Logo

 

പരീക്ഷാ ഹാളിലെ തട്ടവും തലപ്പാവും

27 January 2022 | Opinion

By

“ഞാൻ ആലിയാ ഫര്‍സാന. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി. നിങ്ങളെയെല്ലാവരെയും പോലെ മലയാളി, ഇന്‍ഡ്യക്കാരി; അതോടൊപ്പം മുസ്‌ലിം. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു. നീണ്ട തയ്യാറെടുപ്പുകള്‍ രണ്ടാമതും ആവര്‍ത്തിക്കേണ്ടി വന്ന പരീക്ഷക്കുവേണ്ടി മറ്റെല്ലാ അപേക്ഷകരെയുംപോലെ ഞാനും നടത്തി. പക്ഷേ, എനിക്ക് പരീക്ഷയെഴുതാനായില്ല! സമയത്തിനെത്താഞ്ഞിട്ടല്ല, കോപ്പിയടിച്ചിട്ടല്ല, മറ്റെന്തെങ്കിലും നിയമലംഘനം നടത്തിയിട്ടല്ല. മറിച്ച്, തലയില്‍ മഫ്തയുണ്ടായതുകൊണ്ട്, തല തുറന്നിട്ട് അന്യപുരുഷന്‍മാര്‍ക്കു നടുവില്‍ ഇരിക്കാന്‍ വിസമ്മതിച്ചതുകൊണ്ട് !”

പരീക്ഷാസമയത്ത് തല തുറന്നിടാന്‍ വിസമ്മതിച്ചതുകൊണ്ടുമാത്രം കഴിഞ്ഞ വര്‍ഷം സി.ബി.എസ്.ഇ നടത്തിയ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഹാളില്‍ നിന്നും അധികൃതരാല്‍ പുറത്താക്കപ്പെട്ട കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശിനി ആലിയ ഫര്‍സാന തന്റെ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് 2015 ഓഗസ്റ്റ് ലക്കം സ്‌നേഹസംവാദം മാസികയില്‍ എഴുതിയ ‘ഇല്ല, വിശ്വാസം അഴിച്ചുവെക്കാന്‍ എനിക്കാവില്ല’ എന്ന ലേഖനത്തില്‍ നിന്നുള്ള വാചകങ്ങളാണ് മുകളിലുദ്ധരിച്ചത്. ആലിയ ഫര്‍സാനമാരുടെ കണ്ണുനീര്‍ തുള്ളികള്‍ വീണ് ഇനിയുമിനിയും സ്‌ക്കൂള്‍ മുറ്റങ്ങള്‍ നനയണമെന്ന് മതനിരപേക്ഷ ഇന്‍ഡ്യയിലെ ഉന്നത സര്‍ക്കാര്‍ വിദ്യാഭ്യാസ ഏജന്‍സികളിലൊന്നായ സി.ബി.എസ്.ഇ ആഗ്രഹിക്കുന്നുവെന്ന് തോന്നിപ്പോകും വിധമാണ് ഈ വര്‍ഷവും അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. കോപ്പിയടി തടയുവാനെന്ന പേരില്‍ പരീക്ഷാ സര്‍ക്കുലറില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന നിയമങ്ങളില്‍, പെണ്‍കുട്ടികളടക്കം ഹാഫ് സ്‌ലീവ് വസ്ത്രങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും തലമറച്ചു കൂടെന്നും അസന്നിഗ്ധമായി വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുണ്ട്. സാങ്കേതിക വിദ്യയുടെ വികാസം പരീക്ഷാ ക്രമക്കേടുകളുടെ സങ്കീര്‍ണത വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുവാന്‍ സാങ്കേതികജ്ഞാനത്തിന്റെ തന്നെ സഹായത്തോടെയുള്ള പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുപകരം തട്ടമൂരാനും കുപ്പായം കയറ്റാനും കല്‍പിക്കുന്ന വിവരക്കേട്, പൂര്‍ണ നഗ്നയായി പരീക്ഷാഹാളില്‍ കയറണമെന്നും അവയവങ്ങള്‍ മുറിച്ചുമാറ്റണമെന്നുമെല്ലാമുള്ള നിബന്ധനകളില്‍ ചെന്നവസാനിക്കാതിരുന്നാല്‍ അത്രയും നല്ലത് എന്നാണ് പരീക്ഷാ നടത്തിപ്പുകാരുടെ നിര്‍ദ്ദേശങ്ങള്‍ വായിച്ചാല്‍ തോന്നുക. മഫ്തക്കുള്ളില്‍ കോപ്പിയടിക്കാനുള്ള സന്നാഹങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകാമെന്ന ആശങ്കയാണ് സി.ബി.എസ്.ഇക്ക് തികട്ടിവരുന്നതെങ്കില്‍, പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് പരപുരുഷന്‍മാരുടെ സാന്നിദ്ധ്യമില്ലാത്ത സ്വകാര്യതയില്‍ ഒന്നോ രണ്ടോ വനിതാ അധ്യാപികമാര്‍ക്ക് കുട്ടിയുടെ തട്ടം മാറ്റി നോക്കുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യാവുന്നതേയുള്ളൂ. കഴിഞ്ഞ വര്‍ഷം തട്ടം മാറ്റിയുള്ള ഈ പരിശോധന കഴിഞ്ഞ ശേഷമാണ് ആലിയ ഫര്‍സാന പരീക്ഷാഹാളില്‍ തലമുടി പ്രദര്‍ശിപ്പിക്കണമെന്ന കല്‍പനക്ക് വിധേയമായതും അതിനെ ധീരമായി ധിക്കരിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ടതുമെന്ന വസ്തുത, കോപ്പിയടിയോടുള്ള വിരോധത്തിന്റെ മറവില്‍ ഹിജാബിനോടുള്ള വിദ്വേഷം തന്നെയാണ് ഇവിടെ പ്രയോഗവല്‍കരിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ തലയും മുട്ടിനുതാഴേക്കുളള കയ്യും തുറന്നിട്ട് മൂന്ന് മണിക്കൂര്‍ നേരമെങ്കിലും പ്രദര്‍ശനവസ്തുവാകാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് കാണുമ്പോഴുണ്ടാകുന്ന ആനന്ദമൂര്‍ഛ ആരെയെങ്കിലും ലഹരി പിടിപ്പിക്കുന്നുണ്ടെങ്കില്‍, അവരെ ചികിത്സിക്കാന്‍ അടിയന്തിരമായി നാട്ടും നാട്ടുകാരും സന്നദ്ധമായേ മതിയാകൂ.

നഗ്നതയെക്കുറിച്ചുള്ള ബോധം ദൈവം മനുഷ്യന് സവിശേഷമായി സമ്മാനിച്ചതാണ്. ഉടുത്തുവേണം നടക്കാനെന്ന അടിസ്ഥാന മാനവികതയെപ്പോലും നോട്ടുകെട്ടുകള്‍ക്കുവേണ്ടി ബലാത്സംഗം ചെയ്തുകൊല്ലാനാണ് കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുന്നത് എന്ന് ഇപ്പോഴെല്ലാവര്‍ക്കുമറിയാം. പെണ്‍നഗ്നതയുടെ ദൃശ്യങ്ങള്‍ പുരുഷനേത്രങ്ങളില്‍ സൃഷ്ടിക്കുന്ന ഉത്തേജനമാണ് മനുഷ്യലൈംഗികതയെ സ്‌നിഗ്ധമാക്കുന്ന അടിസ്ഥാനഘടകങ്ങളിലൊന്ന്. മുഖവും മുന്‍കയ്യുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍, ഭര്‍ത്താവല്ലാത്ത അന്യപുരുഷന്‍മാര്‍ക്കു മുന്നില്‍ തുറന്നുവെക്കപ്പെടുന്നത് പാപമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുവാനുള്ള കാരണം വിവാഹേതരമായ എല്ലാ ലൈംഗികാസ്വാദനങ്ങളും കൊടിയ തിന്മകളായതുകൊണ്ടാണ്. ‘എന്റെ നഗ്നത നിനക്കുള്ളതല്ല, അതെവിടെ തുറക്കണമെന്ന് ഞാന്‍ തീരുമാനിക്കും’ എന്നാണ് ഹിജാബ് ധരിക്കുകവഴി മുസ്‌ലിം പെണ്‍കുട്ടി ‘കട്ടുനോട്ട’ക്കാരോട് മുഴുവന്‍ തീക്ഷ്ണമായി പ്രഖ്യാപിക്കുന്നത്. പെണ്‍ശരീരത്തെ വില്‍പനക്കുവെക്കാന്‍ മുതലാളിത്തം നടത്തുന്ന സിദ്ധാന്തവല്‍കരണങ്ങള്‍ മുഴുവന്‍ ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ കരിഞ്ഞുപോകുന്നതുകൊണ്ടാണ് ഹിജാബ് ഭീതി കൃഷി ചെയ്യാന്‍ സാമ്രാജ്യത്വത്തിന്റെ പ്രൊപഗണ്ട മെഷിന്‍ ആയ മീഡിയ ശ്രമിക്കുന്നത്. ഹിജാബ് പേടിയുടെ ‘പനി’ സി.ബി.എസ്.ഇക്കും പരീക്ഷാനടത്തിപ്പുകാര്‍ക്കുമെല്ലാം പകര്‍ന്നുകിട്ടിയിട്ടുണ്ടെങ്കില്‍, അവര്‍ ‘കട്ടില്‍’ വേറെ നോക്കണമെന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തെരുവിലിറങ്ങി പറയേണ്ട സമയമായിരിക്കുന്നുവെന്നാണ് അര്‍ത്ഥം. ‘ശരീരത്തിന്റെ സ്വയം നിര്‍ണയാവകാശം’ എന്നൊക്കെ ബാനറിലെഴുതുന്ന ഫെമിനിസ്റ്റുകള്‍ക്ക് സത്യസന്ധതയുടെ ചെറിയ ‘അസുഖ’മെങ്കിലുമുണ്ടെങ്കില്‍, അവര്‍ സി.ബി.എസ്.ഇ ശരീരങ്ങള്‍ക്കുമേല്‍ നടത്തുന്ന ഈ അധിനിവേശത്തിനെതിരെ, വസ്ത്രസ്വാതന്ത്ര്യത്തിനുമേല്‍ നടക്കുന്ന കയ്യേറ്റത്തിനുനേരെ, മുസ്‌ലിം പെണ്‍കുട്ടികള്‍ നടത്തുന്ന അവകാശസമരത്തിന് പിന്തുണ പ്രഖ്യാപിക്കണം. ഉടുപ്പിടുന്നതും അഴിക്കുന്നതും എപ്പോള്‍ എവിടെവെച്ച് എങ്ങനെയൊക്കെയാകണമെന്ന് അത് പറയുവാന്‍ യാതൊരവകാശവുമില്ലാത്ത സി.ബി.എസ്.ഇ വന്നു പറയാന്‍ തുടങ്ങിയാല്‍, ‘മിസ്റ്റര്‍ സി.ബി.എസ്.ഇ, എന്റെ ശരീരം നിന്റേതല്ല’ എന്നുതന്നെയാണ് ഓരോരുത്തരും പറയേണ്ടത്. പരീക്ഷാ നടത്തിപ്പുകാര്‍ പരീക്ഷ നടത്തുകയാണ് ചെയ്യേണ്ടത്, അല്ലാതെ പടച്ചവന്റെ പണികളേറ്റെടുക്കാന്‍ ശ്രമിച്ച് പരിഹാസ്യരാവുകയല്ല.

മതനിരപേക്ഷതയും മതസ്വാതന്ത്ര്യവുമാണ് ഇന്‍ഡ്യന്‍ ഭരണഘടനയുടെ ആത്മാവ്. വിദ്യാഭ്യാസ-തൊഴില്‍ അവസരങ്ങള്‍ മതനിഷ്ഠയുടെ പേരില്‍ നിഷേധിക്കപ്പെടുന്ന സാമൂഹികസാഹചര്യം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടാല്‍, ആദ്യം ചോര കിനിയുക, ഭരണഘടനയുടെ ഇടനെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടായിരിക്കും. മുസ്‌ലിം പെണ്‍കുട്ടിക്ക് ഹിജാബ്, പൊതുഇടങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട മതനിയമമാണ്. അന്യപുരുഷന്‍മാര്‍ക്കുമുന്നില്‍ അതഴിച്ചുവെക്കുന്നത്, പരീക്ഷയുടെ മൂന്ന് മണിക്കൂറുകള്‍ക്ക് എന്നല്ല, ഒരു നിമിഷാര്‍ധത്തിനുപോലും പാപവുമാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വമ്പിച്ച പണം ചെലവഴിച്ച് നടത്തുന്ന ഒരു കോഴ്‌സിന്റെ, അതുപോലെത്തന്നെ പൊതുസമ്പത്തുപയോഗിച്ച് നടത്തുന്ന പരീക്ഷയ്ക്ക് കയറിയിരിക്കണമെങ്കില്‍ മതപരമായ തന്റെ ബോധ്യങ്ങള്‍ ഒരു മുസ്‌ലിം പെണ്‍കുട്ടി മാറ്റിവെക്കണമെന്ന് വന്നാല്‍പിന്നെ, എന്താണ് മതസ്വാതന്ത്ര്യം എന്നു നാം പ്രസംഗിക്കുന്നതിന്റെ വിവക്ഷ? മതപരമായ ചിഹ്നങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമാണ് ഇന്‍ഡ്യാരാജ്യത്ത് പുരോഗതിയുടെ പടവുകള്‍ കയറാനാവുക എന്ന സ്ഥിതിവിശേഷം സെക്യുലര്‍ ഫാഷിസത്തിന്റെ ഭീകരമുഖവുമായി സമീപഭാവിയില്‍ തന്നെ നമ്മെ തുറിച്ചുനോക്കാനിരിക്കുകയാണോ? സി.ബി.എസ്.ഇയുടെ ഫാഷിസം, സിഖുകാരന്റെ തലപ്പാവിനെ പക്ഷേ സൗകര്യപൂര്‍വം പട്ടികയില്‍ നിന്നൊഴിവാക്കിയിരിക്കുന്നുവെന്നത് അത് ‘സെക്യുലര്‍’ ആണോ എന്ന ചോദ്യമുയര്‍ത്തുന്നുണ്ട്. സിഖുകാര്‍ക്ക് തലപ്പാവ് ധരിച്ചുകൊണ്ടുതന്നെ പരീക്ഷയെഴുതാം എന്നാണ് സി.ബി.എസ്.സിയുടെ പത്രക്കുറിപ്പ് എടുത്തുപറയുന്നത്. അതിസങ്കീര്‍ണമായ സിഖ് തലപ്പാവിന്റെ ചുറ്റിമടക്കലുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെക്കാനാവാത്ത എന്ത് കോപ്പിയടിയുപകരണമാണ് മുസ്‌ലിം പെണ്‍കുട്ടിയുടെ അതിലളിതമായ ശിരോവസ്ത്രത്തിനകത്ത് സി.ബി.എസ്.ഇ ഭയപ്പെടുന്നത്? മതസ്വാതന്ത്ര്യം സിഖുകാരന് ഒരുതരത്തിലും മുസ്‌ലിമിന് മറ്റൊരു തരത്തിലും അനുവദിക്കപ്പെടുന്നതിന്റെ പേരാണോ മതനിരപേക്ഷത? സിഖ് പുരുഷന്റെ സങ്കടങ്ങള്‍ മനസ്സിലാക്കുകയും മുസ്‌ലിം സ്ത്രീയുടെ സങ്കടങ്ങള്‍ മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്ന സി.ബി.എസ്.ഇ ബധിരതയുടെ പേരാണോ ലിംഗനീതി? ഇന്‍ഡ്യന്‍ ഭരണഘടനയുടെ ഒരു കോപ്പി സി.ബി.എസ്.ഇ കേന്ദ്രഓഫീസിലേക്ക് അയച്ചുകൊടുക്കാന്‍ നമുക്കിനിയും സമയമായിട്ടില്ലേ?

അധികാരികളുടെ തിട്ടൂരങ്ങളെ തട്ടിയെറിഞ്ഞ് കോഴിക്കോട് ഹജൂര്‍ കച്ചേരിയുടെ കോലായയില്‍ വെള്ളക്കാരന്‍ ജഡ്ജി കാണ്‍കെ പായ വിരിച്ച് അസ്വ്ര്‍ നമസ്‌കരിക്കുകയും ജയിലില്‍ മുസ്‌ലിം തടവുകാര്‍ക്ക് മതമനുശാസിക്കുംവിധമുള്ള വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി വിജയം വരെ പൊരുതുകയും ചെയ്ത മുഹമ്മദ് അബ്ദര്‍റഹ്മാന്റെ പൈതൃകം നമ്മെ ഇപ്പോഴെങ്കിലും ചലിപ്പിക്കേണ്ടതില്ലേ? ഇന്‍ഡ്യന്‍ മുസ്‌ലിംകള്‍ക്ക് ശരീഅത്തനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം ലഭിക്കുവാന്‍ ഭരണഘടനാ നിര്‍മാണസഭയില്‍ ഇടിമുഴക്കമായി മാറിയ ബി.പോക്കര്‍ സാഹിബ് നമ്മുടെ ഞരമ്പുകളെ ത്രസിപ്പിക്കേണ്ട സന്ദര്‍ഭം ഇതുതന്നെയല്ലേ? ഓര്‍ക്കുക, ഖാഇദേ മില്ലത്തും സീതി സാഹിബും കെ.എം മൗലവിയും ബാഫഖി തങ്ങളും ചില്ലുകൂട്ടിലടക്കപ്പെടേണ്ട ചിത്രങ്ങളല്ല, ചരിത്രത്തില്‍ നിന്നിറങ്ങിവന്ന് വര്‍ത്തമാനത്തില്‍ അഗ്നി പടര്‍ത്തേണ്ട ആവേശത്തിരകളാണ്. അതിന്, ഓര്‍മകള്‍ ഉണ്ടായിരിക്കണം; സമരമാണ് ജീവിതമെന്നറിയണം; പോരാട്ടങ്ങളാണ് നമ്മെ നിര്‍മിച്ചതെന്ന് മറക്കാതിരിക്കണം. മുസ്‌ലിം പെണ്ണിനോട് തട്ടമൂരാന്‍ പറയുന്ന ഈ ധാര്‍ഷ്ട്യം നമ്മുടെ പെരുംമൗനത്തിന്റെ ഇരുട്ടിലൂടെ സുഖമായി ഇപ്പോള്‍ കടന്നുപോയാല്‍, ഇതിലും വലിയ ആക്രോശങ്ങള്‍ നാളെ നമ്മെ നോക്കി പരിഹസിച്ചു ചിരിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. തട്ടമിട്ടവര്‍ കേരളീയ വിദ്യാഭ്യാസ-തൊഴില്‍ മുഖ്യധാരയില്‍ വന്നുനിറയുന്നതില്‍ അസഹിഷ്ണുത കൊള്ളുന്ന സവര്‍ണ ഫാഷിസ്റ്റുകളും, മുസ്‌ലിമിന് തട്ടമൂരിവെച്ച് പഠിക്കാന്‍ വന്നുകൂടേ എന്നാലോചിക്കുന്ന ഇടതു-ലിബറല്‍ ബുദ്ധിജീവികളും മാത്രമാണ് ആ മൗനത്തില്‍ ആശ്വാസമനുഭവിക്കുക. ചോദ്യം ഇതുമാത്രമാണ്: ശബ്ദമുയര്‍ത്താന്‍ നിങ്ങള്‍ സന്നദ്ധമാണോ?


Tags :


Najeeh Musthafa