Logo

 

ജാമിഅ മില്ലിയ്യയിൽ പൊലീസ്‌ അഴിഞ്ഞാട്ടം

15 December 2019 | Reports

By

ജാമിഅ നഗർ (ന്യൂ ഡൽഹി): പ്രശസ്തമായ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ കേന്ദ്ര സർവകലാശാലയിൽ ഇന്ന് വൈകീട്ട്‌ മുതൽ ഡൽഹി പൊലീസിന്റെ അതിഭീകരമായ അഴിഞ്ഞാട്ടം. പൗരത്വ ഭേദഗതി നിയമത്തിനെതിരിൽ ജാമിഅയിൽ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി സമരങ്ങൾ നടന്നുവരികയായിരുന്നു. അധ്യാപകരും അനധ്യാപക ജീവനക്കാരും പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു. വെള്ളിയാഴ്ച കേമ്പസിലെ വിവിധ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പാർലമെന്റ്‌‌ മാർച്ച്‌ സംഘടിപ്പിച്ചിരുന്നു. മാർച്ച്‌ ജാമിഅയിൽ നിന്ന് ആരംഭിച്ചപ്പോഴേക്കും പൊലീസ്‌ അക്രമം അഴിച്ചുവിടുകയും ലാത്തിച്ചാർജ്ജും ടിയർ ഗ്യാസ്‌ പ്രയോഗവും നടത്തുകയും ചെയ്തിരുന്നു.

ജാമിഅക്ക്‌ തൊട്ടടുത്തുള്ള ബട്‌ല ഹൗസ്‌, ദാകിർ നഗർ തുടങ്ങിയ തെരുവുകൾ മുസ്‌ലിംകൾ തിങ്ങിത്താമസിക്കുന്ന ഗല്ലികളാണ്‌. പൗരത്വ ഭേദഗതി ഇവിടങ്ങളിലെല്ലാം വ്യാപകമായ പ്രതിഷേധങ്ങൾക്ക്‌ വഴിവെച്ചിരുന്നു. സമരം ചെയ്യുന്നവർ ബസ്സുൾക്ക്‌ തീവെച്ചു എന്നാരോപിച്ചാണ്‌ ഇന്ന് വൈകീട്ട്‌ പൊലീസ്‌ അക്രമങ്ങളുമായി അഴിഞ്ഞാട്ടം ആരംഭിച്ചത്‌. ഇതിനിടെ, ബസ്‌ കത്തിച്ചത്‌ പൊലീസ്‌ തന്നെ ആണെന്ന ആരോപണം ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉയരുന്നുണ്ട്‌.

പെൺകുട്ടികളെ അടക്കം ജാമിഅ വിദ്യാർത്ഥികളെ നിരത്തുകളിലിട്ട്‌ പൊതിരെ തല്ലുകയാണ്‌ പൊലീസ്‌ ചെയ്തത്‌. കേമ്പസിലേക്ക്‌ അനുവാദമില്ലാതെ ഇരച്ചുകയറിയ പൊലീസ്‌, എട്ടാം നമ്പർ ഗെയ്റ്റിനുള്ളിലെ പള്ളിക്കുള്ളിൽ കയറി നാശനഷ്ടങ്ങൾ വരുത്തുകയും വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. കാമ്പസിനുള്ളിൽ, ലൈബ്രറിയിൽ അടക്കം, പൊലീസിന്റെ തേർവാഴ്ച ആണുണ്ടായത്‌. വ്യാപകമായി കണ്ണീർ വാതക പ്രയോഗവും ലാത്തി വീശലും കാമ്പസിനുള്ളിലും തൊട്ടടുത്തുള്ള മുസ്‌ലിം തെരുവുകളിലും തുടർന്നുകൊണ്ടിരിക്കുകയാണ്‌. വിദ്യാർത്ഥികളിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്‌.

ദേശീയ പ്രസ്ഥാനത്തിന്റെ മുസ്‌ലിം നേതാക്കൾ സ്ഥാപിച്ചതാണ്‌ ജാമിഅ. ജാമിഅ കേമ്പസിലെയും ജാമിഅ നഗറിലെയും മുസ്‌ലിം ജനസാന്ദ്രത ഫാഷിസ്റ്റ്‌ ഭരണകൂട ഭീകരതയുടെ പുതിയ ലക്ഷ്യമായി മാറുമോ എന്ന ആശങ്ക പുതിയ സംഭവവികാസങ്ങളുടെ പശ്ചാതലത്തിൽ വളരുന്നുണ്ട്‌. ബട്‌ല ഹൗസിൽ മുമ്പുണ്ടായ വ്യാജ ഏറ്റുമുട്ടൽ കൊലപാതകത്തിന്റെ മുറിവുകൾ പ്രദേശത്ത്‌ ഇപ്പോഴും ഉണങ്ങിയിട്ടില്ല.


Tags :


Staff Reporter