Logo

 

ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ്

22 April 2021 | സാരസാഗരം

By

“കഴിഞ്ഞുപോയ പാപങ്ങളെയോര്‍ത്ത് കണ്ണീരണിയുക,
പാപങ്ങളില്‍ വീണുപോകുമൊ എന്ന ജാഗ്രതയിലാകുക,
ചീത്തസഹചാരികളില്‍ നിന്ന് മാറിനില്‍ക്കുക,
നല്ലകൂട്ടുകാരുമായി ബന്ധം സ്ഥാപിക്കുക…
പശ്ചാത്താപഹൃദയം കൈമുതലായുള്ള ഒരാളുടെ ഗുണങ്ങളാണ് ഇവയൊക്കെ.”
അബൂ അലി ശക്വീക്വ് അല്‍ അസ്ദിയുടെ വാക്കുകളാണിത്.

റമദാൻ പശ്ചാത്താപത്തിൻ്റെ മാസമാണ്. ജീവിതയാത്രയിൽ വന്നുചേർന്ന എത്രയോ പാപങ്ങൾ വിശ്വാസികളെന്ന നിലയ്ക്ക് നമ്മെ അലോസരപ്പെടുത്താറുണ്ട്. അല്ലാഹുവിനോടുള്ള സ്നേഹവും അവൻ്റെ നിഷ്കൃഷ്ടമായ വിചാരണയോടുള്ള പേടിയുമാണ് പ്രസ്തുത ഹൃദയവ്യഥയ്ക്കുള്ള ഹേതു. നമ്മളൊക്കെ, റബ്ബിൻ്റെ കൽപനാ നിർദ്ദേശങ്ങളെ സ്വീകരിച്ചു പ്രവർത്തിക്കാൻ കൽപ്പിക്കപ്പെട്ടവരാണല്ലൊ. ദിനേന കാരുണ്യങ്ങൾ ചൊരിഞ്ഞ് പരിരക്ഷച്ചുപോരുന്ന അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്നത് അവൻ്റെ ദാസീദാസന്മാരായ നമുക്ക് യോജിച്ചതുമല്ലല്ലൊ.

പക്ഷെ, ദുർബ്ബല പ്രകൃതരായ നമ്മിൽ പലധിക്കാരങ്ങളും വന്നിട്ടുണ്ട്. വീഴ്ചകളും സംഭവിച്ചിട്ടുണ്ട്. അല്ലാഹുവിൻ്റെ കൺമുന്നിലാണ് ഓരോ നിമിഷവും ജീവിച്ചു പോകുന്നത് എന്ന് മനസ്സിലാക്കുമ്പോഴും, നമ്മൾ അവനെ മറന്ന് പ്രവർത്തിച്ചിട്ടുണ്ട്.

തെറ്റുകൾ മനുഷ്യരിലാണ് സംഭവിക്കുക. പരിഹാരമില്ലാത്ത തെറ്റുകളും പിഴവുകളുമില്ല എന്നതാണ് നമ്മളറിയേണ്ട അടിസ്ഥാനകാര്യം. ആദം സന്തതികളൊക്കെ തെറ്റു ചെയ്യും. പശ്ചാത്തപിക്കുന്നതോടെ അവർ ഉത്തമരായിത്തീരും എന്ന സന്ദേശം നബിതിരുമേനി(സ്വ) നൽകിയിട്ടുണ്ട്.

റമദാൻ പാപമോചനത്തിൻ്റെ മാസമായിട്ടാണ് നമ്മുടെ മുന്നിൽ നിൽക്കുന്നത്. വിശുദ്ധ റമദാനിലേക്ക് പ്രവേശിക്കുമ്പോള്‍ത്തന്നെ നമ്മുടെ ഹൃദയത്തിൽ മദിച്ചിരുന്നത് ഈ ധാരണയാണ്. പിഴവുകൾ വന്നുപോയാൽ അതിൽത്തന്നെ ജീവിക്കണം എന്ന വാശിയുള്ളവരല്ല മുഅ്മിനുകൾ. പിഴവുകൾ ഉടൻ തിരുത്തപ്പെടണം എന്ന് ആഗ്രഹിക്കുന്നവരും അതിന്നായി ദയാനിധിയായ റബ്ബിനെ സമീപിക്കുന്നവരുമാണ്. അവർക്കതിന്ന് മാനസികമായ പ്രചോദനം നൽകുന്നത് അല്ലാഹു തന്നെയാണ്.

(നബിയേ) പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും. (സുമർ/53)

ഇലാഹീ, പാപങ്ങളില്‍ മാനസാന്തരപ്പെട്ട
ഈ ഹൃദയകരങ്ങളെ നീ ചേര്‍ത്തുപിടിച്ചാലും.
മനുഷ്യസഞ്ചയം വെപ്രാളപ്പെട്ടുനില്‍ക്കുന്ന
അന്ത്യനാളിലെ ശിക്ഷകളില്‍ നിന്നു നീ സംരംക്ഷണം നല്‍കിയാലും.
നിന്റെ കാരുണ്യത്തിന്റെ, ഔദാര്യത്തിന്റെ പ്രവിശാലമായ കടലില്‍ നിന്ന്
നീയെനിക്ക് പാപമോചനവും മാപ്പുമേകിയാലും.

പ്രിയപ്പെട്ടവരേ, റമദാനിൽ അല്ലാഹുവിൻ്റെ മുന്നിൽ നമ്മുടെയൊക്കെ കണ്ണും ഖൽബും ഒപ്പമിരുന്ന് കരയണം. അഥവാ തൗബ ചെയ്യണമെന്നർത്ഥം. തൗബ ശുദ്ധജലമാണ്. പാപങ്ങളെ കഴുകിയെടുക്കാൻ അല്ലാഹു നിശ്ചയിച്ചുതന്ന ശുദ്ധജലം. അല്ലാഹുവിൻ്റെ സ്നേഹത്തോടെയുള്ള ആഹ്വാനം കേട്ടുനോക്കൂ:
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. (തഹ് രീം/8)

റമദാനിൻ്റെ പദപരമായ അർത്ഥം കരിച്ചുകളയുന്നത് എന്നാണ്. അതെ, സൽക്കർമ്മങ്ങളധികരിപ്പിച്ചു കൊണ്ട് പാപങ്ങളെ കരിച്ചുകളയാൻ വിശ്വാസികൾക്ക് അവസരമേകുന്ന മാസം. റമദാനിൽ ജീവിക്കാനായിട്ട് അല്ലാഹുവിൽ നിന്ന് മാപ്പു ലഭിക്കാനുള്ള ശ്രമങ്ങളിലേർപ്പെടാത്തവന്ന് നാശംഭവിക്കട്ടെ എന്ന ജിബ്രീലിന്റെ പ്രാര്‍ത്ഥനയ്ക്ക് നബി(സ്വ) ആമീന്‍ ചൊല്ലിയിട്ടുണ്ട്. ഇതൊരു ശാപപ്രാർത്ഥനയായി കാണുന്നതിനേക്കാൾ മുഅ്മിനുകൾ പരിഗണിക്കേണ്ടത് ഒരു ജാഗ്രതാ നിർദ്ദേശമായിട്ടാകണം.

അല്ലാഹുവിനെ സ്നേഹിച്ചും സൂക്ഷിച്ചും പരമാവധി ധര്‍മ്മനിഷ്ഠപാലിച്ചും നമുക്ക് ജീവിക്കാനാകണം. റമദാനിന്‍റെ ആദ്യപാദത്തില്‍ ജീവിക്കുന്ന നാം അതിന്‍റെ അന്ത്യപാദം വരെ ജീവിക്കുമോ എന്ന് അറിവില്ലാത്തവരാണ്. അതുകൊണ്ടു തന്നെ എപ്പോള്‍ മരിക്കുന്നുവെങ്കിലും മുസ്ലിമായി മരിക്കാനാകണം. ശുദ്ധഹൃദയത്തോടെത്തന്നെ മരിക്കാനാകണം. വൃത്തിയുള്ള മനസ്സുമായി നാഥനെ കണ്ടുമുട്ടുന്നവര്‍ക്കാണ് പരലോകത്ത് എല്ലാം ഗുണകരമായിത്തീരുക എന്ന ക്വുര്‍ആനിക പാഠം നമുക്ക് അറിയാവുന്നതാണ്.

റമദാന്‍ സാധാരണ എല്ലാ മാസത്തേയും പോലെത്തന്നെയാണ് സഞ്ചരിക്കുന്നത്. പക്ഷെ, എത്ര വേഗത്തിലാണ് അതിന്റെ സഞ്ചാരം! സമയം പാഴാക്കാതെ അല്ലാഹുവിനോട് മാപ്പിരിക്കാന്‍ ശ്രദ്ധിക്കുക. റമദാനിന്റെ ഓരോ രാവിലും പകലിലും അല്ലാഹു തന്റെ ദാസന്മാരെ നരകാഗ്നിയില്‍ നിന്നും മോചിപ്പിക്കുന്നുണ്ട്. റമദാനിന്റെ രാപ്പകലുകളില്‍ അടിമകളുടെ പ്രാര്‍ത്ഥനകള്‍ക്ക് നിശ്ചയം ഉത്തരം ലഭിക്കുന്നുണ്ട്. അവരിലൊരാളാകാന്‍ നമുക്കുമാകണം. അതിനാകണം നമ്മുടെ കൊതിയും ശ്രമവും.

ജീവിതത്തില്‍ വന്നുപോകുന്ന തെറ്റുകളില്‍ വേവലാതിപ്പെട്ട് നിരാശയില്‍ വീഴുകയൊ അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുകയൊ ചെയ്യുന്നത് മുഅ്മിനിന്റെ സ്വഭാവത്തില്‍പ്പെട്ടതല്ല. അവരുടെ യഥാര്‍ത്ഥ ഗുണത്തെപ്പറ്റി അല്ലാഹു വിശദീകരിച്ചതാണ് സത്യം.
“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില്‍ അറിഞ്ഞുകൊണ്ട് ഉറച്ചുനില്‍ക്കാത്തവരുമാകുന്നു അവര്‍”. (ആലുഇംറാന്‍: 135)

പ്രിയപ്പെട്ടവരേ, പശ്ചാത്തപിക്കുന്നവരേയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നവരേയും അല്ലാഹുവിന്ന് പെരുത്തിഷ്ടമാണ്. “അവനാകുന്നു തന്‍റെ ദാസന്‍മാരില്‍ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവന്‍. അവന്‍ ദുഷ്കൃത്യങ്ങള്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നതാണ്” (ശൂറ/25) എന്ന സന്തോഷവാർത്ത അല്ലാഹുവിൽ നിന്ന് ലഭിച്ചവരാണ് നാം. ഇനി വൈകരുത്, രാവും പകലും പശ്ചാത്തപിച്ചു പരിശുദ്ധരാകാൻ ആത്മാർത്ഥമായി നമുക്ക് പരിശ്രമിക്കാം, പ്രാർത്ഥിക്കാം.

മനസ്സേ പശ്ചാത്തപിക്കുക.
മരണം അരികിലുണ്ട്.
വ്യര്‍ത്ഥമായ ഹൃദയാഭിനിവേശങ്ങളില്‍ അഭിരമിക്കാതിരിക്കുക.
അഭിനിവേശങ്ങളധികവും ആപത്കരങ്ങളാണ്‌.
ദിനങ്ങള്‍ നമ്മെ ശ്രദ്ധിക്കാതെ വേഗതയിലാണ്.
ദിനങ്ങളെ നാമാണ് ഗൗനിക്കേണ്ടത്,
ഉപയോഗപ്പെടുത്തേണ്ടതും നാം തന്നെ.
അല്ലാഹുവേ നീ നരക മോചനം നല്‍കുന്ന ദാസന്മാരില്‍
ഞങ്ങളെയും ഉള്‍പ്പെടുത്തിയാലും.


Tags :


ഹനീൻ ഹബീബ്