Logo

 

ഒറ്റപ്പാലത്ത്‌ കെ. പി. സി. സി തൊണ്ണൂറ്റിയാറാം വാർഷികം: മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമകൾക്ക്‌ നവജീവൻ

22 April 2017 | Reports

By

ഒറ്റപ്പാലം: കേരളാ പ്രദേശ്‌ കോൺഗ്രസ്‌ കമ്മിറ്റി അതിന്റെ സ്ഥാപനത്തിന്റെ തൊണ്ണൂറ്റിയാറാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. 1921 ഏപ്രിൽ 23 മുതൽ നാലു ദിവസം ഒറ്റപ്പാലത്ത്‌ ഭാരതപ്പുഴയുടെ തീരത്തുവെച്ച്‌ നടന്ന ഒന്നാമത്‌ അഖില കേരള രാഷ്ട്രീയ സമ്മേളനം ആണ്‌ കെ. പി. സി. സിയുടെ നാന്ദിയായി മാറിയത്‌. ഒറ്റപ്പാലത്ത്‌ വെച്ചാണ്‌ ആഘോഷ പരിപാടികൾ നടക്കുക.

ആനീ ബസെന്റിന്റെ ഹോം റൂൾ ലീഗിന്‌ മലബാറിൽ ഉണ്ടായ അനുരണനങ്ങൾ ആയിരുന്നു കേരളത്തിൽ സംഘടിത ദേശീയ പ്രസ്ഥാനത്തിന്റെ തുടക്കം. കട്ടിലശ്ശേരി മുഹമ്മദ്‌ മൗലവിയും എം. പി. നാരായണമേനോനും ആണ്‌ ഇതിന്‌ മുൻകൈ എടുത്തിരുന്നത്‌. അവർ രൂപീകരിച്ച മലബാർ കുടിയാൻ സംഘം മാപ്പിളമാരുടെ ജന്മി വിരുദ്ധ വികാരങ്ങളെ ദേശീയ പ്രസ്ഥാനത്തിലേക്ക്‌ കേന്ദ്രീകരിക്കാൻ ശ്രമിച്ചു. അഖിലേന്ത്യാ തലത്തിൽ ഖിലാഫത്ത്‌ പ്രസ്ഥാനം നിലവിൽ വന്നതോടെ മുസ്‌ലിംകൾ വൻതോതിൽ കോൺഗ്രസിലേക്ക്‌ ആകർഷിക്കപ്പെട്ടു. ഈ പശ്ചാതലങ്ങളും തിരുവിതാംകൂറിൽ നിന്നും കൊച്ചിയിൽ നിന്നും വ്യത്യസ്തമായി നേരിട്ടുള്ള ബ്രിട്ടീഷ്‌ ഭരണ പ്രദേശമായതുമാണ്‌ മലബാറിനെ കേരളത്തിൽ ആരംഭകാലത്ത്‌ കോൺഗ്രസിന്റെ ശക്തികേന്ദ്രമാക്കിയത്‌.

ഒറ്റപ്പാലം സമ്മേളനം കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. മാപ്പിള കർഷകർക്കും മുസ്ലിം പണ്ഡിതന്മാർക്കും പ്രത്യേക സെഷനുകൾ സംഘടിപ്പിക്കപ്പെട്ടു. മാപ്പിള മുസ്ലിം ബഹുജനങ്ങളെ മാനവ വിഭവശേഷീ മൂലധനമാക്കിക്കൊണ്ടാണ്‌ കേരളത്തിൽ കോൺഗ്രസ്‌ നടന്നു തുടങ്ങിയതെന്ന് നിരീക്ഷിക്കാവുന്നതാണ്‌. കെ. പി. കേശവമേനോൻ കെ. പി. സി. സി നേതൃത്വത്തിൽ സജീവമായിരുന്നു. പി. രാമുണ്ണി മേനോൻ ആയിരുന്നു ഒറ്റപ്പാലം സമ്മേളനത്തിന്റെ മുഖ്യ സംഘാടകൻ. അന്നത്തെ എ. ഐ. സി. സി പ്രസിഡന്റ്‌ റ്റി. പ്രകാശം ആണ്‌ സമ്മേളനം ഉദ്ഘാടനം ചെയ്തത്‌. സമ്മേളനത്തിന്‌ ഒറ്റപ്പാലത്ത്‌ സ്മാരകം നിർമ്മിക്കാൻ ആഘോഷത്തിന്റെ ഭാഗമായി ആലോചനയുണ്ട്‌.

കെ. പി. സി. സിയുടെയും ഒറ്റപ്പാലം സമ്മേളനത്തിന്റെയും ഓർമ്മകൾ തുടികൊട്ടുമ്പോൾ അതിന്റെ കേന്ദ്രസ്ഥാനത്ത്‌ വരേണ്ട ഒരാൾ മുഹമ്മദ്‌ അബ്ദുർറഹ്മാൻ സാഹിബ്‌ (കൊടുങ്ങല്ലൂർ, 1898-1945) ആയിരിക്കും. അബുൽ കലാം ആസാദിന്റെ ദർശനങ്ങളിൽ ആകൃഷ്ടനായി ദേശീയ നേതാക്കളുടെ നിറസാന്നിധ്യമുണ്ടായിരുന്ന, അന്ന് അലിഗറിൽ ആയിരുന്ന ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ പഠിച്ചുകൊണ്ടിരിക്കെ 1920 ഡിസംബറിൽ നാഗ്പൂരിൽ വെച്ചുനടന്ന എ. ഐ. സി. സി സെഷനിൽ വിദ്യാർത്ഥിയായ മുഹമ്മദ്‌ അബ്ദുർറഹ്മാൻ പങ്കെടുത്തിരുന്നു. ഭാഷാടിസ്ഥാനത്തിൽ പ്രാദേശിക കമ്മിറ്റികൾ രൂപീകരിക്കാൻ നാഗ്പൂർ സമ്മേളനം തീരുമാനിച്ചപ്പോൾ കെ. പി. സി. സി എന്ന ആശയം മുന്നോട്ടുവെച്ച്‌ നേതൃത്വത്തിന്‌ സമ്മേളനസ്ഥലത്ത്‌ വെച്ചുതന്നെ നിവേദനം സമർപ്പിച്ചത്‌ അബ്ദുർറഹ്മാനും കെ. മാധവൻ നായരും ആയിരുന്നു. അബ്ദുർറഹ്മാൻ ആവശ്യം വിശദീകരിച്ചുകൊണ്ട്‌ അവിടെ പ്രസംഗിക്കുകയും ചെയ്തു. അങ്ങനെയാണ്‌ കെ. പി. സി. സി എന്ന ആശയം മൂർത്തമായിത്തീരുന്നത്‌. അതിന്റെ ജന്മത്തിൽ തന്നെ മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ മുദ്രകളുണ്ടായിരുന്നുവെന്ന് സാരം. കെ. പി. സി. സി യാഥാർഥ്യമായത്‌ ഐക്യകേരള പ്രസ്ഥാനത്തിനും കേരള സംസ്ഥാന രൂപീകരണത്തിനുമെല്ലാം ഗതിവേഗം വർധിപ്പിച്ചു.

ഒറ്റപ്പാലം സമ്മേളനം വഴി കെ. പി. സി. സി പ്രവർത്തനക്ഷമമാകുന്ന സ്ഥിതിയുണ്ടായപ്പോൾ അബ്ദുർറഹ്മാൻ പഠനം അവസാനിപ്പിച്ച്‌ പൊതുപ്രവർത്തനങ്ങളിൽ നിരതനാകാൻ വേണ്ടി മുഹമ്മദലി ജൗഹറിന്റെ നിർദ്ദേശപ്രകാരം അലിഗറിൽ നിന്ന് കേരളത്തിലേക്ക്‌ വണ്ടി കയറി. അദ്ദേഹം നേരെ വന്ന് റ്റ്രെയ്ൻ ഇറങ്ങിയതുതന്നെ ഒറ്റപ്പാലത്ത്‌ ആണ്‌. വണ്ടിയിറങ്ങി സമ്മേളനസ്ഥലത്ത് എത്തിയ അബ്ദുർറഹ്മാൻ കുറഞ്ഞ സമയം കൊണ്ട്‌ സർവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പി. രാമുണ്ണി മേനോനെ സമ്മേളന നഗരിയിൽ വെച്ച്‌ ബ്രിട്ടീഷ്‌ പൊലീസ്‌ അതിക്രൂരമായി മർദ്ദിച്ചവശനാക്കിയതിനെതിരെ സമ്മേളന പ്രതിനിധികളെ സംഘടിപ്പിച്ച്‌ മുഹമ്മദ്‌ അബ്ദുർറഹ്മാൻ മുന്നിൽനിന്ന് നയിച്ച പ്രതിഷേധ പ്രകടനം ആണ്‌ ഒറ്റപ്പാലം സമ്മേളനത്തിലെ ഏറ്റവും നിറമുള്ള ഏടുകളിലൊന്ന്. കെ. പി. സി. സിയുടെ ആഘോഷപരിപാടികൾക്ക്‌ അതുകൊണ്ടുതന്നെ മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ ഓർമ്മകൾക്ക്‌ നവജീവൻ പകരാതിരിക്കാൻ ആവില്ല.

അബ്ദുർറഹ്മാൻ സാഹിബിന്റെ കേരളീയ പൊതുരംഗത്തേക്കുള്ള കടന്നുവരവിന്റെ രംഗവേദിയായിരുന്നു എല്ലാ അർത്ഥത്തിലും ഒറ്റപ്പാലം സമ്മേളനം. അതിനെത്തുടർന്നാണ്‌ അദ്ദേഹം മലബാർ ഖിലാഫത്ത്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാകുന്നതും അറിയപ്പെടുന്ന കോൺഗ്രസ്‌ നേതാവാകുന്നതും മലബാർ കലാപകാലത്ത്‌ ശാന്തി ദൗത്യങ്ങളും റിലീഫ്‌ പ്രവർത്തനങ്ങളും ഏറ്റെടുക്കുന്നതും മുസ്ലിം ഐക്യസംഘത്തിന്റെ പ്രവർത്തകനാകുന്നതും അൽ അമീൻ പത്രം ആരംഭിക്കുന്നതും ജെ. ഡി. ടി ഇസ്ലാം അനാഥശാല സ്ഥാപിക്കുന്നതുമെല്ലാം. 1938ൽ അബ്ദുർറഹ്മാൻ കെ. പി. സി. സി പ്രസിഡന്റ്‌ സ്ഥാനത്തു വരെ എത്തി. ഇടക്കാലത്ത്‌ സുഭാഷ്‌ ചന്ദ്രബോസിനെ പിന്തുണച്ച്‌ കോൺഗ്രസിൽ നിന്ന് വേറിട്ട്‌ ഫോർവേഡ്‌ ബ്ലോക്കിന്റെ കേരള ഘടകം രൂപീകരിച്ചിരുന്നു. അബ്ദുർറഹമാന്റെ അത്ര ഉയരമുള്ള മുസ്ലിം പിന്തുടർച്ചകൾ പിന്നീടൊരിക്കലും കേരളത്തിലെ കോൺഗ്രസ്‌ നേതൃനിരയിൽ ഉണ്ടായിട്ടില്ല.


Tags :


mm

Admin