Logo

 

റമദാന്‍, നിന്നെ വരവേല്‍ക്കാന്‍ വെമ്പലുമായ്‌

9 April 2021 | സാരസാഗരം

By

റമദാനമ്പിളി തൊട്ടകലത്തുണ്ട്. കൈനിറയെ സമ്മാനങ്ങളുമായി, പ്രിയപ്പെട്ട ഒരു അഥിതിയെപ്പോലെ പുറപ്പാടിനൊരുങ്ങി നിൽക്കുകയാണ് ഹിലാൽ.
ഹൃദയപൂർവ്വം അതിനെ സ്വീകരിക്കാനുള്ള ആനന്ദത്തിലാണ് വിശ്വാസീലോകം മുഴുവൻ.

സത്യത്തിൽ, റമദാനിൻ്റെ ബാലചന്ദ്രൻ പുഞ്ചിരിതൂകിയെത്തുന്നത് ആകാശമണ്ഡലത്തിലല്ല; ഓരോ വിശ്വാസിയുടെയും മനോമണ്ഡലത്തിലാണ്.
അതുകൊണ്ടാണ് അവർ മനസ്സറിഞ്ഞ് പടച്ചവനോട് ഇപ്രകാരം പ്രാർത്ഥിക്കുന്നത്:
“അല്ലാഹുവേ, ഈ ഹിലാലിനെ ഞങ്ങള്‍ക്ക് നീ ഗുണകരവും ഐശ്വര്യപൂര്‍ണ്ണവുമാക്കണേ. സുരക്ഷയും ഇസ്‌ലാമും ഞങ്ങള്‍ക്ക് നീ ലഭ്യമാക്കണേ. ഹിലാൽ! എന്റെയും നിന്റെയും രക്ഷിതാവ് അല്ലാഹുവാണ്.”

പ്രിയപ്പെട്ടവരേ, വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഇതിനകം നാമെന്തൊക്കെ ചെയ്തു കഴിഞ്ഞു? റമദാനിൻറെ സമ്മാനങ്ങളെ സ്വീകരിക്കാൻ നാമെത്രകണ്ട് ഒരുങ്ങിക്കഴിഞ്ഞു? റമദാനിലെ ദിനരാത്രങ്ങളിലേക്കായി എന്തെല്ലാം ജീവിതാജണ്ടകൾ എഴുതിക്കഴിഞ്ഞു? നമുക്കറിയാം, വ്രതനാളുകളിൽ മറ്റേതൊരു അവയവയത്തേക്കാളും ശ്രദ്ധയോടെ ജീവിക്കുന്നത് വിശ്വാസിയുടെ ഹൃദയമാണ്. അശ്രദ്ധയും അലസതയുമില്ലാതെ തീർത്തും സജീവമായി നിൽക്കുന്ന ഹൃദയം കൂടുതൽ വെളുക്കുന്നതും അതിലെ ഈമാൻ ചന്തംവെച്ചു തിളങ്ങുന്നതും റമദാനിലാണ്.

റമദാൻ ദിനങ്ങളിൽ വിശ്വാസിയുടെ മുഖ്യമായ അന്നവും വെള്ളവും പശ്ചാത്താപമാണ്. അവ മുഖേന പുഷ്ടിപ്പെടുന്നത് ശരീരമല്ല, ഹൃദയമാണ്. ജീവിതയാത്രയിൽ ഇച്ഛകളും വ്യാമോഹങ്ങളും ഹൃദയത്തിൽ കോരിയിട്ട ചെളികളെത്രയാണ്? ബാഹ്യമായ പ്രലോഭനങ്ങളും പ്രീണനങ്ങളും സമ്മർദ്ദങ്ങളും ഹൃദയത്തിലേൽപ്പിച്ച മാലിന്യങ്ങളെത്രയാണ്?
അവയൊക്കെയും ഈമാനിൽ കുറവുവരുത്തിയിട്ടുണ്ട്!
അവയൊക്കെയും ഈമാനിന് പഴക്കമുണ്ടാക്കിയിട്ടുണ്ട്!
അതുകൊണ്ടുതന്നെ റബ്ബിനോടുള്ള നമ്മുടെ ബാധ്യതകളിൽ വിടവുവന്നിട്ടുണ്ട്!
ജീവിത്തിൽ മാറ്റമാഗ്രഹിക്കുന്നില്ലെ നാം?

ഒരിക്കൽ വിശ്വാസം ഹൃദയത്തിലേറിക്കഴിഞ്ഞാൽ, അതങ്ങനെത്തന്നെ ചൈതന്യത്തോടെ നിലകൊള്ളും എന്ന വ്യാമോഹത്തിൽ ജീവിക്കരുത്. റസൂൽ(സ്വ) പറഞ്ഞു: “ഇട്ടുടുത്ത വസ്ത്രങ്ങളെപ്പോലെ നിങ്ങളുടെ നെഞ്ചകങ്ങളിലെ ഈമാനിനു പഴക്കം വരാം. ആകയാൽ ഹൃദയങ്ങളിലെ ഈമാനിന് പുതുക്കം ലഭിക്കാൻ അല്ലാഹുവിനോട് സദാ ചോദിച്ചുകൊണ്ടിരിക്കുവീൻ.” (ത്വബറാനി)

പ്രിയപ്പെട്ടവരെ, റമദാനിനായി ആദ്യമായി ഒരുങ്ങേണ്ടത് നമ്മുടെ മനസ്സാണ്. റമദാൻ ആഗതമാകും മുമ്പ് നനച്ചുകുളിയെന്നൊരു നാട്ടാചാരമുണ്ട്. വീടകങ്ങളും പരിസരങ്ങളും വൃത്തിയാക്കി റമദാനിനായുള്ള വിശ്വാസീ കുടുംബങ്ങളിലെ ഒരുക്കമാണത്. യഥാർത്ഥത്തിൽ നനച്ചുകുളി നടക്കേണ്ടത് നമ്മുടെ ഹൃദയത്തിലാണ്. പരിസരം ശുദ്ധവും ഹൃദയം അടിക്കാട്ടുകളാൽ മലിനവുമാണെങ്കിൽ വ്രതനാളുകൾ കൊണ്ട് എന്ത് ഫലമാണ് ലഭിക്കാനാകുക?.

റമദാൻ തീർത്തും വിശ്വാസീ സൗഹൃദമാസമാണ്;
സ്വർഗ്ഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുന്നു!
നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുന്നു!
പിശാചിൻ്റെ കരചരണങ്ങൾ ചങ്ങലയ്ക്കിടപ്പെടുന്നു!
അതെ, വിശ്വാസികളുടെ ജീവിതം നന്മകളാൽ പുഷ്കലമാക്കാൻ പറ്റിയ സാഹചര്യങ്ങളെല്ലാം ഔദാര്യവാനായ അല്ലാഹു സൗകര്യപ്പെടുത്തിത്തരുന്നുവെന്നർത്ഥം! ‘തികഞ്ഞ ഈമാനോടെയും നിറഞ്ഞ ഇഹ്തിസാബോടെയും റമദാനിൻ്റെ പകലിനെ നോമ്പെടുത്ത് സമ്പന്നമാക്കുന്ന വിശ്വാസിക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കാനിരിക്കുന്നത് പൂർവ്വപാപങ്ങളിൽ നിന്നുള്ള മോചനവും ജീവിത വിശുദ്ധിയുമാണ് എന്ന് പ്രവാചക തിരുമേനി(സ്വ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിവേകിയായ മുഅ്മിനിന്ന് ഈ അസുലഭ സന്ദർഭത്തെ നഷ്ടപ്പെടുത്താനാകില്ല.

‘ഹേ, റമദാൻ,
അതിവിശിഷ്ട മാസമെ,
മറ്റെന്നെത്തേക്കാളും സന്തോഷത്തിൻ്റെ ആഹ്വാനമാണു നീ.
നിൻറെ സുന്ദരമായ രാവുകളിൽ സൗഭാഗ്യത്തിൻറെ കിരണങ്ങൾ തെളിഞ്ഞു കാണുന്നു.
പാപമോചനത്തിൻറെയും ഭക്തിയുടേയും വേദികകൾ
ഓരോ നിമിഷവും നിറഞ്ഞൊഴുകുകയാണ്.
ഖുർആനിൻ്റെ മധുര സ്വരങ്ങളാൽ,
ദിക്റുകളുടെ മർമ്മരങ്ങളാൽ
ഓരോ സദസ്സും മനസ്സും സജീവമാകുകയാണ്’.

പ്രിയപ്പെട്ടവരേ, പ്രവാചക തിരുമേനി(സ്വ)യുടെ ആഹ്വാനം ശ്രവിച്ച് ഉണർന്നൊരുങ്ങുക.
അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിൻ്റെ ദൂതനരുളി: “നിങ്ങളിലേക്കിതാ റമദാൻ ആഗതമായിരിക്കുന്നു. അതിലെ വ്രതാനുഷ്ഠാനം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിൽ ആകാശവാതിലുകൾ തുറക്കപ്പെടുന്നതാണ്. അതിൽ നരകവാതിലുകൾ അടയ്ക്കപ്പെടുന്നതാണ്. അതിൽ അഭിശപ്തരായ പിശാചുക്കൾ ബന്ധിക്കപ്പെടുന്നതാണ്. ആയിരം മാസത്തേക്കാൽ ശ്രേഷ്ഠമായ ഒരു രാവുണ്ടതിൽ. അതിൻ്റെ നന്മകൾ നഷ്ടമായവന്ന് എല്ലാ നന്മകളും നഷ്ടമായതു തന്നെ!” (നസാഈ)

തക്വ്‌വയാണ് വ്രതത്തിൻ്റെ സമ്മാനം. അതു നേടാനാകണം നമ്മുടെ ഇന്നുമുതലേയുള്ള പ്രവർത്തനവും പ്രാർത്ഥനയും. അല്ലാഹു പറഞ്ഞില്ലെ, “വിശ്വാസികളെ, നിങ്ങളുടെ മുൻപുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും വ്രതം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ തക്വ്‌വയുള്ളവരാകുന്നതിന്.” (ബക്വറ:183)

പ്രിയപ്പെട്ടവരേ, പടച്ചവനോട് പശ്ചാത്തപിച്ചു ഹൃദയം വെളുപ്പിക്കാനുള്ള മാസമാണ് റമദാൻ. സ്വയംവിചാരണയുടെ നാളുകളാകണം നമ്മുടെ വ്രതദിനങ്ങൾ. നമ്മോടൊപ്പമുണ്ടായിരുന്ന എത്രയോ പ്രിയപ്പെട്ടവർ ഈ റമദാനിൻ്റെ മണവും മധുരവുമറിയാൻ അവസരം ലഭിക്കാതെ ഖബറിടങ്ങളിലൊതുങ്ങിക്കഴിഞ്ഞു. സർവ്വശക്തൻ ഔദാര്യപൂർവ്വം നമുക്ക് ഒരവസരം കൂടി നൽകുന്നുവെന്ന് കരുതാം. അല്ലാഹുവേ, ഞങ്ങളെ നീ റമദാനിലേക്കെത്തിച്ചാലും എന്ന് മനസ്സറിഞ്ഞു പ്രാർത്ഥിക്കാം. റമദാനിൻ്റെ മടിത്തട്ടിലിരുന്നുവേണം ഈമാനോടെയും ഇഹ്തിസാബോടെയും നമുക്ക് നോമ്പെടുക്കാൻ, രാത്രി നമസ്കാരങ്ങൾ നിർവഹിക്കാൻ, ഖുർആനിൻ്റെ ശാദ്വലതീരത്തിരുന്ന് അതിൻ്റെ കുളിർമ്മയനുഭവിക്കാൻ, ദൈവസ്മരണയിൽ മുഴുകി ഈമാനിൻ്റെ പഴക്കം പുതുക്കിയെടുക്കാൻ. പരമകാരുണികനിൽ നിന്ന് നമ്മുടെ മുഴുവൻ പാപങ്ങൾക്കും മാപ്പു ലഭിക്കേണ്ടതില്ലെ? തീർച്ചയായും വേണം. അത് ലഭിക്കാതെ പോകുന്നുവെങ്കിലോ, കഷ്ടം! ജീവിത ദൗർഭാഗ്യമാണത്.

അബൂഹുറയ്റ(റ) നിവേദനം. അല്ലാഹുവിൻ്റെ ദൂതൻ(സ്വ) അരുളി: “ആരിലാണൊ റമദാൻ ആഗതമാകുകയും, അല്ലാഹുവിൽ നിന്ന് തനിക്ക് പൊറുത്തുകിട്ടും മുമ്പെ അവനിൽനിന്ന് അത് തിരിച്ചു പോകുകയും ചെയ്യുന്നത്, ആ മനുഷ്യന്ന് നാശംഭവിക്കട്ടെ.” (തിർമിദി)

പ്രിയപ്പെട്ടവരേ, ഇനിയുള്ള നാളുകൾ തപിക്കുന്ന ഹൃദയങ്ങളും, കരയുന്ന നയനങ്ങളും, സ്തുതിക്കുന്ന നാവുകളും നമ്മുടെ കൂടെത്തന്നെയുണ്ടാകട്ടെ. അടുത്തെത്തിയ റമദാനിനെ ആമോദപൂർവ്വം നമുക്ക് വരവേൽക്കാം.

‘ചക്രവാളത്തിലിതാ
റമദാനിൻ്റെ വരവറിയിച്ചു കൊണ്ട് ബാലചന്ദ്രൻ
മുഖം കാണിച്ചിരിക്കുന്നു;
ഇനി വൈകരുത്.
നമുക്കരികിലേക്ക് ഒരു അഥിതിയായാണ് അതിൻറെ വരവ്!
ആദരിച്ചിരുത്താൻ നമുക്കുത്സാഹം കാണിക്കാം!
ഖുർആൻ പാരായണം കൊണ്ടും വ്രതാനുഷ്ഠാനം കൊണ്ടും നമുക്കതിന്ന്
സൽക്കാരമൊരുക്കാം!
സൽകർമ്മങ്ങളാൽ റമദാനിൻ്റെ ദിനരാത്രങ്ങളെ
നമുക്ക് നെഞ്ചോടു ചേർത്താശ്ലേഷിച്ചു നിർത്താം!
അല്ലാഹുമ്മ ബല്ലിഗ്നാ റമദാൻ’


Tags :


ഹനീൻ ഹബീബ്