Logo

 

അടിമയുടെ ആവലാതികളും അല്ലാഹുവിൻ്റെ ആശ്വാസവാക്കുകളും

1 April 2021 | സാരസാഗരം

By

തിരമാലകള്‍ക്കു തുല്യം പ്രശ്‌നങ്ങള്‍ക്കു നടുവിലാണ് നീയെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപ്പറ്റി നിരാശപ്പെടുകയില്ല, തീര്‍ച്ച.” (യുസുഫ്: 87)

നിന്റെ ഹൃദയത്തെ വിഷാദവലകള്‍ അസ്വസ്തമാക്കുന്നെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ്മ കൊണ്ടാണ് മനസ്സുകള്‍ ശാന്തമായിത്തീരുന്നത്.” (റഅദ്: 28)

വേണ്ടപ്പെട്ടവരെല്ലാം നിന്നെ പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നുവെന്നൊ?
സഹോദരാ, പ്രതികാരം വേണ്ട, അല്ലാഹുവിന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുക:
“നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.” (തഗാബുന്‍: 14)

ജീവിതത്തില്‍ തന്നെ സഹായിക്കാനായി കൂടെയാരുമില്ലെന്ന് നിൻ്റെ മനസ്സ് മന്ത്രിക്കുന്നുവെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു.” (ക്വാഫ്:16)

നീ വീണുപോയ പാപകര്‍മ്മങ്ങള്‍ നിന്നെ നിദ്രാവിഹീനനാക്കുന്നുവെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)

നിന്റെ കൈപിടിക്കാനും, നിനക്ക് ആശ്വാസം നൽകാനും ആരുണ്ട് എന്ന വേവലാതിയിലാണ് നീയെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന് അല്ലാഹു തന്നെ മതിയാകുന്നതാണ്.” (ത്വലാഖ്: 3)

ജീവിതത്തിൻ്റെ പ്രാരാബ്ധങ്ങള്‍ നിന്റെ സാധാരണ ജീവിതത്തെ ദുഷ്‌കരമാക്കുന്നെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.” (ത്വലാഖ്: 2, 3)

ഇനിയും സാര്‍ത്ഥകമാകാത്ത ഒരുപാട് ആഗ്രഹങ്ങളും ആവശ്യങ്ങളും നിനക്കുണ്ടെന്നൊ?
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്.” (ഗാഫിര്‍: 60)

വിഷമങ്ങളും കഷ്ടപ്പാടുകളും നിൻ്റെ ജീവിതയാത്രയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നെന്നൊ?
സഹോദരാ, അല്ലാഹുവിൻറെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം
നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനാണ്.” (അല്ലാഹു) (നംല്: 62)

ഉപജീവനമാർഗ്ഗങ്ങൾ നിനക്കു മുന്നിൽ അടഞ്ഞുകിടക്കുകയാണ് എന്ന ദുഃഖത്തിലാണെന്നൊ
സഹോദരാ, അല്ലാഹുവിൻ്റെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.” (ദാരിയാത്ത്: 58) “അല്ലാഹുവോട് അവന്റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (നിസാഅ്: 32)

ചുറ്റുപാടുകളിലെ ഭയാന്തരീക്ഷം നിന്റെ നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നെന്നൊ?
സഹോദരാ, അല്ലാഹുവിൻറെ വാഗ്ദാനത്തിൽ ആശ്വസിക്കുക:
“വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അന്യായം കൂട്ടികലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍.” (അന്‍ആം: 82) “തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏര്‍പെടുത്തുന്നതാണ്.” (ഹജ്ജ്: 28)

പ്രിയപ്പെട്ട സഹോദരാ, നിന്റെ ഹൃദയാന്തരാളത്തില്‍ പറഞ്ഞറിയിക്കാനാകാത്ത ആശ്വാസവും ആനന്ദവും ഈ സമയം നിനക്കനുഭവപ്പെടുന്നില്ലെ?
അല്ലാഹുവല്ലെ നമ്മുടെ സ്രഷ്ടാവും പരിപാലകനും!
എന്തുകൊണ്ട് നാം അസ്വസ്ഥരാകണം?
എന്തുകൊണ്ട് നാം നിരാശരാകണം?
എന്തുകൊണ്ട് നാം പേടിയോടെ വാഴണം?
“അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്.” (അന്‍ഫാല്‍: 19)
“വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു.” (ബഖറ: 257)
“വിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ (അല്ലാഹുവിന്റെ) ബാധ്യതയാകുന്നു.” (റൂം: 47)
“അല്ലാഹു തന്റെ ദാസന്‍മാരോട് കനിവുള്ളവനാകുന്നു.” (ശൂറ: 19)


Tags :


ഹനീൻ ഹബീബ്