Logo

 

ഒരു ഫിലിപ്പീൻ യുവാവ് ഇസ്‌ലാം സ്വീകരിച്ച കഥ

12 October 2024 | അനുഭവം

By

സത്യം വന്ന് മുട്ടിവിളിക്കുമ്പോൾ മനസ്സിന്റെ വാതിലുകൾ മലർക്കെ തുറന്നിടാനുള്ള വിനയവും നിഷ്കളങ്കതയുമുള്ള ആർക്കും ദൈവിക മതത്തിന്റെ മാധുര്യം അനുഭവിച്ചറിയാനാകുമെന്നതിന് അനുഭവ സാക്ഷ്യങ്ങളെമ്പാടുമുണ്ട്. ക്രിസ്‌തുമതത്തിൽ നിന്ന് ക്രിസ്തുവിന്റെ മതത്തിലേക്കുള്ള പലായനത്തിൻ്റെ കഥകൾ പറയാനുള്ള അനേകം നവമുസ്‌ലിംകളിൽ ഒരാളാണ് ജോയ്.

ഫിലിപ്പൈൻസിലെ കണിശമായ മതബോധം പുലർത്തുന്ന ഒരു റോമൻ കത്തോലിക്കാ കുടുംബത്തിലാണ് ജോയ് ജനിച്ചത്. തികച്ചും മതകീയമായ സാഹചര്യങ്ങളിൽ വളർന്നുവന്ന ആ ബാലൻ ചെറുപ്പം മുതൽക്കേ ചർച്ച് പരിപാടികളിൽ സജീവമായിരുന്നു. ചാപ്പൽ വൃത്തിയാക്കുന്ന സന്നദ്ധ സേവകനും പുരോഹിതന്റെ സഹായിയുമായിരുന്ന ജോയ് ഹൈസ്കൂ‌ൾ വിദ്യാർഥിയായിരിക്കെ പള്ളിയിലെ ഗായക സംഘത്തിലും അംഗമായി. ഗിത്താറും പിയാനോയും അവൻ്റെ ഇഷ്‌ട വാദ്യോപകരണങ്ങളായിരുന്നു. കന്യാമറിയത്തെ സ്നേഹിക്കേണ്ടതും ആരാധിക്കേണ്ടതും എങ്ങനെയെന്ന് വിശദമായി ചർച്ച ചെയ്യുന്ന ‘Legion of Mary’ യിലും അദ്ദേഹത്തിന് അംഗത്വം ലഭിച്ചു.

ഇങ്ങനെയൊക്കെയായിരുന്നെങ്കിലും സ്വതന്ത്രമായ ബൈബിൾ പഠനത്തിനുള്ള അന്തരീക്ഷം ചർച്ചിലില്ലായിരുന്നു. പുരോഹിതൻ വായിക്കുന്ന വേദഭാഗങ്ങൾ കേട്ടിരിക്കുക മാത്രമായിരുന്നു കുഞ്ഞാടുകളുടെ ജോലി. ഇതിൽനിന്ന് വ്യത്യസ്‌തമായൊരു അനുഭവം ജോയിക്കുണ്ടാകുന്നത് ഒരു പ്രൊട്ടസ്‌റ്റൻ്റ് പരിപാടിയിൽ വെച്ചാണ്. അവിടെ ഓരോരുത്തരുടെയും കയ്യിൽ ബൈബിളുണ്ടായിരുന്നു.

സത്യവേദ പുസ്തകത്തിന്റെ ശാസനകൾ അയാളെ അത്ഭുതപ്പെടുത്തി. വിഗ്രഹാരാധനയെ നിരോധിക്കുന്ന പഴയനിയമവചനങ്ങൾ ആ മനസ്സിൽ ആന്ദോളനങ്ങൾ സൃഷ്ടിച്ചു. വിഗ്രഹാരാധനയോടുള്ള പ്രതിഷേധം നിമി ത്തം അദ്ദേഹം കത്തോലിക്കാസഭ വിട്ട് പ്രൊട്ടസ്‌റ്റൻറുകാരനായി മാറി, താമസിയാതെ കുടുംബവും.

ഈ സമയത്തൊന്നും ജോയിക്ക് ഇസ്‌ലാമിനെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. പാതിരിമാരാകട്ടെ, ഇസ്‌ലാമിനെക്കുറിച്ച് പറയാറുമില്ലായിരുന്നു. “മുസ്‌ലിംകൾ ഭീകരർ, അവരെ സമീപിക്കരുത്’ എന്ന മുൻധാരണ യായിരുന്നു ഏക ‘കൈമുതൽ’.

കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ബിരുദമെടുത്ത ജോയ് ജോലിയാവശ്യാർഥം സുഊദി അറേബ്യയിലേക്ക് വിമാനം കയറി. കൂടെയൊരു സുഹൃത്തുമുണ്ടായിരുന്നു. പൊന്നിനും പണത്തിനുമപ്പുറം അറേബ്യ മറ്റ് ചിലത് കൂടി അവർക്കുവേണ്ടി ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു. ഹിജാസിൻ്റെ പുണ്യഭൂമിയിലാണ് അദ്ദേഹത്തെ മാറ്റിത്തീർത്ത സംഭവങ്ങൾ അരങ്ങേറിയത്. ഒരു ബാങ്കിലായിരുന്നു ജോലി. അറബി ഭാഷയോടോ സംസ്‌കാരത്തോടൊ ജോ യിക്കൊരു താൽപര്യവും തോന്നിയില്ലെന്ന് മാത്രമല്ല, സാമൂഹിക ജീവിതത്തിലെ നിയന്ത്രണങ്ങൾ അങ്ങേയറ്റം ശ്വാസം മുട്ടിക്കുന്നതായി അനുഭവപ്പെടുകയും ചെയ്തു.

ആയിടെ ഒരു സംഭവമുണ്ടായി. ദമാമിൽ നിന്ന് പതിനഞ്ച് റിയാൽ കൂലി പറഞ്ഞ് താടി വളർത്തിയ ഒരു അറബിയുടെ വണ്ടിയിൽ കയറിയതായിരുന്നു ജോയ്. സ്ഥലത്തെത്തിയപ്പോൾ വണ്ടിക്കാരൻ ഭാവം മാറ്റി കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു. കോപാകുലനായ ജോയ് ചോദിച്ചുപോയി, “ഒന്നുമില്ലെങ്കിൽ നിങ്ങൾ അഞ്ച് സമയം ദൈവത്തിന് മുമ്പിൽ മുട്ടു കുത്തുന്നവനല്ലേ” എന്ന്. പ്രതികരണം ആശ്ചര്യകരമായിരുന്നു! പടച്ചവനെ ഓർമ വന്ന അറബി പറഞ്ഞ കൂലി മാത്രം വാങ്ങി മടങ്ങിപ്പോകുന്നത് അദ്ദേഹം നിർന്നിമേഷനായി നോക്കി നിന്നു. പരലോക വിശ്വാസത്തിന് മുസ്‌ലിം ജീവിതത്തിൽ എന്തുമാത്രം വലിയ സ്വാധീനമുണ്ടെന്ന് അയാളറിയുകയായിരുന്നു.

ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുമായിരുന്നു ജോയിയുടെ സൂപ്പർവൈസർ അബ്ദുല്ല. ഒരിക്കൽ സംസാരത്തിനിടെ അബ്ദുല്ല ‘ജീസസ്’ എന്ന് പറഞ്ഞപ്പോൾ അത്ഭുതപരതന്ത്രനായ ജോയിയുടെ മറുചോദ്യം- “ഞങ്ങളുടെ ദൈവമായ യേശുവിനെ നിങ്ങളെങ്ങനെയറിഞ്ഞു?”.

അബ്രഹാമും നോഹയും മോശെയും യേശുവുമൊക്കെ മുസ്‌ലിംകളുടെ പ്രവാചകന്മാരാണെന്ന് അബ്ദുല്ല വിശദീകരിച്ചുകൊടുത്തു. മുസ്‌ലിംകൾ ഏകദൈവാരാധകരാണെന്നു പോലും ജോയ് അറിയുന്നത് അപ്പോഴാണ്. മഗരിബിന്റെയും സുബ്ഹിൻ്റെയും സമയത്തിന് സൂര്യൻ ഉദയാസ്‌തമനങ്ങളുമായുള്ള ബന്ധത്തിൽനിന്ന് അദ്ദേഹം മനസ്സിലാക്കിവെച്ചിരുന്നത് മുസ്‌ലിംകൾ സൂര്യാരാധകരാണെന്നാണ്! ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനുള്ള തീരുമാനവുമായാണ് ആ സംഭാഷണം അദ്ദേഹം അവസാനിപ്പിച്ചത്. ജൂത-ക്രൈസ്‌തവ-ഇസ്‌ലാമിക ദർശനങ്ങളെ താരതമ്യത്തിന് വിധേയമാക്കാൻ ആ സത്യാന്വേഷി നിശ്ച‌യിച്ചു.

മതതാരതമ്യ പഠനത്തിനുവേണ്ടി അദ്ദേഹം പുസ്‌തകങ്ങൾ വായിക്കാൻ തുടങ്ങി. ബൈബിൾ ഉദ്ധരിച്ചുകൊണ്ട് യേശുവിൻ്റെ ദിവ്യത്വത്തെ നിഷേധിക്കുകയും പ്രവാചകത്വത്തെ സ്‌ഥാപിക്കുകയും ചെയ്യുന്ന കൃതികളുമുണ്ടാ യിരുന്നു കൂട്ടത്തിൽ. അങ്ങനെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതൽ പഠിക്കാനായി ജോയ് ചില ഇസ്‌ലാമിക കേന്ദ്രങ്ങളെ സമീപിച്ചു. അവിടങ്ങളിൽനിന്ന് ലഭിച്ച പുസ്‌തകങ്ങളും ബൈബിളും മുന്നിൽവെച്ചുകൊണ്ട് ക്രിസ്ത്യാനികളെ കബളിപ്പിക്കാൻ മുസ്‌ലിം എഴുത്തുകാർ നടത്തിയ ‘തിരിമറികൾ’ വെളിച്ചത്ത് കൊണ്ടു വരാനായി പിന്നെയുള്ള ശ്രമം. മനസ്സ് അന്ധമല്ലാതിരുന്നതുകൊണ്ട് കൂലങ്കശമായ വിമർശന പഠനം സത്യത്തിലേക്ക് നയിച്ചു. ബൈബിൾ വചനങ്ങൾ തങ്ങൾക്കൊത്ത് വളക്കുകയോ വിളക്കുകയോ ചെയ്യാതെ അപ്പടി ഉദ്ധരിക്കുക മാത്രമാണ് ആ ലേഖനങ്ങൾ ചെയ്തിരുന്നത്. അഹ്‌മദ് ദീദാത്തും ഒരു ക്രിസ്ത‌്യൻ മിഷനറിയും തമ്മിൽ നടന്ന സംവാദത്തിന്റെ വീഡിയോ പ്രദർശനം കൂടി കണ്ടതോടുകൂടി ജോയിക്ക് ഇരിക്കപ്പൊറുതിയില്ലാതായി; ദീദാത്തിന്റെ വാദമുനകളെ പ്രതിരോധിക്കാനാകാതെ നിന്ന ഫാദർ അദ്ദേഹത്തിന് മുമ്പിലൊരു ചോദ്യചിഹ്നമാകുകയായിരുന്നു. ഖുർആനിന്റെ ഇംഗ്ലീഷ് പരിഭാഷ ലഭിച്ചതോടെ പഠനം ത്വരിതഗതിയിലായി. ‘ലാ ഇക്റാഹഫിദ്ദീൻ’ എന്ന ആശയമുൾക്കൊണ്ടിരുന്നതുകൊണ്ട് മുസ്‌ലിം സുഹൃത്തുക്കൾ ഒരു മതപരിവർത്തനത്തിന് തന്നെ നിർബന്ധിച്ചിരുന്നില്ലെന്ന് ജോയ് അനുസ്മരിക്കുന്നു.

യേശു ദൈവമല്ല എന്നും ബൈബിളിൽ കൈക്രിയകൾ നടന്നിട്ടുണ്ട് എന്നും ബോധ്യമായതോടെ ക്രിസ്തുമതമല്ല ക്രിസ്തുവിന്റെ മതമെന്ന തിരിച്ചറിവിലേക്ക് ആ മനസ്സ് നീങ്ങി. മാനുഷിക കരവിരുതുകളിൽ നിന്ന് മുക്‌തമല്ലാത്ത ഒരു ഗ്രന്ഥം പ്രദാനം ചെയ്യുന്ന ആദർശങ്ങൾ സ്വാഭാവികമായും പ്രമാദമുക്തമായിരിക്കില്ലെന്നത് ആ യുവാവിനെ അസ്വസ്ഥ‌നാക്കി.

ജന്മപാപത്തിന്റെയും ത്രിയേക ദൈവസങ്കൽപത്തിന്റെയും ഊരാക്കുടുക്കുകളൊന്നുമില്ലാത്ത ദൈവിക മതം പ്രോജ്വലപ്രകാശത്തോടുകൂടി അദ്ദേഹത്തെ മാടിവിളിച്ചു. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വിശുദ്ധ വചനം ജോയിയുടെ മനസ്സിനെ സംതൃപ്തമാക്കി, ചുമലിലെ ഭാരങ്ങളിറക്കിവെച്ചു. സംശുദ്ധമായ ഏകദൈവ വിശ്വാസം വളരെവേഗം അയാൾക്കുൾക്കൊള്ളാനായി. താമസിയാതെ ആ നാവ് ശഹാദത്ത് കലിമ ചൊല്ലി.

അന്നുമുതൽ ഒരു പുതിയ മനുഷ്യനാവുകയായിരുന്നു ജോയ്. സ്വാലിഹ് എന്ന പേര് സ്വീകരിച്ച് ഫജ്ർ നമസ്കരിക്കാനായി പിറ്റേന്നുതന്നെ പള്ളിയിലെത്തി. മുട്ടുകുത്തി ശിരസ്സ് തറയിൽവെച്ച് സർവശക്തന് മുമ്പിൽ സർവവും സമർപ്പിച്ച് സൂജൂദിൽ കിടന്നപ്പോൾ ലഭിച്ച നിർവൃതി അവാച്യമാണെന്നാണ് സ്വാലിഹ് പറയുന്നത്. ഖുർആൻ പാരായണം ചെയ്യുന്നത് വശമാക്കിയ സ്വാലിഹ് പ്രവാചകാധ്യാപനങ്ങളെ കണിശമായി പിന്തുടരുന്നു.

ചെറുതും വലുതുമായ ജീവിത രംഗങ്ങളിൽ മതത്തെ പ്രയോഗവൽക്കരിച്ചുകൊണ്ടിരിക്കുകയാണ് ഈ പുതുവിശ്വാസിയിപ്പോൾ. പിയാനോയും ഗിത്താറും പലിശ സ്‌ഥാപനവുമൊക്കെ ജീവിതത്തിൽനിന്ന് വിടവാങ്ങി. പുതിയൊരു കമ്പനിയിൽ എഞ്ചിനീയറായി ജീവിക്കുന്ന ഈ ഫിലിപ്പൈൻ യുവാവ് സമാധാനചിത്തനും സന്തോഷവാനുമാണ്. ദൈവിക സന്ദേശത്തിന്റെ മാധുര്യം നുകരുകയും പകരുകയും ചെയ്‌ത് സ്വാലിഹ് മാതൃകയാകുന്നു.

(2005 നവംബർ ലക്കം സ്നേഹ സംവാദം മാസികയിൽ മുസ്തഫാ തൻവീർ എഴുതിയ ‘ഒരു ഫിലിപ്പീൻ യുവാവിന്റെ സത്യസാക്ഷ്യം’ എന്ന ലേഖനത്തിൽ നിന്ന്)


Tags :


mm

Admin