Logo

 

പ്രബോധന പാതയിൽ സ്വയം സമർപ്പിക്കുക

11 May 2020 | Essay

By

മക്കയിലെ മസ്ജിദുൽ ഹറമിൽ ഒരു വക്‌ത് നമസ്കാരത്തിന് ഒരു ലക്ഷം കൂലിയാണ്. മദീനയിലെ മസ്ജിദുന്നബവിയിൽ ഒരു വക്തിന് ആയിരം കൂലി. ഖുദുസിലെ മസ്ജിദുൽ അഖ്സയിലാണെങ്കിൽ  അഞ്ഞൂറ് കൂലി. ഈ പ്രതിഫലങ്ങളെല്ലാം സ്വഹാബത്തിനെ പഠിപ്പിച്ചത് നബി(സ)യാണ്. (സ്വഹീഹ് മുസ്‌ലിം കിതാബുൽ ഹജ്ജ്, ഹദീസ് നമ്പർ :1394)

ഇനി നാം ഇസ്‌ലാമിക ചരിത്രത്തിലേക്ക്‌ വരിക. ലക്ഷക്കണക്കിന് സ്വഹാബാക്കൾ മക്കയിലും മദീനയിലുമായി ഉണ്ടായിരുന്നല്ലോ. എന്നാലിന്ന് പതിനായിരത്തിന് താഴെ സ്വഹാബത്തിന്റെ ഖബർ മാത്രമേ   നമുക്കവിടെ കാണാൻ കഴിയുന്നുള്ളൂ. എങ്കിൽ പിന്നെ ബാക്കിവരുന്ന പ്രവാചകനുചരന്മാരുടെ ഖബറിടങ്ങൾ എവിടെപ്പോയി?!

ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് അതുള്ളത്.
അവരവിടങ്ങളിൽ വെച്ച് മരണമടഞ്ഞത് കൊണ്ടാണല്ലോ അങ്ങനെ സംഭവിച്ചത്.

മക്കയിലും മദീനയിലുമായി ജീവിച്ച സ്വഹാബാക്കളിലെ വലിയ ശതമാനം എങ്ങനെ വിത്യസ്ത നാടുകളിലേക്കെത്തിപ്പെട്ടു?!

എന്തിനാണവർ മക്കയും മദീനയും വിട്ട് പോയിട്ടുണ്ടാവുക?
മക്കയിൽ വല്ല പ്രകൃതി പ്രക്ഷോഭങ്ങളും സംഭവിച്ചപ്പോൾ അവർ പലായനം ചെയ്തതാവുമോ?
മദീനയെക്കാൾ നല്ല താമസ സൗകര്യമോ ഭക്ഷണ സൗകര്യമോ അയൽ രാജ്യങ്ങളിലുണ്ടെന്ന് കരുതി അവിടേക്ക് താമസം മാറിയതാവുമോ?

അല്ല. സ്വഹാബാക്കൾ തീർത്ത വിപ്ലവത്തിന്റെ കഥകൾ വായിച്ചാൽ അവർ മറുനാടുകളിലേക്ക് പോയതിന്റേയും അവിടെ തന്നെ മരണമടഞ്ഞതിന്റേയും കാരണങ്ങൾ മേൽ പറയപ്പെട്ടതൊന്നുമായിരുന്നില്ല എന്ന് വ്യക്തമാവും.

ഹജ്ജത്തുൽ വിദാഅ്ന്റെ വിടവാങ്ങൽ പ്രസംഗ സമയത്ത്  ഒന്നേകാൽ ലക്ഷത്തോളം വരുന്ന സ്വഹാബത്തിനെ സാക്ഷി നിർത്തി നബി(സ) നൽകിയ അതുല്യമായ ഉപദേശങ്ങളുടെ കൂട്ടത്തിലെ കനപ്പെട്ട ഒന്നായിരുന്നല്ലോ “ഹാജറുള്ളവർ ഹാജറില്ലാത്തവരിലേക്ക്‌ ഈ സത്യത്തിന്റെ സന്ദേശം എത്തിച്ച് കൊടുക്കുക എന്ന നിർദേശം.”

തിരുനാവിൽ നിന്നും അത് വീണ്കിട്ടാൻ നേരം തങ്ങളുടെ കുതിരകളും കഴുതകളും ഒട്ടകങ്ങളും  എവിടേക്കാണോ തിരിഞ്ഞ് നിൽക്കുന്നത് അവിടങ്ങളിലേക്ക്‌ ഇസ്‌ലാമിക പ്രബോധനത്തിന്റെ ബാധ്യത തിരിച്ചറിഞ്ഞ് അതിന്റെ നിർവഹണത്തിനായി സ്വഹാബത്ത് യാത്രതിരിക്കുകയാണുണ്ടായത്.

ഒരു പക്ഷേ ഇന്ന് ഞാനും നിങ്ങളുമെല്ലാം അനുഭവിച്ചാസ്വദിക്കുന്ന 
ഇസ്‌ലാമെന്ന മാധുര്യത്തിന്റെ കാരണക്കാർ ഈ പറയപ്പെട്ട സ്വഹാബാക്കൾ തന്നെയായിരിക്കും.

ഒരു ചരിത്ര സംഭവം നോക്കുക.

അറ്റ്ലാന്റിക് സമുദ്രത്തിലെ  ആർത്തലച്ചുയരുന്ന കടൽ തിരമാലകളെ നോക്കി മഹാനായ ഉക്‌ബത്ത് ബിനു നാഫിഅ് (റ) നടത്തിയ ഒരു സംസാരം ചരിത്രത്തിലുണ്ട്. അദ്ദേഹം പറഞ്ഞു: അല്ലയോ കടലേ നിനക്കപ്പുറത്തൊരു നാടുണ്ടായിരുന്നുവെങ്കിൽ അവിടെ മനുഷ്യവാസമുണ്ടാവുമെങ്കിൽ ഞാനവിടേക്ക്‌ വന്ന് അവിടുത്ത്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുമായിരുന്നു
(കിതാബു അൽ കാമിലു ഫീ ത്താരീഖ് : ഇബ്നു അസീർ അൽ ജസരി)

ഈ ചരിത്രം വായിക്കുമ്പോൾ നാം ഓർക്കണം. ഉക്‌ബത്ത് ബിനു നാഫിഅ് (റ) ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ  മുന്നിൽ അറ്റ്ലാന്റിക്കിനപ്പുറത്തേക്ക് എത്തിപ്പെടാനുള്ള ഒരു കൈവഞ്ചി പോലുമില്ല എന്ന വസ്തുത. ഇനി അദ്ദേഹം അവിടെ എത്തിപ്പെട്ടാൽ തന്നെ അവിടെ ജനവാസമുണ്ടോ എന്നും അറിയില്ലല്ലോ. എന്നിട്ടും ഉക്‌ബത്ത് ബിനു നാഫിഅ് (റ)പറയുന്നു ഞാൻ അവിടുത്ത്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുമെന്ന്. ആ ബാധ്യതാ നിർവഹണത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയാണ് ഈ ചരിത്രസംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്.

സ്വാഹാബാക്കളെല്ലാം അങ്ങനെയായിരുന്നു.
ഇനി നാം നമ്മിലേക്കൊന്ന് നോക്കുക. ആകാശത്തിനു താഴെ ഭൂമിക്ക് മുകളിൽ നമുക്കും ചെയ്യാവുന്ന ഏറ്റവും മഹത്തരമായ ഒരു ജീവകാരുണ്യ പ്രവർത്തനമാണ് ഇസ്‌ലാമിക പ്രബോധനം എന്നത്. മരണാനന്തര ലോകത്ത് കത്തിയാളുന്ന നരകത്തീയ്യിലെ വിറകാകാൻ കാരണമാവുന്ന ശിർക്കെന്ന കൊടും പാതകത്തിൽ നിന്ന് മനുഷ്യകുലത്തെ തിരിച്ച് വിളിക്കാനും സുഗാനുഭൂതികളുടെ സ്വർഗപ്പൂങ്കാവനത്തിലേക്ക്‌ അവരെ ക്ഷണിക്കാനും കഴിയുക എന്നത് ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമല്ലാതെ പിന്നെന്താണ്?

ഭക്ഷണത്തിലേക്കോ മറ്റോ ആളുകളെ ക്ഷണിക്കുക വിളിക്കുക എന്നൊക്കെയാണ് ദഅ്‌വത്ത്‌ എന്ന അറബി പദത്തിന്റെ ഭാഷാർഥം. എന്നാൽ സാങ്കേതികമായി ആ പദം കൊണ്ട് അർത്ഥമാക്കുന്നത് ആല്ലാഹു തൃപ്തിപ്പെട്ട മതത്തിലേക്ക് ആളുകളെ ക്ഷണിക്കുക വിളിക്കുക എന്നൊക്കെയാണ്.

ഇസ്ലാമാണ് മോക്ഷത്തിന്റെ രാജപാത എന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഒരു യഥാർത്ഥ വിശ്വസിക്കെങ്ങനെയാണ് അമുസ്ലിമായ തന്റെ സുഹൃത്തിനെ ഇസ്‌ലാമാകുന്ന സത്യപന്താവിലേക്ക്‌ ക്ഷണിക്കാതിരിക്കാനാവുക. വിശിഷ്യാ അതൊരു ഭാരിച്ച ഉത്തരവാദിത്തം കൂടിയാകുമ്പോൾ.

അറിയുക, ദഅവത്ത് എന്നത് പ്രബോധിത സമൂഹത്തിന് നാം നൽകുന്ന ഔദാര്യമല്ല. മറിച്ച് അവർക്ക് നമ്മിൽ നിന്നും ലഭിക്കേണ്ട അവകാശമാണ്.

അല്ലാഹു പറയുന്നു: “യുക്തി ദീക്ഷയോട് കൂടിയും സദുപദേശം മുഖേനയും നിന്റെ രക്ഷിതാവിന്റെ മാർഗത്തിലേക്ക് നീ (ജനങ്ങളെ) ക്ഷണിക്കുക… (ഖുർആൻ 16:125)

ഈ വചനത്തിലെ ഹിക്മത്തെന്ന (യുക്തിദീക്ഷ) പ്രയോഗത്തെ  വിശദീകരിച്ച് കൊണ്ട് മഹാനായ പണ്ഡിതൻ ശൈഖ് അബ്ദുൽ അസീസ് അബ്ദുല്ലാഹിബിനു ബാസ് (റ) പറയുന്നു : സത്യത്തെ വെളിപ്പെടുത്തുകയും അസത്യത്തെ തകർത്ത് കളയുകയും ചെയ്യുന്ന സുവ്യക്തമായ തെളിവ്.അതാണ് ഹിക്മത്ത്.
(അദ്ദഅവത്തു ഇലള്ളാഹി വ അഖ്ലാക്കുദ്ദുആത്ത് : ഷെയ്ഖ് ഇബ്നു ബാസ് (റ) പേജ്: 25)

ആകാശത്തിനു താഴെ ഭൂമിക്ക് മുകളിൽ നമുക്ക് ചെയ്യാവുന്ന ഏറ്റവും ഉത്തമമായ ഒരു ജോലിയാണ് യഥാർത്ഥത്തിൽ ഇസ്ലാമിക പ്രബോധനം എന്നത്.
അല്ലാഹു പറയുന്നു : “അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും തീർച്ചയായും ഞാൻ മുസ്ലീങ്ങളുടെ കൂട്ടത്തിലാകുന്നു എന്ന് പറയുകയും ചെയ്തവനേക്കാൾ ഉത്തമമായ വാക്ക് പറയുന്നവൻ മറ്റാരുണ്ട്”. (ഖുർആൻ 41:33)

ദഅവത്ത് നിർവഹിക്കുമ്പോൾ പരീക്ഷണങ്ങൾ സ്വാഭാവികമാണ്. ശക്തമായ എതിർപ്പുകളും സമൂഹത്തിൽ നിന്നുള്ള ഒറ്റപ്പെടലുകളും  പ്രബോധനത്തിന്റെ ഭാഗം തന്നെയാണ്.വലയിൽ കുടുങ്ങിയ ഒരു പൂച്ചകുഞ്ഞിനെ നാം രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ആ പൂച്ചക്കുഞ്ഞ് നമ്മുടെ കൈക്ക്‌ മാന്തുന്നു. നമ്മളതിന്റെ രക്ഷകനായിട്ട്‌ കൂടി.

ദൈവീക മാർഗദർശനത്തിൽ നിന്നും ഏകദൈവ വിശ്വാസത്തിൽ നിന്നും  അവയിലധിഷ്ഠിതമായ ഏകദൈവാരാധനയിൽ നിന്നും മനുഷ്യർ വഴിപിഴച്ച് പോകുമ്പോൾ അതിന്റെ അനന്തരഫലമായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരാൾ എന്ന നിലക്ക്‌ നമുക്കെങ്ങിനെയാണ് പീഢനങ്ങൾ സഹിക്കേണ്ടി വന്നാലും ദഅവത്തെന്ന മഹത്തായ കർത്തവ്യത്തിൽ നിന്ന് പിന്മാറാനാവുക?

ഒരു ചരിത്രസംഭവം വിശദീകരിക്കാം.
മക്കയിൽ പരസ്യ പ്രബോധനം ആരംഭിക്കുന്നതിന് മുൻപ് മക്കയിലേക്ക് കടന്ന് വന്ന് ഇസ്‌ലാമിനെക്കുറിച്ച് പഠിച്ച് മനസ്സിലാക്കി നബിസന്നിധിയിൽ വന്ന് ഇസ്‌ലാം സ്വീകരിച്ച മഹാനായ സ്വഹാബിയായിരുന്നു ഉർവത്ത് ബിനു മസ്‌ഊദ്‌ അസ്സഖഫി(റ).

നബിയിൽ നിന്ന് ദീൻ പഠിച്ച് തിരുനാവിൽ നിന്ന് തന്നെ നേരിട്ട് സാക്ഷ്യവചനം ഏറ്റ്‌ ചൊല്ലിയ അദ്ദേഹം തന്റെ നാട്ടിലേക്ക് തിരിച്ച് പോകാനൊരുങ്ങുമ്പോൾ നിഷ്കളങ്കമായി നബിയോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അതിങ്ങനെയാണ് : നബിയേ ഞാനെന്റെ നാട്ടിൽ ചെന്ന് എന്റെ ഇസ്‌ലാമാശ്ശേഷണം പ്രഖ്യാപിക്കുകയും അവിടുത്ത്കാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതിൽ താങ്കളുടെ അഭിപ്രായമെന്താണ്? കേട്ടപാടെ നബി(സ)പ്രതികരിച്ചു. ഉർവത്തേ അവർ നിന്നെ കൊന്നുകളയും. ഉടനെ നബിയോടായി ഉർവത്ത് ബിനു മസ്‌ഊദ്‌ അസ്സഖഫി (റ) വിന്റെ പ്രതികരണം : ഇല്ല നബിയെ എന്റെ ജനതക്ക് ഞാനേറെ സുസമ്മതനാണ്‌. ഞാനവർക്കിടയിൽ ജനകീയനാണ്‌. അത്കൊണ്ട് അവരെന്നെ ഒന്നും ചെയ്യില്ല. ഇതും പറഞ്ഞ് തിരുസന്നിധിയിൽ നിന്ന് തന്റെ ഗോത്രത്തിലേക്ക്‌ യാത്ര തിരിച്ച ഉർവത്ത് ബിനു മസ്‌ഊദ്‌ അസ്സഖഫി (റ)വിനെപ്പറ്റി പിന്നീട് നബി(സ)കേൾക്കുന്ന വാർത്ത ഇതായിരുന്നു. ഏതൊരു ജനത തന്നെ കയ്യും നീട്ടി സ്വീകരിക്കുമെന്നാണോ അദ്ദേഹം  പറഞ്ഞിരുന്നത് അവർ തന്നെ അദ്ദേഹത്തെ നാല് ഭാഗങ്ങളിൽ നിന്നായി അമ്പുചെയ്ത് കൊലപ്പെടുത്തിയിരിക്കുന്നു എന്ന്…
(ഇബ്നു ഹിഷാമിന്റെ സീറ 4:182 ൽ നിന്ന്) (ഉദ്ധരണം പ്രബോധനം ഒരു മാർഗരേഖ: ഷമീർ മദീനി പേജ് : 35)

അപ്പോൾ പട്ടുമെത്തയും പച്ചപ്പരവതാനിയും വിരിച്ച വഴിയല്ല ദഅവത്തിന്റെ വഴി എന്ന് നാം മനസ്സിലാക്കിയല്ലോ. സ്വല്പം പ്രയാസം നിറഞ്ഞത് തന്നെയാണ്. പ്രബോധനം നിർവ്വഹിച്ചതിന്റെ പേരിൽ ഏറെ പീഢനങ്ങളും അക്രമണങ്ങളും സഹിക്കേണ്ടി വന്ന ചരിത്രങ്ങളേറെ വായിക്കാനുണ്ട് നബിജീവതത്തിൽ.
ത്വാഇഫും ശഅ്ബ്‌ അബീ ത്വാലിബുമെല്ലാം അതിലെ ചെറിയ ചില ഉദാഹരണങ്ങൾ മാത്രമാണ്. അത്കൊണ്ട് തന്നെയാണ്‌ ദഅവാവീഥിയിൽ അല്ലാഹു നബി (സ)ക്ക് നൽകുന്ന ഒരു വാഗ്ദാനം പരിശുദ്ധ ഖുർആൻ പ്രത്യേകം എടുത്ത് പറഞ്ഞത്.

“ഹേ; റസൂലേ, നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിനക്ക്‌ അവതരിപ്പിക്കപ്പെട്ടത്‌ നീ (ജനങ്ങള്‍ക്ക്‌) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്‍റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളില്‍ നിന്ന്‌ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്‌. സത്യനിഷേധികളായ ആളുകളെ തീര്‍ച്ചയായും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.”(ഖുർആൻ 5:67)

ഹിദായത്ത് നൽകുന്നവൻ അല്ലാഹുവാണ്. പ്രസ്തുത വിഷയം പ്രബോധകന്മാരുടെ മേഖലയല്ലാത്തത് കൊണ്ട് നാം ചെയ്യേണ്ടത് അല്ലാഹുവിലേക്ക് ക്ഷണിക്കുക എന്ന പ്രവർത്തനം ഭംഗിയായി നിർവ്വഹിക്കുക മാത്രമാണ്.
അല്ലാഹു പറയുന്നു : അതിനാൽ നബിയേ താങ്കൾ ഉൽബോധിപ്പിക്കുക. തീർച്ചയായും താങ്കൾ ഒരു ഉൽബോധകൻ മാത്രമാകുന്നു. ജനങ്ങളുടെ മേലിൽ അധികാരം ചെലുത്താനുള്ള അവകാശം താങ്കൾക്ക് നാം നൽകീട്ടില്ല. (ഖുർആൻ 88:21,22)

ലോകത്തേക്ക് കടന്ന് വന്ന സർവ്വ പ്രവാചകന്മാരും നിർവഹിച്ച് പോന്ന മഹത്തായ ഒരു കർമമാണല്ലോ ഇസ്‌ലാമിക പ്രബോധനം. ആ പ്രവാചകന്മാരെ നന്മയിൽ പിൻപറ്റിയ ആളുകൾ എന്ന നിലക്ക് നമ്മുടെ മേലിലും ഈ ബാധ്യതയുണ്ട്. അല്ലാഹു പറയുന്നു : “നബിയേ പറയുക. ഇതാണെന്റെ വഴി തികഞ്ഞ ഉൾകാഴ്ചയോടെയാണ് ഞാന്‍ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നത്. ഞാനും എന്നെ അനുഗമിച്ചവരും. അല്ലാഹു എത്ര പരിശുദ്ധന്‍. ഞാന്‍ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍പെട്ടവനല്ല; തീര്‍ച്ച.”
(ഖുർആൻ 12:108)

ഇവിടെ ഉൾകാഴ്ച്ച എന്ന് പരിഭാഷ പ്പെടുത്തിയിരിക്കുന്നത് ബസ്വീറത്ത് എന്ന അറബി പദത്തെയാണ്. ഒരു ദാഇക്ക്‌ ഉണ്ടായിരിക്കേണ്ട അടിസ്ഥാനപരമായ 
ഗുണമാണ് ബസ്വീറത്ത്. ആദം(അ) മുതൽ അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) വരേയുള്ള സർവ്വ പ്രവാചകന്മാരും ലോകത്തേക്ക് കടന്നുവന്ന സർവ്വ വേദഗ്രന്ഥങ്ങളും മനുഷ്യരോട് ആദ്യാവസാനം പഠിപ്പിച്ച വിഷയം തൗഹീദാണ്. ശിർക്കിന്റെ ഗൗരവമാണ്. അതാണ് മൻഹജുദ്ദഅവ എന്ന് നാം വിശാലമായ അർത്ഥത്തിൽ  പറയുന്നത്. ലോകത്ത് എവിടെയെല്ലാം ജീവന്റെ തുടിപ്പ് കഴിഞ്ഞുപോയിട്ടുണ്ടോ അവിടേക്കെല്ലാം പ്രവാചകന്മാരുടെ ആഗമനവും ഉണ്ടായിട്ടുണ്ട്. ആ പ്രവാചകന്മാരെല്ലാം തങ്ങളുടെ സമൂഹത്തെ ക്ഷണിച്ചത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ മാത്രം ആരാധിക്കണം എന്ന പരമമായ സത്യത്തിലേക്കായിരുന്നു.

അല്ലാഹു പറയുന്നു : “ഞാനല്ലാതെ ദൈവമില്ല. അതിനാല്‍ നിങ്ങള്‍ എനിക്കു വഴിപ്പെടുക എന്ന സന്ദേശം നല്‍കിക്കൊണ്ടല്ലാതെ നിനക്കു മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല.” (ഖുർആൻ 21:25)

പ്രബോധനത്തിൽ പ്രവാചകന്മാർ മുൻഗണന നൽകിയത് തൗഹീദിനാണ്. അതിനാൽ അത് തന്നെയാണ് നാം സ്വീകരിക്കേണ്ട മാതൃകയും.

മഹത്തായ പ്രതിഫലം വാരിക്കൂട്ടാൻ പറ്റിയ മേഖലയാണ് ഇസ്‌ലാമിക പ്രബോധനമെന്നത്കൊണ്ട്  നമ്മുടെ മുമ്പിലുള്ള അനന്തമായ സാധ്യതകളെ അതിന് വേണ്ടി നാം വിനിയോഗിക്കുക.

ആയുസ്സും ആരോഗ്യവും സമയവും ഊർജ്ജവും അതിനായി മാറ്റിവെക്കുക. നാം വഴി ഒരാൾക്ക് ഇസ്‌ലാം കിട്ടാൻ കാരണമായാൽ അതിന്റെ പ്രതിഫലം നമ്മുടെ കണക്ക് കൂട്ടലുകൾക്കും എത്രയോ അപ്പുറത്തായിരിക്കും.
തീർച്ച.

എന്റെ ക്ഷണത്തിലൂടെ ഒരാൾക്കെങ്കിലും ഈ സന്മാർഗത്തിന്റെ വെളിച്ചം കിട്ടണേ എന്ന നിഷ്കളങ്കമായ പ്രാർത്ഥന ഇന്ന് മുതൽ നമ്മുടെ നിത്യജീവിതത്തിലെ പ്രാർത്ഥനകളുടെ കൂട്ടത്തിലേക്ക് ഒരു പ്രധാന പ്രാർത്ഥനയായി നാം തുന്നിച്ചേർക്കണം.

പ്രപഞ്ചത്തിന്റെ മതം പ്രബോധനം ചെയ്യുന്നത് ഒരു അഭിമാനമായി നോക്കിക്കാണാനും നമ്മെക്കൊണ്ടാവും വിധം കർമ്മവീഥിയിൽ അടയാളങ്ങളും ശേഷിപ്പുകളും രേഖപ്പെടുത്താനും നാം ശ്രമിക്കുക.
നാഥൻ അനുഗ്രഹിക്കട്ടെ.


Tags :


സജ്ജാദ് ബിൻ അബ്ദുറസാഖ്