Logo

 

ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ: ആദ്യ മലയാള വിവർത്തനത്തിന്‌ 70 വയസ്സ്

7 May 2018 | Reports

By

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിൽ നജ്ദിൽ ഇസ്‌ലാമിക നവജാഗരണ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി ലോകപ്രശസ്തനായ സലഫീ പണ്ഡിതൻ ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ (1703-1792) അൽ ഉസ്വൂലുഥ്ഥലാഥ എന്ന വിഖ്യാതമായ ലഘുകൃതിയുടെ ആദ്യ മലയാള വിവർത്തനം പ്രസിദ്ധീകൃതമായിട്ട്‌ എഴുപത്‌ വർഷം തികയുന്നു. ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ആദർശപ്രചരണം സുഊദ്‌ രാജകുടുംബത്തെ അഗാധമായി സ്വാധീനിച്ചതാണ്‌‌ സുഊദി അറേബ്യയുടെ മതവീക്ഷണങ്ങളെ നിർണയിച്ചത്‌. സലഫീ പ്രസ്ഥാനങ്ങളും പണ്ഡിതന്മാരും പത്തൊൻപതാം നൂറ്റാണ്ടു മുതൽക്ക്‌ ‘വഹ്ഹാബി’ എന്ന് വിശേഷിപ്പിക്കപ്പെടാൻ നിമിത്തമായത്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ മുന്നേറ്റം സലഫീ ലോകത്ത്‌ ആഗോളവ്യാപകമായുണ്ടാക്കിയ ഉണർവാണ്‌‌.

കേരളത്തിൽ ശൈഖ്‌ മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ ശക്തരായ വിമർശകരായിരുന്നു പരമ്പരാഗത സ്വൂഫീ-മദ്‌ഹബീ മുസ്ലിം പണ്ഡിതന്മാർ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തിരുവിതാംകൂറിൽ സ്വദേശാഭിമാനി പത്രമുടമ കൂടിയായിരുന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി ഇബ്നു അബ്ദിൽ വഹ്ഹാബിനെ അനുകൂലിച്ച്‌ രംഗത്തെത്തിയത്‌ ‘വഹ്ഹാബി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആശയങ്ങൾക്ക്‌ ഇവിടെ സ്വാധീനമുണ്ടാക്കി. ഇബ്നു അബ്ദിൽ വഹ്ഹാബിനെതിരായ വിമർശനങ്ങൾക്ക്‌ തന്റെ ദൗഉസ്സ്വബാഹ്‌ എന്ന പുസ്തകത്തിൽ മൗലവി മറുപടി പറഞ്ഞു. കേരളത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനം നാമ്പെടുത്തത്‌ മൗലവിയുടെയും ശിഷ്യന്മാരുടെയും അധ്വാനങ്ങൾ വഴിയാണ്‌.

വക്കം മൗലവിയുടെ ശിഷ്യനും ബന്ധുവുമായിരുന്ന വക്കം പി മുഹമ്മദ്‌ മൈതീൻ (1899-1967) ഇസ്‌ലാഹീ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്‌ വിപുലമായ സാഹിതീയ സേവനങ്ങൾ നൽകിയത്‌ പ്രസ്ഥാനത്തിന്റെ വളർച്ചക്ക്‌ ആക്കം കൂട്ടി. എഴുത്തും പ്രസാധനവും ആയിരുന്നു മൈതീന്റെ പ്രധാന താൽപര്യങ്ങൾ. വിശുദ്ധ ക്വുർആൻ‌ തൊള്ളായിരത്തി മുപ്പതുകളിൽ തന്നെ പുളിക്കൽ പി. കെ മൂസാ മൗലവിയുടെയും എം സി സി അബ്ദുർറഹ്മാൻ മൗലവിയുടെയും സഹകരണത്തിൽ മൈതീൻ സാഹിബ്‌ പരിഭാഷപ്പെടുത്തിത്തുടങ്ങിയിരുന്നു. മുഹമ്മദ്‌ അബ്ദുർറഹ്മാൻ സാഹിബും കെ എം സീതി സാഹിബും ആണ്‌ ഭാഗികമായ ഈ പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള പരിശ്രമങ്ങൾ നടത്തിയത്‌. പിൽകാലത്ത്‌ പൂർണമായി പ്രസിദ്ധീകൃതമായ ഈ ക്വുർആൻ വിവർത്തനം ‘വിശുദ്ധ ഖുർആൻ ആദ്യ മലയാള പരിഭാഷ’ എന്ന പേരിൽ 2009ൽ കേരള സർവകലാശാല പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

മുഹമ്മദ്‌ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ അൽ ഉസ്വൂലുഥ്ഥലാഥ ആദ്യമായി മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയത്‌ മുഹമ്മദ്‌ മൈതീൻ ആണ്‌. 1948ൽ ഇടവാ സി എം പ്രസ്സിൽ 2500 കോപ്പി ആണ്‌ പുസ്തകം അച്ചടിച്ചത്‌. പുസ്തകം വ്യാപകവിതരണം ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് കോപ്പികളുടെ എണ്ണത്തിൽ നിന്ന് വ്യക്തമാണ്‌. ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ‌ ഒരു പുസ്തകത്തിന്‌ ഉണ്ടായ ആദ്യ മലയാള വിവർത്തനവും ഇതു തന്നെ ആയിരിക്കും. ‘മൗലികമായ മൂന്നു കാര്യങ്ങൾ; നിന്റെ റബ്ബ്‌ ആര്‌, നിന്റെ ദീൻ ഏത്‌, നിന്റെ റസൂൽ ആര്‌ എന്നീ ചോദ്യങ്ങൾക്കുള്ള ഒരു സമാധാനം’ എന്ന തലക്കെട്ടിലാണ്‌ മൈതീൻ ഇബ്നു അബ്ദിൽ വഹ്ഹാബിന്റെ പ്രബോധനപരമായ ഗ്രന്ഥം മൊഴിമാറ്റിയിരിക്കുന്നത്. ഗൾഫ്‌ സലഫീ സാഹിത്യങ്ങൾ വിവർത്തനങ്ങളായി കേരളത്തിൽ എത്തിത്തുടങ്ങിയതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ എഴുപത്‌ വർഷം മുമ്പുള്ള ഈ പ്രസാധനത്തിന്‌ സവിശേഷമായ പ്രാധാന്യമുണ്ട്‌.


mm

Admin