Logo

 

ഹിന്ദുത്വം വെടിവെച്ചുകൊന്ന രാഷ്ട്രപിതാവിന്റെ സ്മരണകളുണർത്തി ഗാന്ധിജയന്തി

2 October 2018 | Reports

By

ന്യൂഡൽഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ നൂറ്റിനാൽപത്തിയൊൻപതാം ജന്മദിനം ആചരിക്കുന്നു. രാജ്ഘട്ടിൽ ഔദ്യോഗിക പ്രണാമങ്ങൾ നടക്കുമ്പോഴും ഗാന്ധിയെ ആത്മാർത്ഥമായി ഓർക്കുന്നവരുടെയെല്ലാം മനസ്സ്‌ പോകുന്നത്‌ ബിർളാ ഹൗസിലേക്കാണ്‌. 1948 ജനുവരി 30ന് ബിർളാ ഹൗസിലെ‌ പ്രാർത്ഥനാ യോഗത്തിനിടെ ഗാന്ധിയെ ഹിന്ദുത്വ ഭീകരൻ നാഥൂറാം ഗോദ്സെ വെടിവെച്ചുകൊന്നതിന്റെ നടുക്കം രാജ്യത്തിന്റെ മതേതര മനസ്സാക്ഷിയെ ഇനിയും വിട്ടുപോയിട്ടില്ല. ഗാന്ധി ഘാതകരുടെ പ്രത്യയശാസ്ത്രം ഇൻഡ്യയുടെ അധികാരം കയ്യാളുന്ന സമകാലത്ത്‌ ആ നടുക്കം വർധിക്കുന്നേ ഉള്ളൂ.

ഒന്നര നൂറ്റാണ്ടോളം മുമ്പ്‌ ജനിച്ച ഗാന്ധിയോടുള്ള കുടിപ്പക ഹിന്ദുത്വത്തിന്‌ ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന വസ്തുത ഫാഷിസ്റ്റ്‌ വിരുദ്ധ പോരാട്ടത്തിൽ ആ മനുഷ്യന്റെ പ്രസക്തിക്കാണ്‌ അസന്നിഗ്ധമായി അടിവരയിടുന്നത്‌. ‘ഗാന്ധിയുടെ കാലത്ത്‌ ഞാനുണ്ടായിരുന്നെങ്കിൽ ഗോദ്സയേക്കാൾ മുന്നേ ഞാൻ സ്വന്തം കൈകൾ കൊണ്ട്‌ അയാളെ വധിക്കുമായിരുന്നു’ എന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി ഡോ. പൂജാ ശകുൻ പാണ്ഡേ ഇക്കഴിഞ്ഞ ഓഗസ്റ്റ്‌ മാസത്തിൽ പ്രസംഗിച്ചത്‌ അലീഗഢിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ഗോദ്സേ പ്രതിമ മീററ്റിലെ തങ്ങളുടെ ഓഫീസിൽ അനാഛാദനം ചെയ്തുകൊണ്ടാണ്‌ മഹാസഭാ നേതാക്കൾ 2016ൽ ഒക്റ്റോബർ രണ്ട്‌ ‘ആഘോഷിച്ചത്‌.’

ഗാന്ധിവധത്തിൽ ഹിന്ദുത്വത്തിന്റെ പങ്ക്‌ മറച്ചുവെക്കാൻ ബി. ജെ. പിയും ആർ. എസ്‌. എസും ശ്രമിക്കുന്നത്‌ അപലപനീയമാണെന്ന് 2017 ഒക്റ്റോബറിൽ ഹിന്ദു മഹാസഭയുടെ ദേശീയ വൈസ്‌ പ്രസിഡന്റ്‌ അശോക്‌ ശർമ്മ പ്രസ്താവിച്ചിരുന്നു. ഹിന്ദുത്വം അഭിമാനത്തോടെ ഏറ്റുപറയേണ്ട ഗാന്ധിവധത്തിൽ നിന്നും ഗോദ്‌സെയിൽ നിന്നും അകലം അഭിനയിക്കാൻ ശ്രമിക്കുന്നവരോട്‌‌ പ്രതിഷേധമുണ്ടെന്ന് ശർമ പറഞ്ഞു‌. ഗാന്ധിവധത്തെക്കുറിച്ച്‌ അപമാനലേശമില്ലാതെ സംസാരിക്കാൻ ഉള്ള ധൈര്യം ഹിന്ദു മഹാസഭയുടെ ഏറ്റവും വലിയ സവിശേഷതയാണ്‌. ആർ. എസ്‌. എസിനും ബി. ജെ. പിക്കും ആ ധൈര്യമില്ലെന്ന് ശർമ പരിഹസിച്ചു.

മുംബൈക്കാരനായ പങ്കജ്‌ ഫട്നസ്‌ ഗാന്ധിയെ കൊന്നത്‌ ഗോദ്സെയുടെ വെടിയുണ്ടകളല്ലെന്ന് വരുത്താൻ ശ്രമിച്ച്‌ സുപ്രീ കോടതിയിൽ സമർപ്പിച്ച പെറ്റീഷനിലെ വാദങ്ങൾക്കുമേൽ അന്വേഷണം നടത്താൻ കോടതി ഒക്റ്റോബർ ആറിന്‌ അമിക്കസ്‌ ക്യൂറിയെ നിയോഗിച്ച സംഭവത്തോട്‌ പ്രതികരികരിച്ചുകൊണ്ടാണ്‌ ശർമ ഇങ്ങനെ പ്രസ്താവിച്ചത്‌‌. ഗോദ്സെയുടെ വെടിയുണ്ടകൾ തന്നെയാണ്‌ ഗാന്ധിയെ കൊന്നത്‌. ഗോദ്സെ ഹിന്ദു മഹാസഭക്കാരൻ ആയിരുന്നു. ഹിന്ദു മഹാസഭയിൽ നിന്നും ഗോദ്‌സെയിൽ നിന്നും ഗാന്ധിവധത്തിന്റെ ‘ക്രെഡിറ്റ്‌’ തട്ടിയെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ സഭ നിലകൊള്ളും-ശർമയുടെ പരാമർശങ്ങൾ പുരോഗമിച്ചത്‌ ഇങ്ങനെയൊക്കെയാണ്‌.

ഗാന്ധിവധത്തിനുപിന്നിൽ സവർണ ഹിന്ദുത്വം തന്നെയാണെന്ന് വിശദമായി സ്ഥാപിച്ചുകൊണ്ട്‌ മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി Let’s kill Gandhi എന്ന പുസ്തകം എഴുതിയിട്ടുണ്ട്‌‌. ഗോദ്‌സെ ആര്‍.എസ്.എസിന്റെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും സംഘവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും എല്‍.കെ. അദ്വാനി നുണ പറഞ്ഞതിനെ തുടര്‍ന്ന് 1993 നവംബര്‍ 21ന് നാഥൂറാമിന്റെ ഇളയസഹോദരനും ഗാന്ധിവധ ഗൂഢാലോചനാ കേസ് പ്രതിയുമായിരുന്ന ഗോപാല്‍ ഗോദ്‌സെ ദി ഹിന്ദു ഗ്രൂപ്പിന്റെ ഫ്രന്റ്‌ലൈൻ മാഗസിന്‌ അഭിമുഖം നൽകിയിരുന്നു. ”ഞങ്ങള്‍ എല്ലാ സഹോദരന്മാരും ആര്‍.എസ്.എസിലുണ്ടായിരുന്നു. വീട്ടില്‍ എന്നതിനേക്കാള്‍ ആര്‍.എസ്.എസിലാണ് ഞങ്ങള്‍ വളര്‍ന്നത്. ആര്‍.എസ്.എസ് ഞങ്ങള്‍ക്ക് കുടുംബം പോലെയായിരുന്നു” എന്നും ”നാഥൂറാം ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു” എന്നും ”താന്‍ ആര്‍.എസ്.എസ് വിട്ടിരുന്നതായി നാഥൂറാം കോടതിയില്‍ പറഞ്ഞത് ഗാന്ധിവധം ആര്‍.എസ്.എസിനേയും ഗോള്‍വാള്‍ക്കറെയും വലിയ പ്രശ്‌നക്കുരുക്കില്‍” അകപ്പെടുത്തിയതിനാലാണെന്നും ഗോപാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. 1944 മുതല്‍ നാഥൂറാം ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തുതുടങ്ങിയെന്ന് ഗോപാല്‍ പറയുന്നുണ്ട്. തീവ്രഹിന്ദുവര്‍ഗീയ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ് ഗോദ്‌സെ കുടുംബത്തില്‍ മിക്കവരും ഗാന്ധിവധത്തിനുശേഷവും ചെയ്തത്. ഗോപാലിന്റെ പുത്രി സാവര്‍ക്കറുടെ ഇളയസഹോദരന്റെ മകനെയാണ് വിവാഹം കഴിച്ചത്. ഹിമാനീ സാവര്‍ക്കര്‍ എന്നറിയപ്പെട്ട ഇവര്‍ അഭിനവ് ഭാരതിന്റെ അധ്യക്ഷയായി പ്രശസ്തയായിത്തീര്‍ന്നു. ഗോപാല്‍ 2005ലും ഹിമാനി 2015ലും മരണപ്പെട്ടു.


Tags :


mm

Admin