Logo

 

ദിക്റിനാൽ നനവാർന്ന നാവുകൾ

11 February 2021 | സാരസാഗരം

By

കടലിരമ്പുന്നതും കാറ്റു മൂളുന്നതും
കിളികള്‍ പാടുന്നതും അരുവി മൊഴിയുന്നതും അല്ലാഹുവിന്റെ കീര്‍ത്തനങ്ങളാണ്.
“ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക് നിവര്‍ത്തിപ്പിടിച്ചു കൊണ്ട് പക്ഷികളും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു” (അന്നൂര്‍/41) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്.
പ്രകീർത്തനങ്ങൾ മനസ്സിൻ്റെ പ്രകാശമാണ്. നന്ദിയുടെ പ്രകടനമാണ്. സൃഷ്ടികർത്താവിനോടുള്ള വിധേയത്വത്തിൻ്റെ മൂർത്തരൂപമാണ്.
പ്രകീർത്തനങ്ങൾ പ്രാർത്ഥനയാണ്. പ്രതീക്ഷയാണ്. ഹൃദയശാന്തിയേകുന്ന ഔഷധമാണ്. പവിത്രമായ അമലാണ് ദിക്ർ. മുഅ്മിനിലെ വിശുദ്ധമായൊരു കർമ്മം. അടിമകളിൽ നിന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ആരാധന.

അബുദ്ദർദാഅ്(റ) നിവേദനം ചെയ്യുന്ന ഒരു പ്രവാചക മൊഴിയുണ്ട്. തിരുമേനി(സ്വ) അരുളുകയുണ്ടായി:
“സ്വഹാബികളേ, നിങ്ങൾക്ക് ഞാനൊരു പ്രവൃത്തി പഠിപ്പിച്ചുതരട്ടെ:
നിങ്ങളനുഷ്ഠിക്കുന്ന പ്രവർത്തനങ്ങളിൽ ഉത്തമമായതാണത്.
നിങ്ങളുടെ രക്ഷിതാവിങ്കൽ പവിത്രമായതാണത്.
നിങ്ങൾക്ക് ലഭിക്കാവുന്ന പദവികളിൽ ഏറ്റവും ഉന്നതമായതാണത്.
സ്വർണ്ണവും പണവും ചെലവഴിക്കുന്നതിനേക്കാൾ ഉൽകൃഷ്ടമായതാണത്.ശത്രുവിനോട് നേർക്കുനേർ നിന്ന് യുദ്ധം ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠമായതാണത്.”
സ്വഹാബികൾ പറഞ്ഞു: “പഠിപ്പിച്ചു തന്നാലും പ്രവാചകരേ.”
തിരുനബി(സ്വ) പറഞ്ഞു: “ദിക്റുല്ലാഹ് അഥവാ അല്ലാഹുവിനുള്ള പ്രകീർത്തനം.” (തിർമിദി)

അല്ലാഹുവിന് സ്തുതിപാടുക. അല്ലാഹുവിനെ യഥാവിധം അറിഞ്ഞ ഒരു അടിമയ്ക്കു മാത്രമേ നിർലോപം അവൻറെ ദിക്റുകൾ ചൊല്ലാൻ കഴിയുകയുള്ളൂ. അവൻ്റെ
കാരുണ്യം, അവനിലെ അലിവ്, അവൻ നൽകിക്കൊണ്ടിരിക്കുന്ന അളവറ്റ അനുഗ്രഹങ്ങൾ, അവൻ്റെ സാമീപ്യം, പ്രാർത്ഥിച്ചോളൂ ഞാൻ നിങ്ങൾക്ക് നൽകിക്കോളാം എന്ന അവൻറെ വാഗ്ദാനം, ജീവിത പ്രയാണത്തിൽ അറിയാതെ ലഭ്യമായിക്കൊണ്ടിരിക്കുന്ന അവൻറെ കരുതലുകൾ കൈത്താങ്ങുകൾകൈത്താങ്ങുകൾ.അങ്ങനെയങ്ങനെ ദയാനിധിയായ അല്ലാഹുവിനെക്കുറിച്ചുള്ള അറിവുകൾ ഏതൊരു ദാസനേയും ദാസിയേയും തൻറെ രക്ഷിതാവിനെയോർത്ത് ഹൃദയപൂർവ്വം സ്തുതിവാക്കുകളുരുവിടാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും.

പ്രവാചക തിരുമേനി ഒരിക്കൽ സ്വഹാബികളോടൊപ്പം മക്കൻ പ്രാന്തത്തിലൂടെ നടക്കുകയായിരുന്നു. ജുംദാൻ എന്ന പർവ്വതത്തിനരികിലെത്തിയപ്പോൾ അവിടുന്നു പറഞ്ഞു: “മുഫർരിദുകൾ മത്സരത്തിൽ വിജയിച്ചിരിക്കുന്നു.” സ്വഹാബികൾ ചോദിച്ചു: ‘ആരാണ് റസൂലേ, മുഫർരിദുകൾ?’ തിരുനബി(സ്വ) പറഞ്ഞു: “അല്ലാഹുവിനെ ധാരാളമായി ഓർത്തുകൊണ്ടിരിക്കുന്ന സ്ത്രീകളും പുരുഷൻമാരുമാണ് അവർ.” (മുസ്ലിം)
അല്ലാഹുവിനെ ധാരാളമായി ഓർത്തുകൊണ്ടിരിക്കുന്ന സ്ത്രീകളും പുരുഷൻമാരും! പ്രിയപ്പെട്ടവരെ, അവരിലാണ് നമ്മളും ഉൾപ്പെടേണ്ടത്. അങ്ങനെയാണ് നാം മത്സരവിജയികളായിത്തീരേണ്ടത്. എന്തുകൊണ്ടെന്നല്ലെ? അല്ലാഹുവിൻ്റെ വചനം വായിച്ചു നോക്കുക: “ധാരാളമായി അല്ലാഹുവെ ഓര്‍മിക്കുന്നവരായ പുരുഷന്‍മാര്‍, സ്ത്രീകള്‍ – ഇവര്‍ക്ക് തീര്‍ച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു.” (അഹ്‌സാബ്: 35)

വിനയാന്വിതരായ തൻറെ ദാസന്മാരോടുള്ള അല്ലാഹുവിൻ്റെ കൽപനയാണ് തന്നെ ഓർത്തുകൊണ്ട് പ്രകീർത്തനങ്ങളിൽ മുഴുകണമെന്നത്. അല്ലാഹുവിനെ ഓർക്കുന്നതു മുഖേനയാണ് നമ്മുടെയൊക്കെ ഹൃദയത്തിന് യഥാർത്ഥമായ ശാന്തിസമാധാനങ്ങൾ കൈവരുന്നത്. എന്തു കൊണ്ടെന്നാൽ, അവനല്ലെ, അവൻ മാത്രമല്ലെ നമ്മുടെ സ്രഷ്ടാവ്, പരിപാലകൻ, കാരുണ്യവാൻ, അഭയസ്ഥാനം, ഭരമേൽക്കാൻ അനുഗുണൻ! അല്ലാഹു പറഞ്ഞു: “അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅദ്: 28)

‘അല്ലാഹുവിന്റെ ദിക്‌റിലൂടെ ആസ്വദിക്കുന്നത്ര അനുഗ്രഹാനുഭൂതി മറ്റൊന്നില്‍ നിന്നും ഒരാള്‍ക്കും അനുഭവിക്കാനാകില്ല’ എന്ന് മാലിക് ബ്‌നു ദീനാര്‍ പറഞ്ഞിട്ടുണ്ട്. ‘ദുനിയാവിലൊരു സ്വര്‍ഗ്ഗമുണ്ട്; അതില്‍ പ്രവേശിക്കാന്‍ സാധിക്കാത്തവന് പരലോകത്തിലെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക സാധ്യമല്ല. അല്ലാഹുവിനോടുള്ള സ്‌നേഹവും അവന്നുള്ള പ്രകീര്‍ത്തനങ്ങളുമാണ് ദുനിയാവിലെ സ്വര്‍ഗ്ഗം.’ ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയയുടെ പ്രസ്താവനയാണിത്. ‘മത്സ്യത്തിന് ജലമെന്ന പോലെ അനിവാര്യമാണ് ഹൃദയത്തിന് ദിക്റുകൾ’ എന്ന് അദ്ദേഹം തന്നെ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്.

എത്രയെത്ര ദിക്റുകളാണ് പ്രവാചക ശ്രേഷ്ഠൻ നമുക്ക് പഠിപ്പിച്ചു തന്നിരിക്കുന്നത്! എല്ലാം തിരുമേനി(സ്വ)യുടെ ജീവിതത്തിൽ സദാ ശീലമാക്കിയവയാണ്. സ്വയം ചെയ്യാത്തതൊന്നും അവിടുന്ന് നമ്മോട് കൽപിക്കാറില്ലായിരുന്നു. അല്ലാഹുവിനെ എപ്പോഴും ഓർത്തുകൊണ്ടിരിക്കുന്ന ഹൃദയം, അവനെ നിർബാധം സ്തുതിച്ചു കൊണ്ടിരിക്കുന്ന ചുണ്ടുകൾ, അവനെയോർത്ത് ധാരാളം കണ്ണീരൊഴുക്കുന്ന കണ്ണുകൾ. ഇവയൊക്കെയും പ്രവാചക ശ്രേഷ്ഠന്നു മാത്രം സ്വന്തമായിരുന്നു.

പ്രിയപ്പെട്ടവരെ, നമ്മുടെ നാഥനെ നമുക്കും ഓർക്കാം, പ്രകീർത്തിക്കാം. സ്തോത്ര കീർത്തനങ്ങളാൽ അല്ലാഹുവിൻ്റെ സാമീപ്യം നേടാം. നമ്മുടെയൊക്കെ ജീവിതത്തിൽ സൽകർമ്മങ്ങൾ അധികമില്ലായിരിക്കാം. പക്ഷെ, ദിക്റുകൾക്ക് അവാച്യമായ കനമുണ്ടെന്ന് മനസ്സിലാക്കുക. അബൂഹുറയ്റ(റ) നിവേദനം ചെയ്ത ഒരു ഹദീഥ് വായിച്ചാൽ നമുക്കത് ബോധ്യമാകും. പ്രവാചകനരുളുകയുണ്ടായി:
“രണ്ടു വാക്കുകളുണ്ട്:
നാവിനു മൊഴിയാൻ എളുപ്പമാണ്.
മീസാനിൽ ഭാരമേറുന്നതാണ്.
റഹ്മാനായ റബ്ബിന് പ്രിയമുള്ളവയാണ്:
സുബ്ഹാനല്ലാഹി വബി ഹംദിഹി
സുബ്ഹാനല്ലാഹില്‍ അളീം” (ബുഖാരി, മുസ്ലിം)

മറ്റൊരു ഹദീഥുണ്ട്. നമ്മെയത് തീർച്ചയായും ചിന്തിപ്പിക്കും. അബ്ദുല്ലാഹി ബ്നു ബിഷ്ർ(റ) നിവേദനം. റസൂൽ(സ്വ)യുടെ അടുക്കൽ ഒരു സ്വഹാബി വന്നു കൊണ്ടു പറഞ്ഞു: റസൂലെ, അനുഷ്ഠാനങ്ങൾ ഒരുപാട് ചെയ്യാൻ എനിക്കാകുന്നില്ല. ജീവിതത്തിൽ സ്ഥിരമായി പാലിക്കാനാകുന്ന ഒരു കർമ്മം എനിക്കു പഠിപ്പിച്ചു തരുമൊ? തിരുനബി(സ്വ) അയാളോട് പറഞ്ഞു: അല്ലാഹുവിൻറെ ദിക്റിനാൽ നിൻറെ നാവിനെ സദാ നനച്ചുനിർത്തുക. (തിർമിദി)


Tags :


ഹനീൻ ഹബീബ്