍ ഇസ്തിഗ്ഫാര്‍ ചൊല്ലാറുണ്ട്.” (ബുഖാരി). അല്ലാഹുവിന്റെ കരുണയിലുള്ള തികഞ്ഞ പ്രതീക്ഷയിലായിരുന്നു പ്രവാചക തിരുമേനിയുടെ നിത്യജീവിതം എന്നര്‍ത്ഥം.

പ്രിയപ്പെട്ടവരെ, ‘ആദം സന്താനങ്ങള്‍ തെറ്റുചെയ്യുന്നവരാണ്, തെറ്റുചെയ്യുന്നവരില്‍ ഉത്തമന്‍മാര്‍ പശ്ചാത്തപിക്കുന്നവരാണ്’ (ഇബ്നു മാജ) എന്ന പ്രവാചക വചനത്തെ കണക്കിലെടുത്ത്, ആശ്വാസത്തോടെ ജീവിക്കുക. പശ്ചാത്താപവും മാപ്പിരക്കലും ദിനചര്യയാക്കുക. അല്ലാഹുവിന്റെ വാഗ്ദാനത്തില്‍ പരിപൂര്‍ണ്ണമായും മനസ്സുറപ്പിക്കുക.
“പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, പിന്നെ നേര്‍മാര്‍ഗത്തില്‍ നിലകൊള്ളുകയും ചെയ്തവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനത്രെ.” (ത്വാഹ: 82)


Tags :


ഹനീൻ ഹബീബ്