Logo

 

ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി: ‌യാത്രയായത്‌ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥി

16 July 2018 | Reports

By

പുത്തൻതെരു (താനാളൂർ): കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ധൈഷണിക സാരഥിയായിരുന്നു ഇന്ന് ഇവിടെ മരണപ്പെട്ട ചെറിയമുണ്ടം അബ്ദുൽ ഹമീദ്‌ മദനി (1944-2018). യുഗപ്രഭാവനായ പണ്ഡിതനെയും ചിന്തകനെയും എഴുത്തുകാരനെയുമാണ്‌ മുസ്‌ലിം കൈരളിക്ക്‌ ചെറിയമുണ്ടത്തിന്റെ വേർപ്പാടിലൂടെ നഷ്ടമാകുന്നത്‌. കെ. എൻ. എം ജനറൽ സെക്രട്ടറി കെ. പി. മുഹമ്മദ്‌ മൗലവിയുമായുള്ള സമ്പർക്കവും പുളിക്കൽ മദീനതുൽ ഉലൂം അറബിക്‌ കോളജിലെ പഠനവും വഴി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ പ്രബോധനപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിത്തുടങ്ങിയ അബ്ദുൽ ഹമീദ്‌ മൗലവി ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിക്കൊണ്ടാണ്‌ വിടവാങ്ങുന്നത്‌.

മാർക്സിസ്റ്റുകൾക്കും യുക്തിവാദികൾക്കും ഇസ്‌ലാമിക പക്ഷത്തുനിന്ന് ശക്തമായ ദാർശനിക മറുപടികൾ നൽകി കെ സി അബൂബക്‌ർ മൗലവിക്കും ഡോ എം ഉഥ്മാൻ സാഹിബിനും ശേഷം കേരളത്തിലെ സലഫീ പരിസരത്തുനിന്നുള്ള ചിന്താപ്രഭാവമായി ജ്വലിച്ച ചെറിയമുണ്ടം, ശരീഅത്ത്‌ വിവാദകാലത്ത്‌ സമുദായത്തിന്റെ ബൗദ്ധികാവലംബങ്ങളിൽ ഒന്നായി നിന്നു. സുന്നികൾക്കും മുജാഹിദുകൾക്കും ഇടയിൽ നടന്ന അവസാനത്തെ പരസ്യവാദപ്രതിവാദമായ കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ്‌ പക്ഷത്തിന്റെ പ്രധാന പ്രസംഗകരിൽ ഒരാളായി തൗഹീദ്‌ സംബന്ധമായ നിലപാടുകൾ വിശദീകരിച്ചു. അറബി ഭാഷാ പഠനസഹായികൾ രചിച്ചുകൊണ്ടാണ്‌ എഴുത്തുരംഗത്ത്‌ എത്തിയത്‌.

ഗവൺമന്റ്‌ സ്കൂളിലെ അധ്യാപന ജോലി വേണ്ടെന്നുവെച്ച്‌ രചനാരംഗത്ത്‌ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്‌ അബ്ദുൽ ഹമീദ്‌ മദനി ചെയ്തത്‌. ശബാബ്‌ വാരികയിൽ മദനി സേവനമാരംഭിച്ചത്‌ പത്രത്തിന്റെ മുഖഛായ തന്നെ മാറ്റി. ലേഖനങ്ങൾക്കു പുറമെ ഹമീദ്‌ മൗലവി പേരു വെക്കാതെ എഴുതിയ പത്രാധിപക്കുറിപ്പുകളും ‘മുസ്‌ലിം’ എന്ന പേരിൽ ‘മുഖാമുഖം’ പംക്തിയിൽ ചോദ്യങ്ങൾക്ക്‌ നൽകിയ മറുപടികളുമാണ്‌ ശബാബിനെ ശ്രദ്ധേയമായ ഒരു ഇസ്‌ലാമിക വാരികയാക്കി വളർത്തുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചത്‌. ഭൗതികവാദികളുടെ മതവിമർശനങ്ങൾക്ക്‌ മുതൽ ഇതര മുസ്‌ലിം സംഘടനകളുടെ മുജാഹിദ്‌ വിമർശനങ്ങൾക്കും വായനക്കാരുടെ കർമ്മശാസ്ത്ര സംശയങ്ങൾക്കും വരെ ഒരേ ഒഴുക്കിൽ ശക്തവും വ്യക്തവും കൃത്യവും ഹൃസ്വവുമായ മറപടികൾ നൽകി മുഖാമുഖം വലിയ ഓളങ്ങൾ ഉണ്ടാക്കി. മൗലവിയുടെ പത്രാധിപക്കുറിപ്പുകളും മുഖാമുഖം മറുപടികളും പുസ്തകങ്ങളായപ്പോൾ വലിയ സ്വീകാര്യതയാണ്‌ വായനക്കാർക്കിടയിൽ ലഭിച്ചത്‌.

കേരളത്തിലെ മുജാഹിദ്‌-ജമാഅത്ത്‌ സംവാദങ്ങളുടെ ഏറ്റവും പ്രബുദ്ധമായ ഒരു കാലത്തെ മുജാഹിദ്‌ പക്ഷത്തുനിന്ന് നയിച്ചത്‌ ചെറിയമുണ്ടം ആണ്‌. കെ. പി. മുഹമ്മദ്‌ മൗലവിയും കെ സി അബ്ദുല്ലാഹ്‌ മൗലവിയും തമ്മിൽ ‘ഇബാദത്ത്‌’ വിഷയത്തിൽ നടന്ന തൂലികാ സംവാദങ്ങളെ വിശകലനം ചെയ്തുകൊണ്ട്‌ കെ സിയെ വിമർശിച്ച്‌ ചെറിയമുണ്ടം എഴുതിയ ‘ഇബാദത്ത്‌: വീക്ഷണങ്ങളുടെ താരതമ്യം’ എന്ന പുസ്തകം ഒരു നാഴികക്കല്ലായി മാറി. ശബാബിലെ ‘മുഖാമുഖ’ത്തിൽ ‘ഇസ്‌ലാമിസ്റ്റുകളെ’ വിമർശിച്ചും ‘സലഫികളെ’ സമർത്ഥിച്ചും ഹമീദ്‌ മൗലവി എഴുതിയ തീപ്പൊരി മറുപടികൾ മുജാഹിദുകൾക്കിടയിലെന്ന പോലെ ജമാഅത്തുകാർക്കിടയിലും വ്യാപകമായി വായിക്കപ്പെട്ടു.

വിശുദ്ധ ക്വുർആനിന്‌ ചെറിയമുണ്ടം ഒറ്റവോള്യത്തിൽ തയ്യാറാക്കിയ സമ്പൂർണ്ണ പരിഭാഷ യുവതയുടെയും നിച്ച്‌ ഓഫ്‌ ട്രൂത്തിന്റെയും സുഊദി സർക്കാറിന്റെയും പതിപ്പുകൾ വഴി വൻ ജനകീയതയാണ്‌ കൈവരിച്ചത്‌. ശബാബിനു പുറമെ സ്നേഹസംവാദം, അൽമനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും എഴുതി. മൗലികവും ശുദ്ധവുമായ മലയാള എഴുത്തു ശൈലി മതപണ്ഡിതന്മാർക്കിടയിൽ ചെറിയമുണ്ടത്തെ വ്യത്യസ്തനാക്കി. ഇംഗ്ലീഷ്‌, അറബി ഭാഷകളിൽ വ്യുൽപത്തി ഉണ്ടായിരുന്നു. രണ്ട്‌ ഭാഷകളിൽ നിന്നും ഇസ്‌ലാമിക കൃതികൾ മലയാളത്തിലേക്ക്‌ മൊഴിമാറ്റം നടത്തിയിട്ടുണ്ട്‌. പ്രമാണങ്ങളോടുള്ള കലർപ്പില്ലാത്ത പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ മതനിലപാടുകളുടെ അന്തസത്ത. നബിചര്യയെ അതിന്റെ എല്ലാ സൂക്ഷ്മതലങ്ങളിലും കണിശമായി പിന്തുടരാനും പ്രബലമായ ഹദീഥുകളെ സംശയിക്കാതിരിക്കാനും ചെറിയമുണ്ടത്തിന്റെ നാവും തൂലികയും എപ്പോഴും ഉദ്ബോദിപ്പിച്ചു. 2002ലെ മുജാഹിദ് പിളർപ്പിൽ നിഷ്പക്ഷത പുലർത്തുകയും ഐക്യശ്രമങ്ങൾക്ക്‌ മുൻകൈ എടുക്കുകയും ചെയ്തു. ശാസ്ത്രവും ആരോഗ്യവും ഇഷ്ട വായനാവിഷയങ്ങൾ ആയിരുന്നു. തീവ്രവാദത്തോടും ഭീകരവാദത്തോടും യുക്തിഭദ്രമായി പോരാടി.

ഏതാനും മാസങ്ങളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്ത്‌ മണിക്കാണ്‌ ജനാസ നമസ്കാരം.


Tags :


mm

Admin