Logo

 

ലൗ ജിഹാദ്‌ നുണപ്രചാരണം: മുഴങ്ങുന്നത്‌ മുസ്‌ലിംകൾക്കെതിരായ കൊലവിളി

26 September 2019 | Editorial

By

‘ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുസ്‌ലിം പുരുഷൻ’ എന്ന പെരുംകള്ളം പറഞ്ഞു പ്രചരിപ്പിച്ചാണ്‌ ഹിന്ദുത്വം തൊള്ളായിരത്തി ഇരുപതുകളിൽ‌ ആർ. എസ്‌. എസിന്റെ ജന്മത്തിന്‌‌ ജനകീയാനുഭാവത്തിന്റേതായ ഒരു ബോധപരിസരം സൃഷ്ടിക്കാൻ ശ്രമിച്ചത്‌. ഹിറ്റ്ലർ ജർമ്മനിയിൽ നിന്ന് ജൂതന്മാരെ പിഴുതെറിഞ്ഞതുപോലെ മുസ്‌ലിംകളെ ഉപഭൂഖണ്ഡത്തിൽ നിന്ന് നിഷ്കാസനം ചെയ്യാനുള്ള പദ്ധതിക്ക്‌ ‘പൊതുസമ്മിതി’ നേടിയെടുക്കാൻ ഹിന്ദു ആങ്ങള വികാരമാണുണർത്തേണ്ടതെന്ന് സംഘ്‌ വിഷഫാക്റ്ററിയുടെ തലപ്പത്തുള്ളവർക്ക്‌ അറിയുമായിരുന്നിരിക്കണം. ‍ ആര്‍.എസ്.എസിന് ജന്മം നല്‍കുന്നതിന് ആമുഖമായി ഹിന്ദുത്വ ഫാഷിസ്റ്റ് ബുദ്ധിജീവികള്‍ ചെയ്തത് 1921ലെ മലബാറിനെ സംബന്ധിച്ച നുണകള്‍ ആസൂത്രിതവും അതിശക്തവുമായി ഉപഭൂഖണ്ഡത്തിലുടനീളം പ്രചരിപ്പിക്കുകയാണ്. ഖിലാഫത്ത്‌ പോരാട്ടം അടിച്ചമര്‍ത്തപ്പെട്ടയുടനെ മലബാറിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ ‘ശുദ്ധി’ പ്രസ്ഥാനത്തിന്റെ വര്‍ഗീയ പതാകയുമായി വന്ന പഞ്ചാബില്‍ നിന്നുള്ള ആര്യസമാജ നേതാക്കളും 1922ല്‍ മലബാറിലെ ഹിന്ദു അനുഭവങ്ങളെക്കുറിച്ച് ‘റിപ്പോര്‍ട്ട്’ ചെയ്യാന്‍ ഹിന്ദുമാഹസഭയുടെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട്ടെത്തിയ ബി.എസ് മൂഞ്ചെയും ഈ നുണകളെ നിര്‍മിക്കുന്നതിലും ഉത്തരേന്ത്യയിലെ ഹിന്ദുത്വ പ്രചാരകര്‍ക്ക് കൈമാറുന്നതിലും വലിയ പങ്കാണ് വഹിച്ചത്. സമരത്തെ ഉപജീവിച്ചുള്ള നൂറുകണക്കിന് ഹിന്ദി ലഘുലേഖകളാണ് ഉത്തരേന്ത്യയില്‍ വിതരണം ചെയ്യപ്പെട്ടത്. ഗോറിയും ഗസ്‌നിയും ബാബറും ഔറംഗസീബും നടത്തിയ ആക്രമണങ്ങള്‍ മധ്യകാല പഴങ്കഥകളല്ലെന്നും അവ എപ്പോഴും ആവര്‍ത്തിക്കപ്പെടാമെന്ന സന്ദേശമാണ് മലബാര്‍ നല്‍കുന്നതെന്നും അവ ഹിന്ദുക്കളെ ‘ഉദ്‌ബോധിപ്പിച്ചു’. ഇന്‍ഡ്യയെ ഹിന്ദുക്കളുടെ രാജ്യമായും ഇന്‍ഡ്യന്‍ മുസ്‌ലിംകളെ വിദേശ ആക്രമണകാരിയായ ബാബറിന്റെ പിന്‍മുറക്കാരായും ധ്വനിപ്പിച്ച് തീവ്രവര്‍ഗീയതയുടെ ഫണം വിടര്‍ത്തിനിന്ന വിഷാക്ഷരങ്ങളെ ദേശസ്‌നേഹത്തിന്റെ മുഖാവരണമണിയിക്കാനും ലഘുലേഖാകാരന്‍മാര്‍ക്ക് കഴിഞ്ഞു.

ഉപരിസൂചിത കലാപലഘുലേഖകള്‍ ഉത്തരേന്ത്യയിലെ ഹിന്ദുപൊതുസമൂഹത്തെ വര്‍ഗീയവല്‍കരിച്ചതെങ്ങനെയെല്ലാമാണെന്ന് പ്രമുഖ ചരിത്രപണ്ഡിതനായ ചാരു ഗുപ്ത രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തെ ഭാരതീയരുടെ അമ്മയായി പരിചയപ്പെടുത്തുകയും (മാതൃഭൂമി) ഭാരതമാകുന്ന അമ്മയുടെ (സ്ത്രീയുടെ) പ്രതാപം നഷ്ടപ്പെട്ടത്/മാനം കവര്‍ന്നെടുക്കപ്പെട്ടത് വിദേശ മുസ്‌ലിംകളുടെ കടന്നാക്രമണം വഴിയാണെന്ന് വിശദീകരിക്കുകയും ചെയ്തുകൊണ്ടായിരുന്നു വെറുപ്പിന്റെ തത്ത്വശാസ്ത്രം ആരംഭിച്ചത്. ദേശത്തെ മാനഭംഗപ്പെടുത്തിയ മുസ്‌ലിം പുരുഷന്‍ മലബാറില്‍ ദേശത്തിന്റെ പുത്രിമാരെ(ഹിന്ദുസ്ത്രീകളെ)യാണ് മാനഭംഗപ്പെടുത്തിയത് എന്നായിരുന്നു ഭാഷ്യം. തുടര്‍ന്ന്, ഹിന്ദുസ്ത്രീകളെ മാനഭംഗപ്പെടുത്താനുള്ള ത്വര മുസ്‌ലിം പുരുഷനുണ്ടാകുന്നത് അവന്റെ അനന്യസാധാരണമായ കാമാസക്തിയില്‍ നിന്നാണ് എന്നും, വൃത്തികെട്ട ഈ കാമാസക്തി അവന് പകര്‍ന്നുകിട്ടിയത് പ്രവാചകന്‍ മുഹമ്മദില്‍ നിന്നാണ് എന്നും ‘സമര്‍ഥിക്കുന്നതോടെ’ ലഘുലേഖകളുടെ പ്രാഥമിക ദൗത്യം അവസാനിക്കുന്നു. പിന്നെ അവശേഷിക്കുന്നത് പരിഹാരനിര്‍ദേശമാണ് – മുസ്‌ലിം പുരുഷന്റെ കാമഭ്രാന്തില്‍ നിന്ന് ഹിന്ദുസ്ത്രീയെയും മാതൃഭൂമിയെയും സംരക്ഷിക്കാന്‍ ഹിന്ദുപുരുഷന്‍മാര്‍ സായുധമായി സംഘടിക്കുക! അങ്ങനെ സംഘടിച്ചേടങ്ങളിലെല്ലാം മുസ്‌ലിം ‘അഴിഞ്ഞാട്ടത്തിന്’ അറുതിവന്നിട്ടുണ്ടെന്ന് മിക്കവാറുമെല്ലാ ലഘുലേഖകളും ‘കണക്കുകളും’ ഉദാഹരണങ്ങളും സഹിതം വിശദീകരിച്ചു. മലബാര്‍ ഔര്‍ ആര്യസമാജ്, മലബാര്‍ കാ ദൃശ്യ്, ബോലെ സ്വാമി കാ ദുഷ്ട് നൗകാര്‍, ഹമാരെ ബിച്ചുരെ ഭായ്, സംഘാതന്‍ കാ ബിഗല്‍, ചാന്ദ് മുസല്‍മാനോന്‍ കീ ഹര്‍കതേന്‍, യവനോന്‍ കാ ഘോര്‍ അത്യാചാര്‍, ബിജിത്ര ജീവ്, ഇസ്‌ലാം കാ ബന്ധ് ഫട് ഗയാ, താരാനായ് ശുദ്ധി തുടങ്ങിയ ലഘുലേഖകളെല്ലാം ഇത്തരമൊരു പ്രത്യയശാസ്ത്ര നിര്‍മിതിക്കുവേണ്ടിയാണ് ബോധപൂര്‍വം യത്‌നിച്ചത്. കുടിലമായ ലക്ഷ്യങ്ങളോടുകൂടി നിര്‍വഹിക്കപ്പെട്ട ഈ നുണപ്രസരണത്തിന് ഹിന്ദി ബെല്‍റ്റിലെ ഹിന്ദുപൊതുസമൂഹത്തെ ഒരു പരിധി വരെയെങ്കിലും വര്‍ഗീയവല്‍കരിക്കുവാന്‍ കഴിഞ്ഞു. നബിവിദ്വേഷത്തിന്റെയും മുസ്‌ലിംവിരോധത്തിന്റെയും കാളകൂടവുമായി കാവിക്കൂടാരങ്ങളില്‍ രാപാര്‍ക്കാന്‍ ഒട്ടനവധി ഹിന്ദുക്കളെ മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമെല്ലാമായി സമ്പാദിക്കാന്‍ സംഘികളുടെ
മലബാറെഴുത്തുകള്‍ക്ക് കഴിഞ്ഞു.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആരംഭകാലത്തുതന്നെ സ്വീകരിക്കുകയും ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്ത ഉജ്ജ്വലമായ പൈതൃകമുള്ള പ്രദേശമാണ് കേരളം. കേരളവും അറബികളും തമ്മില്‍ കടല്‍വഴി നിലനിന്നിരുന്ന കച്ചവടസമ്പര്‍ക്കത്തിന് C.E നാലാം നൂറ്റാണ്ടുവരെയെങ്കിലും പഴക്കമുണ്ട്. മുഹമ്മദ് നബി(സ)യുടെ കാലത്തുതന്നെ അറബ് കച്ചവടക്കാരും മതപ്രബോധകരും വഴി ഇസ്‌ലാം കേരളത്തിലെത്തിച്ചേര്‍ന്നുവെന്ന് ചരിത്രപണ്ഡിതന്‍മാര്‍ അനുമാനിക്കുന്നു. ഒന്‍പതാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാം കേരളത്തിലൊരു പ്രബലസാന്നിധ്യമായി മാറി എന്ന് തത്‌സംബന്ധമായ ചരിത്രരേഖകള്‍ ഐകകണ്‌ഠ്യേന സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. കേരളം ഭരിച്ചിരുന്ന അവസാനത്തെ ചേരമാന്‍ പെരുമാള്‍ മക്കയില്‍പോയി ഇസ്‌ലാം സ്വീകരിച്ചുവെന്നും ഇത് കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനം ത്വരിതപ്പെടുത്തിയെന്നും ഒരു പാരമ്പര്യമുണ്ട്. പെരുമാളിന്റെ യാത്ര ഉണ്ടായത് ഏഴാം നൂറ്റാണ്ടിലാണെന്നും ഒമ്പതാം നൂറ്റാണ്ടിലാണെന്നും പന്ത്രണ്ടാം നൂറ്റാണ്ടിലാണെന്നും ഉള്ള പരസ്പരവിരുദ്ധമായ അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. പെരുമാള്‍ കഥയില്‍ വസ്തുതയുണ്ടായാലും ഇല്ലെങ്കിലും അതിനെ ഒരു ചരിത്രവസ്തുതയായാണ് കേരളീയ ഹിന്ദുപൊതുസമൂഹം നൂറ്റാണ്ടുകളോളം കരുതിപ്പോന്നത് എന്നത് ശ്രദ്ധേ യമാകുന്നു. പെരുമാളിന്റെ മതംമാറ്റം വെറുപ്പോടെയല്ല, പ്രത്യുത ആദരവോടെയാണ് ഇവിടുത്തെ ഹിന്ദുക്കള്‍ അനുസ്മരിച്ചുപോന്നത്. കോഴിക്കോട്ടെ സാമൂതിരി രാജാവിനെ രാജ്യഭരണമേല്‍പിച്ച് മക്കയില്‍ പോയ പെരുമാളാണെന്നും മുസ്‌ലിമായ അദ്ദേഹം തിരിച്ചുവരുന്നതുവരെ മാത്രമാണ് ഹിന്ദുവായ സാമൂതിരി ഭരണം നിര്‍വഹിക്കേണ്ടത് എന്നും പഠിപ്പിക്കുന്ന ഒരു ഐതിഹ്യം പോലും അവര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.

കേരളത്തിലെ പ്രബലനായ ഒരു ഭരണാധികാരി മക്കയില്‍പോയി മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ചുവെന്ന വാര്‍ത്തയെ ആവേശപൂര്‍വം നെഞ്ചിലേറ്റാന്‍ കേരളത്തിലെ ഹിന്ദുക്കള്‍ക്ക് കഴിഞ്ഞുവെന്ന വസ്തുത, നബി(സ)ക്കും ഇസ്‌ലാമിനും അവര്‍ നല്‍കിയിരുന്ന ആദരവിനാണ് ശക്തിയായി അടിവരയിടുന്നത്. ബ്രിട്ടീഷുകാരനായ വില്യം ലോഗന്‍ തന്റെ പ്രശസ്തമായ മലബാര്‍ മാന്വലില്‍ പില്‍കാലത്ത് ചൂണ്ടിക്കാണിച്ചതുപോലെ, ‘ചേരമാന്‍ പെരുമാളിന്റെ മക്കയിലേക്കുള്ള പുറപ്പാട്‌ പോലൊരു സംഭവത്തെ ആയിരമോ അതിലേറെയോ വര്‍ഷമായി സ്‌നേഹപൂര്‍വം ഓര്‍ത്തുകൊണ്ടിരിക്കുന്ന ഒരു ജനതയും തങ്ങള്‍ വഹിക്കുന്ന വാളും ചെങ്കോലും മക്കയിലേക്കുപോയ അമ്മാവന്‍ (പെരുമാള്‍) തിരിച്ചുവരുന്നതുവരെ മാത്രം താല്‍ക്കാലികമായി കൈവശം വെക്കുന്നതാണെന്ന് ഇന്നുപോലും കരുതുന്ന അവരുടെ ഭരണാധികാരികളും’ ഉന്നതമായ ഇസ്‌ലാം ധാരണകളാണ് പുലര്‍ത്തിപ്പോന്നിരുന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്‍ഡ്യയിലെ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം തികച്ചും സവിശേഷമായ രീതിയില്‍ ഇസ്‌ലാമിനെയും അനുയായികളെയും ഉള്‍ക്കൊളളാനും സ്‌നേഹിക്കാനും അതുവഴി മൈത്രിയുടെ പൊന്‍നൂലില്‍ സമുദായങ്ങളെ കോര്‍ത്തിണക്കാനും കേരളത്തിന് നൂറ്റാണ്ടുകള്‍ക്കുമുമ്പേ കഴിഞ്ഞുവെന്നതാണ് പെരുമാള്‍ കഥയിലെ അഭിമാനാര്‍ഹമായ പാഠം.

1921ലെ മലബാറിനെ സംബന്ധിച്ച സംഘ്‌ നുണകളെ ഉത്തരേന്ത്യ ആശ്ലേഷിച്ചപ്പോഴും മലബാർ ഉൾകൊള്ളുന്ന കേരളം കുറേയൊക്കെ ചെറുത്തുനിന്നു എന്നതുകൊണ്ടാണ്‌ ഈ സംസ്ഥാനത്ത്‌ ഇപ്പോഴും ബി. ജെ. പി. ക്ക്‌ കാര്യങ്ങൾ വളരെ എളുപ്പമായിത്തീരാത്തത്‌. എന്നാൽ, മുസ്‌ലിംകളെ കൊന്നുതള്ളാൻ വേണ്ടി അന്നുണ്ടാക്കിവെച്ച ആ നുണയെ‌ ‘ലൗ ജിഹാദ്‌’ എന്ന വിചിത്ര നാമത്തിൽ സഭാ-സംഘ്‌ ഇസ്‌ലാമോഫോബുകൾ ഒരു പതിറ്റാണ്ടോളം മുമ്പ് ഇതേ കേരളത്തിൽ‌ പൊടിതട്ടി സജീവമാക്കിയെടുത്തു‌. ‘കൊല്ലെടാ അവനെ, അവൻ ‘നമ്മുടെ’ പെൺകുട്ടികളെ കയ്യേറാൻ വരുന്നവനാണ്‌’ എന്ന, മുസ്‌ലിം പുരുഷനുനേരെയുള്ള ആ ആക്രോശത്തെയാണ്‌ ഇവിടുത്തെ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും സമുദായ നേതാക്കളും ചേർന്ന് ‘സ്റ്റാറ്റിസ്റ്റിക്സ്‌’ ഒക്കെ വെച്ച്‌ സാധൂകരിക്കാൻ ശ്രമിച്ചത്‌. ചരിത്രത്തിലുടനീളം കാത്തുസൂക്ഷിച്ചുവെന്ന് കേരളീയര്‍ അഭിമാനിക്കുന്ന മതേതരപ്രതിബദ്ധതയുടെ ലിറ്റ്മസ് റ്റെസ്റ്റ് ആയിരുന്നു നമ്മുടെ ചര്‍ച്ചകളെ ഒരു പതിറ്റാണ്ടോളം മുമ്പ്‌ കവര്‍ന്നെടുത്ത ‘ലൗ ജിഹാദ്’ വിവാദം. വിവാഹപൂര്‍വ പ്രണയമെന്ന തോന്നിവാസത്തെയും ജിഹാദ് എന്ന അതിവിശുദ്ധമായ ആശയത്തെയും വിചിത്രമായ രീതിയില്‍ ചേര്‍ത്തുകെട്ടി വര്‍ഗീയവാദികള്‍ നിര്‍മിച്ച വിലക്ഷണദ്വയത്തിന്റെ മുമ്പില്‍ പ്രബുദ്ധ മലയാളി ഓഛാനിച്ചുനിന്നത് നമ്മുടെ പാരമ്പര്യം നമുക്ക് കൈമോശം വരുന്നതിന്റെ ഏറ്റവും ശക്തമായ സൂചകമായിരുന്നു. പെരുമാളിന്റെ മതംമാറ്റം ആഘോഷിച്ചവരുടെ പിന്‍തലമുറക്കാര്‍ക്ക് മതപരിവര്‍ത്തന വാര്‍ത്തകള്‍ പുളിച്ചുതികട്ടലുണ്ടാക്കി! മലബാര്‍ സമരം പോലുള്ള കണ്‍മുന്നില്‍ നടന്ന സംഭവത്തെ ഉപജീവിച്ച ഊഹാപോഹങ്ങളെ ചെറുത്തുനിന്നവര്‍ക്ക് തീര്‍ത്തും സാങ്കല്‍പികമായ കാമ്പസ് ജിഹാദ് ആരോപണം വിശ്വസനീയമായി തോന്നി! ‘കാമഭ്രാന്തനായ’ നബി(സ)യെയും നബി(സ)യില്‍ നിന്ന് പ്രചോദനമുള്‍കൊണ്ട് ഭാരതാംബയെ മാനഭംഗപ്പെടുത്തിയ ബാബറിനെയും ഇരുവരെയും മാതൃകയാക്കി മലബാറിലെ ഹിന്ദുസ്ത്രീകളെ കടന്നുപിടിച്ച മാപ്പിളയെയും സംബന്ധിച്ച് ഒച്ചവെച്ച വിഷവാറോലകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ ചവറ്റുകുട്ടയിലേക്കെറിഞ്ഞ സാക്ഷരസുന്ദരമലയാളിക്ക്, വേട്ടക്കാരനായ മുസ്‌ലിം പുരുഷനെയും ഇരയായ ഹിന്ദുസ്ത്രീയെയും സംബന്ധിച്ച പുതിയ വെളിപാടുകള്‍ പഥ്യമായിത്തീര്‍ന്നു!

വെള്ളം ചേരാത്ത കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ചവർക്കുതന്നെ ബോധ്യമുണ്ടായിരുന്ന ‘ലൗ ജിഹാദ്‌’ പിന്നീടൊരുപാട്‌ ‘വളർന്നു’, അത്‌ രണ്ട്‌ വർഷങ്ങൾക്കുമുമ്പ്‌ രാജസ്ഥാനിൽ ഒരു മുസ്‌ലിമിനെ കോടാലികൊണ്ട്‌ വീഴ്ത്തി ജീവനോടെ കത്തിക്കുകയും വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുകയും ‘വിശദീകരണ പ്രഭാഷണം’ നടത്തുകയും ചെയ്തു. കൊലവിളിയാണ്‌ തുടക്കം മുതലേ ഈ കല്ലുവെച്ച നുണയിൽ ഉണ്ടായിരുന്നത്‌ എന്നും രാജസ്ഥാനിൽ സംഭവിച്ചത്‌ തിരക്കഥയുടെ വളരെ സ്വാഭാവികമായ അടുത്ത അധ്യായമാണെന്നും മനസ്സിലാകുന്നില്ലെങ്കിൽ ഫാഷിസം എന്താണെന്ന് നമ്മൾക്കറിയില്ലെന്നാണ്‌ അർത്ഥം. ഇപ്പോൾ കേരളത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ അടക്കം തള്ളിക്കളഞ്ഞ ശേഷവും ലൗ ജിഹാദ്‌ എന്ന് വീണ്ടും ഒച്ചവെക്കാൻ തുടങ്ങുന്നവരും മുസ്‌ലിംകൾക്കെതിരായ കൊലവിളിയിൽ കുറഞ്ഞ ഒന്നുമല്ല നടത്തുന്നത്‌ എന്ന് സർക്കാറും പൊലീസും കോടതിയും മാധ്യമങ്ങളും മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളും അടിയന്തിരമായി തിരിച്ചറിയണം എന്നും വെറുപ്പുൽപാദനത്തിനും പ്രചാരണത്തിനും തൽപര കക്ഷികൾക്കെതിരിൽ സത്വര നടപടികൾ സീകരിക്കണമെന്നും ഞങ്ങൾ വളരെ ശക്തമായി ആവശ്യപ്പെടുന്നു. ഓർക്കുക, ബി ജെ പി ആദ്യം കീഴടക്കുന്നത്‌ പൊതുബോധത്തെയാണ്‌, പിന്നെയാണത്‌ ബാലറ്റ്‌ ബോക്സുകളെ തേടിയെത്തുക. ഇത്‌ കേരളം പിടിച്ചെടുക്കാനുള്ള സംഘ്‌ പരിവാർ യുദ്ധമാണ്‌; ഒരുമിച്ചുനിന്ന് ചെറുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


Tags :


mm

Admin