Logo

 

ഇസ്രായേലി കളിക്കാർക്ക്‌ വിസ നൽകാനാകില്ലെന്ന് സുഊദി അറേബ്യ: രിയാദിലെ അന്താരാഷ്ട്ര ചെസ്‌ ടൂർണമെന്റ്‌ കേൻസൽ ചെയ്തു

4 December 2018 | Reports

By

രിയാദ്‌: ഡിസംബറിൽ ഇവിടെ നടക്കാനിരുന്ന അന്താരാഷ്ട്ര ചെസ്‌ ടൂർണമന്റ്‌ ഇന്റർനാഷണൽ ചെസ്‌ ഫെഡറേഷൻ കേൻസൽ ചെയ്തു. ടൂർണമെന്റിൽ ഇസ്രായേലിനെ പങ്കെടുപ്പിക്കണമെന്ന ഫെഡറേഷന്റെ ആവശ്യം സുഊദി അറേബ്യൻ സ്പോർട്സ്‌ അധികാരികൾ നിരാകരിച്ചതിനെ തുടർന്നാണിത്‌. വർഷം തോറും രിയാദിൽ വെച്ച്‌ നടക്കുന്ന ടൂർണമെന്റിന്‌ ഇത്തവണയും ഒരുക്കങ്ങൾ പൂർത്തിയായതായിരുന്നു. ഇതിനിടെയാണ്‌ ഇസ്രായേലിനെ പങ്കെടുപ്പിക്കുന്നതിനെച്ചൊല്ലി ഫെഡറേഷനും ആതിഥേയ രാജ്യമായ സുഊദി അറേബ്യയും തമ്മിൽ അഭിപ്രായവ്യത്യാസം രൂക്ഷമായത്‌.

ഫിലസ്ത്വീനിൽ പാശ്ചാത്യർ സ്ഥാപിച്ച ഇസ്രായേലിനെ നിയമസാധുതയുള്ള രാജ്യമായി സുഊദി അറേബ്യ അംഗീകരിക്കുന്നില്ല. ഇസ്രായേലീ പൗരന്മാരെ സുഊദി രാജ്യത്ത്‌ പ്രവേശിപ്പിക്കാറില്ല. ഇസ്രായേലികൾക്ക്‌ വിസ നൽകില്ലെന്നാണ്‌ സുഊദിയുടെ നിലപാട്‌. ചെസ്‌ ടൂർണമെന്റിൽ തങ്ങളുടെ കളിക്കാരെ പങ്കെടുപ്പിക്കാൻ ഇസ്രായേൽ കഴിഞ്ഞ വർഷവും അപേക്ഷ നൽകിയിരുന്നു. എന്നാൽ സുഊദി ഇത്‌ അനുവദിച്ചില്ല. ഇസ്രായേൽ ഇതിനെക്കുറിച്ച്‌ ഫെഡറേഷന്‌ പരാതി നൽകിയിരുന്നു. ഇത്‌ കണക്കിലെടുത്ത്‌ ഇത്തവണ ഇസ്രായേലി കളിക്കാരെ രാജ്യത്ത്‌‌ പ്രവേശിപ്പിക്കാൻ ഫെഡറേഷൻ സുഊദിക്കുമേൽ ശക്തമായ സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ സുഊദി അവർക്ക്‌ വിസ നൽകാനാകില്ലെന്ന് തീർത്തുപറഞ്ഞതോടെ ടൂർണമന്റ്‌ കേൻസൽ ചെയ്യുമെന്നായി ഫെഡറേഷൻ. ഇസ്രായേലിനെ പങ്കെടുപ്പിക്കൽ നിർബന്ധമാണെങ്കിൽ ടൂർണമന്റ്‌ തങ്ങളുടെ തലസ്ഥാനമായ രിയാദിൽ വേണ്ടെന്ന് ഇതോടെ സുഊദിയും വ്യക്തമാക്കുകയായിരുന്നു.


Tags :


mm

Admin