Logo

 

സഹിഷ്ണുതയുടെ ഇസ്‌ലാമിക പാഠങ്ങൾ (ഭാഗം 7)

16 February 2020 | Study

By

വിശ്വാസം അടിച്ചേല്‍പിക്കരുതെന്ന ഇസ്‌ലാമിക ശാസന, വിശ്വാസത്തിനെന്ന പോലെ അവിശ്വാസത്തിനും ഭൂമിയില്‍ നിലനില്‍പിനര്‍ഹതയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. തന്റെ മതം ശരിയാണെന്നു മനസ്സിലാക്കുമ്പോള്‍ തന്നെ മറ്റു മതങ്ങള്‍ ശരിയാണെന്ന് കരുതുന്നവരുടെ മേല്‍ തന്റെ മതം അടിച്ചേല്‍പിക്കുന്നത് കുറ്റകരമാണെന്ന് തിരിച്ചറിയണമെന്ന് മുഴുവന്‍ മതവിശ്വാസികളോടും ആവശ്യപ്പെടുക വഴി, ഭിന്നമതങ്ങള്‍ പിന്തുടരുന്നവര്‍ക്കെല്ലാം പ്രസ്തുത ഭിന്നതകള്‍ക്കതീതമായി പുലരാനവകാശമുള്ള ഗ്രഹമാണ് ഭൂമി എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ദൈവദത്തമായ പ്രസ്തുത അവകാശമാണ് മാനവതയെ ഇതര ജീവജാലങ്ങളില്‍ നിന്ന് വ്യതിരിക്തതമാക്കി നിര്‍ത്തുന്നത്. ഇത് മനസ്സിലാക്കാതെ തങ്ങളിച്ഛിക്കുന്ന ആദര്‍ശം സ്വീകരിക്കാത്തതിന് ജനങ്ങളെ മര്‍ദ്ദനങ്ങള്‍ക്കിരയാക്കാന്‍ ശ്രമിച്ച വിവരദോഷികളായ അതിക്രമികള്‍ കാലാകാലങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ടായ മതത്തിന്റെ പേരിലുള്ള പീഡനങ്ങള്‍ (religious persecutions) മനുഷ്യസംസ്‌കാരത്തിനുമേല്‍ രക്തഗന്ധമുള്ള കറകളായി നില്‍ക്കുന്നു.

ഏകദൈവാരാധനയും മുഹമ്മദീയ പ്രവാചകത്വവും സ്വീകരിച്ചതിന്റെ പേരില്‍ നബി(സ)യുടെ കാലഘട്ടത്തില്‍ മുസ്‌ലിംകളെ മക്കന്‍ ബഹുദൈവാരാധകര്‍ അതിക്രൂരമായാണ് മര്‍ദ്ദിച്ചത്; അവരില്‍ പലരെയും അവര്‍ നിര്‍ദാക്ഷിണ്യം കൊന്നുകളയുകയും ചെയ്തു. പ്രവാചകാനുചരന്‍മാരില്‍ ചിലര്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ചെങ്കടല്‍ കടന്ന് അബ്‌സീനിയയിലേക്കുപോയി. ഒടുവില്‍ ഇസ്‌ലാം അനുസരിച്ചുള്ള ജീവിതം തുടര്‍ന്നാല്‍ തന്നെയും സഹചരെയും ശത്രുക്കള്‍ വധിച്ചുകളയുമെന്ന സാഹചര്യമുണ്ടായപ്പോള്‍ മുഹമ്മദ് നബി (സ) അനുയായികളെയുമായി മദീനയിലേക്ക് താമസം മാറി. മദീനക്കാര്‍ അദ്ദേഹത്തെ അവരുടെ രാജ്യത്തിന്റെ ഭരണാധികാരിയാക്കി. എന്നിട്ടും മക്കയിലെ ശത്രുക്കള്‍ അടങ്ങിയിരുന്നില്ല. അവര്‍ മദീനക്കെതിരായ യുദ്ധത്തിന് കോപ്പുകള്‍ കൂട്ടി; മദീനാ രാജ്യത്തിന്റെയും ഇസ്‌ലാമിക സംസ്‌കൃതിയുടെയും തുടച്ചുനീക്കല്‍ ലക്ഷ്യമാക്കിയുള്ള യുദ്ധത്തിനായുള്ള കോപ്പുകള്‍! ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍, മക്കയിലെ മര്‍ക്കട മുഷ്ടിക്കാര്‍ ആജ്ഞാപിച്ചതനുസരിച്ച് ബഹുദൈവാരാധനയെ പുല്‍കാന്‍ സന്നദ്ധമാകാതിരുന്നതിന്റെ പേരില്‍, ഒരു സമുദായത്തിന്റെ ജീവിക്കുവാനുള്ള അര്‍ഹത ചോദ്യം ചെയ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് നബി(സ)യുടെ മദീനാ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മദീനാ സൈന്യവും മക്കയില്‍ നിന്നുള്ള ശത്രുക്കളും തമ്മില്‍ യുദ്ധങ്ങളുണ്ടായത്. ശത്രുവിന്റെ ലക്ഷ്യം തങ്ങളുടെ മതം മുസ്‌ലിംകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കലായിരുന്നു, മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി ആദര്‍ശത്തില്‍നിന്ന് പിന്തിരിപ്പിക്കലായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ യുദ്ധം ചെയ്തത് മതസ്വാതന്ത്ര്യത്തിനു
വേണ്ടിയായിരുന്നു; നിര്‍ഭയമായി വിശ്വാസം പിന്തുടരുന്നതിനുവേണ്ടി! മുസ്‌ലിംകളെ യുദ്ധം ചെയ്യാന്‍ അനുവദിച്ചുകൊണ്ട് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞത് വായിക്കുക:
”യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കപ്പെട്ടിരിക്കുന്നു; കാരണം അവര്‍ അക്രമിക്കപ്പെട്ടവരാണ്. അല്ലാഹു അവരെ സഹായിക്കുവാന്‍ ശേഷിയുള്ളവനുമാണ്. ‘ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ്’ എന്ന് പറഞ്ഞതിന്റെ പേരില്‍ അന്യായമായി സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണവര്‍. അല്ലാഹു മനുഷ്യരില്‍ ചിലരെ മറ്റു ചിലരെക്കൊണ്ട് തടഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും ചര്‍ച്ചുകളും സിനഗോഗുകളും അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മുസ്‌ലിം പളളികളും തകര്‍ക്കപ്പെടുമായിരുന്നു.”(51)

എത്ര മനോഹരമായാണ് മതപരമായ ബഹുസ്വരതയുടെ നിലനില്‍പ് ഒരു ദൈവഹിതമായി ഖുര്‍ആന്‍ ഇവിടെ വരച്ചിടുന്നത്! വിവിധ മതങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടാതെ സംരക്ഷിക്കപ്പെടുവാനുള്ള ദൈവിക പദ്ധതിയെക്കുറിച്ചാണത് സംസാരിക്കുന്നത്. മുസ്‌ലിംകള്‍ പ്രവാചകന്റെ നേതൃത്വത്തില്‍ യുദ്ധം ചെയ്തത് എന്തിനായിരുന്നുവെന്ന ചോദ്യത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഉത്തരം അതാണ് -മതത്തിന്റെ പേരില്‍ മര്‍ദിക്കപ്പെടുന്നത് അവസാനിപ്പിക്കാന്‍. ഏതുകാലം വരെയാണ് നബി (സ) യുദ്ധം തുടരേണ്ടതെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് കാണുക:
”മര്‍ദ്ദനം ഇല്ലാതാവുകയും അല്ലാഹുവിനുവേണ്ടി മതം സ്വീകരിക്കാന്‍ കഴിയുന്ന അവസ്ഥസം ജാതമാവുകയും ചെയ്യുന്നതുവരെ താങ്കള്‍ അവരോട് യുദ്ധം ചെയ്യുക. അവര്‍ (യുദ്ധത്തില്‍നിന്ന്/മര്‍ദനത്തില്‍നിന്ന്) പിന്തിരിയുകയാണെങ്കില്‍ നിശ്ചയമായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.”(52) സഹിഷ്ണുത പറയുക മാത്രമല്ല, സഹിഷ്ണുതയുടെ വീണ്ടെടുപ്പിന് യുദ്ധം ചെയ്യുക കൂടി ചെയ്ത ആദര്‍ശമാണ് ഇസ്‌ലാം എന്നു സാരം. അസഹിഷ്ണുതയുടെ ദ്രംഷ്ടകള്‍ എത്ര മാരകമായാണ് മാനവസാഹോദര്യത്തെ മുറിവേല്‍പ്പിച്ചിട്ടുള്ളതെന്ന് അറിയാവുന്നവര്‍ക്ക് ആ യുദ്ധങ്ങളുടെ നീതിശാസ്ത്രം ആരും പറഞ്ഞുകൊടുക്കേണ്ടിവരില്ല.

കുറിപ്പുകൾ:
51. ഖുര്‍ആന്‍ 22:39,40.
52. ഖുര്‍ആന്‍ 8:39.


Tags :


mm

Musthafa Thanveer