Logo

 

മീഡിയാവൺ സംപ്രേഷണ വിലക്ക്: പ്രതിഷേധം കനക്കുന്നു

31 January 2022 | Reports

By

കോഴിക്കോട് : മീഡിയവൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞതിൽ പ്രതിഷേധം കനക്കുന്നു. സുരക്ഷാ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയാവൺ നിയമ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് എഡിറ്റർ പ്രമോദ് രാമൻ അറിയിച്ചു.

എതിരഭിപ്രായം പറയുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാഷിസമാണെന്നും എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എം. പിയുമായ ഇ. ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്ന ഇത്തരം നടപടികൾ തീർത്തും ജനാധിപത്യവിരുദ്ധവും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണ്. ജനാധിപത്യത്തിന്റെ സുരക്ഷക്ക് അത്യന്താപേക്ഷിതമായ സ്വതന്ത്ര മാധ്യമപ്രവർത്തനമാണ് ഇതിലൂടെ തടയപ്പെട്ടിരിക്കുന്നത്. ഡോ. എം. പി. അബ്ദുസമദ് സമദാനി പ്രതികരിച്ചു.

രാജ്യത്ത്‌ അടിയന്തിരാവസ്ഥയ്ക്ക്‌ സമാനമായ സാഹചര്യമെന്നും പ്രതികരിക്കുകയും പ്രതിഷേധിക്കുയും ചെയ്യേണ്ട സാഹചര്യത്തിൽ മാറി നിൽക്കാൻ കഴിയില്ലെന്നും കെ. പി. സി. സി. വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എം. എൽ. എ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തിൻ്റെ എല്ലാ തൂണുകളെയും മോദി സർക്കാർ വരുതിയിലാക്കുകയാണ്. അതിന് തയാറാകാത്തവരെ തകർക്കാൻ ശ്രമിക്കുകയാണ്.
ഇന്ന് മീഡിയ വൺ ആണെങ്കിൽ നാളെ ആരുമാകാം.
മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു മീഡിയവണ്ണിനോട് ഐക്യദാർഡ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.

ഒരു മാധ്യമ സ്ഥാപനത്തെ പൂട്ടിക്കെട്ടാൻ ഭരണകൂടം സർവ്വസന്നാഹങ്ങളും ഉപയോഗിച്ച് കടന്നു വരുമ്പോൾ ഉപാധികളില്ലാതെ ആ മാധ്യമത്തിനൊപ്പം നിൽക്കുക എന്നതല്ലാതെ ഭരണഘടനാ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റ് മാർഗമില്ലെന്ന് കെ. പി. സി. സി വൈസ് പ്രസിഡന്റ് വി. റ്റി. ബൽറാം അഭിപ്രായപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളിൽ നിരവധിപേരാണ് പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്. അതേസമയം സംഘ് പരിവാർ പ്രൊഫൈലുകൾ വർഗീയവും വിഷലിപ്തവുമായ പദപ്രയോഗങ്ങളിലൂടെയാണ് മീഡിയാവൺ സംപ്രേഷണത്തെ തടഞ്ഞതിൽ ആഹ്ലാദിക്കുന്നത്.
ഇടതുപക്ഷത്തെ പ്രമുഖരാരും ഈ വിഷയത്തിൽ ഇതുവരെ കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയോ മീഡിയാവണിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ചില ഇടത് സഹയാത്രികർ സംഘ്പരിവാർ അനുകൂല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.


Tags :


Admin