Logo

 

‘പച്ച’ ഒരു ദേശീയ വിഷയമാകുമ്പോൾ അബ്ദുസ്സലാം മൗലവിയെ വായിക്കാം

8 April 2019 | Study

By

വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റ്‌, കോൺഗ്രസ്‌ സ്ഥാനാർത്ഥി പട്ടികയിലെ മുസ്‌ലിം പ്രാതിനിധ്യം എന്നീ പ്രശ്നങ്ങളെ തത്‌കാലത്തേക്ക്‌ മാറ്റിവെച്ചുകൊണ്ട്‌ ആലോചിച്ചാൽ ഗുണപരമായ ചില സാധ്യതകളെ ഉദ്‌പാദിപ്പിക്കുന്നുണ്ട്‌. വടക്കേ ഇൻഡ്യൻ-ആര്യൻ-ഹിന്ദു ഘടകങ്ങൾക്കുപകരം തെന്നിൻഡ്യൻ-ദ്രാവിഡ-മാപ്പിള പിന്തുണയോടെ കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ജയിക്കുന്നത്‌ പാർട്ടിയുടെ ഘടനയിൽ ചെറിയ കുലുക്കങ്ങളെങ്കിലും ഉണ്ടാക്കിയാൽ അതൊരു വലിയ വിപ്ലവം ആയിരിക്കും. പ്രധാനമന്ത്രിയുടെ/പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വയനാട്ടിലെ മുഖ്യഘടകകക്ഷി/മണ്ഡലത്തിലെ വിജയത്തിന്‌ ഏറ്റവും നിർണ്ണായകമായ സംഭാവന അർപ്പിച്ച രാഷ്ട്രീയപാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗിന് വർധിച്ച‌ സ്വാധീനമുണ്ടായാൽ കേരള മുസ്‌ലിംകൾ സമുദായ ശാക്തീകരണത്തിന്റെ പുതിയ പടവുകൾ കയറിയേക്കും.

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്‌ വളഞ്ഞിട്ടാക്രമിക്കേണ്ട പാതകമായി ഷോവിനിസ്റ്റ്‌ സംഘ്‌ പരിവാറിനും സെക്യുലർ ഇടതുപക്ഷത്തിനും ഒരുപോലെ അനുഭവപ്പെടുന്നത്‌ വയനാട്ടിലെ മുസ്‌ലിം/മുസ്‌ലിം ലീഗ്‌ പ്രാബല്യം കാരണമായാണ്‌ എന്നത്‌ യാദൃഛികമല്ല. മുസ്‌ലിം ലീഗ്‌ പാർട്ടിക്കും അതിന്റെ പച്ചക്കൊടിക്കും തന്നെ മുൻനിർത്തി കൈവന്ന ‘അപകടകരമായ’ ദേശീയ ദൃശ്യതയിൽ രാഹുൽ അസ്വസ്ഥനാകുന്നില്ല എന്നത്‌ ഉന്മാദ ദേശീയതക്കെതിരായ സമരത്തിന്റെ ‌ നായകസ്ഥാനത്ത്‌ നിൽക്കാൻ അയാളെ കുറേയേറെ അർഹനാക്കുന്നുണ്ട്‌. ഇൻഡ്യൻ യൂണിയൻ മുസ്‌ലിം ലീഗ്‌ ഖാഇദെ മില്ലത്തിന്റെ ദീർഘവീക്ഷണങ്ങൾക്ക്‌ അടിവരയിട്ട്‌ അതിന്റെ അംഗീകാരവും വിലപേശൽ ശേഷിയും വർധിപ്പിച്ച്‌ മുന്നോട്ട്‌ പോകുന്നതിനെ സംബന്ധിച്ച്‌ പല മാനങ്ങളിൽ ഉള്ള വിശകലനങ്ങൾ ഈ സാഹചര്യത്തിൽ ദേശീയ തലത്തിൽ തന്നെ സജീവമായിട്ടുണ്ട്‌. ഈ സമയത്ത്‌, ഐ. യു. എം. എല്ലിന്റെ ചരിത്രവും ദർശനവും ശരിയായി അനാവരണം ചെയ്യുന്നതിന്‌ വലിയ പ്രസക്തിയുണ്ട്‌. ഐ. യു. എം. എൽ സ്ഥാപകനിരയിൽ നേതാവ്‌ എന്ന നിലയിലും സൈദ്ധാന്തികൻ എന്ന നിലയിലും പ്രഗൽഭ സാന്നിധ്യമായിരുന്നു പ്രശസ്ത മുജാഹിദ്‌ പണ്ഡിതൻ എൻ. വി. അബ്ദുസ്സലാം മൗലവി (അരീക്കോട്‌, 1913-1997). അബ്ദുസ്സലാം മൗലവിയുടെ രാഷ്ട്രീയ ജീവിതത്തെ ചരിത്രപരമായി സന്ദർഭവൽകരിക്കാനും ബൗദ്ധികമായി സ്ഥാനപ്പെടുത്താനും ഉള്ള ചുരുങ്ങിയ ഒരു ശ്രമം ആണ്‌ ഈ പ്രബന്ധം. വിശാലാർത്ഥത്തിൽ ഇത്‌ ഇൻഡ്യൻ ദേശരാഷ്ട്രത്തിന്റെ ശരീരത്തിനുള്ളിൽ മുസ്‌ലിം ലീഗ്‌ സാക്ഷാൽകരിക്കുന്ന സങ്കീർണമായ ഇടത്തെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഉള്ള ഉദ്യമം തന്നെ ആണ്‌.

കട്ടിലശ്ശേരി നിർമിച്ച രാഷ്ട്രീയ പരിസരം

1930കളുടെ തുടക്കത്തിൽ, എൻ. വി. അബ്ദുസ്സലാം മൗലവി മുസ്‌ലിം‌ ഐക്യസംഘത്തിലും അത്‌ രൂപീകരിച്ച കേരള ജംഇയ്യതുൽ ഉലമാഇലും (കെ. ജെ. യു.) അനുരക്തനാകുന്ന കാലത്ത്,‌ ഇസ്‌ലാഹീ പ്രവർത്തകർ ആവേശപൂർവം കാത്തുകൊണ്ടിരുന്നത്‌ ബ്രിട്ടീഷ്‌ സർക്കാറിന്റെ അറസ്റ്റ്‌ വാറന്റുകൾ പിൻവലിക്കപ്പെട്ട്‌ കെ. എം. മൗലവിയും കട്ടിലശ്ശേരിയും, യഥാക്രമം കൊടുങ്ങല്ലൂരിൽ നിന്നും പോണ്ടിച്ചേരിയിൽ നിന്നും, മലബാറിലേക്ക്‌ തിരിച്ചെത്തുന്നതായിരുന്നു. 1915-16 കാലഘട്ടത്തിൽ ഹോംറൂള്‍ പ്രസ്ഥാനത്തിന്റ ആരംഭം തൊട്ടുതന്നെ അതിന്റെ സംഘാടനത്തിനു വേണ്ടി മലബാറില്‍ ഓടിനടക്കാന്‍ എം. പി. നാരായണമേനോന്റെ കൂടെ ഉണ്ടായിരുന്ന സലഫീ പരിഷ്കർത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു കട്ടിലശ്ശേരി മുഹമ്മദ് മൗലവി (പെരിന്തല്‍മണ്ണ, 1879 – 1943). മാപ്പിളചരിത്രപഠിതാക്കള്‍ക്ക് സുപരിചിതമായ മലബാര്‍ കുടിയാന്‍ സംഘം (Malabar Tenancy Association) 1920ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രൂപീകരിക്കപ്പെട്ടത്. ഈ കൂട്ടായ്മ ഫ്യൂഡൽ സവർണ ജന്മി മാടമ്പിത്തത്തിനെതിരിൽ കുടിയാൻ അവകാശങ്ങൾക്കുവേണ്ടി അതിശക്തമായി സമരം ചെയ്തു. ആയുധരഹിതമായ ഒരു അവകാശസമരരീതി മാപ്പിളമാര്‍ക്ക് പ്രായോഗികമായി പരിചയപ്പെടുത്താന്‍ കുടിയാന്‍ സംഘത്തിലൂടെ കട്ടിലശ്ശേരിക്ക് കഴിഞ്ഞു. കോൺഗ്രസിനെ ഒരുപറ്റം സമ്പന്ന സവർണ ദേശീയ നേതാക്കളുടെ ഒഴിവുവേളാ ക്ലബ്ബ്‌ എന്ന അവസ്ഥയിൽ നിന്ന് മലബാറിലെ ദരിദ്ര ബഹുജനങ്ങളുടെ അനുഭാവമുള്ള പ്രസ്ഥാനമാക്കി മാറ്റിയത്‌ കട്ടിലശ്ശേരിയുടെ ഇടപെടലുകൾ ആയിരുന്നു. പ്രഗൽഭനായ പ്രസംഗകൻ ആയിരുന്ന കട്ടിലശ്ശേരിയുടെ വാഗ്‌വിലാസം മൂലധനമാക്കിക്കൊണ്ട്‌‌ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളിൽ പടർന്ന ഹോംറൂൾ, കുടിയാൻ സംഘങ്ങൾ ആണ്‌ ഖിലാഫത്‌ പ്രസ്ഥാനത്തിനുള്ള മണ്ണ്‌ മലബാറിൽ ഒരുക്കിയത്‌‌. 1920 ഏപ്രിൽ 28, 29 തിയ്യതികളിൽ മഞ്ചേരിയിൽ നടന്ന ചരിത്രപ്രസിദ്ധമായ കോൺഗ്രസ്‌ ജില്ലാ സമ്മേളനത്തിലെ കട്ടിലശ്ശേരിയുടെ പ്രഭാഷണവും വൻ മാപ്പിള പങ്കാളിത്തവും ഏറെ ശ്രദ്ധേയമായിരുന്നു. 1921ൽ മലബാർ ജില്ലാ ഖിലാഫത്‌ കമ്മിറ്റി രൂപീകരിക്കപ്പെട്ടത്‌ കട്ടിലശ്ശേരിയെ പ്രസിഡന്റ്‌ ആക്കിക്കൊണ്ടാണ്‌.

വെല്ലൂർ ബാഖിയാതിൽ നിന്ന് ഉന്നത മതവിദ്യാഭ്യാസം നേടുകയും അനിതരമായ വാഗ്‌മിതകൊണ്ട്‌ മതപ്രഭാഷണവേദികളെ ഇളക്കിമറിക്കുകയും ചെയ്തിരുന്ന കട്ടിലശ്ശേരിയുടെ തിരിച്ചുവരവ്‌ ജംഇയ്യതുൽ ഉലമാഇന്‌ വലിയ ശക്തിയാണ്‌ പകർന്നത്‌. 1933ൽ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാരുടെ സംഘവുമായി ഇസ്‌ലാഹീ പണ്ഡിതമാർക്ക്‌ ഏർപെടേണ്ടിവന്ന നാദാപുരം വാദപ്രതിവാദത്തിൽ — ഇതാണ്‌ കേരളത്തിലെ ആദ്യത്തെ പരസ്യ സമസ്ത-ഇസ്‌ലാഹീ സംവാദം– കട്ടിലശ്ശേരി ഇസ്‌ലാഹീ പക്ഷത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തു. കട്ടിലശ്ശേരിയുടെ ആഗമനത്തിൽ എൻ. വി. അബ്ദുസ്സലാം മൗലവി അക്ഷരാർത്ഥത്തിൽ ആവേശഭരിതനായിരുന്നു. 1934ൽ അരീക്കോട്ട്‌ മിശ്കാതുൽ ഹുദാ മദ്‌റസയുടെ ഉദ്ഘാടനത്തിന്‌ എൻ. വി. കൊണ്ടുവന്ന് പ്രസംഗിപ്പിച്ചത്‌ കട്ടിലശ്ശേരിയെ ആണെന്ന കാര്യം പ്രസ്താവ്യമാണ്‌. 1935ൽ കെ. ജെ. യു. വാർഷിക സമ്മേളനം കട്ടിലശ്ശേരിയുടെ മുഖ്യ സംഘാടകത്വത്തിൽ അദ്ദേഹത്തിന്റെ സ്വന്തം നാടായ പുണർപ്പയിൽ വെച്ചാണ്‌ നടന്നത്‌. ഈ സമ്മേളനത്തിൽ എൻ. വി. പങ്കെടുക്കുന്നുണ്ട്‌. അബ്ദുസ്സലാം മൗലവി കെ. ജെ. യു. അംഗമാകുന്നതുതന്നെ പുണർപ്പ കോൺഫറൻസിനോട്‌ അനുബന്ധിച്ചാണ്‌.‌

കട്ടിലശ്ശേരി ആണ്‌ എൻ. വി.ക്ക്‌‌ സജീവ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ നൽകിയത്‌. 1934ൽ കേന്ദ്ര അസംബ്ലിയിലേക്ക്‌ മുഹമ്മദ്‌ അബ്ദുർറഹ്‌മാൻ സാഹിബ് അബ്ദുസ്സത്താർ സേട്ട്‌ സാഹിബിനെതിരിൽ മത്സരിച്ചപ്പോൾ കട്ടിലശ്ശേരി അരീക്കോട്ടും പരിസരങ്ങളിലും അബ്ദുർറഹ്‌മാന്റെ തെരഞ്ഞെടുപ്പ്‌ പ്രചരണ മേൽനോട്ടം എൻ. വി. യെ ഏൽപിച്ചു. അബ്ദുർറഹ്‌മാൻ സാഹിബുമായി ഇപ്രകാരമുണ്ടായ വ്യക്തിസമ്പർക്കം നേരത്തെ തന്നെ അൽ അമീന്റെ വായനക്കാരൻ ആയിരുന്ന എൻ. വി. യിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചു. 1937ൽ മദിരാശി നിയമസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലും അബ്ദുസ്സലാം മൗലവി അബ്ദുർറഹ്‌മാൻ സാഹിബിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പ്‌ പ്രവർത്തനങ്ങളിൽ നിരതനായിരുന്നു.

കെ. എം. മൗലവിയുടെയും സീതി സാഹിബിന്റെയും വഴിയിൽ

കട്ടിലശ്ശേരിയുമായി വ്യക്തിബന്ധം ഉണ്ടാകുന്ന കാലത്തുതന്നെ എൻ. വി. അബ്ദുസ്സലാം മൗലവി കെ. എം. മൗലവിയുമായും എം. സി. സി. അബ്ദുർറഹ്‌മാൻ മൗലവിയുമായും അടുത്ത പരിചയം സ്ഥാപിക്കുന്നുണ്ട്‌. ക്രമേണ കെ. എം. മൗലവിയും എം. സി. സി. യും എൻ. വി. ക്ക് വൈകാരികമായ ആത്മബന്ധമുള്ള ഗുരുസ്ഥാനീയരായി മാറുകയും ചെയ്തു. ഖിലാഫത്‌-കോൺഗ്രസ്‌ പ്രവർത്തനങ്ങളിലൂടെ പൊതുരംഗത്ത്‌ വന്ന കെ. എം. മൗലവി 1928ലെ നെഹ്‌റു കമ്മീഷൻ റിപ്പോർട്ടോടുകൂടി സർവേന്ത്യാ മുസ്‌ലിം ലീഗാണ്‌ മുസ്‌ലിംകൾക്ക്‌ കരണീയമായ രാഷ്ട്രീയ വഴി എന്ന നിലപാടിലേക്ക്‌ മാറിയിരുന്നു. തന്റെ വത്സല ശിഷ്യനും സന്തത സഹചാരിയുമായിരുന്ന കെ. എം. സീതി സാഹിബിനെ അദ്ദേഹം അടിയുറച്ച മുസ്‌ലിം ലീഗുകാരനാക്കി മാറ്റി. 1937 കാലമാകുമ്പോഴേക്ക്‌ സീതി സാഹിബും എൻ. വി. യുടെ അടുത്ത സുഹൃത്തായിത്തീരുന്നുണ്ട്‌. കെ. എം. മൗലവിയുടെയും സീതി സാഹിബിന്റെയും പ്രഭാവം കാരണം ഇസ്‌ലാഹീ നേതാക്കളിൽ ശക്തമായ മുസ്‌ലിം ലീഗ്‌ തരംഗം രൂപപ്പെടാൻ ആരംഭിച്ച കാലമായിരുന്നു അത്‌. ഭാരതീയരുടെ പൊതുവായ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പോലുളള ഒരു സംഘടനയേക്കാള്‍, മുസ്‌ലിംകളുടെ പ്രത്യകമായ പ്രശ്‌നങ്ങളെ പരിഗണിക്കാന്‍ ശേഷിയുളളതും എന്നാല്‍ ജനാധിപത്യ ബഹുസ്വരതയോടു സഹകരിക്കുന്നതുമായ ഒരു രാഷ്ട്രീയ സംഘടന ആവശ്യമാണെന്ന നിലപാട് അവരിൽ പതുക്കെ വളര്‍ന്നുവന്നു.

മലബാറിലെ ഒന്നാമത്തെ മുസ്‌ലിം ലീഗ് ശാഖ തലശ്ശേരിയില്‍ അബ്ദുസ്സത്താര്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ സഹപ്രവര്‍ത്തകരായി അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നത് കേരള ജംഇയ്യതുല്‍ ഉലമാഇന്റെ ആദര്‍ശ പ്രബോധന സംരംഭങ്ങളിലെ നിറസാന്നിധ്യവും എൻ. വി. യുടെ അടുത്ത സുഹൃത്തും ആയിരുന്ന പുളിക്കല്‍ പി. വി. മുഹമ്മദ് മൗലവിയും ഐക്യസംഘം സ്ഥാപക നേതാവ് കെ. എം. സീതി സാഹിബും എ. കെ. കുഞ്ഞിമായിന്‍ ഹാജിയെപ്പോലുള്ള തലശ്ശേരിയിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുമായിരുന്നു. മലബാറിലെ രണ്ടാമത്തെ ലീഗ് ശാഖ നിലവില്‍ വന്നത് തിരൂരങ്ങാടിയിലാണ്. കെ. എം. മൗലവി, ഇ. കെ. മൗലവി, കെ. ഉമര്‍ മൗലവി എന്നീ സലഫീ പണ്ഡിതന്‍മാര്‍ ചേര്‍ന്നതായിരുന്നു കമ്മിറ്റി. മൂന്നാമത്തെ മുസ്‌ലിം ലീഗ് ശാഖക്ക് കോഴിക്കോട് ജന്മം നല്‍കാന്‍ മുന്‍കയ്യെടുത്തതും കെ.എം. മൗലവിയും സഹപ്രവര്‍ത്തകരുമായിരുന്നു. 1937ല്‍ അറക്കല്‍ അബ്ദുര്‍റ്വഹ്മാന്‍ ആലിരാജ പ്രസിഡണ്ടായി രൂപീകരിക്കപ്പെട്ട പ്രഥമ മലബാര്‍ ജില്ലാ ലീഗ് കമ്മിറ്റിയില്‍ സെക്രട്ടറി ഇസ്ഹാഖ്‌ സേട്ട് സാഹിബും ജോയിന്റ് സെക്രട്ടറി സീതി സാഹിബുമായിരുന്നു. സീതി സാഹിബും സുഹൃത്തുക്കളും നേരത്തെ തന്നെ തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ചന്ദ്രികയാണ്‌ മുസ്‌ലിം ലീഗ്‌ രൂപീകരണത്തിനുശേഷം പാർട്ടി ജിഹ്വ ആയി മാറിയത്‌. ചന്ദ്രികയുടെ തൂലികാ നട്ടെല്ലുകളിലൊന്ന് പി.വി മുഹമ്മദ്‌ മൗലവി ആയിരുന്നു. തലശ്ശേരിയില്‍ താമസമാക്കി ചന്ദ്രികക്കുവേണ്ടിയുള്ള എഴുത്തില്‍ അദ്ദേഹം നിരതനായി. ചന്ദ്രികയുടെ പത്രാധിപസമിതി അംഗവും മാനേജറുമെല്ലാമായി പി. വി. മൗലവി പ്രവര്‍ത്തിക്കുന്നുണ്ട്.

ഇസ്‌ലാഹീ പണ്ഡിതന്മാരിലെ ബഹുഭൂരിപക്ഷം വരുന്ന ലീഗ് അനുഭാവികളും കോണ്‍ഗ്രസില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ച ന്യൂനപക്ഷവും തമ്മില്‍ നിരന്തരമായ രാഷ്ട്രീയ സംവാദങ്ങളുണ്ടായ കാലഘട്ടം ആയിരുന്നു നാൽപതുകൾ‌. കട്ടിലശ്ശേരിയും മുഹമ്മദ് അബ്ദുര്‍റഹ്‌മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും കെ. സി. കോമുക്കുട്ടി മൗലവിയും മങ്കട ഉണ്ണീൻ മൗലവിയും ആയിരുന്നു മുസ്‌ലിം ലീഗിനെ എതിർക്കുകയും കോണ്‍ഗ്രസ് തന്നെയാണ് വഴിയെന്ന് വാദിക്കുകയും ചെയ്ത പ്രധാന ഇസ്‌ലാഹീ നേതാക്കള്‍. ഇസ്‌ലാമികമായി ഒരേ വീക്ഷണകോണുകള്‍ പങ്കിടുമ്പോള്‍ തന്നെ സമുദായത്തിന്റെ ഭൗതിക പുരോഗതിക്കുവേണ്ടിയുളള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചേടത്ത് സംഭവിച്ച ധൈഷണികമായ ഉള്‍ക്കനവും ഉള്‍ക്കരുത്തും ഉളള മൂല്യവത്തായ തര്‍ക്കമായിരുന്നു ലീഗുകാരും കോൺഗ്രസുകാരും ആയി ചേരി തിരിഞ്ഞ ഇസ്‌ലാഹീ നേതാക്കൾക്കിടയിൽ ഉണ്ടായിവന്നത്‌. ഈ സംവാദത്തിൽ കട്ടിലശ്ശേരി പക്ഷത്തിൽ നിന്ന് രാഷ്ട്രീയമായി അകന്ന് കെ. എം. മൗലവിയുടെയും സീതി സാഹിബിന്റെയും വഴിയെ ആശ്ലേഷിക്കുകയായിരുന്നു എൻ. വി. മുഹമ്മദ്‌ അലി ജിന്നയുടെ നേതൃത്വത്തിൽ കൊടുമ്പിരികൊണ്ട സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ അടിയുറച്ച പ്രവർത്തകനായി അദ്ദേഹം മാറി. കെ. എം. മൗലവിയും സീതി സാഹിബും ആണ്‌ പിന്നീടങ്ങോട്ട്‌ തന്റെ രാഷ്ട്രീയ മാർഗദർശികളായി നിലകൊണ്ടത്‌ എന്ന് അബ്ദുസ്സലാം മൗലവി എഴുതിയിട്ടുണ്ട്‌.

1943ല്‍ തിരൂരങ്ങാടി യതീം ഖാന ആരംഭിച്ചപ്പോൾ ഓഫീസ്‌ പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിനായി കെ. എം. മൗലവി ചെയ്തത്‌ എൻ. വി. യെ അവിടെ നിയമിക്കുകയാണ്‌. യതീം ഖാനയും നൂറുൽ ഇസ്‌ലാം മദ്‌റസയും സലഫീ മുസ്‌ലിം ലീഗുകാരുടെ സിരാകേന്ദ്രമായി നിന്ന കാലത്തെ കെ. എം. മൗലവിയുമൊത്തുള്ള മാസങ്ങൾ നീണ്ട തിരൂരങ്ങാടി വാസം അബ്ദുസ്സലാം മൗലവിയിലെ മുസ്‌ലിം ലീഗ്‌ ആദർശവും വികാരവും ദൃഢതരമാകുന്നതിന്‌ നിമിത്തമായിട്ടുണ്ടാകണം.

സർവേന്ത്യാ മുസ്‌ലിം ലീഗ്‌, ഇൻഡ്യ, പാക്കിസ്ഥാൻ: അബ്ദുസ്സലാം മൗലവിയും ദേശീയതയുടെ അതിർത്തിവരകളും

മുസ്‌ലിം ലീഗ് പ്രധാനമായും ‌മലബാർ കേന്ദ്രീകൃതമായ ഒരു രാഷ്ട്രീയ ശക്തി ആയി നിലനിൽക്കുന്ന ഇന്നത്തെ അവസ്ഥ വെച്ചുകൊണ്ട്‌ അബ്ദുസ്സലാം മൗലവിയുടെ ലീഗ്‌ ആക്റ്റിവിസം ഉൾകൊണ്ടിരുന്ന ചലനാത്മകതയെ പൂർണമായി മനസ്സിലാക്കാനാവില്ല. ഉപഭൂഖണ്ഡത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഭാവി കൊളോണിയൽ ഭരണത്തിന്റെ അന്ത്യദശകങ്ങളിൽ സ്വാതന്ത്ര്യാനന്തരം പിറക്കാനിരിക്കുന്ന ദേശരാഷ്ട്രസംവിധാനങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെടുത്തി നിശിതമായ ചർച്ചകൾക്ക്‌ വിധേയമായപ്പോൾ മതേതര രാഷ്ട്രീയ ആധുനികതയുടെ പ്രകൃതം ശരിയായി മനസ്സിലാക്കുകയും ‘ദേശീയത’യുടെ ഹിംസയിൽ നിന്ന് ‘സാമുദായികത’യെ സംരക്ഷിക്കാനുള്ള സ്വത്വബോധം കാണിക്കുകയും ചെയ്ത, അവിഭക്ത ഇൻഡ്യയിൽ മുഴുവൻ വേരുകളാഴ്ത്തിപ്പടർന്ന ഒരു സൗത്‌ ഏഷ്യൻ ധൈഷണിക പ്രസ്ഥാനത്തിന്റെ വിശാലതയിലേക്കാണ്‌ എൻ. വി. യെപ്പോലുള്ളവർ സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ കൊടിക്കുകീഴിൽ കണ്ണിചേർന്നത്‌. ‘മൗലവി’ എന്ന വിളിപ്പേരിന് പൂർണമായി‌ വിനിമയം ചെയ്യാനാവുന്നതല്ല എൻ. വി. യുടെ അന്നത്തെ ചിന്താ-വായനാ ലോകം.

കോഴിക്കോട്‌ ഹിമായത്‌ സ്കൂളിലും മലപ്പുറം ഹൈസ്കൂളിലും തലശ്ശേരി ബ്രണ്ണൻ കോളജിലും പഠിക്കുകയും മികച്ച ഇംഗ്ലീഷ്‌ പ്രാവീണ്യം നേടിയെടുക്കുകയും ബ്രിട്ടീഷ്‌ ബ്യൂറോക്രസിയിൽ ജോലി ചെയ്യുകയും ചെയ്തിട്ടുള്ള, ആധുനിക
രാഷ്ട്രീയ ദർശനങ്ങളെയും കൊളോണിയൽ ഇൻഡ്യയിൽ തനിക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന അതിനിർണായകമായ മാറ്റങ്ങളെയും ആഴത്തിൽ പിന്തുടർന്നുകൊണ്ടിരുന്ന തലയെടുപ്പുള്ള ഒരു ബുദ്ധിജീവി ആയിരുന്നു സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പുള്ള വർഷങ്ങളിൽ എൻ. വി. അബ്ദുസ്സലാം ബിൻ മുഹമ്മദ്‌.

കെ. എം. സീതി സാഹിബ്‌ ജനറൽ സെക്രട്ടറി ആയ പ്രഥമ മലബാർ ജില്ലാ ഐ. യു. എം. എൽ. കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറിയായി അബ്ദുസ്സലാം മൗലവി കർമരംഗത്ത് സജീവമാകുന്ന 1948 അദ്ദേഹത്തിന്റെ രാഷ്ട്രീയ ധീരതയുടെ കൃത്യമായ സമരസാക്ഷ്യമാകുന്നുണ്ട്. 1948 മാർച്ച്‌ പത്തിന്‌ മദിരാശിയിലെ രാജാജി ഹാളിൽ ഖാഇദെ മില്ലത്‌ മുഹമ്മദ്‌ ഇസ്‌മാഈൽ സാഹിബിന്റെ നേതൃത്വത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ‌ ഐ. യു. എം. എൽ. രൂപീകരണ യോഗത്തിൽ മുസ്‌ലിം ലീഗ്‌ ഇൻഡ്യയിൽ ഒരു രാഷ്ട്രീയപ്പാർട്ടി ആയി തുടരേണ്ടതില്ലെന്ന അഭിപ്രായക്കാരെ നിശബ്ദമാക്കിയ പ്രഭാഷണങ്ങളിൽ ഒന്ന് അബ്ദുസ്സലാം മൗലവിയുടേത്‌ ആയിരുന്നു.

ദേശരാഷ്ട്രത്തിന്റെ പുതിയ പരമാധികാരികൾ സാമുദായിക രാഷ്ട്രീയത്തെ ദേശദ്രോഹമായി നിർവചിക്കാനൊരുമ്പെട്ട സമയത്ത്‌ ഭരണകൂട ധാർഷ്ട്യത്തെ വെല്ലുവിളിച്ച് മൗലവി പൊതുമണ്ഡലത്തിൽ ലീഗ് സൈദ്ധാന്തികനും നേതാവുമായി നിറഞ്ഞുനിന്നു. പാകിസ്ഥാൻ വിരോധമാകണം ഇൻഡ്യൻ ദേശീയതയുടെ അടിത്തറയെന്ന് കരുതിയവർക്കെതിരെ അദ്ദേഹം പൊതുയോഗങ്ങളിലെ പ്രഭാഷണങ്ങളിൽപോലും തുറന്നടിച്ചു. ചിന്തകനും പ്രഭാഷകനും പരിഭാഷകനും സംഘാടകനുമായി ഇൻഡ്യൻ സ്വാതന്ത്ര്യത്തിന്റെ പുലരിയിൽ മലബാറിൽ ലീഗ് രാഷ്ട്രീയത്തെ വളർത്തിയ എൻ. വി. സീതി സാഹിബിന്റെ ബൗദ്ധിക വലംകയ്യായി പ്രഭ ചൊരിഞ്ഞു. 1948ൽ തന്നെ ഹൈദരാബാദ് ആക്ഷന്റെ ഭാഗമായി പൊലീസ് പാണക്കാട്‌ പൂക്കോയ തങ്ങളോടൊപ്പം എൻ. വി. യെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടക്കുന്നതിൽനിന്ന് മൗലവിക്ക്‌ അതിസങ്കീർണമായ അന്നത്തെ രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടായിരുന്ന ദൃശ്യതയും സ്വാധീനവും വളരെ വ്യക്തമാണ്‌. മലബാറിലെ മുസ്‌ലിം ലീഗിന്റെ അതിജീവന കഥയിൽ നായകസ്ഥാനത്ത്‌ നിർബന്ധമായും വരേണ്ട ഒരാൾ ആണ് അരീക്കോട്ടുകാരനായ‌ എൻ. വി. അബ്ദുസ്സലാം മൗലവി എന്നാണ്‌ ഇതൊക്കെ സൂചിപ്പിക്കുന്നത്‌. രാജ്യവിരുദ്ധമല്ലാത്തതിനെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് കണ്ണുരുട്ടാൻ ശ്രമിച്ച പൊലീസും സ്റ്റെയ്റ്റുമായുള്ള എൻകൗണ്ടറിൽ ജനാധിപത്യത്തിന്റെ സാധ്യതകളുപയോഗിച്ച് മുസ്‌ലിം ലീഗിന്റെ ഇടം പോരാടി വാങ്ങിയ മഹാമനീഷികളുടെ മുൻനിരയിൽ ആണ്‌ അദ്ദേഹത്തിന്റെ സ്ഥാനം.

1950ൽ കോഴിക്കോട്ട്‌ അബ്ദുസ്സലാം മൗലവി സ്ഥാപക ജനറൽ സെക്രട്ടറി ആയി കേരള നദ്‌വതുൽ മുജാഹിദീൻ രൂപീകരിക്കപ്പെട്ട്‌ അധികമാകുന്നതിനുമുമ്പേ അതേ വർഷം ഒക്റ്റോബർ മാസത്തിൽ ആണ്‌ ലീഗ്‌ ചരിത്രത്തിലെ ദശാസന്ധികളിൽ ഒന്നായ മലപ്പുറം ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. സലഫീ ആദർശ പ്രബോധനത്തിന്റെ കൃത്യാന്തര ബാഹുല്യങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ്‌ പ്രചാരണ പ്രവർത്തനങ്ങളിൽ മുഴുകിയ മൗലവി ആയിരുന്നു മിക്ക പ്രചാരണ പൊതുയോഗങ്ങളിലും ഖാഇദെ മില്ലതിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയത്‌.

സ്വതന്ത്ര ഇൻഡ്യയുടെ ജനാധിപത്യ മതനിരപേക്ഷ ചട്ടക്കൂടിൽ സാമുദായിക രാഷ്ട്രീയം വഴി മുസ്‌ലിംകൾക്ക്‌ അഭിമാനകരമായ അസ്തിത്വം സാധ്യമാണ്‌ എന്നും ഇൻഡ്യൻ ദേശരാഷ്ട്രത്തിന്റെ പുരോഗതിയിൽ ഇവിടുത്തെ മുസ്‌ലിംകൾ പരമാവധി സംഭാവനകൾ അർപിക്കണം എന്നും എൻ. വി. അടിയുറച്ച്‌ വിശ്വസിച്ചു. എന്നാൽ പാക്കിസ്ഥാനെ അപരമായി കാണുന്ന ‘ഇൻഡ്യൻ വികാരം’ അദ്ദേഹത്തിന്‌ അന്യമായിരുന്നു. പാക്കിസ്ഥാനും ബംഗ്ലാദേശും ഉൾപെട്ടിരുന്ന പ്രവിശാലമായ ഒരു ഭൂപ്രദേശത്തെ മുസ്‌ലിം സമുദായം ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ആലോചനകളുടെ ഏകകം. സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ കളരിയിൽ ഊട്ടപ്പെടുകയും പാക്കിസ്ഥാൻ പ്രക്ഷോഭത്തിന്റെ ഭാഗമായി നിൽക്കുകയും ചെയ്ത ഒരാളുടെ geopolitical imagination അപ്രകാരമാവുക സ്വഭാവികം മാത്രമാണ്‌. എന്നാൽ അതിലുപരി ഇസ്‌ലാമിക പ്രമാണങ്ങൾ അവതരിപ്പിക്കുന്ന ഉമ്മത്ത്‌ എന്ന സങ്കൽപനത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്‌. ബോംബെയിൽ നിന്ന് കപ്പൽ കയറി എത്താമായിരുന്ന, ‘ഇൻഡ്യ’ക്കാർക്ക്‌ നല്ല സമ്പർക്കമുണ്ടായിരുന്ന‌ ‘പാക്കിസ്ഥാനിലെ’ കറാച്ചി മൗലവിക്ക്‌ വൈകാരികമായ അടുപ്പമുള്ള നഗരമായിരുന്നു. 1947 അവസാനം സർവേന്ത്യാ മുസ്‌ലിം ലീഗിന്റെ അവസാന കൗൺസിൽ ജിന്നയുടെ അധ്യക്ഷതയിൽ കറാച്ചിയിൽവെച്ച്‌ നടക്കുന്ന സമയത്തൊക്കെ മൗലവി അരീക്കോട്‌ ജംഇയതുൽ മുജാഹിദീന്റെ ചില ആവശ്യങ്ങളുമായി ആ നഗരത്തിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം മലബാറിൽ നിന്ന് പോയി പാക്കിസ്ഥാൻ പൗരത്വം സ്വീകരിച്ച സത്താർ സേട്ട്‌ സാഹിബുമായും പി. വി. മുഹമ്മദ്‌ മൗലവിയുമായും ഇൻഡ്യൻ പൗരനായി തുടർന്ന എൻ. വി. ക്ക്‌ കത്തിടപാടുകൾ ഉണ്ടായിരുന്നു. കച്ചവട-തൊഴിൽ ആവശ്യങ്ങൾക്ക്‌ കറാച്ചിയിൽ പോവുകയും ‘വിഭജന’ത്തോടെ ‘പാക്കിസ്ഥാനികൾ’ ആവുകയും ചെയ്ത മലബാർ മാപ്പിളമാർക്കും എൻ. വി. യുമായി ആശയവിനിമയം ഉണ്ടായിരുന്നു.

മുസ്‌ലിം ലീഗ്‌: എൻ. വി. യുടെ ഇസ്‌ലാമിക വ്യാഖ്യാനം

ഇസ്‌ലാമിക പ്രമാണങ്ങളെ മനസ്സിലാക്കാനും കണിശമായി പിന്തുടരാനും മുസ്‌ലിം സമുദായാംഗങ്ങളെ‌ അവയ്ക്കനുസൃതമായി ജീവിക്കുന്നവരാക്കി വളർത്താനും അല്ലാഹുവിന്റെ തൃപതി മാത്രം കാംക്ഷിച്ച്‌ കഠിനാധ്വാനം ചെയ്ത ഭക്ത സാത്വികനായിരുന്നു അബ്ദുസ്സലാം മൗലവി. അത്തരം ഒരാൾ ആത്മാർപ്പണമുള്ള രാഷ്ട്രീയക്കാരനാകുന്നത്‌ ചിലർക്കെങ്കിലും മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. എൻ. വി. യെപ്പോലുള്ളവർക്ക്‌ മുസ്‌ലിം ലീഗ്‌ അവരുടെ മതപരമായ പ്രബുദ്ധതയുടെ തന്നെ നീൾച ആയിരുന്നുവെന്ന സത്യം വേണ്ടവിധം മനസ്സിലാക്കാത്തതുകൊണ്ടാണിത്‌. 1979ൽ അബ്ദുസ്സലാം മൗലവി എഴുതിയ `മുസ്‌ലിം ലീഗ്‌ ഇന്നലെ, ഇന്ന്, നാളെ’ എന്ന ലഘുപുസ്തകം അദ്ദേഹത്തിന്റെ രാഷ്ട്രീയ ദർശനത്തിന്റെ ഇസ്‌ലാമിക മാനങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കും.

പരിശുദ്ധ ഖുർആനിലെ സൂറതുശ്ശൂറയിലെ (അധ്യായം 42) 36 മുതൽ 39 വരെയുള്ള നാല്‌ ആയത്തുകൾ ഉദ്ധരിച്ചുകൊണ്ട്‌ ആരംഭിക്കുന്ന ഈ രചന മുസ്‌ലിം ലീഗിനെ ഇസ്‌ലാം ഇൻഡ്യയുടേത്‌ പോലുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന മുസ്‌ലിംകൾക്ക്‌ നൽകുന്ന രാഷ്ട്രീയ അനുശാസനകൾ പ്രകാരമുള്ള ഒരു ദീനീ ആവിഷ്കാരം ആയാണ്‌ കാണുന്നത്‌. മുസ്‌ലിം ലീഗ്‌ മൂർത്തവൽകരിക്കുന്ന മുസ്‌ലിം രാഷ്ട്രീയം പുസ്തകത്തിൽ അവതരിപ്പിക്കപ്പെടുന്നത് ശരിയായ‌ ‘ഇസ്‌ലാമിക രാഷ്ട്രീയം’ ആയിട്ടാണ്‌. മുസ്‌ലിംകൾക്ക് സമുദായം എന്ന നിലയ്ക്കുള്ള‌ സംഘബോധവും പൊതുപ്രശ്നങ്ങൾ കൂടിയാലോചിച്ച്‌ തീരുമാനിക്കാൻ ഉള്ള ശൂറാ സംവിധാനവും സമുദായത്തെ സംരക്ഷിക്കാനും നയിക്കാനുമുള്ള ഇമാറതും നിർബന്ധമാണെന്ന് ഖുർആൻ പഠിപ്പിച്ചതുകൊണ്ടാണ്‌ ഖിലാഫത്‌ ഇസ്‌ലാമിക ചരിത്രത്തിലുടനീളം നിലനിന്നത്‌ എന്നും ഉഥ്മാനിയ്യാ ഖിലാഫതിന്റെ തകർച്ചയോടെ ആ ദൗത്യങ്ങൾ നിർവഹിക്കാൻ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിംകൾ കണ്ടെത്തിയ മാർഗമാണ്‌ മുസ്‌ലിം ലീഗ്‌ എന്നുമാണ്‌ എൻ. വി. കൃതിയിൽ സമർത്ഥിക്കുന്നത്‌. മുസ്‌ലിം ലീഗ്‌ എന്നാൽ മുസ്‌ലിം ഉമ്മത്ത്‌ തന്നെ ആണെന്നും ലീഗ്‌ നേതൃത്വം ആണ്‌ സമുദായത്തിന്റെ യഥാർത്ഥ നേതൃത്വം എന്നുമുള്ള ഖുർആനിക ബോധ്യമായിരുന്നു മൗലവിയുടെ രാഷ്ട്രീയ സജീവതയുടെ പ്രേരണ. ഖിലാഫതിന്റെ തകർച്ച ഉണ്ടാക്കിയ ഒരു അന്തർദേശീയ മുസ്‌ലിം പ്രതിസന്ധിക്ക്‌ ഇൻഡ്യയിൽ ഉരുത്തിരിഞ്ഞുവന്ന ഇസ്‌ലാമിക പരിഹാരം എന്ന നിലയിൽ മുസ്‌ലിം ലീഗിൽ അണിചേരൽ മുസ്‌ലിംകളുടെ മതപരമായ സാമൂഹിക ബാധ്യത ആണെന്നാണ്‌ പുസ്തകം ചൂണ്ടിക്കാണിക്കുന്നത്‌. രാഷ്ട്രീയത്തെ ഒരു ആഗോള ഇസ്‌ലാമിക പ്രതലത്തിൽ വെച്ചുകൊണ്ടാണ്, അല്ലാതെ മതേതര-ദേശീയ വ്യവഹാരങ്ങളിൽ കുരുങ്ങി‌ നിന്നുകൊണ്ടല്ല മൗലവി സമീപിക്കുന്നത്‌. ഖിലാഫതിന്റെ തിരോധാനം ഉണ്ടാക്കുന്ന ശൂന്യതയെ എങ്ങനെ മറികടക്കണമെന്നതു സംബന്ധിച്ച്‌ 1920കളുടെ രണ്ടാം പകുതിയിൽ സയ്യിദ്‌ റശീദ്‌ രിദായുടെ അൽ മനാർ മാസിക നടത്തിയതുപോലുള്ള ആലോചനകളാണ്‌ മൗലവി ‌പുസ്തകത്തിൽ നിർവഹിക്കുന്നത്‌.

മുസ്‌ലിംകളെ ഐക്യത്തോടെ നിലനിർത്തേണ്ട ഇസ്‌ലാമിക ബാധ്യതയുള്ള മുസ്‌ലിം ലീഗ്‌ നേതൃത്വം പാണക്കാട്‌ പൂക്കോയ തങ്ങളുടെ മരണശേഷം അഖിലേന്ത്യാ ലീഗും യൂണിയൻ ലീഗുമായി ചേരിതിരിഞ്ഞതിനെ നിശിതമായി വിമർശിക്കുകകൂടി ചെയ്യുന്നുണ്ട്‌ പാർട്ടി പിളർന്നുനിന്ന കാലത്ത്‌ എഴുതപ്പെട്ട ‘മുസ്‌ലിം ലീഗ്‌ ഇന്നലെ, ഇന്ന്, നാളെ.’ മുസ്‌ലിം ലീഗ്‌ പാർട്ടി വിജയിക്കണമെങ്കിൽ‌ അല്ലാഹുവിന്റെ സഹായം അനിവാര്യമാണെന്നും നേതൃത്വം ബാധ്യതകൾ വിസ്മരിച്ചാൽ ആ സഹായം ലഭിക്കാതെ പോകുമെന്നും ഓർമ്മിപ്പിക്കുന്നുണ്ട്‌, പുസ്തകം. ലീഗ്‌ ചില സമുദായാവകാശങ്ങൾ നേടുന്നതിലും ഇസ്‌ലാം വെറുക്കുന്ന ചില സാമൂഹിക തിന്മകളുടെ വ്യാപനത്തെ ഭരണസ്വാധീനം ഉപയോഗിച്ച്‌ തടയുന്നതിലും ഇടക്കാലത്ത്‌ പരാജയപ്പെട്ടത്‌ ഇപ്രകാരം അല്ലാഹുവിന്റെ സഹായം തടയപ്പെട്ടതിനാൽ ആണെന്ന് ഗ്രന്ഥം ഉദാഹരണസഹിതം നിരീക്ഷിക്കുന്നു.

ഈമാനും ഇഖ്ലാസും ആകണം ലീഗ്‌ നേതാക്കളുടെ ചാലകശക്തിയെന്ന എൻ. വി. യുടെ കാഴ്ചപ്പാട്‌ പുസ്തകത്തിൽ ഉടനീളം ഉണ്ട്‌. എൻ. വി. ക്ക്‌ മുസ്‌ലിം ലീഗ്‌ അല്ലാഹുവിനോടും സമുദായത്തോടുമുള്ള ബാധ്യതാനിർവഹണത്തിന്റെ, അഥവാ ദീനിന്റെ, ഭാഗമായിരുന്നു; അതിൽ കവിഞ്ഞതോ കുറഞ്ഞതോ ആയ യാതൊന്നും ആയിരുന്നില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ നവീന ഇസ്‌ലാം വ്യാഖ്യാനങ്ങളുടെയും അതുത്പാദിപ്പിച്ച അനിസ്‌ലാമികമായ അരാഷ്ട്രീയതയുടെയും ഏറ്റവും പ്രഖ്യാതനായ ശത്രുവായി എൻ.വി മാറിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതക്ക്‌ കൃത്യമായ ഇസ്‌ലാമിക ആദർശവേരുകൾ ഉണ്ടായിരുന്നതുകൊണ്ടാണ്‌.‌ മുസ്‌ലിം ലീഗ്‌ രാഷ്ട്രീയത്തെ പിന്തുണക്കലും വളർത്തലും ഒരു ദീനീ സേവനമായി അദ്ദേഹം കണ്ടു. തന്റെ സഹോദരനായ എൻ. വി. ഇബ്റാഹീം മാസ്റ്ററെ പിൽക്കാല ലീഗ് രാഷ്ട്രീയത്തിൻറെ ധിഷണയായി വളർത്താൻ മൗലവിക്ക് കഴിഞ്ഞു. അരീക്കോട്ടുകാരൻ തന്നെയായ കെ. സി. അബൂബക്ർ മൗലവി ലീഗ് പ്രഭാഷണ വേദികളിൽ കത്തിപ്പടർന്നതും അദ്ദേഹത്തിന്റെ കൂടി പ്രചോദനത്തിലായിരുന്നുവല്ലോ. ഇവരൊക്കെയും മുസ്‌ലിം ലീഗിനെ തങ്ങളുടെ മതപരമായ ബോധ്യങ്ങളുടെ അനിവാര്യതയായാണ്‌ കണ്ടിരുന്നത്‌. ജനാധിപത്യ-മതനിരപേക്ഷ ക്രമത്തിലുള്ള മുസ്‌ലിം പങ്കാളിത്തത്തെ ഇസ്‌ലാമികമായി സാധൂകരിക്കാൻ എൻ. വി. യുടെ നേതൃത്വത്തിൽ ലീഗ്‌-മുജാഹിദ്‌ പണ്ഡിതന്മാർ നടത്തിയ ശ്രമങ്ങളോട്‌ പോസ്റ്റ്‌-ഗന്നൂശി ജമാഅത്ത്‌ സാഹിത്യങ്ങൾക്കും സന്ധിയാകേണ്ടി വരാനാണ്‌ സാധ്യത. ഖാഇദെ മില്ലത്‌ മുതൽ പൂക്കോയ തങ്ങൾ വരെയുള്ളവർ മുസ്‌ലിം ലീഗിന്റെ നയങ്ങൾ രൂപീകരിക്കാൻ അബ്ദുസ്സലാം മൗലവിയുടെ ഇസ്‌ലാമികോപദേശങ്ങൾക്ക്‌ ആദരപൂർവം കാതോർത്തിരുന്നു എന്ന ചരിത്രവസ്തുതയുടെ വെളിച്ചത്തിൽ എൻ. വി. യുടെ രാഷ്ട്രീയ സങ്കൽപനത്തോട്‌ അക്കാലഘട്ടത്തിലെ ലീഗ്‌ നേതാക്കൾ പൊതുവിൽ യോജിച്ചിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്‌. ‌


Tags :


mm

Musthafa Thanveer