Logo

 

കേട്ടിട്ടുണ്ടോ, മൂസാ വാണിമേലിന്റെ മുസ്‌ലിം ലീഗ്‌ ഗാനം?

3 April 2019 | Feature

By

വീണ്ടും തെരഞ്ഞെടുപ്പിന്റെ ആരവം. പ്രചാരണത്തിന്‌ രാഷ്ട്രീയപ്പാർട്ടികൾ പാട്ടുകൾ കെട്ടുന്നു. കേരളത്തിൽ മാപ്പിള ശീലുകളിൽ മുസ്‌ലിം ലീഗിനുവേണ്ടി ഒരുപാട്‌ പാട്ടുകൾ മുഴങ്ങിയിട്ടുണ്ട്‌. ലീഗിന്റെ പാട്ടെഴുത്തുകാർ എന്ന നിലയിൽ നിരവധി പേർ പ്രശസ്തരായിട്ടും ഉണ്ട്‌. എന്നാൽ അവരിൽ അധികം പേർ ഓർക്കാത്ത ഒരു നാമമുണ്ട്‌- പരേതനായ മൂസാ വാണിമേൽ.

മൂസാ വാണിമേൽ സാധാരണക്കാരനായ രാഷ്ട്രീയ പ്രവർത്തകനല്ല. പ്രശസ്തനായ മതപണ്ഡിതൻ, നിരവധി ഇസ്‌ലാമിക ലേഖനങ്ങളുടെ കർത്താവായ എഴുത്തുകാരൻ, ഇസ്‌ലാമിക ആശയ പ്രചരണത്തിനുവേണ്ടി വശ്യമായ കവിതകളും ഗാനങ്ങളും എഴുതിയിട്ടുള്ള സർഗസാഹിത്യകാരൻ, മുജാഹിദ്‌ നേതാവ്‌, കെ എൻ എം മുഖപത്രമായ അൽമനാറിന്റെ ദീർഘകാല പത്രാധിപർ. നാദാപുരത്തിനടുത്ത വാണിമേൽ മുജാഹിദുകളായ മുസ്‌ലിം ലീഗുകാരുടെ പഴയ കാലം മുതൽക്കേയുള്ള ശക്തികേന്ദ്രമാണ്‌. അവിടുത്തെ പഴയ തലമുറയിലെ പ്രതിഭാശാലിയായ മുജാഹിദ്‌ പണ്ഡിതൻ എന്ന നിലയിൽ മൂസാ വാണിമേലും ലീഗ്‌ ആശയ പ്രചാരണത്തിന് തന്റേതായ സംഭാവനകൾ നൽകി. പതിറ്റാണ്ടുകൾക്കുമുമ്പ്‌ അദ്ദേഹം രചിച്ച ആവേശോജ്ജ്വലമായ ഒരു മുസ്‌ലിം ലീഗ്‌ ഗാനത്തിന്റെ ശബ്ദമാണ്‌ മില്ലി റിപ്പോർട്ട്‌ താഴെ ചേർക്കുന്നത്‌. ലീഗിനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ മതനിരപേക്ഷ ദേശീയ കക്ഷികൾ അടക്കം ശ്രമിച്ച കാലങ്ങളുടെ വികാരസാന്ദ്രമായ ചിത്രം കൂടി രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥികളെ സംബന്ധിച്ചേടത്തോളം ആ വരികളിൽ മുറ്റി നിൽക്കുന്നുണ്ട്‌.

കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹുൽ ഗാന്ധി മുസ്‌ലിം ലീഗ്‌ ശക്തികേന്ദ്രമായ വയനാട്ടിൽ മത്സരിക്കാൻ തീരുമാനിക്കുകയും മുസ്‌ലിം ലീഗും അതിന്റെ പച്ചക്കൊടിയും ദേശീയ ചർച്ചകളുടെ കേന്ദ്രസ്ഥാനത്ത്‌ വരികയും ചെയ്ത പശ്ചാതലത്തിൽ മൂസാ വാണിമേലിന്റെ പാട്ട്‌‌ വീണ്ടും കേൾക്കുന്നതിന്‌ സവിശേഷമായ രാഷ്ട്രീയ പ്രസക്തി കൈവരുന്നുണ്ട്‌.


Tags :


mm

Admin