Logo

 

മില്ലി റിപ്പോർട്ടിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ

30 September 2017 | Editorial

By

എഡിറ്റോറിയൽ

2016 സെപ്റ്റംബർ മുപ്പതിനാണ്‌ മില്ലി റിപ്പോർട്ട്‌ എന്ന ആശയം മൂർത്തമായിത്തീർന്നത്‌. വെബ്സൈറ്റിൽ ആദ്യത്തെ പോസ്റ്റ്‌ വന്നതും ഫെയ്സ്ബുക്ക്‌ പെയ്ജിൽ അത്‌ ഷെയർ ചെയ്യപ്പെട്ടതും അന്നായിരുന്നു. അതുകഴിഞ്ഞ്‌ ഇന്നേക്ക്‌ ഒരു വർഷമായിരിക്കുന്നു. ശൈശവത്തിന്റെ ഒരു വർഷം ഓൺലൈൻ മാധ്യമരംഗത്ത്‌ ചെറുതല്ലാത്ത അടയാളങ്ങൾ സാധ്യമാക്കിയാണ്‌ മില്ലി റിപ്പോർട്ട്‌ പിന്നിടുന്നത്‌. സർവശക്തനാണ്‌ സർവസ്തുതികളും!

മുസ്‌ലിം വ്യവഹാരങ്ങളിൽ ഫോക്കസ്‌ ചെയ്തുകൊണ്ടുള്ള പത്രപ്രവർത്തനം ആണ്‌ മില്ലി റിപ്പോർട്ടിന്റെ ദർശനം. ഏതെങ്കിലും സംഘടനകളുടെ റിപ്പോർട്ടിംഗ്‌ വെബ്സൈറ്റ്‌ അല്ല മില്ലി റിപ്പോർട്ട്‌. മുസ്‌ലിം സമുദായത്തെയാണ്‌ ഞങ്ങൾ മനസ്സിൽ കാണുന്നത്‌. സമുദായത്തെ/ സമുദായത്തെ ബാധിക്കുന്നവയെ ശ്രദ്ധയിൽ കൊണ്ടുവരാനാണ്‌ ശ്രമിച്ചത്‌. മക്തി തങ്ങളുടെ പരോപകാരിയും വക്കം മൗലവിയുടെ സ്വദേശാഭിമാനിയും മുഹമ്മദ്‌ അബ്ദുർറഹ്മാന്റെ അൽ അമീനും സീതി സാഹിബിന്റെ ചന്ദ്രികയും എല്ലാം പല രീതികളിൽ ഈ വിഭാവനത്തെ സ്വാധീനിച്ചിട്ടുണ്ട്‌. സമുദായം ചർച്ച ചെയ്യേണ്ട സംഭവങ്ങളിൽ നീതിനിഷ്ഠമായ നിലപാടുകൾ പുലർത്താനാണ്‌ പത്രം ശ്രമിച്ചത്‌. മറ്റു മാധ്യമങ്ങളുടെ ശ്രദ്ധ തീരെ പതിഞ്ഞിട്ടില്ലെന്ന് തോന്നിയ വിഷയങ്ങളാണ്‌ പലപ്പോഴും തെരഞ്ഞെടുത്തത്‌.

വാർത്തകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, അഭിപ്രായങ്ങൾ, അനുസ്മരണങ്ങൾ, പഠനങ്ങൾ, വിശകലനങ്ങൾ, പ്രതികരണങ്ങൾ, കവിതകൾ –എല്ലാം മില്ലി റിപ്പോർട്ടിൽ വന്നിട്ടുണ്ട്‌. മതവും ദേശവും രാഷ്ട്രീയവും ചരിത്രവും വർത്തമാനവും എല്ലാം അവയിൽ കൂടിക്കലർന്നിട്ടുമുണ്ട്‌. വ്യക്തികളുടേതായി വന്ന എല്ലാ നിരീക്ഷണങ്ങളും പത്രത്തിന്റെ ഔദ്യോഗിക വീക്ഷണങ്ങൾ ആകണം എന്നില്ല. പ്രസക്തമെങ്കിൽ ഇടമനുവദിക്കുക എന്ന നയമാണ്‌ എപ്പോഴും സ്വീകരിച്ചത്‌.

ഓൺലൈൻ പത്രങ്ങൾക്കിടയിൽ ഗൗരവതരവും ഉള്ളടക്കം കൊണ്ട്‌ ശ്രദ്ധേയവുമാണെന്ന അംഗീകാരത്തിന്റെ ഒരു മേൽവിലാസം കുറഞ്ഞകാലം കൊണ്ട്‌ നേടിയെടുക്കാനായിട്ടുണ്ട്‌ എന്നാണ്‌ ഞങ്ങളുടെ ആത്മവിശ്വാസം. നാനാതരത്തിൽ പെട്ട വായനക്കാർ മാറ്ററുകളുടെ വ്യതിരിക്തത കൊണ്ടുതന്നെ ഫോളോ ചെയ്യുന്നുണ്ടെന്ന തിരിച്ചറിവ്‌ ഞങ്ങളുടെ ഉത്തരവാദിത്ത ബോധം വർധിപ്പിക്കുന്നുണ്ട്‌. തുടക്കത്തിന്റേതായ മനുഷ്യവിഭവശേഷീ പരിമിതികളെ മറികടക്കാൻ കഴിയുമെന്നാണ്‌ ഞങ്ങളുടെ പ്രത്യാശ. ചടുലതയും നൈരന്തര്യവും വൈവിധ്യവും വർധിപ്പിച്ച്‌ മൗലികമായ ഈ ഇടം കൂടുതൽ സമൃദ്ധമാക്കാനുള്ള അധ്വാനത്തിലാണ്‌ ഞങ്ങൾ. ആത്മാർത്ഥതയും നിശ്ചയദാർഢ്യവും ത്യാഗസന്നദ്ധതയും ഉണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായമുണ്ടാകും എന്ന ബോധ്യമുണ്ട്‌; പ്രാർത്ഥനകൾകൊണ്ട്‌ വായനാസമൂഹം കൂടെ നടക്കും എന്ന പ്രതീക്ഷയുമുണ്ട്‌.

മില്ലി റിപ്പോർട്ട്‌ അതിന്റെ കൺസേണുകളിൽ താൽപര്യമുള്ള എല്ലാവർക്കും വേണ്ടിയുള്ള ഒരു പ്ലാറ്റ്ഫോം ആണ്‌. പത്രപ്രവർത്തനത്തിലും എഴുത്തിലും അഭിരുചിയുള്ള സമാനമനസ്കരുടെ തൂലികക്ക്‌ ഇവിടെയെപ്പോഴും സ്വാഗതമാണ്‌. മില്ലി റിപ്പോർട്ടിന്റെ ഇ മെയിൽ വിലാസത്തിൽ സഹകരണത്തിന്റെ/പ്രസിദ്ധീകരണത്തിന്റെ സാധ്യതകൾ ആർക്കും ആരായാവുന്നതാണ്‌. മില്ലി റിപ്പോർട്ടിന്റെ ദർശനം പങ്കിടുന്ന ഓൺലൈൻ/പ്രിന്റ്‌/വിഷ്വൽ മാധ്യമപ്രസ്ഥാനങ്ങളെ/മാധ്യമപ്രവർത്തകരെ തികഞ്ഞ സഹോദരബുദ്ധിയോടെയാണ്‌ ഞങ്ങൾ നോക്കിക്കാണുന്നത്‌. അവയുമായുള്ള ക്രിയാത്മകമായ കൊടുക്കൽ വാങ്ങലുകൾ വർധിപ്പിക്കാൻ ‌ ആയിരിക്കും ഞങ്ങൾ എപ്പോഴും പരിശ്രമിക്കുക.

സ്വപ്നങ്ങളിലുള്ള മില്ലി റിപ്പോർട്ട്‌ വളർച്ചയുടെ ക്രമപ്രവൃദ്ധമായ ഘട്ടങ്ങളിലൂടെ ഉടലെടുത്ത്‌ പൂർണമാകേണ്ടതാണ്‌. ആ വഴിയിലൂടെ കിതപ്പില്ലാതെ നടക്കാൻ ഞങ്ങൾ നിറമനസ്സോടെ തീരുമാനിച്ചിരിക്കുന്നു! പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ (ആമീൻ).


Tags :


mm

Admin