Logo

 

കെ ആർ എസ്‌ മൊയ്തു ഹാജി നിര്യാതനായി

15 December 2018 | Reports

By

കോഴിക്കോട്‌: വ്യവസായ പ്രമുഖൻ തിക്കോടി വി കെ മൊയ്തു (80) നിര്യാതനായി. ഇവിടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പ്രമുഖ ലോജിസ്റ്റിക്സ്‌-പാർസൽ ശൃംഘലയായ കേരളാ റോഡ്‌വെയ്സ്‌ (കെ ആർ എസ്‌) സ്ഥാപകനും മാനേജിംഗ്‌ ഡയറക്റ്ററും ആയ അദ്ദേഹം, കെ ആർ എസ്‌ മൊയ്തു ഹാജി എന്ന പേരിലാണ്‌ കോഴിക്കോട്ടെ പൊതുമണ്ഡലത്തിൽ അറിയപ്പെട്ടിരുന്നത്‌. ജനാസ നമസ്കാരം ഇന്ന് ഉച്ചക്ക്‌ തിക്കോടിയിൽ വെച്ച്‌ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മുജാഹിദ്‌, മുസ്‌ലിം ലീഗ്‌ പ്രവർത്തനങ്ങളിലും വിവിധ ജീവകാരുണ്യ പദ്ധതികളിലും സജീവ പങ്കാളിയായിരുന്നു മൊയ്തു ഹാജി. അറുപതുകളിൽ കഠിനാധ്വാനം വഴി കേരളത്തിലെ മികച്ച ബിസിനസ്‌ ഗ്രൂപ്പുകളിൽ ഒന്നായി കെ ആർ എസിനെ ലബ്ധപ്രതിഷ്ഠമാക്കുന്നതിൽ വിജയിച്ചു. ശേഷമുള്ള പതിറ്റാണ്ടുകളിൽ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലുകളിൽ ഒന്നായി നിലകൊണ്ടു. 1997 ഡിസംബർ അവസാനം കണ്ണൂർ പിലാത്തറയിൽ വെച്ചുനടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ചെയർമാൻ ആയിരുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ മുജാഹിദ്‌ പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ ശ്രമിച്ച മധ്യസ്ഥൻമാരിൽ പ്രമുഖനായിരുന്നു. തിക്കോടിയിലെ സലഫീ സ്ഥാപനങ്ങൾക്ക്‌ മരണം വരെ നേതൃത്വം നൽകി. വി കെ സിറാജ്‌ മകൻ ആണ്‌.


Tags :


mm

Admin