Logo

 

മക്ക ഹറം മുഫ്തി ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു

1 December 2018 | Reports

By

ബനാറസ്‌: മക്കയിലെ മസ്ജിദുൽ ഹറം മുഫ്തിയും ഹറമിലെ പ്രശസ്തമായ ഹദീഥ്‌ ദർസിന്‌ നേതൃത്വം നൽകുന്ന പണ്ഡിതനുമായ ഡോ. വസീഉല്ലാഹ്‌ അബ്ബാസ്‌ ബനാറസ്‌ ജാമിഅ സലഫിയ്യ സന്ദർശിച്ചു. ഇന്നലെയും മിനിഞ്ഞാന്നുമായി ജാമിഅയിൽ നടന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ്‌ മുഫ്തി എത്തിയത്‌. ഇസ്‌ലാമികാധ്യാപനങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാതെയും
ഇൻഡ്യയെ സ്നേഹിച്ചും ഇൻഡ്യയുടെ പുരോഗതിക്കുവേണ്ടി പണിയെടുത്തും മുന്നോട്ടുപോകാൻ അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.

ഉത്തർ പ്രദേശിൽ ജനിച്ച ശൈഖ്‌ വസീഉല്ലാഹ്‌ ഇൻഡ്യൻ വംശജരായ സുഊദി സലഫീ പണ്ഡിതന്മാരിൽ ഏറെ പ്രസിദ്ധനാണ്‌. മദീന ഇസ്‌ലാമിക സർവകലാശാലയിൽ നിന്നും മക്ക ഉമ്മുൽ ഖുറാ സർവകലാശാലയിൽ നിന്നും പഠനവും ഗവേഷണവും പൂർത്തിയാക്കുകയും ഉമ്മുൽ ഖുറയിൽ അധ്യാപകനാവുകയും സുഊദി പൗരത്വം നേടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രഭാഷണ വീഡിയോകൾക്ക്‌‌ ഉത്തരേന്ത്യയിലെ അഹ്‌ലെ ഹദീഥുകാർക്കിടയിൽ പ്രചുരപ്രചാരമുണ്ട്‌. അഹ്‌ലെ ഹദീഥ്‌ പ്രസ്ഥാനത്തിന്റെ മുൻകയ്യിൽ 1960കളിൽ മൂർത്തരൂപം പ്രാപിച്ച പ്രശസ്ത ഇസ്‌ലാമിക സർവകലാശാലയാണ്‌ ബനാറസിലെ അൽജാമിഅതുസ്സലഫിയ്യ. 1963ൽ ഇൻഡ്യയിലെ സുഊദി അംബാസിഡർ ശിലാസ്ഥാപനം നിർവ്വഹിച്ച ജാമിഅ 1966ൽ മദീനാ സർവകലാശാലയുടെ അന്നത്തെ വൈസ്‌ ചാൻസലർ ശൈഖ്‌ അബ്ദുൽ ഖാദിർ ആണ്‌ ഉദ്ഘാടനം ചെയ്തത്‌.


Tags :


mm

Admin