Logo

 

ലിംഗത്വ രാഷ്ട്രീയം വിമോചന മാർഗമല്ല; സർവ്വനാശ വാതായനമാണ്: എം. എസ്. എം പ്രോഫ്കോൺ

8 January 2022 | Reports

By

ആലുവ : ലിംഗത്വ രാഷ്ട്രീയം വിമോചനത്തിന് പകരം സർവ്വനാശമാണ് ഉണ്ടാക്കുകയെന്ന് മുജാഹിദ് സ്റ്റ്യുഡന്റ്സ് മൂവ്മെന്റ് (എം. എസ്. എം) സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനത്തിലെ വിവിധ സെഷനുകൾ അഭിപ്രായപ്പെട്ടു.
ആൺ-പെൺ സ്വവർഗാനുരാഗങ്ങളും ഉഭയലൈംഗികതയും മുതൽ ക്വിയർ എന്ന് വിശേഷിപ്പിക്കാവുന്ന ശിശുരതി, മൃഗരതി, ശവരതി, അഗമ്യഗമനം തുടങ്ങിയ വൈകൃതങ്ങളെ വരെ സ്വാഭാവികവും പ്രകൃതിപരവും ജനിതകവുമാണെന്ന് സമർത്ഥിക്കുകയും അവയെ ചികിൽസിക്കുകയോ മാറ്റാൻ ശ്രമിക്കുകയോ ചെയ്യുന്നത് ലൈംഗികന്യൂനപക്ഷങ്ങളോടുള്ള അക്രമണമാണെന്ന് സിദ്ധാന്തിക്കുകയും അത് മാറ്റാനുള്ള പരിശ്രമങ്ങളെയും അങ്ങനെ മാറ്റാൻ കഴിയുമോയെന്ന പഠനങ്ങളെ അധികാരവും ശക്തിയും നിയമവും പ്രചാരണങ്ങളുമുപയോഗിച്ച് തകർക്കുകയും ചെയ്യുന്ന അന്താരാഷ്‌ട്രതലത്തിൽ നിലനിൽക്കുന്ന ലോബ്ബിയിങ് രാഷ്ട്രീയമാണ് യഥാർത്ഥത്തിൽ ജെൻഡർ പൊളിറ്റിക്സ് മുന്നോട്ടുവെക്കുന്നത്.
ഇതിനെതിരെ കാമ്പസുകളിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും പ്രോഫ്കോൺ ആവശ്യപ്പെട്ടു.

സദാചാര നിഷേധമാണ് ജൻഡർ പൊളിറ്റിക്സിന്റെ പ്രചോദനമെന്ന് ‘ലിംഗത്വ രാഷ്ട്രീയമെന്ന കെണി’ എന്ന വിഷയം അവതരിപ്പിച്ച സദാദ് അബ്ദുസമദ് അഭിപ്രായപ്പെട്ടു. സാമൂഹ്യ ശാസ്ത്ര സങ്കേതങ്ങളുടെയും ആഗോള മുതലാളിത്തത്തിന്റെയും കാർമികത്വത്തിൽ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികൾ സമൂഹത്തിൽ വലിയ വിപത്തുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൻഡർ ഒരു സാമൂഹ്യ നിർമിതിയാണെന്ന ലിബറൽ ഫെമിനിസ്റ്റ് വാദങ്ങൾക്ക് പിന്നിലുള്ള രാഷ്ട്രീയ ഗൂഡാലോചനകളും അജണ്ടകളും എങ്ങനെയാണ് മുസ്ലിം വിദ്യാർത്ഥികൾ നേരിടേണ്ടതെന്നും ജൻഡർ ന്യൂട്രാലിറ്റിക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ചും സുഹൈൽ റഷീദ് സംസാരിച്ചു.

സ്വാതന്ത്ര്യത്തിന്റെ സ്റ്റിക്കറൊട്ടിച്ച് വൈകല്യങ്ങളും വൈകൃതങ്ങളും സാമൂഹ്യ വിരുദ്ധതയും ആഘോഷിക്കുന്ന മനുഷ്യ വിരുദ്ധത തീവ്രതയിലേക്ക് ലിബറലിസം എത്തിയിരിക്കുന്നുവെന്ന് ‘ലിബറലിസം നാശമാണ്’ എന്ന വിഷയം അവതരിപ്പിച്ച ശാഹുൽ ഹമീദ് പാലക്കാട് വ്യക്തമാക്കി. വ്യക്തി കേന്ദ്രീകൃത നൈമിഷിക ചോതനകൾക്ക്‌ അപ്പുറം ശരിയോ തെറ്റോ ഇല്ലെന്നും, വ്യക്തിയുടെ ലക്ഷ്യം കേവല സുഖ ഭോഗ ജീവിതം മാത്രം ആണെന്നും ഉള്ള അപകടകരമായ പൊതു ബോധം ലിബറൽ സൃഷ്ടിയാണ്. സമൂഹത്തിന്റെയോ വ്യക്തിയുടെയോ ആരോഗ്യപരമായ നിലനിൽപിനെ ലക്ഷ്യം വെക്കുന്ന ഒരു ദർശനം എന്ന നിലക്ക് ഇസ്‌ലാമിന് ഒരിക്കലും ഇത്തരം താന്തോന്നിത്തങ്ങളെ അംഗീകരിക്കാൻ കഴിയില്ല. അതിരുകൾ ഇല്ലാത്ത ലിബറൽ സ്വാതന്ത്ര്യം മനുഷ്യനെ നാശത്തിലേക്ക് ആണ് നയിക്കുന്നത് എന്ന് ലിബറൽ സമൂഹങ്ങൾ പോലും സാക്ഷ്യപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.

‘സംവദിക്കാം, ആൺ- പെൺ വിമോചനത്തെക്കുറിച്ച് ; കർമ്മമാർഗത്തെക്കുറിച്ചും’ എന്ന തലക്കെട്ടിൽ നടന്ന കാമ്പസ് സംവാദത്തിന് എം. എം. അക്ബർ, പ്രൊഫ. എൻ. വി. സക്കരിയ, മുസ്തഫാ തൻവീർ, ആദിൽ അത്വീഫ് എന്നിവർ നേതൃത്വം നൽകി. ഇന്നരെ വൈകുന്നേരം ആരംഭിച്ച പ്രോഫ്കോൺ നാളെ സമാപിക്കും.


Tags :


mm

Nasim Rahman