Logo

 

വക്കം മൗലവിയുടെ ‘അൽ ഇസ്‌ലാം’ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു

1 April 2017 | Feature

By

തിരുവനന്തപുരം: കേരളീയ നവോത്ഥാനത്തിന്റെ മുൻനിര നായകരിൽ ഒരാളും പ്രമുഖ മതപണ്ഡിതനും മുസ്‌ലിം സമുദായ പരിഷ്കർത്താവുമായിരുന്ന വക്കം അബ്ദുൽ ക്വാദിർ മൗലവി (1873-1932) അറബി മലയാളത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘അൽ ഇസ്‌ലാം’ മാസികയുടെ ലക്കങ്ങളുടെ സമാഹാരം ശ്രദ്ധയാകർഷിക്കുന്നു. മൗലവിയുടെ കുടുംബക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ‘വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്’ ആണ്  ‘അൽ ഇസ്‌ലാം’ ഒറ്റ വോള്യത്തിൽ മലയാള ലിപ്യന്തരണം നടത്തി പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരള മുസ്‌ലിം നവോത്ഥാന ചരിത്രം പഠനമേഖലയായി തിരഞ്ഞെടുത്തിരിക്കുന്ന ഗവേഷക വിദ്യാർത്ഥികൾക്ക് മികച്ച ഒരു പ്രാഥമിക സ്രോതസ്സായി മാറാൻ പുസ്തകത്തിന് കഴിയും.

കെ. രാമകൃഷ്‌ണപിള്ള പത്രാധിപരായി പുറത്തിറങ്ങി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ തിരുവിതാംകൂറിൽ കോളിളക്കങ്ങളുണ്ടാക്കിയ ‘സ്വദേശാഭിമാനി’ പത്രത്തിന്റെ ഉടമസ്ഥൻ എന്ന നിലയിലാണ് കേരളത്തിന്റെ സാംസ്കാരിക പൊതുമണ്ഡലം വക്കം മൗലവിയെ പ്രധാനമായും ഓർക്കുന്നത്. ‘സ്വദേശാഭിമാനി’ക്കുപുറത്തുള്ള അദ്ദേഹത്തിന്റെ അതിവിസ്‌തൃതമായ ജ്ഞാന-കർമ്മ കാണ്ഡത്തെ വിസ്‌മരിച്ചുകൊണ്ടുള്ള ഈ ‘ചുരുക്കൽ’ മലയാളി മുസ്‌ലിംകളുടെ ഇന്നലെകളുടെ സൂക്ഷ്‌മവായനയെ കൂടിയാണ്  ഇല്ലാതാക്കുന്നത്. ‘വഹ്ഹാബി’ എന്ന് മുദ്രകുത്തപ്പെടുന്ന ഇസ്‌ലാമിക ധാരയെ ആധുനിക കേരളത്തിൽ പ്രചരിപ്പിക്കാൻ മുൻകയ്യെടുക്കുകയും അതുവഴി ‘കേരള മുസ്‌ലിം ഐക്യസംഘ’ത്തിന്റെ (1922 -1934) പ്രചോദനമായിത്തീരുകയും ചെയ്‌ത മുസ്‌ലിം ബുദ്ധിജീവിയായിരുന്നു വക്കം മൗലവി.

കെ. എം. മൗലവിയും കെ. എം. സീതി സാഹിബും വക്കം മൗലവിയുടെ ശിഷ്യന്മാർ ആയിരുന്നു. തന്റെ  സമകാലീനൻ ആയിരുന്ന ഈജിപ്തിലെ സയ്യിദ് റശീദ് രിദ ആണ് വക്കം മൗലവിയുടെ ചിന്തകളെ സ്വാധീനിച്ചത്. ഇബ്നുതയ്മിയക്കും ഇബ്നു അബ്ദിൽ വഹ്ഹാബിനും എതിരെ അവരുടെ വിമർശകരായ മുസ്‌ലിം പണ്ഡിതന്മാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് വക്കം മൗലവി എഴുതിയ പുസ്‌തകം പ്രസിദ്ധമാണ്. കേരള മുസ്‌ലിംകൾ ഇസ്‌ലാമിന്റെ തനത് അധ്യാപനങ്ങളിൽ നിന്ന് പല നിലക്കും അകന്നുപോയിട്ടുള്ളതിനാൽ അവരെ ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളുടെ വെളിച്ചത്തിൽ ‘ഇസ്വ്‌ലാഹ്‌’ (പരിഷ്‌കരണം) നടത്തേണ്ടതുണ്ടെന്ന് വക്കം മൗലവി വിചാരിച്ചു. തന്റെ ദൗത്യത്തെ ‘ഇസ്വ്‌ലാഹീ’ പ്രസ്ഥാനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പരിഷ്കരണാശയങ്ങൾ പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ്  മലയാളത്തിൽ ‘മുസ്‌ലിം’ എന്ന പേരിലും അറബിമലയാള ലിപിയിൽ ‘അൽ ഇസ്‌ലാം’ എന്ന പേരിലും മൗലവി ആനുകാലികങ്ങൾ ആരംഭിച്ചത്.

1918 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയായി കേവലം അഞ്ച് ലക്കങ്ങൾ മാത്രം പുറത്തിറങ്ങി നിലച്ചുപോയ മാസികയാണ് ‘അൽ ഇസ്‌ലാം’. മലയാളത്തിൽ പ്രസിദ്ധീകരിച്ച ‘മുസ്‌ലിം’ അന്നത്തെ പരിതസ്ഥിതിയിൽ ബഹുഭൂരിപക്ഷം മുസ്‌ലിം സാധാരണക്കാരോട് സംവദിക്കാൻ ഉപയുക്തമായില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അദ്ദേഹം ‘അൽ ഇസ്‌ലാം’ എന്ന അറബിമലയാള മാസികയെക്കുറിച്ച് ആലോചിക്കുന്നത്. ‘മതത്തിന്റെ യഥാർത്ഥ തത്ത്വങ്ങളെ വിവരിക്കുകയും പൊതുജനങ്ങളുടെ ഇടയിൽ വേരുറച്ചുകിടക്കുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചൂണ്ടിക്കാണിക്കുകയും സമുദായാഭിവൃദ്ധിക്കുതകുന്ന സംഗതികളെ പ്രതിപാദിക്കുകയും’ ചെയ്യുകയാണ് പുതിയ ആനുകാലികത്തിന്റെ ദൗത്യമെന്ന് ആദ്യലക്കത്തിൽ പ്രസിദ്ധീകരിച്ച ‘പ്രസ്താവന’യിൽ മൗലവി വിശദീകരിക്കുന്നുണ്ട്. ശരിയായ ഇസ്‌ലാമിക തത്വങ്ങൾ പ്രചരിപ്പിക്കാനായി ഒരു ക്വുർആൻ വിവരണ (തഫ്‌സീർ) പംക്തി മാസികയുടെ പ്രഥമ ലക്കത്തിൽ തന്നെ ആരംഭിക്കുന്നുണ്ട്. മാസിക നിലക്കുമ്പോൾ അഞ്ച്‌ ലക്കങ്ങളിലായി ക്വുർആനിലെ ഒന്നാം അധ്യായമായ ഫാതിഹയുടെ സാമാന്യം വിശദമായ ഒരു വ്യാഖ്യാനം മൗലവി പ്രസദ്ധീകരിച്ചു തീർന്നിരുന്നു.

പിന്നീട് കേരളത്തിലെ മുസ്‌ലിം പണ്ഡിതതർക്കങ്ങളുടെ കേന്ദ്രബിന്ദുവായിത്തീർന്ന ‘ഇബാദത്ത്’ വിഷയം ‘അൽ ഇസ്‌ലാം’ തഫ്‌സീർ പംക്തി കൈകാര്യം ചെയ്യുന്നത് കാണാം. ഫാതിഹയിലെ, ‘നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു’ എന്ന അർത്ഥം വരുന്ന വചനത്തിന്റെ വിശദീകരണത്തിൽ ‘കാരണങ്ങളുടെ അപ്പുറമുള്ളതായ / അദൃശ്യമായ/ ദിവ്യമായ അധികാരശക്തി’ വകവെച്ചുനൽകലാണ് ഇബാദത്തിന്റെ വിവക്ഷയെന്നും ‘മനുഷ്യശക്തിയെ കടന്ന വിഷയങ്ങളിൽ’ സഹായാർത്ഥന ‘ഹക്ക്വ് തആലായോട് മാത്രമല്ലാതെ മറ്റാരോടും ആകാവുന്നതല്ല’ എന്നും  പ്രസ്‌താവിച്ച് ഇവിഷയകമായ സലഫീ പക്ഷത്തെ നിർവചനപരമായി സമർത്ഥിക്കുന്നുണ്ട് മൗലവി. ‘ആഗ്രഹങ്ങളുടെ സിദ്ധിക്കും രോഗശമനത്തിനും കൃഷിയുടെ വളർച്ചക്കും ശത്രുക്കളെ ജയിക്കുന്നതിനും മറ്റുമായി ഖബ്‌റുകളിൽ അടങ്ങിയവരോട് സഹായത്തെ അപേക്ഷിക്കുന്നവർ തൗഹീദിന്റെ ശരിയായ മാർഗത്തിൽ നിന്ന് പിഴച്ചവർ’ ആണെന്ന് അൽ ഇസ്‌ലാമിലെ ഫാതിഹാ വ്യാഖ്യാനത്തിൽ കാണാം. ഇതാണ് 1950ൽ മുജാഹിദ് പ്രസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതൽ അതിന്റെ മുഖ്യ പ്രബോധന വിഷയമായി നിലനിന്നത്.

മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസാഭിവൃദ്ധിയുമായി ബന്ധപ്പെട്ട് അൽ ഇസ്‌ലാം ഉന്നയിക്കുന്ന ഏറ്റവും സുപ്രധാനമായ വിഷയം പെണ്ണെഴുത്തിന് അന്നത്തെ ചില മുസ്‌ലിം പണ്ഡിതന്മാർ ഏർപ്പെടുത്തിയിരുന്ന വിലക്കാണ്. മുസ്‌ലിം സ്‌ത്രീ എഴുത്ത് പഠിക്കുന്നത് പ്രവാചകൻ വിലക്കിയിരിക്കുന്നു എന്ന അവരുടെ അവകാശവാദം വ്യാജമാണെന്നും പെണ്ണ് അക്ഷരം അഭ്യസിക്കണമെന്നാണ് യാഥർത്ഥത്തിൽ പ്രവാചകൻ നിർദേശിച്ചിട്ടുള്ളതെന്നും സ്ഥാപിച്ചുകൊണ്ട് ഒന്നാം ലക്കത്തിൽ ‘നമ്മുടെ സ്‌ത്രീകൾ’ എന്ന ലേഖനത്തിലെഴുതിയ ഖണ്ഡികകൾ വൻ ചർച്ചകൾക്ക് വഴി വെച്ചു. പെണ്ണക്ഷര വിരോധികൾ ആയിരുന്ന യാഥാസ്ഥിതിക മതപണ്ഡിതന്മാരെ ഇത് പ്രകോപിപ്പിക്കുകയും അവർ അൽ ഇസ്‌ലാമിനെതിരെ രംഗത്തുവരികയും ചെയ്തതിനെക്കുറിച്ച് തുടർ ലക്കങ്ങളിലെ വക്കം മൗലവിയുടെ എഴുത്തുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

വക്കം മൗലവിക്ക് പുറമെ അൽ ഇസ്‌ലാമിൽ എഴുതിയിട്ടുള്ളവരിൽ ഏറ്റവും പ്രമുഖൻ സുപ്രസിദ്ധ സ്വാതന്ത്ര്യസമര സേനാനി ഇ. മൊയ്‌തു മൗലവി ആണ്. ‘അൽ ഇസ്‌ലാമാനന്തര’ കാലത്ത് മുഹമ്മദ് അബ്ദുർറഹ്‌മാന്റെ സന്തത സഹചാരിയായി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതൃനിരയിലേക്ക് ജ്വലിച്ചുയർന്ന മൊയ്‌തു മൗലവി ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനും വക്കം മൗലവിയുടെ ആശയങ്ങളുടെ പ്രചാരകനും ആയിരുന്നു. ഐക്യസംഘത്തിന്റെയും സംഘം 1924ൽ രൂപീകരിച്ച കേരള ജംഇയ്യതുൽ ഉലമയുടെയും (ഇത് മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിത സംഘടനയായി ഇപ്പോഴും നിലവിൽ ഉണ്ട്) മുൻനിര പ്രവർത്തകനായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ അവസാന കാലത്ത് ഈ അനുഭവങ്ങൾ ‘സലഫീ പ്രസ്ഥാനം ആദ്യകാല ചരിത്രം’ എന്ന പേരിൽ മൊയ്‌തു മൗലവി പുസ്തകമാക്കിയിട്ടുണ്ട്.

1918 ജൂൺ മാസത്തിൽ പുറത്തിറങ്ങിയ മൂന്നാം ലക്കത്തിലാണ് മൊയ്‌തു മൗലവിയുടെ ആദ്യ ലേഖനം ഉള്ളത്, ‘മലയാളത്തിലെ ശൈഖുമാരും ഇസ്‌ലാം സമുദായവും’ എന്ന പേരിൽ. ഇസ്‌ലാമിക പ്രമാണങ്ങൾക്ക് ചില ആന്തരാർത്ഥങ്ങളുണ്ടെന്നും അവയെ മനസ്സിലാക്കാനാവുക സ്വൂഫീ ശൈഖുമാർക്കാണെന്നും ശരീഅത്ത്  പിന്തുടരുന്നതിനു പകരം ഇത്തരം ശൈഖുമാരുടെ മുരീദുകളായി അവരുടെ ത്വരീകത്ത് പിന്തുടരുകയാണ് മുസ്‌ലിം സാമാന്യജനം ചെയ്യേണ്ടതെന്നുമെല്ലാമുള്ള സ്വൂഫീ നിലപാടുകളെ നിശിതവിമർശത്തിന് വിധേയമാക്കുകയാണ് ലേഖനം ചെയ്യുന്നത്. അവസാന ലക്കത്തിലാണ് മൊയ്‌തു മൗലവിയുടെ മറ്റൊരു ലേഖനം ഉള്ളത്. ‘ഇസ്‌ലാമും നാഗരികവും’ എന്നാണ് തലക്കെട്ട്. പാശ്ചാത്യൻ ഇസ്‌ലാം വിമർശനങ്ങൾക്ക് വൈജ്ഞാനികമായി മറുപടി പറയാനാണ് ലേഖനം പരിശ്രമിക്കുന്നത്.

ബൈബിൾ പഴയനിയമത്തിലെ ആവർത്തനം 18: 18ൽ കർത്താവ് മോശെ പ്രവാചകന് നൽകുന്ന വാഗ്‌ദാനം മുഹമ്മദ് നബിയെക്കുറിച്ചുള്ള പ്രവചനമാണെന്ന് ബൈബിളും ക്വുർആനും താരതമ്യം ചെയ്‌ത്‌ സമർത്ഥിക്കുവാനാണ് ലേഖനം പ്രധാനമായും വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന പാശ്ചാത്യൻ നാഗരികതയുടെ നേട്ടങ്ങളെല്ലാം ചരിത്രപരമായി മധ്യകാല മുസ്‌ലിം ലോകത്തോടാണ് കടപ്പെട്ടിരിക്കുന്നത് എന്ന് പടിഞ്ഞാറൻ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ സമൃദ്ധമായി ഉദ്ധരിച്ചുകൊണ്ട് ഇ. മൊയ്‌തു മൗലവി സ്ഥാപിക്കുന്നു. ഓറിയന്റലിസ്റ്റുകളുടെയും മിഷനറിമാരുടെയും ഇസ്‌ലാം വിമർശനങ്ങൾ മതപരമായും സാംസ്കാരികമായും അവരെത്തന്നെ തിരിഞ്ഞുകുത്തുന്നുവെന്നാണ് ലേഖനത്തിന്റെ സന്ദേശം.

ഇടവ സ്വദേശി റ്റി. പി. മഹ്‌മൂദ്‌ ആണ് പുസ്തകത്തിന് വേണ്ടി അറബിമലയാള ലിപിയിൽ നിന്ന് മാനകമലയാള ലിപിയിലേക്ക് അൽ ഇസ്‌ലാം ലക്കങ്ങൾ മാറ്റിയിരിക്കുന്നത്. വക്കം മൗലവിയുടെ പുത്രനും എഴുത്തുകാരനും ആയിരുന്ന വക്കം അബ്ദുൽ ക്വാദിറിന്റെ പുത്രൻ എ. സുഹൈർ ആണ് പ്രസാധകരായ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ചെയർമാൻ.


mm

Admin