Logo

 

ഇസ്രാഈലികളെ രാജ്യത്ത്‌ പ്രവേശിപ്പിച്ച്‌ ഖത്തർ നടത്തുന്ന ലോകക്കപ്പിന്‌ ഞങ്ങൾ സഹ ആതിഥേയരാവില്ല – കുവയ്ത്‌

6 January 2019 | Reports

By

കുവയ്ത്‌ സിറ്റി: 2022ലെ ലോകക്കപ്പ്‌ ഫുട്ബോളിന്‌ സഹ ആതിഥേയരാകാനുള്ള ഖത്തറിന്റെ അഭ്യർത്ഥന കുവയ്ത്‌ നിരസിച്ചു. ഖത്തറിൽ നടക്കുന്ന ലോകക്കപ്പിലെ ചില മത്സരങ്ങൾ കുവയ്തിൽ വെച്ച്‌ നടത്താം എന്ന നിർദ്ദേശമാണ്‌ തിരസ്കരിക്കപ്പെട്ടത്‌. കുവയ്ത്‌ എം പി വലീദുൽ തബ്തബാഇ ആണ്‌ ട്വിറ്ററിൽ രാജ്യത്തിന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

ലോകക്കപ്പിന്‌ വേദി അനുവദിക്കണമെങ്കിൽ ലോകത്തിലെ ഏത്‌ രാജ്യത്തെ പൗരന്മാർക്കും ആതിഥേയ രാജ്യം പ്രവേശനാനുമതി നൽകണമെന്നാണ്‌ ഫിഫയുടെ നിയമം. ഇതിനർത്ഥം ഇസ്രാഈലി പൗരന്മാരെയും രാജ്യത്ത്‌ പ്രവേശിപ്പിക്കേണ്ടി വരും എന്നാണ്‌. ഇസ്രാഈൽ യോഗ്യത നേടിയാൽ അവരുടെ ഫുട്ബോൾ ടീമിനെ സ്വീകരിക്കേണ്ടി വരും. ടീം യോഗ്യത നേടിയില്ലെങ്കിലും സന്ദർശകരും മറ്റുമായെത്തുന്ന ഇസ്രാഈലി പൗരന്മാരെ അനുവദക്കേണ്ടി വരും. ഇത്‌ അംഗീകരിച്ചുകൊണ്ടാണ്‌ ഖത്തർ ലോകക്കപ്പിന്‌ ആതിഥേയരാകുന്നത്‌. ഇസ്രാഈലി പത്രങ്ങൾ ഖത്തർ നിലപാടിനെ ആഘോഷിച്ചിരുന്നു. എന്നാൽ തങ്ങൾക്ക്‌ ഈ നിലപാട്‌ സ്വീകാര്യമല്ലെന്നാണ്‌ വലീദ്‌ ട്വീറ്റ്‌ ചെയ്തിരിക്കുന്നത്‌.

താൽക്കാലിക ലാഭങ്ങൾക്കുവേണ്ടി നയങ്ങളും നിലപാടുകളും ഉപേക്ഷിക്കാൻ തങ്ങൾക്കാകില്ല. ഇസ്രാഈലിനെ ഒരു സാധാരണ രാജ്യമായി അംഗീകരിക്കാൻ സാഹചര്യമൊരുക്കുന്ന ഒരു നടപടിയും സ്വീകാര്യമല്ല. ഇസ്രാഈലിനോടുള്ള ശത്രുതയും ഫിലസ്ത്വീൻ വിഷയവും ലോകക്കപ്പിനുവേണ്ടി വഴിയിൽ ഉപേക്ഷിക്കാൻ പറ്റില്ല. അതിനാൽ അവർക്ക്‌ പ്രവേശനാനുമതി നൽകൽ നിബന്ധനയായ ലോകക്കപ്പ്‌ വേദി കുവയ്തിന്‌ വേണ്ട- വലീദ്‌ വ്യക്തമാക്കി. ഇതിനിടെ, ലോകക്കപ്പ്‌ നടത്തിപ്പിൽ ഖത്തറിന്റെ സഹ ആതിഥേയരാകാൻ ഇറാൻ സന്നദ്ധമാകുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.


Tags :


mm

Admin