Logo

 

മുല്ലയായ് മുകിലായ് വാർമഴവില്ലായ്

17 February 2021 | Poetry

By

ഭൂമിയെ മുഴുവനും കൈപ്പിടിക്കുള്ളില്‍ തീര്‍ക്കും
ഭാവമായിരുന്നെന്‍റെ നില്‍പ്പിലും നടപ്പിലും
അതിനാണഹോരാത്രം വിയര്‍പ്പില്‍ കുളിച്ചതും
അവയെപ്പുല്‍കാന്‍തന്നെ ധൃതിയില്‍ ചലിച്ചതും

പലതും കിട്ടി, എങ്കില്‍ പലതും കൈവിട്ടുപോയ്
ചിലതിന്നരികത്തേക്കെത്തുവാനിന്നും വയ്യ
ജീവിതം ആഹ്ലാദത്തിന്‍ തേരിലേറുവാനത്രെ
ഈവിധമധ്വാനിച്ചു, കാര്യമെ,ന്തഴല്‍മാത്രം!

തൃപ്തമല്ലൊന്നും വേണമിനിയും, കൂടെക്കൂടെ;
ഹൃത്തിലെ മോഹത്തിര ആഞ്ഞടിക്കുന്നൂ നിത്യം!
സംസാര സമുദ്രത്തിലെത്രയൂളിയിട്ടാലും
സര്‍വതും വലയിട്ടുപിടിക്കാന്‍ നമുക്കാക!

എന്നു ഞാനറിയുമീ സത്യ,മന്നാണീ മണ്ണില്‍
മന്നനുമരയനുമൊന്നെന്ന ബോധംവരൂ,
സമ്പത്തിന്‍ നികുഞ്ജത്തില്‍ കയ്യിട്ടുവാരിക്കൂട്ടാന്‍
വെമ്പുമെന്‍മനസ്സിനെ പിടിച്ചു കെട്ടാന്‍ പറ്റൂ

മാനവമൂല്യങ്ങളില്‍ മാലിന്യം കലര്‍ത്തുമെന്‍
മനസ്സില്‍ കുടികൊള്ളുമഹങ്കാരങ്ങള്‍ തീരൂ,
സ്നേഹനൂലിഴ ചേര്‍ക്കുമലിവും കരുണയും
കിനിയൂ, വിനയമെന്‍ യാത്രയില്‍ കൂടെച്ചേരൂ!

ആറടി മണ്ണിന്‍ മാത്രം ജന്മികള്‍ നാമെന്തിന്നായ്
വീറോടെ പോരാടണം ക്ഷിതിയില്‍ കിതപ്പോടെ!
ഭൂമിയില്‍ മുഴുവനും കയ്യെത്തിപ്പിടിക്കുവാന്‍
കാമിപ്പതെന്തിന്നുനാം വെറുതെ ശാഠ്യത്തോടെ!

പോകുമീധനച്ചാക്കും സംസാരസുഖങ്ങളും
പാതിയിലുപേക്ഷിച്ചു നമ്മളൊക്കെയും, കൂടെ-
പ്പോരികില്ലാരും സ്വന്തമിണയും മക്കള്‍പോലും
തരുകില്ലൊരു തരി ധനവും സ്നേഹത്തോടെ!

ആകയാലനുദിനമുള്ളതില്‍ സന്തോഷിപ്പിന്‍,
ഭോഗങ്ങള്‍വരും പോകും, ദുരയെയുപേക്ഷിപ്പിന്‍
ഈശ്വരകൃപക്കൊത്തേ സര്‍വ്വതും കയ്യില്‍ വരൂ
നശ്വര ലോകത്തത്രെ ജീവിതം; ആലോചിപ്പിന്‍!

സുഗന്ധം പരത്തുന്ന മുല്ലയായ്, തഴുകുന്ന
മുകിലായ്, വര്‍ണ്ണംതീര്‍ക്കും വാര്‍മഴവില്ലിന്‍തെല്ലായ്
ജീവിതം മനോഹരമാക്കുവാനാകട്ടെനാ-
മാവതും മഹിയിതില്‍ മേവുവതനുദിനം


Tags :


കബീർ എം. പറളി