Logo

 

വരൂ, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ

15 April 2021 | സാരസാഗരം

By

നില്‍ക്കൂ,
ഇത് ദൈവിക വചനങ്ങളാണ്.
ഇതില്‍ ഹുദയുണ്ട്. ശാന്തിയുണ്ട്. ക്ഷമയുണ്ട്. ഇതിലെ ഓരോ അക്ഷരങ്ങളും അതിമനോഹരമായി
പാരായണം ചെയ്തുകൊണ്ടിരിക്കുക.
ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ. തീര്‍ച്ചയായും ഇത് ആശ്വാസദായകമാണ്!
ഭക്തിയാദരം, ആലോചനാപൂര്‍വ്വം നീയീ ഗ്രന്ഥത്തെ ചേര്‍ത്തുപിടിക്കുക,
ഹൃദയം വെളുപ്പിക്കുന്ന എത്രയെത്ര സാരമുത്തുകളാണിതിലെന്നൊ!
ഇരുളുകള്‍ മുഴുവന്‍ വിപാടനം ചെയ്ത ദൈവികസന്ദേശമാണ് ഈ ഗ്രന്ഥം; ഇതിന്റെ മുന്നില്‍ ഇരുളുകള്‍ക്കു ഇനിയും വളരാനാകില്ല. സഹോദരാ, ക്വുര്‍ആന്‍ പാരായണം ചെയ്‌തോളൂ,
നിനക്ക് ലഭിക്കുന്ന ബഹുമതിയാണത്.
സുലഭമായ നന്മകളാണ് അതുവഴി ലഭിക്കാനാകുന്നത്.

പ്രിയപ്പെട്ടവരേ, ഇത് പവിത്ര മാസമായ റമദാൻ. വിശ്വാസീ ഹൃയങ്ങളിൽ ഈമാനിൻ്റെ വസന്തങ്ങൾ വിരിയിക്കുന്ന മാസം!
പ്രപഞ്ച സ്രഷ്ടാവിൽ നിന്ന് ലോകപ്രകാശമായ ക്വുർആനിൻ്റെ അവതരണം നടന്ന മാസം എന്നതാണ് റമദാനിൻ്റെ സവിശേഷത. മനുഷ്യകുലത്തിന് വഴിയും വെളിച്ചവും ലക്ഷ്യവുമേകി അവരുടെ ജീവിതത്തെ സാർത്ഥകമാക്കുന്ന വേദഗ്രന്ഥമാണ് വിശുദ്ധ ക്വുർആൻ. ക്വുർആനിനെ മനസ്സോടു ചേർത്തുവെച്ച മുഅ്മിനുകൾക്ക് ധർമ്മനിഷ്ഠമായ ജീവിതലബ്ധിക്കായിട്ടാണ് പടച്ചതമ്പുരാൻ റമദാനിൽ വ്രതാനുഷ്ഠാനം സംവിധാനിച്ചിട്ടുള്ളത്. ഖുർആനത് പറഞ്ഞിട്ടുണ്ട്. “ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.” (ബക്വറ/1/5)

നോമ്പെടുക്കുന്ന മുഅ്മിനുകൾ റമദാനിലെ രാപ്പകലുകളിൽ കഴിയുന്നത്ര നേരം വിശുദ്ധ ക്വുർആനിൻ്റെ ഓരത്തിരുന്ന് ആയത്തുകൾ ഓതുകയും അതിലെ സാരബിന്ദുക്കൾ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. സൽകർമ്മങ്ങൾക്ക് അവാച്യമാം വിധം പ്രതിഫലം ലഭിക്കുന്ന അവസരമാണ് റമദാൻ. അതുകൊണ്ടു തന്നെ ക്വുർആനിനെ വായിക്കാൻ ശ്രദ്ധകാണിക്കുക. ആയത്തുകളിലെ ഓരോ അക്ഷരത്തിനും കൂലിനിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്കറിയാം. ഫലരഹിതമായ കർമ്മങ്ങളിൽ മുഴുകി പ്രസ്തുത പ്രതിഫലങ്ങളെ നാം നഷ്ടപ്പെടുത്തരുത്.

ക്വുർആൻ ജീവനും കരുണയുമാണ്. സന്മാർഗ്ഗവും ആത്മശമനവുമാണ്. സത്യാസത്യ വിവേചന ഗ്രന്ഥമാണ്. പ്രകാശവും പ്രത്യാശയുമാണ്. ‘അല്ലാഹുവേ, ക്വുർആനിനെ എൻ്റെ ഹൃദയത്തിൻ്റെ വസന്തമാക്കണേ, എൻ്റെ മാനസിക വ്യഥകളെയും ദുഃഖങ്ങളെയും അകറ്റുന്നതാക്കണേ’ എന്ന് നബിതിരുമേനി(സ്വ) പ്രാർത്ഥിക്കാറുണ്ടായിരുന്നു.

ഈ റമദാനിൽ വിശുദ്ധ ക്വുർആനിനെ നമുക്ക് നെഞ്ചോടു ചേർത്തുനിർത്താം. എന്തുകൊണ്ടെന്നാൽ, “അല്ലാഹു തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു. (മാഇദ/16)

നമ്മുടെ മുൻഗാമികളായ സ്വാലിഹുകൾ റമദാൻ ആഗതമായാൽ മറ്റെല്ലാം മാറ്റിവെച്ച് ക്വുർആൻ പാരായണത്തിൽ മുഴുകിയിരുന്നുവെന്ന് അവരുടെ ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഓരോ ആയത്തിലെയും ഓരോ അക്ഷരത്തിനും ലഭിക്കുന്ന പ്രതിഫലത്തെ അവർ അത്രകണ്ട് കൊതിച്ചിരുന്നുവെന്നർത്ഥം. ആരുമാരും ശുപാർശചെയ്യാനില്ലാത്ത മഹ്ശറിൽ നോമ്പിന്റെയും ക്വുർആനിൻ്റെയും ശുപാർശയെ പ്രതീക്ഷിച്ചായിരുന്നു റമദാനിലെ അവരുടെ ജീവിതം. നബി(സ്വ)യാണ് അവരുടെ ഹൃദയത്തിൽ പ്രസ്തുത പ്രതീക്ഷ നിറച്ചത്.

അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം. അല്ലാഹുവിൻ്റെ റസൂൽ(സ്വ) അരുളി: ക്വിയാമത്തുനാളിൽ ഒരു ദാസന് നോമ്പും ക്വുർആനും ശുപാർശ ചെയ്യുന്നതാണ്. നോമ്പ് പറയും: അല്ലാഹുവേ, പകൽ സമയം മുഴുവൻ അന്നപാനീയങ്ങളിൽ നിന്ന് ഇവനെ തടഞ്ഞുനിർത്തിയത് ഞാനാണ്. ഇവന്നുവേണ്ടി ശുപാർശയ്ക്ക് അനുമതി തന്നാലും. ക്വുർആൻ പറയും: അല്ലാഹുവേ, രാത്രി സമയം ഉറക്കിൽ നിന്നും ഇവനെ മാറ്റിനിർത്തിയത് ഞാനാണ്. ഇവന്നുവേണ്ടി ശുപാർശയ്ക്ക് അനുമതി തന്നാലും. അങ്ങനെ അവയ്ക്കു രണ്ടിനും ശുപാർശ പറയാൻ അനുമതി ലഭിക്കുന്നതാണ്. (തിർമിദി)

പ്രിയപ്പെട്ടവരേ, ക്വുര്‍ആനിനെ പാരായണം ചെയ്യുന്നതുവഴി നമുക്ക് ലഭിക്കുന്ന ഇഹപരനേട്ടങ്ങള്‍ നാം വിസ്മരിക്കരുത്. നമ്മുടെ ജീവിതത്തില്‍ എന്തെല്ലാം നല്ല വിശ്വാസങ്ങളും ആരാധനകളും ആചാരങ്ങളും സ്വഭാവങ്ങളും നിലപാടുകളും നാം കാത്തുപോരുന്നുണ്ടൊ അവയെല്ലാം ഈ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്. കരുണ, ആര്‍ദ്രത, വിനയം, സ്‌നേഹം, സഹനം, അനുഭാവം, പരോപകാരം തുടങ്ങിയ മനസ്സിലെ മനോഹര വികാരങ്ങളെയെല്ലാം ഉത്തേജിപ്പിച്ചു നിര്‍ത്തുന്നത് വിശുദ്ധ ക്വുര്‍ആനിന്റെ സാരോപദേശങ്ങളാണ്.

അല്ലാഹുവിന്റെ അസ്തിത്വവും, അവന്റെ ഏകത്വവും ആരാധ്യതയും, അടിമകള്‍ക്ക് അവനുമായുള്ള ബാധ്യതകളും കടമകളും, മനുഷ്യജീവിതത്തിന്റെ അര്‍ത്ഥവും ആഴവുമൊക്കെ ക്വുര്‍ആനില്‍ നിന്നു തന്നെയല്ലെ നാമൊക്കെ ഗ്രഹിച്ചെടുത്തത്? പരലോക ജീവതത്തിന്റെ സത്യതയും നിത്യതയും അവിടുത്തെ സ്വര്‍ഗ്ഗ നരകങ്ങളെ സംബന്ധിച്ച കൃത്യതയും നാം പഠിച്ചു വിശ്വസിച്ചതും ക്വുര്‍ആനില്‍ നിന്നു തന്നെയല്ലെ? നമ്മുടെ ജീവിതത്തെ മുഴുവന്‍ ആഴത്തില്‍ സ്വാധീനിച്ചു നിലകൊള്ളുന്ന ഈ പവിത്ര ഗ്രന്ഥത്തെ അതിന്റെ അവതരണ മാസമായ റമദാനില്‍ ഹൃദയപൂര്‍വ്വം പരിഗണിക്കാന്‍ നമുക്ക് ഒരവസരം കൂടി നല്‍കിയത് ദയാപരനായ അല്ലാഹുവാണ്. ഈ അനുഗൃഹീതമായ അവസരത്തെ പാഴാക്കരുത്.

‘നിങ്ങള്‍ ക്വുര്‍ആന്‍ പാരായണം ചെയ്യൂ, തന്റെ കൂട്ടുകാര്‍ക്ക് ശുപാര്‍ശകനായി ക്വിയാമത്തുനാളില്‍ ക്വുര്‍ആന്‍ വരുന്നതാണ്’ (തിര്‍മിദി) എന്നും ‘അല്ലാഹുവിങ്കല്‍ വിശിഷ്ടരായി സ്വീകരിക്കപ്പെടുന്ന വിഭാഗം ക്വുര്‍ആനുമായി നിത്യബന്ധം പുലര്‍ത്തുന്നവരാണ്’ (ഇബ്‌നു മാജ) എന്നും ഹദീസുകളില്‍ വന്നിട്ടുണ്ട്.

പ്രിയപ്പെട്ടവരേ, റമദാനില്‍ ഒരിക്കല്‍ കൂടി ജീവിക്കാന്‍ സൗകര്യം ലഭിച്ച നാം, അടുത്ത റമദാനിലേക്ക് കൂടി ബാക്കിയാകുമൊ എന്നറിയില്ലല്ലൊ. ഈ റമദാനിലെ ജീവിതം കൊതിച്ചവരില്‍ എത്രയോ പേരെ നാം തന്നെയല്ലെ കുളിപ്പിച്ചതും കഫന്‍ പുതപ്പിച്ചതും ക്വബറടക്കിയതുമൊക്കെ! വിശുദ്ധ റമദാനിന്റെ മുഴുവന്‍ നാളുകളും ജീവിച്ചിരിക്കാനാകണം എന്നാഗ്രഹിക്കുമ്പോഴും അതില്‍ ഒരു ഉറപ്പുമില്ലാത്ത നമ്മള്‍ കിട്ടിയ നിമിഷങ്ങളെ വിളംബമില്ലാതെ ഉപയോഗിക്കലാണ് വിവേകം.

“തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു. അവര്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ അവന്‍ പൂര്‍ത്തിയാക്കി കൊടുക്കുവാനും അവന്റെ അനുഗ്രഹത്തില്‍ നിന്ന് അവന്‍ അവര്‍ക്ക് കൂടുതലായി നല്‍കുവാനും വേണ്ടി. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും നന്ദിയുള്ളവനുമാകുന്നു.” (ഫാത്വിര്‍: 29, 30)

ഈ റമദാനിൽ നമുക്കെല്ലാവർക്കും ഖുർആനിനോടൊപ്പമിരിക്കാം. അതിനെ ഓതിയും പഠിച്ചും മധുരമനുഭവിക്കാം. പ്രവാചക ശ്രേഷ്ഠൻ്റെ പ്രാർത്ഥന നമുക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം: ‘അല്ലാഹുവേ, ക്വുർആനിനെ എൻ്റെ ഹൃദയത്തിൻ്റെ വസന്തമാക്കണേ, എൻ്റെ മാനസിക വ്യഥകളെയും ദുഃഖങ്ങളെയും അകറ്റുന്നതാക്കണേ’. വരു, ഹൃദയത്തില്‍ സന്തോഷത്തിന്റെ കിരണങ്ങള്‍ പടരട്ടെ.


Tags :


ഹനീൻ ഹബീബ്