സലാം പറയുമ്പോൾ സംഭവിക്കുന്നത്
31 August 2018 | പ്രഭാപർവം
ഇസ്‌ലാമിലെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും എളുപ്പമുള്ള ഒന്നാണ് സലാം പറയൽ. മുസ്‌ലിം ലോകത്ത് ഏറ്റവും ശക്തവും വ്യാപകവുമായി ഇക്കാലം വരെ നിലനിന്ന പ്രവാചകചര്യകളിലൊന്ന് കൂടിയാണ് അത്. പരസ്പരം കാണുമ്പോൾ ‘അസ്സലാമു അലയ്കും/വ അലയ്കും അസ്സലാം’ എന്ന അഭിവാദന പ്രത്യഭിവാദനങ്ങൾ നിർവഹിക്കാൻ സാമാന്യ മതബോധമെങ്കിലുമുള്ള മുസ്‌ലിംകളെല്ലാം ശ്രദ്ധിക്കുന്നു. എന്നാൽ അർത്ഥമോ മാനമോ ഗൗരവത്തിൽ ആലോചിക്കാതെയും ഉൾകൊള്ളാതെയുമുള്ള കേവല യാന്ത്രികോച്ചാരണങ്ങളായി നമ്മുടെയൊക്കെ സലാം ചിലപ്പോഴൊക്കെ മാറിപ്പോകുന്നുണ്ടോ? ഒരു ഇബാദത്തിന്റെ പരിശുദ്ധിയോടെയും പ്രതിഫലേച്ഛയോടെയും ലക്ഷ്യബോധത്തോടെയും അത് വിനിമയം ചെയ്യപ്പെടുന്നുവെന്ന് നാം ഉറപ്പു വരുത്തുന്നുണ്ടോ?
‘നിങ്ങൾക്ക് അല്ലാഹു ശാന്തിയും സുരക്ഷിതത്വവും ഐശ്വര്യവും നൽകട്ടെ’ എന്ന ആശയത്തിലുള്ള പ്രാർത്ഥനയാണ് ‘അസ്സലാമു അലയ്കും.’ നോക്കൂ, മറ്റൊരാൾക്ക് നന്മ വരുത്താനുള്ള തേട്ടമാണ് സലാം പറച്ചിൽ. അതിനെ പുണ്യകർമ്മമായി നിർദേശിക്കുക വഴി ആത്മീയതെയെന്നാൽ സഹജീവികളെ തന്നെപ്പോലെതന്നെ പരിഗണിക്കുവാനുള്ള മനസ്സ് കൂടിയാണെന്ന് പഠിപ്പിച്ചു ഇസ്‌ലാം. കണ്ടുമുട്ടുന്ന മുസ്‌ലിംകൾക്കെല്ലാം വേണ്ടി കാതരമായ പ്രാർത്ഥനയിലേർപ്പെടുന്ന വിശ്വാസിയുടെ മനസ്സിലെ സാഹോദര്യബോധം എത്ര വലുതായിരിക്കും! ആത്മാർത്ഥമായി സലാം പറയുന്നുണ്ടെങ്കിൽ ഒരു മുസ്‌ലിമിന്റെയും മനസ്സിൽ മറ്റൊരു മുസ്‌ലിമിനോടുള്ള വിദ്വേഷത്തിന്റെ കന്മഷമുണ്ടാവുകയില്ല. ഒരാളോട് ‘പടച്ചവൻ നിനക്ക് കാവലായുണ്ടാകട്ടെ’ എന്നാശംസിച്ച ശേഷം അയാളെ നശിപ്പിക്കാൻ തുനിയുവാൻ ഈമാനുള്ളവർക്ക് കഴിയുമോ? സലാം പറയുന്ന ശീലം മനുഷ്യനെ സ്വർഗത്തിലെത്തിക്കുമെന്ന് വ്യക്തമാക്കുന്ന ഹദീഥ്, ഈമാൻ എന്താണെന്നും സലാം എന്താണെന്നും മനോഹരമായി സൂചിപ്പിക്കുന്നുണ്ട്: “ഈമാൻ ഉള്ളവരാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നതുവരെ നിങ്ങൾക്ക് ഈമാൻ ഉണ്ടാവുകയില്ല. ഒരു കാര്യം ചെയ്താൽ നിങ്ങൾക്കിടയിൽ സ്നേഹം തളിർക്കും; സലാം പറയൽ വ്യാപകമാക്കലാണ് ആ കാര്യം.” (ഇബ്നു മാജ).
സലാം പറയുന്ന രീതിക്ക് മാനവചരിത്രത്തോളമുണ്ട് പഴക്കം. ആദിമനുഷ്യൻ ആദം മലക്കുകളോടൊത്ത് സ്വർഗത്തിൽ വസിക്കുമ്പോൾ അല്ലാഹു നേരിട്ട് പഠിപ്പിച്ച സ്നേഹാഭിവാദനമാണത്. ആദം അല്ലാഹുവിന്റെ മാർഗദർശനപ്രകാരം മലക്കുകളെ സമീപിച്ച് ‘അസ്സലാമു അലയ്കും’ എന്ന് പറഞ്ഞുവെന്നും മലക്കുകൾ അദ്ദേഹത്തിന് സലാം മടക്കിയെന്നും ‘നിനക്കും സന്തതികൾക്കുമുള്ള അഭിവാദന വാചകങ്ങളാണിവ’യെന്ന് അല്ലാഹു ആദമിനെ പഠിപ്പിച്ചുവെന്നും മുഹമ്മദ് നബി നമ്മെ അറിയിച്ചിട്ടുണ്ട് (ബുഖാരി). മനുഷ്യകുലത്തിന് അല്ലാഹു അതിന്റെ ഏറ്റവും പ്രാരംഭദശയിൽ പകർന്ന പവിത്രവാക്കുകളാണ് ഓരോ സലാം പറയലിലും സഹസ്രാബ്ദങ്ങൾക്കുശേഷവും നാം ആവർത്തിക്കുന്നത് എന്നോർത്താൽ അശ്രദ്ധമായ ഒരു ‘എറിയൽ’ ആയി സലാം മാറാതിരിക്കും. ഭൂമിയിലെ മനുഷ്യരെയും ആകാശത്തെ മലക്കുകളെയും ഒരു പോലെ ചൊല്ലിപ്പിക്കാൻ മാത്രം അല്ലാഹു മഹോന്നതമായി പരിഗണിച്ച സമാധാനാശംസയാണ് സലാം എന്നുകൂടി ആദമിന്റെ സംഭവത്തിൽ നിന്ന് മനസ്സിലാക്കാം. ‘നിനക്ക് ജിബ്‌രീൽ സലാം പറഞ്ഞിരിക്കുന്നു’ എന്ന് ഒരിക്കൽ പ്രവാചകൻ തന്നോട് പറഞ്ഞതായി ആഇശ റിപ്പോർട്ട് ചെയ്യുന്നുണ്ട് (മുസ്‌ലിം).
നമസ്കാരമാണല്ലോ ശഹാദത് കലിമയുടെ പ്രഖ്യാപനം കഴിഞ്ഞാൽ ഇസ്‌ലാമിലെ ഏറ്റവും പ്രധാനവും ശ്രേഷ്ഠവുമായ ആരാധനാ കർമം. നമസ്കാരം അവസാനിപ്പിക്കേണ്ടത് രണ്ടു വശത്തേക്കും സലാം പറഞ്ഞുകൊണ്ടാണെന്ന് പറയുമ്പോൾ സലാമിന്റെ മഹത്വമെത്രയാണ്! നമസ്കാരത്തിൽ സലാം വീട്ടുന്നത് ചുറ്റുപാടുമുള്ള മുസ്‌ലിംകൾക്കുവേണ്ടിയുള്ള പ്രാർത്ഥന എന്ന നിലയിലാണെന്ന് പലരും ഓർക്കാറേയില്ല. ഇടതുവശത്തും വലതുവശത്തുമുള്ളവരോടാണ് നമസ്കാരത്തിന്റെ അവസാനം സലാം പറയുന്നതെന്ന് നബി സഹാബിമാർക്ക് മനസ്സിലാക്കിക്കൊടുത്തിരുന്നു (മുസ്‌ലിം). അല്ലാഹുവുമായുള്ള ഒരു വ്യക്തിയുടെ സംഭാഷണമാണ് നമസ്കാരം. തനിക്കുവേണ്ടിത്തന്നെയുള്ള അയാളുടെ പ്രാർത്ഥനകളാണ് അതിൽ മുഖ്യം. എന്നാൽ അത് അവസാനിക്കേണ്ടത് മറ്റുള്ളവർക്കുകൂടി അല്ലാഹുവിന്റെ അനുഗ്രഹം കാംക്ഷിച്ചുകൊണ്ടാണെന്ന സന്ദേശത്തിലെ മാനവികത എത്ര ഉജ്ജ്വലമാണ്! ഇസ്‌ലാമിൽ സമുദായം എന്ന ആശയം എത്ര പ്രധാനമാണെന്നും സലാം വീട്ടൽ കർമ്മം സൂചിപ്പിക്കുന്നുണ്ട്.
മുസ്‌ലിംകൾ മറമാടപ്പെട്ടിട്ടുള്ള ശ്മശാനങ്ങൾ സന്ദർശിക്കുമ്പോൾ സലാം പറഞ്ഞ് കയറിച്ചെല്ലാനാണ് നബി നിർദേശിച്ചത്. മരണപ്പെട്ടവർക്ക് സലാം തിരിച്ചുപറയാനാകില്ല. എന്നാലും അവർക്കുവേണ്ടി പ്രാർത്ഥന അഭംഗുരം മറ്റുള്ളവർ തുടരണമെന്ന നിലപാടാണത്. മണ്ണിൽ നിന്ന് ആദമിനെ പടച്ചയുടൻ അല്ലാഹു പഠിപ്പിച്ച കാര്യങ്ങളിലൊന്ന്; നാം മണ്ണിലേക്കു മടങ്ങിയാലും നമുക്കുമേൽ മറ്റുള്ളവർ തുടരേണ്ട കാര്യങ്ങളിലൊന്ന്-അതാകുന്നു സലാം പറയൽ. അതിനാൽ ദർശനം ഗ്രഹിച്ചും ഹൃദയത്തിൽ തൊട്ടും പുഞ്ചിരിച്ചു പറഞ്ഞുകൊണ്ടേയിരിക്കുക: അസ്സലാമു അലയ്കും!