Logo

 

‘ഇസ്‌ലാം നൽകിയ കരുത്തിലാണ്‌ ഞാൻ ചിറകടിച്ചുയർന്നത്‌’

4 September 2018 | Interview

By

കെ.വി റാബിയയുമായി സംഭാഷണം/ ദിൽറുബ. കെ, സബീബ വി. ഇസെഡ്‌

തിരൂരങ്ങാടിയില്‍നിന്നും വളഞ്ഞും പുളഞ്ഞും പോകുന്ന അക്ഷരറോഡിലൂടെയാവട്ടെ ഇനിയൊരല്‍പദൂരം യാത്ര.യാത്രയ്ക്കിടെ പലപ്പോഴും റോഡവസാനിച്ച പ്രതീതി. വളവിനപ്പുറം ഒളിച്ചിരുന്ന റോഡ് കണ്ടെത്തുമ്പോള്‍ ഇത്തിരി നേരം ബ്രേക്കിട്ട യാത്രയ്ക്ക് തുടര്‍ച്ച.ഇതുപോലെ ജീവിച്ച ഒരു സഹോദരിയെത്തേടിയാണ് പോക്ക്. പല സന്ധികളിലും ജീവിതം വലിയ ഫുള്‍സ്റ്റോപ്പുകളെ അഭിമുഖീകരിക്കുമ്പോള്‍ അവയെയെല്ലാം ചെറിയ കോമകളാക്കി മാറ്റി, വലിയ അക്ഷരത്തില്‍ വീണ്ടും കര്‍മനിരതയായ റാബിയാത്തയെ തേടി; കെ.വി. റാബിയയെന്ന കരിവേപ്പില്‍ റാബിയയെത്തേടി…

പണ്ടേ അബലയെന്നും ചപലയെന്നും മുദ്രകുത്തപ്പെട്ട സ്ത്രീത്വം. കൂനിന്‍മേല്‍ കുരുപോലെ അംഗപരിമിതി. മാനസികമായി സ്വസ്ഥതയനുഭവിക്കാന്‍ ഒട്ടും വകയില്ലാത്ത കുടുംബാന്തരീക്ഷം. ചെറുതും വലുതുമായി ഇടയ്ക്കിടെ ശരീരമേറ്റുവാങ്ങുന്ന ആഘാതങ്ങള്‍. മരുന്നിനാല്‍ വയറ് നിറയ്‌ക്കേണ്ടുന്ന ദിനരാത്രങ്ങള്‍… എന്നിട്ടും ചിരിച്ചും ചിന്തിച്ചും ചലിച്ചും റാബിയ! ജീവിതറോഡവസാനിച്ചെന്ന് തോന്നിപ്പോകുന്ന കഠിനാവസ്ഥകളില്‍ നിന്നുപോലും റാബിയയുടെ തുടര്‍യാത്ര… തളര്‍ച്ചയെ തളര്‍ത്തി പുതിയ ദിശകളിലേക്കവരുടെ വിശ്രമമില്ലാ പ്രയാണം.

ബാല്യം മുതലേ കാലുകളുടെ ശേഷിയില്ലായ്മ കൂട്ടുകാരി. കുഞ്ഞുബാല്യത്തിൽ അത്‌ ഓട്ടത്തിനും ചാട്ടത്തിനും വീടിനുപുറകിലെ പുഴയിലെ നീന്തിത്തുടിക്കലിനുമൊന്നും തടസ്സമാകാത്തൊരു ചെറിയ പ്രശ്നമായിരുന്നു. പക്ഷേ വളരുംതോറും കാലുകളെ കൂടുതൽ കൂടുതൽ തോൽപിച്ചു…കാണുന്നവരില്‍ നിന്നെല്ലാം സഹതാപം പൂണ്ട സംസാരം, നോട്ടം. സഹതാപത്തില്‍ തളര്‍ന്ന് പരിമിതിയോട്‌ താദാത്മ്യം പ്രാപിച്ചവളായി പക്ഷേ, റാബിയ മാറിയില്ല. തളര്‍ന്ന കാലുകളെ മനോബലത്തിന്റെ വീല്‍ചെയറിലുരുട്ടി ഒരു ശാരീരിക പ്രയാസവും ഇല്ലാത്തവർ പോലും നടക്കാത്ത വഴികളില്‍ ചിന്തിച്ചുകേറി. അലസതയുടെ അടങ്ങിയൊതുങ്ങിക്കൂടലിന് വശംവദയാവാതെ ആവിഷ്‌കാരങ്ങള്‍ക്ക് തന്റേതായ ഇടങ്ങള്‍ തിരഞ്ഞുനടന്നു..

കരിവേപ്പില്‍ തറവാടിന്റെ അക്ഷരമുറ്റത്ത് വണ്ടിയിറങ്ങി. മുറ്റത്ത് പുഴയായി മഴ! ഞങ്ങള്‍ അകത്തേക്ക്. തുറന്നുവെച്ച വാതിലിനപ്പുറം റാബിയാത്ത കിടക്കുന്നു, നിറപുഞ്ചിരി! പരിചയപ്പെടുത്തലുകള്‍ക്ക് മുമ്പും അപരിചിതത്വമേതുമില്ലാത്ത ആതിഥേയം. ഇടയ്ക്കിടെ കേറിവരുന്നവര്‍ക്കും ഇതുപോലെ സ്വീകരണം, എല്ലാവരോടും സംസാരം. നേരെ വാ, നേരെ പോ പ്രകൃതം…ആരോടുമെന്നപോലെ ഞങ്ങളോടും വാചാലയാവുകയാണ് റാബിയാത്ത. ബാല്യ-കൗമാര-യൗവനങ്ങളിലൂടെ, രോഗപീഡ-സൗഖ്യങ്ങളിലൂടെ, വെള്ളിലക്കാടിനപ്പുറം കണ്ട കാഴ്ചകളിലൂടെ, ഓരോ നിമിഷവും മാര്‍ഗദര്‍ശനമായി കൂടെനിന്ന ഇസ്‌ലാമിലൂടെ, അല്ലാഹുവിന്റെ കാരുണ്യവര്‍ഷത്തിലൂടെ…

കുടുംബമൊരുക്കിയ വിശ്വാസ പരിസരം

”രാത്രികളിലെഴുന്നേറ്റ് തഹജ്ജുദ് നമസ്‌കരിച്ച് കരഞ്ഞ് പ്രാര്‍ഥിക്കുന്ന മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ഞാന്‍ വളര്‍ന്നത്. ഗാഢനിദ്രയില്‍ മുഴുകിയ ഞാന്‍, കൊച്ചുകുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരയുന്ന ഒരു പുരുഷന്റെ തേങ്ങലും വിതുമ്പലും കേട്ട് എത്രയോ രാത്രികളില്‍ ഉണര്‍ന്നിരുന്നിട്ടുണ്ട്. റബ്ബിനോട് പൊട്ടിക്കരഞ്ഞ് പ്രാര്‍ഥിച്ചിരുന്ന ആ മനുഷ്യന്‍, എന്റെ ഉപ്പയായിരുന്നു. അടുക്കളജോലിക്കിടയിലും മുറ്റം തൂത്തുവാരുമ്പോഴും പശുത്തൊഴുത്ത് വൃത്തിയാക്കുമ്പോഴുമെല്ലാം കണ്ണീരോടെ പ്രാര്‍ഥിച്ച് റബ്ബുമായുള്ള ബന്ധം വിടാതെ ജീവിക്കുന്ന ഒരു സ്ത്രീയാണ് എന്റെ ഉമ്മ. ചെറുപ്പം മുതലെ എന്റെ മാതാപിതാക്കളുടെ ജീവിതശൈലി ഇങ്ങനെയായിരുന്നു..

..തഖ്‌വയിലധിഷ്ഠിതമായ ജീവിതം നയിച്ച എന്റെ മാതാപിതാക്കള്‍ക്ക് എല്ലാം റബ്ബിലേല്‍പിച്ച് ജീവിക്കാന്‍ സാധിച്ചു. അവരുടെ പ്രാര്‍ഥനയുടെയും സമര്‍പ്പണത്തിന്റെയും ഫലമായിട്ടായിരിക്കാം, കാലിന്റെ ശോഷണത്തിനും ഇതര അസുഖങ്ങള്‍ക്കുമൊന്നും എന്റെ മനസ്സിനെ തളര്‍ത്താനായിട്ടില്ല. എന്നെപ്പോലുള്ള മക്കളുള്ള മാതാപിതാക്കള്‍ക്ക് എന്റെ മാതാപിതാക്കളുടെ ചുവടുകള്‍ ഒരു മാതൃകയാണ്. ലോകം അറിഞ്ഞത് റാബിയയെ മാത്രമാണ്; യഥാര്‍ഥത്തില്‍ റാബിയയുടെ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തും ബലവും അവരുടെ മാതാപിതാക്കളാണ്.
ബാലികയായിരുന്ന സമയത്ത് വീട്ടില്‍ വരുമായിരുന്ന പലരും വളരെ സഹതാപത്തോടെയായിരുന്നു ഉമ്മയോട് സംസാരിച്ചിരുന്നത്. ആണ്‍മക്കളില്ലാത്ത ഉമ്മയുടെയും ഉപ്പയുടെയും കാലശേഷം എന്നെ ആര് നോക്കുമെന്നാലോചിച്ചായിരുന്നു അവരുടെ ആധി. ഉമ്മയോടുള്ള ഇത്തരം സംസാരം കേള്‍ക്കുമ്പോള്‍ മറുപടി പറഞ്ഞിരുന്നത് ഞാനായിരുന്നു; എന്നെ സൃഷ്ടിച്ചത് എന്റെ മാതാപിതാക്കളല്ല. അവര്‍ പ്രത്യക്ഷത്തിലുള്ള കണ്ണികള്‍ മാത്രമാണ്. എന്നെ പടച്ചത് ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും പോറ്റി വളര്‍ത്തുന്ന ഏകനായ റബ്ബാണെന്നിരിക്കെ എനിക്ക് ഒരുരുള ചോറുതരാന്‍ ആ റബ്ബിന് ബുദ്ധിമുട്ടുണ്ടെന്ന് വിശ്വസിക്കാന്‍ എനിക്കാവുന്നില്ല. അതിനാല്‍, എന്റെ വീട്ടില്‍ വരുന്നവരൊന്നും ഈ വിധത്തില്‍ സംസാരിക്കരുതെന്ന് മാത്രമാണ് എന്റെ അപേക്ഷ…വിഷമമനുഭവിക്കുന്നവര്‍ക്കിടയില്‍ ചെന്ന് സഹതാപത്തോടെ സംസാരിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുംപോലെയാണെന്ന് പല ആളുകളും മനസ്സിലാക്കാറില്ല. ഹൃദയത്തില്‍ തട്ടാതെയുള്ള ഇത്തരം സഹതാപ വാക്കുകള്‍ ആ വീട്ടുകാരുടെ വിഷമത്തിന്റെ കാഠിന്യം കൂട്ടുകയാണെന്നവര്‍ അറിയാതെ പോകുന്നു.”

കാലുകളോടൊപ്പം തളരാതെ ജീവിതം

പ്രയാസങ്ങളോടെയാണെങ്കിലും പതിനാല് വയസ്സുവരെ നടക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, കാലുകളുടെ വളര്‍ച്ച മുട്ടിന് താഴെവെച്ച് നിന്നുപോയതോടെ ശരീരത്തിന്റെ ഭാരം താങ്ങാനുള്ള ബലം കാലുകള്‍ക്കില്ലാതെയായി. തന്നെയുമല്ല, കാലുകള്‍ പിന്നിലേക്ക് വളയുകയും ചെയ്തു. അങ്ങനെ പത്താം ക്ലാസിലേക്ക് ജയിച്ചപ്പോഴേക്ക് തീരെ നടക്കാന്‍ കഴിയാതായി. സൈക്കിളില്‍ എളാപ്പയുടെ പിറകിലിരുന്നായിരുന്നു പിന്നെ സ്‌കൂളിലേക്കുള്ള യാത്ര. എങ്കിലും എസ്.എസ്.എല്‍.സിക്കുശേഷവും പഠനം തുടരാന്‍തന്നെയായിരുന്നു തീരുമാനം. പി.എസ്.എം.ഒ കോളേജ് റാബിയയുടെ വീട്ടില്‍നിന്നും കുറെ അകലെയായതിനാല്‍ യാത്രാ സൗകര്യാര്‍ഥം ഒരു ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറേണ്ടിവന്നു. കോളജിലേക്കും തിരിച്ച് വീട്ടിലേക്കും ഓട്ടോയിലായിരുന്നു പോയിരുന്നത്. പ്രീഡിഗ്രി അവസാനമായപ്പോഴേക്കു ഓട്ടോയില്‍നിന്ന് കൂട്ടുകാരുടെ സഹായത്തോടെപോലും ക്ലാസിലെത്താന്‍ കഴിയാത്തവിധം കാലുകള്‍ വളഞ്ഞു. അതോടെ കോളജിൽ പോയുള്ള വിദ്യാഭ്യാസത്തിന്റെ കവാടം റാബിയക്ക് മുമ്പില്‍ അടയുകയായിരുന്നു.

“എല്ലാം ഞാൻ അല്ലാഹുവിൽ ഭരമേൽപിച്ചു.
അല്ലാഹുവില്‍ അകമഴിഞ്ഞ വിശ്വാസമുള്ളവരായിരുന്നു മാതാപിതാക്കൾ എന്നതുകൊണ്ട്‌ മകളുടെ വൈകല്യം അല്ലാഹുവിന്റെ പരീക്ഷണമാണെന്നതില്‍ കവിഞ്ഞ് മറ്റെന്തെങ്കിലുമാണെന്ന ആകുലചിന്ത അവര്‍ക്കുണ്ടായില്ല. മകളുടെ അവസ്ഥയോര്‍ത്തുള്ള വിഷമം പടച്ചവന്‍ തങ്ങളെ കൈവെടിഞ്ഞുവെന്ന നിരാശയിലേക്ക് അവരെ നയിച്ചില്ല. ഞാന്‍ എന്റെ ജീവിതം റബ്ബില്‍ ഭരമേല്‍പിച്ചതുപോലെ അവരും എന്നെ റബ്ബില്‍ തവക്കുല്‍ ചെയ്തു. ‘ആരാണോ റബ്ബില്‍ ഭരമേല്‍പിക്കുന്നത്, അവന് റബ്ബ് മതി’ എന്നാണല്ലോ റസൂലുല്ലാഹി പഠിപ്പിച്ചത്. പ്രതിസന്ധിഘട്ടങ്ങളെയെല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളായിട്ടാണ് ഇസ്‌ലാം കാണുന്നത്. അവന്റെ വഴികള്‍, തീരുമാനങ്ങള്‍ നമുക്ക് വഴിയെ കണ്ടറിയാം. ‘തീര്‍ച്ചയായും പ്രയാസത്തിന്റെ കൂടെ എളുപ്പമുണ്ടെ’ന്നാണ് റബ്ബിന്റെ വാഗ്ദാനമെന്നിരിക്കെ പ്രയാസങ്ങളില്‍ മനമിടറേണ്ട കാര്യമെന്താണ്? ഇഹലോകത്തെ കഷ്ടപ്പാടുകള്‍ക്കുള്ള പ്രതിഫലം സ്വര്‍ഗലോകത്തെ സുഖജീവിതമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ശാശ്വതമായ ജീവിതത്തിന് തയാറെടുക്കാനുള്ള പരീക്ഷണശാലയായിട്ടാണ് ഇസ്‌ലാം ഭൗതിക ജീവിതത്തെ ഗണിക്കുന്നത്. മനസ്സിനെ സ്രഷ്ടാവുമായി ബന്ധിപ്പിച്ചവര്‍ക്ക് സ്വാഭാവികമായും ക്ഷമ കൈവരും. അവന്റെ തീരുമാനങ്ങളില്‍ സംതൃപ്തരാവാന്‍ അവര്‍ക്ക് കഴിയും. പരീക്ഷണ ഘട്ടങ്ങളില്‍ ജീവിതത്തിന് മുമ്പില്‍ അന്തിച്ചുനില്‍ക്കാതെ, അടിപതറാതെ മുന്നോട്ടുനീങ്ങാന്‍ അവര്‍ക്ക് സാധിക്കും.”

ഇത്തരം വീടുകളില്‍ സാധാരണയുള്ളതുപോലുള്ള നിരാശനിറഞ്ഞ ജീവിതവും പ്രജ്ഞയറ്റ വാക്കുകളും റാബിയയുടെ ഗൃഹാന്തരീക്ഷത്തിന് അന്യമായിരുന്നു. റാബിയയുടെ രോഗമുക്തിയെക്കുറിച്ച് പ്രതീക്ഷിക്കാന്‍ ഒരു വകയുമില്ലാഞ്ഞിട്ടും ഈമാനികാവേശമുള്ള ആ മാതാപിതാക്കളുടെയും മകളുടെയും മനസ്സില്‍ സര്‍വശക്തന്‍ സമാധാനം നിറക്കുകയായിരുന്നു.

”പ്രായമായി വരുന്ന മാതാപിതാക്കള്‍. അവര്‍ക്ക് ആറ് പെണ്‍മക്കള്‍. അവരില്‍ ഒരുവള്‍ ഇങ്ങനെയും! ആകെയുള്ള സ്വത്ത് താമസിക്കുന്ന വീടും സ്ഥലവും മാത്രം. ഏക വരുമാനമാര്‍ഗം ഉപ്പാന്റെ റേഷന്‍ കടയും. ചെറിയ വരുമാനംകൊണ്ട് വലിയ കുടുംബത്തെ പോറ്റാന്‍ പാടുപെടുന്ന ഉപ്പ…കൂരിരുട്ടും ശൂന്യതയുമല്ലാതെ പ്രതീക്ഷക്ക് വകയുള്ള ഘടകങ്ങളൊന്നുംതന്നെ ജീവിതത്തിലുണ്ടായിരുന്നില്ല. പക്ഷേ ഇസ്‌ലാം നൽകിയ കരുത്തിൽ തളരാതെ പൊരുതാൻ ഞാൻ തീരുമാനിച്ചു.

ഭൂമിയിലെ കര്‍മങ്ങളുടെ തോതനുസരിച്ചാണ് നാളെ മനുഷ്യര്‍ക്ക് പരലോകത്തുവെച്ച് പ്രതിഫലം നല്‍കപ്പെടുകയെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഭൗതിക ജീവിതത്തിലെ കര്‍മശൂന്യത കാരണം പാരത്രിക ലോകം നഷ്ടമായാല്‍ അതാണ് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും അത് നികത്താന്‍ കഴിയാത്തത്ര വലുതായിരിക്കുമെന്നും വിശുദ്ധ ക്വുര്‍ആന്‍ മനുഷ്യരെ ഓര്‍മപ്പെടുത്തുന്നു. അതിനാല്‍ ഏകദൈവ വിശ്വാസാധിഷ്ഠിത സല്‍കര്‍മ പ്രവര്‍ത്തനങ്ങളിലൂടെ പരലോകജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ കഴിഞ്ഞാല്‍ അതാണ് യഥാര്‍ഥ നേട്ടമെന്ന് ഇസ്‌ലാം ഉദ്‌ബോധിപ്പിക്കുന്നു. ഇസ്‌ലാമിക പഠനത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിക്കുന്തോറും ഒരു മനുഷ്യന്റെ ചിന്താമണ്ഡലത്തില്‍ ഈ വിശ്വാസം രൂഢമൂലമാകുന്നു. എത്ര ത്യാഗം സഹിച്ചാലും നാളെയുടെ വിജയത്തിനായി എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്ന ഒരു വീണ്ടുവിചാരത്തിന് വിവേകപൂര്‍ണമായ ഈ ചിന്ത മനുഷ്യരെ ഒരുക്കിയെടുക്കുന്നു. ഇത്തരത്തിലൊരു ചിന്ത ഉള്ളില്‍ കടന്ന മനുഷ്യന് ഏത് പരിമിതാവസ്ഥയിലായാലും രോഗാവസ്ഥയിലായാലും ശരി, ചലിക്കാതിരിക്കാനാവില്ല. കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്തുനോക്കാൻ ഉറച്ചു. തണലായി അല്ലാഹു ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

സ്കൂളിൽ പഠിക്കുമ്പോള്‍ എല്ലാ ക്ലാസിലും ഞാന്‍ ഒന്നാമതായിരുന്നു. ആവേശത്തോടെ പഠിച്ചിരുന്ന സമയത്താണ് അല്ലാഹുവിന്റെ പരീക്ഷണമെത്തുന്നത്. പ്രൈവറ്റായി പഠനം തുടരാനും ചുറ്റുപാടുമുള്ള വിദ്യാർത്ഥികൾക്ക്‌ റ്റ്യൂഷൻ നൽകി വരുമാനമുണ്ടാക്കാനും അതിലൂടെ കുടുംബത്തെ പോറ്റുന്നകാര്യത്തില്‍ ഉപ്പയ്‌ക്കൊരു കൂട്ടാവാനും കഴിഞ്ഞു. അങ്ങനെ ഞാന്‍ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താന്‍ റബ്ബ് എന്നെ അനുഗ്രഹിച്ചു.”

കുറഞ്ഞ ഫീസും ലഭിക്കുന്ന പണത്തിന്റെ പതിന്മടങ്ങ് വിജ്ഞാനം തിരികെ നല്‍കണമെന്ന റാബിയാത്തയുടെ നിര്‍ബന്ധബുദ്ധിയും വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ അവരിലേക്ക് ആകര്‍ഷിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളുടെ ആത്മീയ സംസ്‌കരണത്തിനുകൂടി ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ക്ലാസ് മറ്റുള്ള ട്യൂഷന്‍ സെന്ററുകളില്‍നിന്നു തീര്‍ത്തും വ്യതിരിക്തമായിരുന്നു. ഔപചാരികതയുടെ അതിര്‍വരമ്പുകള്‍ അന്യമായിരുന്ന അധ്യാപന രീതിയാണ് റാബിയ ടീച്ചറെ കുട്ടികളുടെ ‘റാബിയാത്ത’യാക്കി മാറ്റിയത്.

രോഗപീഡകളെ വകഞ്ഞ്‌ ജീവിതം ഒഴുകിപ്പരക്കുന്നു

കുടുംബത്തിനുവേണ്ടിയുള്ള അധ്വാനങ്ങളിൽ മാത്രം റാബിയയുടെ വീൽ ചെയർ തടഞ്ഞുനിന്നില്ല. മരണാനന്തരജീവിതത്തിലെ അല്ലാഹുവിന്റെ തൃപ്‌തിയും അനന്തമായ പ്രതിഫലവും കൊതിക്കുന്നവർക്ക്‌ അകർമണ്യതയുടെ ‘സ്വസ്ഥത’ പുൽകാനാവില്ലല്ലോ! ശാരീരിക തളര്‍ച്ചക്കിടയിലും സ്വന്തം നാടിന്റെയും നാട്ടാരുടെയും വളര്‍ച്ചക്ക് നിദാനമായ പ്രവര്‍ത്തനങ്ങളില്‍ വാപൃതയാവാന്‍ റാബിയയെ സഹായിച്ചത് ഇസ്‌ലാമിലെ പരലോക വിശ്വാസം ആണ്‌.

”യഥാര്‍ഥ ജീവിതം മരണാനന്തരമാണ്. അവിടുത്തെ സുഖവും ദുഃഖവും നിര്‍ണയിക്കുന്നത് ഈ ഭൂമിയിലെ ചെയ്തികളും. അവിടേക്കുള്ള തയാറെടുപ്പിനാണ് ഈ ലോകത്തെ ദിനരാത്രങ്ങള്‍. വരുംനാളിലെ ആ ജീവിതത്തിനുവേണ്ടി എങ്ങനെയാണ് ഒരുങ്ങേണ്ടത്? എങ്ങനെയാണവിടെ രക്ഷ കിട്ടുക? എന്തിനൊക്കെയാണവിടെ ശിക്ഷയേറ്റുവാങ്ങേണ്ടിവരിക? സ്വന്തത്തിനോടുതന്നെ ഓരോ നിമിഷവും ഈ ചോദ്യങ്ങള്‍ ചോദിച്ച് നന്മ-തിന്മകള്‍ വേര്‍തിരിച്ചെടുത്ത് പ്രവര്‍ത്തിച്ചെങ്കിലേ നാളെ റബ്ബിന്റെ കോടതിയില്‍വെച്ച് സന്തോഷിക്കാനവസരം ലഭിക്കുകയുള്ളൂ.
അല്ലാഹുവിനെ, പ്രവാചകനെ, ഇസ്‌ലാമിനെ അറിയണം. അതിനുള്ള പുസ്തകങ്ങള്‍ പരതി. പുസ്തകം വാങ്ങാന്‍ മാത്രമല്ല, മറ്റെല്ലാത്തിനുമുള്ള കാശ്, കഠിനാധ്വാനം ചെയ്ത് ട്യൂഷനിലൂടെ ഉണ്ടാക്കി. വായിക്കുംതോറും ഇസ്‌ലാമിനോട് കൂടുതലടുത്തു. അല്ലാഹുവിനെ അടുത്തറിഞ്ഞു. പ്രവാചകന്‍ കാണിച്ചുതന്ന മാർഗത്തിൽ കൂടുതൽ കണിശമായും സജീവമായും ജീവിക്കണമെന്ന ആഗ്രഹമുദിച്ചു.

പഠനത്തിന് വളരെയധികം പ്രാധാന്യവും പ്രോത്സാഹനവും നല്‍കുന്ന മതമാണ് ഇസ്‌ലാം. ക്വുര്‍ആനില്‍ ആദ്യമായി ഇറക്കപ്പെട്ട സൂക്തങ്ങള്‍തന്നെ വായിക്കാന്‍ ആഹ്വാനം നല്‍കിക്കൊണ്ടുള്ളതാണ്. അല്ലാഹു മനുഷ്യനെ എഴുത്ത് പഠിപ്പിച്ചുവെന്നും അവനാണ് അറിവില്ലാത്തത് മനുഷ്യരെ പഠിപ്പിച്ചതെന്നും ക്വുര്‍ആന്‍ വെളിപ്പെടുത്തുന്നു. ആകാശത്തിന്റെയും ഭൂമിയുടേയുമെന്നല്ല, സകല ജീവജാലങ്ങളുടെയും സൃഷ്ടി വൈവിധ്യത്തില്‍ അടങ്ങിയിരിക്കുന്ന നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലാനും അപ്രകാരം സര്‍വലോക സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളെക്കുറിച്ച് അറിയാനും ഉദ്‌ബോധിപ്പിക്കുന്ന വാക്യങ്ങളാല്‍ സമ്പന്നമാണ് പരിശുദ്ധ ക്വുര്‍ആന്‍. യുദ്ധത്തടവുകാരാക്കപ്പെട്ടവരില്‍ മോചനദ്രവ്യം നല്‍കി സ്വതന്ത്രരാകാന്‍ ശേഷിയില്ലാത്തവരോട് നിരക്ഷരരായ മുസ്‌ലിംകളെ സാക്ഷരരാക്കുവാനായിരുന്നു മുഹമ്മദ് നബിയുടെ കല്‍പന. നിരക്ഷരനായിരുന്ന നബിയാണ്‌ സാക്ഷരതയുടെ, അറിവിന്റെ പ്രാധാന്യത്തെക്കുറിച്ച് വാചാലനാകുന്നതെന്ന് ശ്രദ്ധേയം. വിശാലഹൃദയത്തോടെ സാമൂഹികപ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വന്‍പ്രതിഫലമാണ് ഇസ്‌ലാം വാഗ്ദാനം ചെയ്യുന്നത്. സഹജീവിയെ കാണുമ്പോഴുള്ള പുഞ്ചിരിപോലും ഇസ്‌ലാമിന്റെ കണ്ണില്‍ ദാനമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനിറങ്ങുന്നവര്‍ക്ക് പ്രതിഫലത്തെക്കുറിച്ച് സംശയിക്കേണ്ടിവരില്ലെന്നാണ് ഇസ്‌ലാമിക പക്ഷം. ‘കടുക് മണിയോളം നന്മ ചെയ്തവന് അതിനുള്ള പ്രതിഫലവും, കടുകുമണിയോളം തിന്മ ചെയ്തവന് അതിന്റെ ഫലവും ലഭിക്കുമെന്നുള്ള ക്വുര്‍ആന്‍ വാക്കും ഇവിടെ സ്മരണീയം…
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഉണ്ണുന്നവന്‍ നമ്മില്‍പെട്ടവനല്ലെന്ന് പഠിപ്പിച്ച മുഹമ്മദ് നബി ജാതി മത വിവേചനങ്ങള്‍ക്കതീതമായ മാനുഷികസ്‌നേഹം മാനവര്‍ക്ക് മുന്നില്‍ കാഴ്ചവെക്കുന്നു.

ഈ ആഹ്വാനങ്ങളാണ്‌ എന്നെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്ക്‌ നയിച്ചത്‌. സാക്ഷരതാ പ്രസ്ഥാനം സജീവമായപ്പോൾ കാലുറപ്പില്ലാഞ്ഞിട്ടും ഇസ്‌ലാം നൽകിയ കരളുറപ്പോടെ ഞാനതിലേക്ക്‌ സർവ്വാത്മനാ കണ്ണിചേർന്നു. മറ്റുള്ളവര്‍ക്ക് അറിവേകുന്നത് വഴി ലഭിക്കാനിടയുള്ള പരലോക പ്രതിഫലം മാത്രമായിരുന്നു മുന്നോട്ട് ഗമിക്കാനുള്ള പ്രചോദനം.”

സമ്പൂര്‍ണ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാരെ അക്ഷരജ്ഞാനമുള്ളവരാക്കാന്‍ വേണ്ടി നടത്തപ്പെട്ട സാക്ഷരതാ ക്ലാസുകളുടെ ചിട്ടവട്ടങ്ങളെക്കുറിച്ച് സമഗ്രമായ അവബോധം അധ്യാപകര്‍ക്ക് നല്‍കപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിലക്കാട്ടിലേക്ക് റോഡില്ലാത്തതിനാല്‍ അത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ റാബിയക്കായില്ല. അതുകൊണ്ടുതന്നെ സ്വയം രൂപകല്‍പന ചെയ്തതായിരുന്നു റാബിയയുടെ ക്ലാസ്. എന്നിട്ടും മികച്ച സാരക്ഷരാ പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ വെള്ളിലക്കാടെന്ന ഉള്‍നാട്ടിലെ തന്നെ തേടിയെത്തിയത് അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹത്തിന്റെ ഫലമെന്ന് റാബിയ.

വീല്‍ചെയറിലിരുന്ന് എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് നടത്തി, നിയന്ത്രിച്ചു. തുടര്‍ച്ചയായ വീല്‍ചെയറിലിരിപ്പ് പക്ഷേ, ശരീരത്തിനത്ര ഗുണം ചെയ്തില്ല. ഇരിക്കുന്ന ഭാഗത്ത് കഠിനമായ വേദനയും കടച്ചിലും തുടങ്ങി. വേദന അസഹനീയമായപ്പോള്‍ ചികിത്സിക്കാതെ നിവൃത്തിയില്ലെന്ന് മനസ്സിലായി. കോട്ടക്കല്‍ പറമ്പിലങ്ങാടിയിലെ സീതാറാം മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാര്‍ ഉഴിച്ചിലും പിഴിച്ചിലുമടങ്ങിയ പഞ്ചകര്‍മാദി ചികിത്സയാണ് വിധിച്ചത്. ഒപ്പം ദിവസവും കാലില്‍ മണല്‍ക്കിഴികെട്ടി 7000 തവണ വലിക്കണമെന്ന കഠിന നിര്‍ദേശവും. തുടര്‍ച്ചയായ ഇരിപ്പുകാരണം മടങ്ങിപ്പോയ കാലുകള്‍ നിവര്‍ത്താനായിരുന്നു ഇത്.

”അഞ്ച് കിലോയോളം ഭാരംവരുന്ന മണല്‍ക്കിഴികള്‍ ഇരുകാലിലും കെട്ടി 7000 തവണ വലിക്കുകയും കുറുക്കുകയും ചെയ്യാന്‍ തുടങ്ങി. കിഴി വലിക്കലും എണ്ണലുമല്ലാതെ മറ്റൊരു പണിയും നടക്കാതായപ്പോള്‍ രാവിലെ ട്യൂഷനും കുളിയും കഴിഞ്ഞ് തുടങ്ങുന്ന മണല്‍ക്കിഴി വലിക്കലിനിടയില്‍ മറ്റെല്ലാ കാര്യങ്ങളും ചെയ്യാന്‍ പഠിച്ചു. കാലുകള്‍ പറിഞ്ഞുപോരുംവിധമുള്ള വേദനയ്ക്കിടയിലും സാക്ഷരതാ പ്രവര്‍ത്തനം തുടര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ കിഴിവലിക്കല്‍ ജീവിതത്തിന്റെ തന്നെ ഭാഗമായി. വേദന ശമിക്കുകയും വളഞ്ഞുശോഷിച്ച കാലുകള്‍ നിവരുകയും തടിക്കുകയും ചെയ്തു.”

ക്ലാസുകള്‍ ചിട്ടപ്പെടുത്താനും ലളിതമായി കാര്യങ്ങള്‍ പഠിതാക്കള്‍ക്ക് പറഞ്ഞുകൊടുക്കാനുമുള്ള കഴിവ് നല്‍കി അനുഗ്രഹിച്ച സ്രഷ്ടാവിനോടുള്ള കടപ്പാടിന്റെ പൂര്‍ത്തീകരണമായിരുന്നു, ശരീരത്തിലെ ഞരമ്പുകള്‍ ചതഞ്ഞ് രക്തയോട്ടം നിലച്ച അവസ്ഥയിലും ശയ്യാവലംബയായപ്പോഴുമൊന്നും മുടക്കാത്ത ദൗത്യ നിര്‍വഹണം. മടങ്ങിയ കാലുകള്‍ നിവര്‍ത്താനായി മണല്‍ക്കിഴി കെട്ടി വലിക്കുന്ന വിഷമം പിടിച്ച ഘട്ടത്തിലും മണല്‍ കിടക്കയിലേക്ക് പഠിതാക്കളെ ക്ഷണിച്ചത് ഈ ദൗത്യപൂര്‍ത്തീകരണത്തിന്റെ ഭാഗമായിരുന്നു.

ഏത് കടുത്ത പരീക്ഷണത്തിലും റാബിയയെ കൈപിടിച്ച് നടത്തുന്നത് തളരാനറിയാത്തൊരു മനസ്സാണ്. ഈ മനോബലത്തിന് അടിസ്ഥാനമാവട്ടെ പരലോക വിശ്വാസവും! ക്ഷമിക്കാന്‍ ആഹ്വാനം ചെയ്ത തന്റെ മതത്തില്‍ നിന്നും എന്തും സഹിക്കാനുള്ള ആര്‍ജവംകൂടി റാബിയ നേടിയെടുക്കുകയാണ്.
കഷ്ടപ്പാടുകള്‍ എത്ര സഹിച്ചാലും പുതിയ പ്രവര്‍ത്തന പുതിയ മേഖലകള്‍ കണ്ടെത്തി അവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ തന്നെയായിരുന്നു റാബിയയുടെ ദൃഢനിശ്ചയം. അങ്ങനെയാണ് പാവപ്പെട്ട സ്ത്രീകള്‍ക്ക് ഒരു ഉപജീവന മാര്‍ഗമെന്ന നിലയില്‍ മഹിളാ സമാജത്തിനു കീഴില്‍ കുടില്‍ വ്യവസായ രീതിയില്‍ മെഡിസിന്‍ കവര്‍ നിര്‍മാണ യൂണിറ്റ് തുടങ്ങിയത്. അക്ഷരം പഠിക്കാന്‍ സാക്ഷരതാ ക്ലാസുകളിലേക്ക് ഉത്സാഹത്തോടെ ഓടിവന്ന സ്ത്രീകളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ‘വിമന്‍സ് ലൈബ്രറി’യും തുടങ്ങി. വികലാംഗ പുനരധിവാസം ലക്ഷ്യംവെച്ച് ‘ചലനം’ സംഘടനക്ക് രൂപം നല്‍കി. മലപ്പുറം ജില്ലയില്‍ വികലാംഗര്‍ക്കായി ആറ് സ്‌കൂളുകള്‍ തുറന്നതും ബോധവല്‍ക്കരണ ക്ലാസുകളും ചര്‍ച്ചാവേദികളും കുടുംബ സദസ്സുകളും ക്യാമ്പുകളും സംഘടിപ്പിച്ചതും പഞ്ചായത്ത് തലങ്ങളില്‍ അക്ഷരസംഘങ്ങള്‍ രൂപീകരിച്ചതും റാബിയയുടെ വീട് ഒരു ഇന്‍ഫര്‍മേഷന്‍ സെന്ററും ഫാമിലി കൗണ്‍സിലിങ് സെന്ററുമായി മാറ്റിയതുമെല്ലാം വ്യത്യസ്തമായ തന്റെ കര്‍മ മണ്ഡലത്തില്‍ മികവും തികവും തേടി റാബിയ നടന്നതിന്റെ ഫലങ്ങള്‍.

”പ്രതിഫലം ഞാന്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും പരലോകത്തുനിന്ന് മാത്രമാണെങ്കിലും നിസ്സഹായയായ, ചലിക്കാന്‍ കഴിയാത്ത എനിക്ക് എടുത്താല്‍ പൊങ്ങാത്ത അവാര്‍ഡുകള്‍ ഈ ഭൂമിയില്‍വെച്ച് ലഭിച്ചു. അംഗീകാരങ്ങളും പേരും പ്രശസ്തിയും ആളും ബഹളവും മീഡിയയുടെ ചിത്രീകരണങ്ങളും ഡോക്യുമെന്ററികളുമൊന്നും നാളെ ശാശ്വത ജീവിതത്തില്‍ ഞാന്‍ തേടുന്ന വിജയത്തിന് വിഘ്‌നം വരുത്താതിരിക്കണേ എന്നാണ് കരുണാനിധിയായ റബ്ബിനോട് എന്റെ പ്രാര്‍ഥന.”

നന്മ ഉപദേശിക്കുക എന്ന ഇസ്‌ലാമികാനുശാസനത്തെപ്പറ്റി റാബിയ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയപ്പോള്‍ ഒരു ഫാമിലി കൗണ്‍സെലിംഗ് സെന്ററിന്റെ സാധ്യത റാബിയ അവഗണിക്കാതിരുന്നത്. സാമ്പത്തികമായി കടുത്ത പ്രതിസന്ധി ഘട്ടത്തില്‍ അകപ്പെട്ടപ്പോള്‍പോലും കൗണ്‍സെലിംഗിന്റെ പേരില്‍ റാബിയ ആരില്‍നിന്നും കാശ് വാങ്ങിയിട്ടില്ല. കേരളത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകളുടെ വിവിധതരം പ്രശ്‌നങ്ങള്‍ കൗണ്‍സെലിംഗ് വഴി ഒത്തുതീര്‍പ്പാക്കാന്‍ റാബിയക്ക് കഴിഞ്ഞു. വൈരാഗ്യവും വാശിയുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ടുപക്ഷക്കാരെ കൂട്ടിയിണക്കാന്‍ കഠിന പ്രയത്‌നം വേണ്ടിവരും, പലപ്പോഴും നയതന്ത്രപരമായി ഇടപെടേണ്ടിയും വരും. ഇത്തരം ഇടപെടലുകള്‍ക്ക് പരന്ന വായന നല്‍കിയ അറിവുകള്‍ തുണയായി.

”സംസാരിക്കാനും നയതന്ത്രപരമായി ഇടപെടാനുമുള്ള കഴിവ് കാരുണ്യവാനായ അല്ലാഹു നല്‍കിയതാണ്. ഈ കഴിവുകള്‍ നല്‍കിയ റബ്ബിനോട്, നാളെ വിചാരണനാളില്‍, ഞാനെന്റെ നാവിന്റെ ബാധ്യത തീര്‍ത്തിട്ടുണ്ടെന്ന് പറയാന്‍ കൗണ്‍സെലിംഗ് എന്നെ പ്രാപ്തയാക്കേണമേ എന്നാണ് പ്രാര്‍ഥന. കിടക്കയിലമര്‍ന്ന് എണീക്കാനാവാതെ കിടക്കുമ്പോഴും കൗണ്‍സെലിംഗ് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണവും ഇതുതന്നെ. തെറ്റുധാരണകളാല്‍ പരസ്പരം വെറുത്തും ചെറിയ തെറ്റുകള്‍ക്ക് പിണങ്ങിയും അകന്നുകഴിയുന്ന മനസ്സുകളെ ഒരുമിപ്പിക്കുമ്പോള്‍ അവരുടേതെന്നതുപോലെ നമ്മുടെ ഹൃദയത്തിലും സമാധാനം നിറയുന്നു.”

പരിശുദ്ധ മക്കയിൽ

”ഉപ്പ മരിക്കുന്നതിന് തൊട്ടുമുമ്പ് ഹജ്ജ് ചെയ്യാന്‍ ഗവണ്‍മെന്റിന്റെ സഹായത്തോടെ എനിക്കും എന്റെ അനിയത്തിക്കും അവസരം ലഭിച്ചു. ഈ സമയത്താണ് വിദേശത്തുനിന്ന് ഹജ്ജിന് വരുന്ന സ്ത്രീകള്‍ക്കൊപ്പം മഹ്‌റം (ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായ രക്തബന്ധമുള്ള പുരുഷന്മാരാരെങ്കിലുമോ) വേണമെന്ന കര്‍ശന നിയമം സൗദി ഗവണ്‍മെന്റ് കൊണ്ടുവന്നത്. അതോടെ എന്റെയും അനിയത്തിയുടെയും യാത്ര അനിശ്ചിതത്വത്തിലായി. ഞങ്ങളുടെ ഉപ്പക്ക് കൂടി ഗവണ്‍മെന്റ് ചെലവില്‍ ഹജ്ജ് ചെയ്യാനുള്ള സഹായം ചെയ്തുതന്നുകൊണ്ട് മുസ്‌ലിം ലീഗ് നേതാക്കള്‍ ഈ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അങ്ങനെ പരിശുദ്ധ മണ്ണ് കാണുവാന്‍ റബ്ബ് എനിക്കും ഉപ്പാക്കും സൗഭാഗ്യം തന്നു. മനസ്സിലെന്നേ വരച്ചിട്ട കഅ്ബയും മക്കയും മദീനയും നേരില്‍ ദര്‍ശിക്കാനും സാധിച്ചു. ജീവിതത്തില്‍ ലഭിച്ച സകല അനുഗ്രഹങ്ങള്‍ക്കും അംഗീകാരങ്ങള്ക്കുമുള്ള നന്ദിയും കടപ്പാടും എങ്ങനെയൊക്കെയാണ് പടച്ച തമ്പുരാന് അര്‍പ്പിക്കേണ്ടതെന്നറിയാതെ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെയാണ് ഹജ്ജിന്റെ ദിനങ്ങള്‍ പിന്നിട്ടത്.
പൂര്‍ണാരോഗ്യവും സമ്പത്തുമെല്ലാം ഉണ്ടായിട്ടും ഹജ്ജിന് സൗഭാഗ്യം കിട്ടാത്ത എത്രയോ ഹതഭാഗ്യര്ക്കിടയില്‍നിന്നാണ് വെള്ളിലക്കാടെന്ന കുഗ്രാമത്തില്‍ ഇവയൊന്നുമില്ലാതെ ജീവിക്കുന്ന റാബിയക്കും അനിയത്തിക്കും ജീവിതാന്ത്യത്തില്‍ അവരുടെ പിതാവിനും കഅ്ബാലയത്തിങ്കലെത്തിച്ചേരാനുള്ള വിധി വന്നത്.”

ഉപ്പയുടെ മരണശേഷം അദ്ദേഹം പോറ്റിയിരുന്ന വീട്‌ നോക്കുന്നത്‌‌ റാബിയയാണ്‌! എത്ര വലിയ ആത്മവിശ്വാസവുമായിട്ടായിരിക്കണം പുണ്യഭൂമിയിൽ നിന്നവർ മടങ്ങിയിട്ടുണ്ടാവുക! “വീട്ടില്‍ എനിക്കും ഹൃദ്‌രോഗിയായ ഉമ്മക്കും പുറമെ അനിയത്തിയും മകളും നിത്യരോഗികളായുണ്ട്. അതിനാല്‍ വീട്ടില്‍ രണ്ടും മൂന്നും സ്ത്രീകളെ സഹായത്തിനായി നിര്‍ത്തേണ്ടതുണ്ട്. വീട്ടില്‍ പുരുഷന്മാരാരും ഇല്ലാത്തതിനാല്‍ ചികിത്സക്കായി കൊണ്ടുപോകാനും ആവശ്യസാധനങ്ങള്‍ മാര്‍ക്കറ്റില്‍നിന്ന് എത്തിക്കാനുമെല്ലാം പുറത്തുനിന്നുള്ള ആളുകളേയും വണ്ടികളെയും ആശ്രയിക്കേണ്ടതുമുണ്ട്”.
കിടപ്പില്‍ കിടന്നാണ് വലിയൊരു വീടിന്റെ ഭാരവും ഏറ്റെടുത്ത മറ്റ് പ്രവര്‍ത്തനങ്ങളുമെല്ലാം റാബിയ മുന്നോട്ടുകൊണ്ടുപോകുന്നത്. ഭീമമായ സംഖ്യ മാസംതോറും ആവശ്യമായി വന്നപ്പോഴും അല്ലാഹുതന്ന അനുഗ്രഹങ്ങളുപയോഗിച്ച് ട്യൂഷനിലൂടെയും പുസ്തക വിതരണത്തിലൂടെയും ജീവിതവഞ്ചി തുഴയാന്‍ റാബിയക്ക് സാധിക്കുന്നു.

”മറ്റൊരു ലോകത്തെക്കുറിച്ച് സമ്പുഷ്ടമായ വിശ്വാസമില്ലായിരുന്നെങ്കില്‍ ഇതിനൊന്നും ഒരിക്കലും തോന്നുമായിരുന്നില്ല. മാത്രമല്ല, നൂറുകൂട്ടം രോഗങ്ങള്‍ക്കിടയില്‍ താങ്ങാനാവാത്തത്ര കുടുംബഭാരം കൂടിയാകുമ്പോള്‍ മനസ്സ് മടുത്ത് എന്നേ ഒരു മാനസിക രോഗിയായേനെ.”

ഫെമിനിസം, ബഹുഭാര്യത്വം: റാബിയ തർക്കിക്കുന്നു

‘വൈകല്യമുള്ളവരുടെ’ വിവാഹക്കാര്യം അത്ര ഗൗരവതരമായി പരിഗണിക്കാത്ത സമൂഹം കെ.വി. റാബിയയുടെയും വിവാഹം കഴിഞ്ഞെന്നറിഞ്ഞപ്പോള്‍ അമ്പരന്നു. ദൗര്‍ബല്യങ്ങളുടെ പരാധീനതകള്‍ക്കിടയിലും സന്തോഷകരമായ വിവാഹ ജീവിതം നയിക്കാന്‍ റാബിയ പ്രാപ്തയോ എന്നവര്‍ സംശയിച്ചു. ‘ഏറ്റെടുത്ത മറ്റ് ദൗത്യങ്ങളെപോലെ ഇതും വിജയിക്കുമെന്ന് തോന്നുന്നുണ്ടോ’ എന്നുവരെ ചിലര്‍ ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും റാബിയ ജീവിതം കൊണ്ട് മറുപടി പറഞ്ഞു…!

”സ്ത്രീ-പുരുഷ സമത്വമെന്നൊക്കെ പുലമ്പി നടക്കുന്ന, ഫെമിനിസ്റ്റുകളായ, ആധുനിക സ്ത്രീകള്‍ക്കിഷ്ടം എല്ലാ അര്‍ഥത്തിലും തലത്തിലും പുരുഷനുമായി കൊമ്പുകോര്‍ക്കാനാണ്. സമര്‍പ്പണ മനോഭാവത്തോടെ ഭര്‍ത്താവുമൊത്ത് സമാധാനത്തോടെ ജീവിച്ചാല്‍, ഭര്‍ത്താവിനെ അനുസരിച്ചാല്‍, സ്ത്രീകള്‍ക്കുള്ള സ്വതസിദ്ധമായ അഭിമാനം ഭഞ്ജിക്കപ്പെടുമെന്നാണ് പുത്തന്‍വാദക്കാരുടെ ഭാഷ്യം. വിദ്യാഭ്യാസം കൊണ്ടുള്ള ലക്ഷ്യം ഭൗതിക നേട്ടം മാത്രമായി അധഃപതിച്ചപ്പോള്‍ കിട്ടിയതാണ് പുതിയ പ്രവണതകള്‍. വിതച്ചതേ കൊയ്യൂ എന്ന ചൊല്ലുപോലെ കൊടുത്തതേ തിരിച്ചുകിട്ടൂ എന്നത് ഇവരൊന്നും മനസ്സിലാക്കുന്നില്ല. സ്‌നേഹവും അനുസരണയും വിനയവുമില്ലാത്ത ഭാര്യയെ പരിഗണിക്കാനും ഇഷ്ടപ്പെടാനുമെല്ലാം എങ്ങനെയാണൊരു പുരുഷന് സാധിക്കുക? കൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്തോറും തിരിച്ചു കിട്ടുന്നതിലും കുറവ് വരുമെന്നുള്ള തത്ത്വം ഈ സ്ത്രീകള്‍ അറിയാതെ പോകുന്നു. ഫെമിനിസം ഒരിക്കലും അംഗീകരിക്കപ്പെടേണ്ട ഒന്നല്ല. പരസ്പര പൂരകങ്ങളായിട്ടാണ് ദൈവം തമ്പുരാന്‍ സ്ത്രീ- പുരുഷന്‍മാരെ സൃഷ്ടിച്ചതുതന്നെയെന്നിരിക്കെ, സമൂഹത്തില്‍ ഇരുകൂട്ടര്‍ക്കും വ്യത്യസ്തങ്ങളായ കര്‍ത്തവ്യങ്ങളാണുള്ളതെന്നിരിക്കെ, എവിടെയാണ് ഇവര്‍ പറയുന്ന സമത്വവാദത്തിന് പ്രസക്തി?
ഏതൊരാളാല്‍ അംഗീകരിക്കപ്പെടണമെന്ന് നാം ആഗ്രഹിച്ചാലും അതിനുള്ള ഏക പോംവഴി ആദ്യം ആ വ്യക്തിയെ സ്വമനസ്സാലെ ആത്മാര്‍ഥമായി അംഗീകരിക്കുക എന്നതാണ്. ഇതുതന്നെയാണ് ഇസ്‌ലാമിലെ ദാമ്പത്യബന്ധത്തിന്റെ പൊരുള്‍. ഈ മാര്‍ഗം വിജയപ്രദമായിരിക്കുമെന്നതില്‍ ലവലേശം സംശയവുമില്ല. ദുഃസ്വഭാവങ്ങള്‍ക്ക് അടിമപ്പെടാത്ത, ബുദ്ധിയും വിവേകവുമുള്ള ഏതൊരു പുരുഷനും തനിക്ക് ഭാര്യയില്‍നിന്നും ലഭിക്കുന്ന സ്‌നേഹത്തിന്റെ ഇരട്ടി മടക്കിക്കൊടുക്കുമെന്നുള്ള കാര്യം ഉറപ്പാണ്.

കണിശ സ്വഭാവക്കാരനായ ഭര്‍ത്താവും രോഗിയായ ഭാര്യയും ആയിട്ടുപോലും ദാമ്പത്യബന്ധത്തില്‍ ഞങ്ങള്‍ രണ്ടുപേരും പൂര്‍ണ സംതൃപ്തരും സമാധാനമുള്ളവരുമാണ്. ഞങ്ങള്‍ക്ക് പരസ്പരം പരാതികളും പരിഭവങ്ങളുമില്ല.
ഇസ്‌ലാമികാശയാദര്‍ശങ്ങളില്‍ അറിവുള്ള വ്യക്തിയാണ് എന്റെ ഭര്‍ത്താവ് എന്നതാണ് ഞങ്ങളുടെ ദാമ്പത്യവിജയത്തിന്റെ പ്രധാന ഘടകം.

ഇസ്‌ലാമിലെ ബഹുഭാര്യത്വനിയമത്തിന്റെ തണലിലാണ് കുടുംബ ജീവിതത്തിനുള്ള ഭാഗ്യം റാബിയക്ക് ലഭിക്കുന്നത്. ബംഗാളത്ത് മുഹമ്മദെന്ന ബാപ്പു റാബിയയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടം നല്‍കാതെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെയും മക്കളെയും സ്‌നേഹിച്ചും അംഗീകരിച്ചും അവരെ പരിഗണിച്ചും അവരോട് സഹകരിച്ചും ദാമ്പത്യജീവിതത്തെ ശക്തമായ അടിത്തറയില്‍ പടുത്തുയര്‍ത്താന്‍ റാബിയക്ക് കഴിഞ്ഞു. ബഹുഭാര്യത്വം സ്ത്രീവിരുദ്ധമാണെന്ന് പറയുന്ന ഇസ്‌ലാം വിമര്‍ശകരോട് റാബിയ വിനയപൂര്‍വം ചോദിക്കുന്നു:

”ഞാനും എന്റെ താത്തയും (ബാപ്പുവിന്റെ ആദ്യ ഭാര്യ) രണ്ടുപേരും സ്ത്രീകള്‍. താത്താക്ക് ആരോഗ്യമുണ്ട്, സമ്പത്തുണ്ട്, ആങ്ങളമാരും മക്കളുമുണ്ട്. എനിക്ക് ഈ നാല് ഘടകങ്ങളും ഇല്ല. ഇവയൊന്നുമില്ലെങ്കിലും ജീവിക്കാനുള്ള സാമ്പത്തിക സഹായം നല്‍കാന്‍ ഒരുവേള സമൂഹത്തിനാവുമായിരിക്കാം. എന്നാല്‍, ഒരു പുരുഷന്റെ സ്‌നേഹത്തിലും പരിഗണനയിലും ജീവിക്കുമ്പോള്‍ ലഭിക്കുന്ന സുരക്ഷിതത്വവും സമാധാനവും സംതൃപ്തിയും ചില്ലിത്തുട്ടുകള്‍ എറിഞ്ഞുതന്നാല്‍ ലഭിക്കുമോ? ഇത്തരം റാബിയമാര്‍ക്ക്, അശരണര്‍ക്ക്, വിധവകള്‍ക്ക്, അബലകള്‍ക്ക്, അഗതികള്‍ക്ക്, അനാഥകള്‍ക്ക് അഭയം നല്‍കുന്ന ഒരു സ്ത്രീ സംരക്ഷണ നിയമംകൂടിയാണ് ഇസ്‌ലാമിലെ ബഹുഭാര്യത്വം.

ഇനി ഒരു ആദ്യഭാര്യക്കാണ് എന്റെ അവസ്ഥ വന്നതെന്ന് സങ്കല്‍പിക്കുക. അതായത് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആദ്യ ഭാര്യ കിടപ്പിലാകുന്നു. ജീവിതയാത്രയില്‍ ഇതൊക്കെ ആര്‍ക്കും എപ്പോഴും സംഭവിക്കാമല്ലോ! ഇത്തരം സന്ദര്‍ഭങ്ങളില്‍ അവശയായ ഒരു ഭാര്യയുമൊത്ത് ഒരു പുരുഷന് ജീവിതം മുന്നോട്ടെടുക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ബുദ്ധിയുള്ള ഏതൊരാള്‍ക്കും അത് ബോധ്യപ്പെടാവുന്നതേയുള്ളൂ. ഈ അവസരത്തില്‍ നിസ്സഹായയായ ആദ്യഭാര്യയെ ഉപേക്ഷിക്കുകയാണോ ഒരു പുരുഷന്‍ ചെയ്യേണ്ടത്? അതോ, പരസഹായം ആവശ്യമുള്ള ആദ്യഭാര്യയെ സ്‌നേഹിച്ചും പരിചരിച്ചും കൊണ്ടുതന്നെ മറ്റൊരു ഇണയെ സ്വീകരിച്ച് ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ ജീവിച്ച് പോവുകയോ? ഏതാണ് അഭികാമ്യവും പ്രായോഗികവും നീതിയുക്തവും…? ഇത്തരം സന്ദര്‍ഭങ്ങളില്‍ മാനവികമായ പരിഹാരം ഇസ്‌ലാമിലെ ബഹുഭാര്യത്വമാണ്. ഈ നിയമത്തിനാവട്ടെ പല വ്യവസ്ഥകളും ഇസ്‌ലാം മുന്നോട്ടുവെക്കുന്നുമുണ്ട്. അതില്‍ ആദ്യത്തേത് ഇണകള്‍ക്കിടയില്‍ നീതി പുലര്‍ത്തണമെന്നുള്ളത് തന്നെയാണ്. ഇവയൊക്കെ പാലിക്കാന്‍ തയാറാകുന്നവര്‍ക്കേ ഒന്നിലധികം വിവാഹം കഴിക്കാന്‍ അനുവാദമുള്ളൂ. ഭാര്യമാര്‍ക്കിടയില്‍ വിവേചനം കാണിക്കുന്നവരെക്കുറിച്ച് ഒരിക്കല്‍ നബി പറയുകയുണ്ടായി:
‘ഒരു പുരുഷന്റെ അധീനത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടാവുകയും (ഒരാള്‍ക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടാവുകയും) എന്നിട്ട് അയാള്‍ രണ്ടുപേര്‍ക്കുമിടയില്‍ നീതി പുലര്‍ത്താതിരിക്കുകയും ചെയ്താല്‍ ഒരു ഭാഗം ചെരിഞ്ഞുകൊണ്ടായിരിക്കും പുനരുത്ഥാന ദിവസം അയാള്‍ വരിക.’ പരലോകവിചാരമില്ലാതെ ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നതിന്റെ പേരില്‍ ഇസ്‌ലാമിനെ കണ്ണുമടച്ച് വിമര്‍ശിക്കരുതെന്നാണ് ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത്.
പന്ത്രണ്ടോളം ഭാര്യമാരുണ്ടായിരുന്നിട്ടും അവര്‍ക്കെല്ലാം ഏറ്റവും നല്ല ഇണയായി ജീവിച്ച, എല്ലാ ഭാര്യമാരുടെയും അവകാശങ്ങള്‍ വകവെച്ചുകൊടുത്ത മുഹമ്മദ് നബിയാണ്‌ നമുക്ക് മാതൃക. സഹനവും ത്യാഗവുമാണ് ബഹുഭാര്യത്വത്തില്‍ ഉള്ളടങ്ങിയിരിക്കുന്നത്. നിസ്വാര്‍ഥമതികള്‍ക്കേ ഈ നിയമം യഥാര്‍ഥ രീതിയില്‍ അനുസരിക്കാന്‍ കഴിയൂ.

പുരുഷന്‍മാര്‍ക്ക് ബഹുഭാര്യത്വം അത്യന്താപേക്ഷിതമാവുന്ന ചില സാഹചര്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. ഇത്തരം അവസ്ഥയില്‍പെട്ട പല പുരുഷന്‍മാരെയും ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ജീവിതത്തില്‍ മറ്റൊരു ഇണകൂടി ആവശ്യമായ അവസ്ഥ സംജാതമായിട്ടും ഇവരോട് സഹകരിക്കുന്നതിന് പകരം ഇവര്‍ക്കെതിരെ സ്ത്രീ പീഡനത്തിന് കേസ് കൊടുത്ത് പുരുഷ പീഡനം നടത്തുന്ന പൈശാചിക പ്രവണതകളും കാണേണ്ടിവന്നിട്ടുണ്ട്. കേസുകളില്‍ കുടുങ്ങി വട്ടം കറങ്ങുന്ന ഇത്തരം പുരുഷന്‍മാരെ സഹായിക്കാന്‍ ഇറങ്ങേണ്ടത് ധാര്‍മിക ബാധ്യതയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവരെ മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ വേണ്ടി ധൈര്യപൂര്‍വം ഇറങ്ങിയിട്ടുമുണ്ട്. ബഹുഭാര്യത്വം അനിവാര്യമായ രീതിയില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന പുരുഷന്‍മാരെ കാണുമ്പോള്‍ ആരെതിര്‍ത്താലും വിമര്‍ശിച്ചാലും ആക്ഷേപിച്ചാലും അവരെ സഹായിക്കാനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.”

അർബുദം മറ നീക്കുന്നു

ട്യൂഷനും മറ്റ് കാര്യങ്ങളുമായി റാബിയ ഉത്സാഹത്തോടെ കഴിഞ്ഞിരുന്ന സമയത്താണ് ശരീരത്തെ ബാധിച്ച കാന്‍സര്‍ രോഗം തിരിച്ചറിയുന്നത്. അത്യധികം മാരകമായൊരു രോഗത്തിന് അടിമയാണ് താനെന്ന് അറിഞ്ഞപ്പോള്‍ കടുത്ത മനോസംഘര്‍ഷവും ആധിയും വ്യാധിയുമെല്ലാം റാബിയക്കുണ്ടായിരുന്നു. എന്നാല്‍ മറ്റ് വിഷമാവസ്ഥകളിലേതുപോലെത്തന്നെ ആശയും പ്രതീക്ഷയും അറ്റുപോവാതെ, വിധിയെ പഴിക്കാതെ കഴിയാന്‍ റാബിയക്ക് സാധിച്ചു. ജീവിതത്തിന്റെ നിസ്സാരതയും മരണത്തിന്റെ അനിവാര്യതയും പരലോകവിശ്വാസവും എല്ലാറ്റിലും ഉപരി സ്രഷ്ടാവായ നാഥന്റെ കാരുണ്യത്തെക്കുറിച്ചുള്ള സ്മരണയും ഉള്ളില്‍ തട്ടുമ്പോള്‍ ഹൃദയത്തിന് നിയന്ത്രണവും സമചിത്തതയും കൈവരിക്കാനാകും. ‘അറിയുക: റബ്ബിനെ സ്മരിക്കുന്നതിലൂടെയാണ് ഹൃദയങ്ങള്‍ക്ക് ശാന്തി കിട്ടുന്നതെന്ന്’ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.

”രോഗാവസ്ഥ സത്യവിശ്വാസിക്ക് അനുഗ്രഹമാണെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. വേദനകള്‍ക്കും വിഷമങ്ങള്‍ക്കും രോഗങ്ങള്‍ക്കുമെല്ലാം പാപമോചനമാണ് റബ്ബ് വാഗ്ദാനം ചെയ്യുന്നത്. ഈ ഒരു ബോധം കടുത്ത രോഗഘട്ടങ്ങള്‍പോലും തരണം ചെയ്യാന്‍ ഒരാളെ പര്യാപ്തനാക്കുന്നു. അതിനാല്‍ പടച്ച റബ്ബിന്റെ തീരുമാനങ്ങളില്‍ സമാധാനം കണ്ടെത്താനാവണം. പ്രപഞ്ചനാഥന്റെ മാര്‍ഗദര്‍ശനം അവലംബമാക്കി യാത്ര ചെയ്താലേ കാറ്റിലും കോളിലുംപെട്ട് മറിയാതെ ജീവിതവഞ്ചി ഇരുലോകത്തും ശാന്തിയുടെ തീരമണയുകയുള്ളൂ. ഈ ചിന്തകള്‍ക്ക് ആക്കം കൂടുമ്പോള്‍ മനുഷ്യമനസ്സില്‍ നിന്ന് മരണഭയം അകന്നുകൊണ്ടേയിരിക്കും.”

കാന്‍സര്‍ ബാധിച്ച മാറിടം ഓപ്പറേഷനിലൂടെ എടുത്തുകളഞ്ഞു. റേഡിയേഷനും കീമോ തെറാപ്പിയും കുറച്ചുകാലത്തേക്കെങ്കിലും ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു… തുടരുന്ന പരീക്ഷണങ്ങള്‍! എല്ലാം ഏല്‍പിക്കാന്‍ ഏക റബ്ബുണ്ടായതുമാത്രം മനോധൈര്യം…
കാന്‍സര്‍ കൂടിയായപ്പോള്‍ ഡോക്ടര്‍മാര്‍ക്കെല്ലാം പ്രതീക്ഷയറ്റു. മരുന്ന് ഫലിക്കാനുള്ള സാധ്യത വിദൂരമാണെന്ന് തുറന്നുപറയാന്‍ അവര്‍ സന്നദ്ധരായി. ‘രോഗം രക്തത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. വിഷത്തെ നിര്‍വീര്യമാക്കാന്‍ അതിനെക്കാള്‍ വലിയ വിഷം ശരീരത്തിലേക്ക് കടത്തിവിടുകയാണ് അലോപ്പതിയില്‍ ഇതിനുള്ള ചികിത്സ. അതുകൊണ്ടുതന്നെ ചികിത്സയുടെ പാര്‍ശ്വഫലം ഭീതിദമാവാം. ആരോഗ്യമുള്ള ഒരാള്‍ക്ക് ഇത്തരം ഒരവസ്ഥ തരണം ചെയ്യാവുന്നതേയുള്ളൂ. എന്നാല്‍, അരയ്ക്ക് താഴെ തളര്‍ന്ന ഒരു സ്ത്രീക്ക് ഞങ്ങളിതുവരെ കീമോ തെറാപ്പി ചെയ്തിട്ടില്ല. അതിനാല്‍ ഈ ചികിത്സ ആരോഗ്യവതിയല്ലാത്ത റാബിയയെ എങ്ങനെയാണ് ബാധിക്കുകയെന്നുപോലും അറിയില്ല’-അമല ഹോസ് പിറ്റലില്‍വെച്ച് എന്നെ ചികിത്സിച്ച ഡോക്ടര്‍മാരുടെ വാക്കുകളാണിത്.

“പക്ഷേ, ചികിത്സിച്ച ഡോക്ടര്‍മാരുടെ പ്രവചനങ്ങള്‍ മുഴുവന്‍ തെറ്റിച്ചുകൊണ്ട് അവരെ അത്ഭുതപ്പെടുത്തിയ മാറ്റങ്ങളാണ് ശരീരത്തില്‍ ഉണ്ടായത്. പൂര്‍ണ ആരോഗ്യമുള്ളവര്‍പോലും കീമോ തെറാപ്പി കഴിഞ്ഞാല്‍ അതിന്റെ പാര്‍ശ്വഫലങ്ങളാല്‍ ബുദ്ധിമുട്ടാറാണ് പതിവ്. എന്നാല്‍ ആരോഗ്യമില്ലെന്നുംപറഞ്ഞ് ഡോക്ടര്‍മാര്‍ എഴുതിത്തള്ളിയ എനിക്ക് ചികിത്സമൂലമുള്ള ഒരു പാര്‍ശ്വഫലത്താലും കഷ്ടപ്പെടേണ്ടി വന്നില്ല. അല്ലാഹു കനിവ് കാണിച്ചില്ലായിരുന്നുവെങ്കില്‍ ഒരു കീമോ തടുക്കാനുള്ള ശക്തിപോലും എനിക്കുണ്ടാകുമായിരുന്നില്ലല്ലോ…!
ഓപ്പറേഷനിലൂടെ ഒരു സ്തനം എടുത്തുമാറ്റിയതിന് ശേഷമുള്ള സ്‌കാനിംഗിലാണ് മറ്റേ സ്തനത്തിലെ ഒമ്പത് മുഴകള്‍ ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പെട്ടത്. അതായിരുന്നു പരീക്ഷണത്തിന്റെ അടുത്ത ഘട്ടം… റബ്ബിന്റെ ഹിതം അംഗീകരിക്കാന്‍ തയാറായിക്കൊണ്ട് പ്രാര്‍ഥനയില്‍ മനസ്സ് തളച്ചിട്ട് ചികിത്സ തുടര്‍ന്നു.
പതുക്കെ പതുക്കെ മാറിലെ മുഴകള്‍ ഒന്നൊന്നായി അപ്രത്യക്ഷമാകാന്‍ തുടങ്ങി. ഓരോ തവണ സ്‌കാന്‍ ചെയ്യുമ്പോഴും മുഴകള്‍ ഒന്നൊന്നായി ഇല്ലാതാവുന്നത് കണ്ട ഡോക്ടര്‍മാര്‍ അമ്പരപ്പോടെ പരസ്പരം നോക്കി… അങ്ങനെ മാരകമായ അസുഖംകൊണ്ടുള്ള ഈ പരീക്ഷണവും തന്റെ അപാരമായ കാരുണ്യവര്‍ഷത്താല്‍ റബ്ബ് നേര്‍പ്പിച്ചുകളഞ്ഞു. കീമോതെറാപ്പിയും റേഡിയേഷനും ഓപ്പറേഷനുമെല്ലാം കഴിഞ്ഞ ഉടനെയായിരുന്നു എന്റെ ഹജ്ജ് യാത്ര. മരിക്കുകയാണെങ്കില്‍ പരിശുദ്ധ കഅ്ബാലയത്തിനടുത്തുവെച്ചല്ലേ എന്നോര്‍ത്ത് സമാധാനിച്ച് ഞാന്‍ യാത്രക്കിറങ്ങി.” റാബിയ പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ ഒരു പെണ്ണിനിത്ര കരുത്തോ എന്ന് നമ്മൾ അതിശയിക്കും. ഇസ്‌ലാം നൽകിയ കരുത്തിൽ ഒരു നാടൻ മാപ്പിളപ്പെണ്ണ്‌ ഇവിടെ അസാമാന്യമായ ഒരു പോരാട്ടം തുടരുകയാണ്‌; ഫെമിനിസ്റ്റുകൾക്ക്‌ സ്വപ്നം കാണാൻ പോലുമാകാത്ത ജീവിതസമരം!

കഥയല്ലിത്‌, ജീവിതം!

പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. കുളിമുറിയില്‍ വഴുതി പിന്നിലേക്ക് മലര്‍ന്നടിച്ച് വീണതിനാല്‍ റാബിയയുടെ നട്ടെല്ലിന്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള ഒന്നാമത്തെയും രണ്ടാമത്തെയും കശേരുക്കള്‍ക്ക് ക്ഷതം പറ്റി.
അനങ്ങാനാവാതെ കിടപ്പിലായതോടുകൂടി ട്യൂഷനിലൂടെ ഉണ്ടാക്കിയിരുന്ന വരുമാനം നിലച്ചു. പക്ഷേ, റഹ്മാനായ തമ്പുരാന്‍ കരിവേപ്പില്‍ റാബിയയെ നാലുപേര്‍ അറിയുന്നവളാക്കിയിരുന്നതിനാല്‍ എഴുതിയ പുസ്തകങ്ങള്‍ ഒരുപാട് വിറ്റുപോവുകയും ജീവിതവൃത്തിക്കുള്ള പുതിയ മാര്‍ഗം അതായി മാറുകയും ചെയ്തു. ചികിത്സക്കും മറ്റുമായി റാബിയക്ക് പണത്തിന് വളരെ അത്യാവശ്യം നേരിട്ട സമയത്തായിരുന്നു അല്ലാഹുവില്‍നിന്നും ഇങ്ങനെയൊരു സഹായം. കാരുണ്യവാനായ റബ്ബെത്ര കരുതലോടെയാണീ മനുഷ്യരായ മനുഷ്യരുടെയെല്ലാം ജീവിതങ്ങള്‍ കരുപിടിപ്പിക്കുന്നത്!

”സാമ്പത്തികമായി അപര്യാപ്തതകള്‍ക്ക് അറുതിവന്നെങ്കിലും കിടന്നകിടപ്പില്‍നിന്ന് അനങ്ങാനാവാതെ ഏറെ സാഹസപ്പെടേണ്ടിവന്നു. റബ്ബുണ്ട് കൂടെയെന്ന വിശ്വാസം മാത്രമാണ് തളര്‍ച്ചകളില്‍ അടിപതറാതിരിക്കാന്‍ താങ്ങായി നിന്നത്. സ്വയമൊന്ന് ചലിക്കാനാവാത്ത കിടപ്പ് എത്രയോ അസഹനീയമാണ്. വീണുടഞ്ഞ് തളര്‍ന്ന ശരീരത്തിനൊരുപക്ഷേ, അലസമായ ആ കിടപ്പായിരിക്കാം ആശ്വാസം. അനങ്ങിയാല്‍ അനുഭവിക്കേണ്ട ശരീരം തുളയ്ക്കുന്ന വേദനക്ക് പരിഹാരം നീണ്ടുനിവര്‍ന്നുള്ള കിടത്തം തന്നെയാവാം. പക്ഷേ, കര്‍മോത്സുകതയില്‍ മാത്രം പരിലസിച്ച് പരിചയിച്ച മനസ്സിനൊപ്പം ചലിക്കാന്‍ ശരീരത്തെ എത്രയും പെട്ടെന്ന് പ്രാപ്തമാക്കേണ്ടതുണ്ടായിരുന്നു. ഡോക്ടര്‍മാരെ പലരെയും കണ്ടു. ചികിത്സകള്‍ പലതും ചെയ്തു. ഞാനെന്നിട്ടും രോഗിയായിത്തന്നെ തുടര്‍ന്നു. ഒടുവില്‍ തളര്‍ന്നുപോയിരുന്ന ശരീരത്തിന്റെ ഒട്ടുമുക്കാല്‍ ഭാഗവും ചലിപ്പിക്കാമെന്നായി… അസുഖങ്ങള്‍ കൊണ്ടുള്ള പ്രയാസങ്ങള്‍ സൗഖ്യം തന്ന് മൂടിക്കളയുന്ന റബ്ബെത്ര കാരുണ്യവാന്‍…”

”നാലുവര്‍ഷം മുമ്പാണ് ശാരീരികമായി മറ്റൊരു പ്രയാസം നേരിടേണ്ടിവന്നത്. വീട്ടുമുറ്റത്ത് പൂന്തോട്ട നിര്‍മാണവും പച്ചക്കറി കൃഷിയുമായി മാസങ്ങളോളം ചെലവഴിച്ചിരുന്നു. മുറ്റത്തും പറമ്പിലുമായി രസം പിടിച്ച ജോലിക്കിടയില്‍ സ്പര്‍ശനംപോലും തിരിച്ചറിയാത്ത രണ്ട് കാല്‍പാദങ്ങള്‍ക്കിടയിലും മണ്ണ് പുരണ്ടാവണം, അണുബാധയുണ്ടായി. നിലത്ത് ചവിട്ടി നടക്കാത്തതിനാല്‍ അതിമൃദുലമായിത്തീര്‍ന്നിട്ടുള്ള കാല്‍പാദങ്ങള്‍ തിന്നുതീര്‍ക്കാന്‍ രോഗാണുക്കള്‍ക്ക് എളുപ്പമാവുമല്ലോ. കുളിക്കുമ്പോഴും വുദൂ എടുക്കുമ്പോഴുമെല്ലാം വെള്ളം തട്ടിയിട്ടും കാല്‍പാദങ്ങളുടെ പകുതിയിലധികം ഭാഗവും മുറിവായി പഴുത്തുനിന്നത് ഞാന്‍ അറിഞ്ഞില്ല. ഒട്ടും വേദനയുണ്ടായിരുന്നില്ല എന്നതുതന്നെ കാരണം. ഒരുദിവസം എങ്ങോട്ടോ പോകേണ്ടതിനാല്‍ അനിയത്തിമാര്‍ ചേര്‍ന്നെന്നെ പൊക്കിയെടുത്ത് ഓട്ടോറിക്ഷയിലേക്ക് വെക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് മുറിവുകണ്ട് അനിയത്തിമാര്‍ ബഹളം വെച്ചപ്പോഴാണ് കാലിനടിയില്‍ പതുങ്ങിനിന്ന അപകടം ഞാനറിഞ്ഞത്. ചലനശേഷി നഷ്ടപ്പെട്ട ഈ കാലുകളിലെ മുറിവുണങ്ങാന്‍ ഒരു സാധ്യതയുമില്ലെന്നാണ് കണ്ടവരെല്ലാം പറഞ്ഞത്.
മാസങ്ങളോളം ഹോസ്പിറ്റലില്‍ ചെന്ന് ഈ മുറിവുകള്‍ കെട്ടേണ്ടതുണ്ടായിരുന്നു. എന്നാല്‍തന്നെ അവ ഉണങ്ങുമെന്നുള്ള പ്രതീക്ഷയില്ല. ഓരോ ദിവസവും ഹോസ്പിറ്റലിലേക്ക് പോവുക എന്നുള്ളത് എന്നെപ്പോലുള്ള ഒരാള്‍ക്ക് അസാധ്യവുമാണ്. ഓരോ തവണ ഡോക്ടറുടെ അടുക്കല്‍ പോകണമെങ്കില്‍ തന്നെ അഞ്ചോ പത്തോ പേരുടെ സഹായം വേണം. വീട്ടില്‍ ആണുങ്ങള്‍ ഇല്ലാത്തതിനാല്‍ ഇങ്ങനെയൊരു ഹോസ്പിറ്റല്‍ പോക്കിനെക്കുറിച്ച് ചിന്തിക്കുകയും വേണ്ട. തിരൂരങ്ങാടിയിലെ സജീവമായ പാലിയേറ്റീവ് പ്രവര്‍ത്തനമാണ് ഈയൊരു അവസ്ഥയില്‍ കൈത്താങ്ങായത്. കാല്‍പാദത്തിന്റെ അടിഭാഗം ക്ലീന്‍ ചെയ്ത് മുറിവിനുള്ളില്‍ പുതിയൊരു മുറിവുണ്ടാക്കിയായിരുന്നു ഡോക്ടറും നഴ്‌സും വളണ്ടിയര്‍മാരുമൊക്കെയടങ്ങുന്ന പാലിയേറ്റീവ് പ്രവര്‍ത്തകരുടെ ശുശ്രൂഷ. ഇപ്പോഴുള്ള മുറിവിന് മുകളില്‍ മരുന്ന് പുരട്ടി കെട്ടിയാല്‍ ഫലമൊന്നും ഉണ്ടാവില്ല എന്നതായിരുന്നു ഇതിന് കാരണം. മുറിവിന്റെ മുകള്‍ഭാഗത്ത് കാണുന്ന മാംസഭാഗങ്ങള്‍ ഓരോന്നായി ആഴ്ചതോറും മുറിച്ചെടുക്കുകയായിരുന്നു പരിഹാരം. തരിപ്പിക്കുകയൊന്നും ചെയ്യാതെയാണ് ഈ പ്രക്രിയകളൊക്കെ തകൃതിയായി നടന്നത്. ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിനിടയില്‍ ഞരമ്പുപൊട്ടി രക്തം വാര്‍ന്നൊഴുകുകപോലുമുണ്ടായി. വേദന ഒട്ടും അറിയാന്‍ സാധിക്കാത്തതിനാല്‍ ഒരു കാഴ്ചക്കാരിയെപോലെ എല്ലാം നോക്കിയിരിക്കാന്‍ എനിക്ക് കഴിഞ്ഞു. സൃഷ്ടികളോട് അളവറ്റ കാരുണ്യം കാണിക്കുന്ന പടച്ച തമ്പുരാന്‍, മുറിവ് മാറില്ലെന്നും ഉണങ്ങുകയില്ലെന്നും വ്യാധിപൂണ്ട ഉറ്റവരുടെ സങ്കടങ്ങള്‍ക്കുമീതെ രോഗശമനമെത്തിച്ചു. മുറിവുണങ്ങി. അനുഗ്രഹങ്ങളിലൂടെയും റബ്ബിന്റെ പരീക്ഷണം.”

”ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയുടെ രൂപത്തിലാണ് അടുത്ത പരീക്ഷണം. അള്‍സര്‍ രൂക്ഷമായി. അതുമൂലമുള്ള വയര്‍ സ്തംഭനം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. ഉപദേശം തേടാത്ത, ചികിത്സക്കുവേണ്ടി സമീപിക്കാത്ത ഡോക്ടര്‍മാരില്ല. പലരും പല ചികിത്സാവിധികളും കുറിച്ചു. എല്ലാം പയറ്റിയിട്ടും അസുഖം മാത്രം തഥൈവ. ഈ രോഗം തുടങ്ങിയതുമുതല്‍ സ്‌കാനിംഗും എന്‍ഡോസ്‌കോപ്പിയും എന്തിനേറെ, ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റുകളും നിറഞ്ഞുനിന്ന ജീവിതം. മരണം അടുത്തുതുടങ്ങിയെന്ന് തോന്നി ത്തുടങ്ങിയത് ഈ അസുഖത്തോടെയാണ്. വയര്‍ എരിച്ചിലും പുകച്ചിലും ഛര്‍ദിക്കാനുള്ള പ്രവണതയും ഇതിനൊക്കെ പുറമെ വയര്‍സ്തംഭനവും! അസ്വസ്ഥതകള്‍ക്കുമേല്‍ അസ്വസ്ഥത. പൊതുവെ ഭക്ഷണം കഴിക്കാന്‍ മടിയുള്ള കൂട്ടത്തിലാണ്. ഇപ്പോഴാവട്ടെ ഇഷ്ടപ്പെട്ടിരുന്ന ഭക്ഷണ സാധനങ്ങള്‍പോലും മാറ്റിനിര്‍ത്തേണ്ടിവന്നിരിക്കുന്നു. എന്നെപ്പോലെ പലര്‍ക്കും ഇന്ന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ കഴിയാത്ത തരത്തിലുള്ള അസുഖങ്ങളുണ്ട്. വലിയ വലിയ രോഗങ്ങള്‍ക്കും വേദനകള്‍ക്കും ഇടയില്‍ ഇഷ്ടപ്പെട്ടത് തിന്നാന്‍ കഴിയുന്നില്ല എന്ന കാര്യം നിസ്സാരമായി തള്ളിക്കളയാവുന്നതേയുള്ളൂ. പക്ഷേ, പിന്നെ പിന്നെ ഒന്നുംതന്നെ കഴിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചേര്‍ന്നു. ഇതേ പ്രശ്‌നത്താല്‍ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നവരില്‍ മിക്കവരും രോഗഗതി മാറി മണ്ണടിഞ്ഞുപോയെന്ന വിവരം ആശ്വാസത്തിനൊട്ടും വക നല്‍കുന്നില്ലല്ലോ! അവസാനം ശരീരം രോഗത്തിനു കീഴടങ്ങിയെന്നത് അംഗീകരിക്കാന്‍ തീരുമാനിച്ചു. വേദനകള്‍ ഏറ്റുവാങ്ങാന്‍ മനസ്സൊരുക്കിവെച്ചു. ആശ്വാസമെത്തിച്ച് വീണ്ടും റബ്ബ്… മൂന്നുവര്‍ഷം നീണ്ട രോഗ ദുരിതത്തിനുശേഷം അള്‍സര്‍ ഇന്ന് നിയന്ത്രണ വിധേയമാണ്. അല്‍ഹംദുലില്ലാഹ്! പഥ്യവുമായി ഇപ്പോഴും മുന്നോട്ട് പോകുന്നു. അല്ലാഹു കണക്കാക്കിയത് അസുഖത്തില്‍നിന്നുള്ള മോചനമാണെന്ന് തിരിച്ചറിഞ്ഞു.”

”ഒരുപാട് നീളമുള്ള മുടിയുണ്ടായിരുന്നു എനിക്ക്. കസേരയില്‍ ഇരുന്നാല്‍ മുടി നിലത്തിഴഞ്ഞിരുന്നു. എന്നാല്‍ കീമോ തെറാപ്പിയോടെ എന്റെ മനോഹരമായ മുടി ഒന്നൊന്നായി കൊഴിഞ്ഞുതുടങ്ങി. ഏറെ വൈകാതെ ഒരെണ്ണംപോലും ബാക്കിയില്ലാതെ മുഴുവനും കൊഴിഞ്ഞുതീര്‍ന്നു. ഇഷ്ടപ്പെടുന്നതൊക്കെയുമെടുത്ത് റബ്ബ് പരീക്ഷിക്കുമ്പോള്‍ ആത്മസംയമനവും ക്ഷമയും പാലിക്കാന്‍ കഴിയേണമേ എന്നായിരുന്നു പ്രാര്‍ഥന. നശ്വരമായ ഇഹലോക വിഭവങ്ങളുടെ നഷ്ടം എത്ര നിസ്സാരമാണെന്ന് തിരിച്ചറിയാന്‍ ഇത്തരം ചില നഷ്ടങ്ങള്‍ എന്നെ പ്രാപ്തയാക്കേണമേ എന്നായിരുന്നു റബ്ബിനോടുള്ള തേടല്‍. കീമോതെറാപ്പി കഴിഞ്ഞവരെല്ലാം മുടിയുടെ കാര്യം വിസ്മൃതിയില്‍ തള്ളാറാണ് പതിവ്. പക്ഷേ, എന്റെ കാര്യത്തില്‍ വിസ്മയം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ രോഗത്തിനുള്ള ചികിത്സ കഴിഞ്ഞപ്പോഴേക്കും ആദ്യം എനിക്കുണ്ടായിരുന്ന മുടിയേക്കാള്‍ ഭംഗിയും വണ്ണവുമുള്ള മുടി തന്ന് അനുഗ്രഹിക്കുകയായിരുന്നു റബ്ബ്. സ്‌കൂളില്‍നിന്നും കോളജുകളില്‍നിന്നുമൊക്കെ എന്നെ കാണാന്‍ വരുന്ന പെണ്‍കുട്ടികള്‍, നല്ല കട്ടിയില്‍ വലിയൊരു പൂങ്കുല പോലെ അഗ്രം വിരിഞ്ഞ് വളഞ്ഞ് പ്രത്യേക ചന്തത്തില്‍ മുടി വെട്ടിത്തന്ന ബ്യൂട്ടീഷനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. ”ഏറ്റവും വലിയ ബ്യൂട്ടീഷന്റെ കരവിരുതെ”ന്ന് പറയും ഞാന്‍.
കുളിമുറിയില്‍ വഴുതി വീണ് നട്ടെല്ലിന് ക്ഷതം പറ്റി ആറുമാസത്തോളം അനങ്ങാനാവാതെ കിടന്നപ്പോള്‍ മുടിയില്‍ അഴുക്കും പേനും നിറഞ്ഞു. ശല്യം ദുസ്സഹമായപ്പോള്‍ മുന്‍ഭാഗത്ത് അല്‍പം മുടിമാത്രം നിര്‍ത്തി ബാക്കി ഭാഗം മൊട്ടയടിച്ചുകളഞ്ഞു. വീണ്ടും വരും അതേപോലെ മുടി. സ്വന്തമായി എനിക്ക് കഴുകാനും വൃത്തിയാക്കാനും കഴിയാത്ത തലമുടി ജീവിതത്തിലൊരു ഭാരമായിത്തോന്നി. കാരണം, സഹായത്തിന് വരുന്നവര്‍ക്ക് അതൊരു ബുദ്ധിമുട്ടാണ്. ചികിത്സക്കും വിഷമം. അതിനാല്‍ ഇപ്പോള്‍ പുരുഷന്മാരുടെ മുടിപോലെ കൂടെക്കൂടെ പിരടിയില്‍ വെച്ച് മുറിച്ചിടാറാണ് പതിവ്.”

റാബിയ എന്ന പാഠപുസ്തകം

കോട്ടയം ജില്ലക്കാരനായ പ്രൊഫ. ശിവദാസ് ‘ജയിക്കാന്‍ പഠിക്കാം’ എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. വിജയം കൈവരിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി അതിലദ്ദേഹം റാബിയയെക്കുറിച്ച് എഴുതുന്നു: ‘ഒരു വലിയ പര്‍വതക്കെട്ടില്‍നിന്ന് അതിശീഘ്രം മുന്നോട്ടൊഴുകുന്ന വെള്ളത്തിലെ കൂലംകുത്തിയുള്ള ഒഴുക്കിനിടയില്‍ ഈ വരുന്ന വെള്ളത്തിന്റെ സുഖമമായ ഒഴുക്കിന് വിഘ്‌നം സൃഷ്ടിച്ചുകൊണ്ട് ഒരു വലിയ പാറക്കല്ലുണ്ടെന്ന് സങ്കല്‍പിക്കുക. എങ്കില്‍ ഈ പാറക്കല്ലിനെ ഭയന്ന് വെള്ളം അതിന്റെ ഒഴുക്ക് നിര്‍ത്തുമോ? ഒഴുക്കിനിടയില്‍ കാണുന്ന ഈ വലിയ പാറക്കെട്ടിനടുത്തെത്തുമ്പോള്‍ പാറയെ വളഞ്ഞും വലയം ചെയ്തും വെള്ളം തടസ്സം മാറ്റിയെടുത്ത് അതിന്റെ ശക്തിക്കും കുതിപ്പിനും കിതപ്പിനും ഭംഗംവരാതെ മുന്നോട്ട് ഗമിക്കുന്നു. അതുപോലെയാണ് റാബിയയുടെ ജീവിതം. ഒഴുക്കിനിടയില്‍ വരുന്ന പ്രതിബന്ധങ്ങള്‍ വകവെക്കാതെ സുഗമമായ ഒഴുക്കിന് മറ്റൊരു ദിശ കണ്ടെത്തി റാബിയ തന്റെ ജൈത്രയാത്ര തുടരുന്നു…’

അതെ…! പ്രതിബന്ധങ്ങളും പ്രശ്‌നങ്ങളുമാകുന്ന പാറക്കെട്ടുകള്‍ വകഞ്ഞുമാറ്റി, ഉത്സാഹത്തോടെ ഒഴുകുന്ന തെളിനീര്‍ പ്രവാഹം കണക്കെ മുന്നോട്ട് കുതിക്കാന്‍ മനുഷ്യസഞ്ചയത്തിന് പ്രേരണയും പ്രചോദനവുമാകാന്‍തക്കവണ്ണം കെല്‍പുറ്റതാണ് ഇസ്‌ലാമികാശയാദര്‍ശങ്ങള്‍. നിരാശയുടെയും വേദനകളുടെയും സങ്കടങ്ങളുടെയും നടുവിലും മനുഷ്യ മനസ്സിനെ ശുഭപ്രതീക്ഷയാല്‍ ആവരണം ചെയ്യാന്‍ കഴിവുറ്റതാണത്. ഇസ്‌ലാം നൽകിയ ആത്മീയ തിരിച്ചറിവുകൾ
ഭൗതിക ശരീരത്തിലെ അവയവങ്ങള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീണപ്പോഴും റാബിയയെ ചിരിക്കാന്‍ പ്രാപ്തയാക്കി.

”മനുഷ്യന്‍ മനസ്സിലൊരു സ്വപ്നം നെയ്ത്, സ്വപ്ന സാക്ഷാത്കാരത്തിനായി പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുകയാണെങ്കില്‍ അവന് ചെന്നെത്താന്‍ കഴിയാത്ത മേഖലകളും തരണം ചെയ്യാനാവാത്ത പ്രശ്‌നങ്ങളുമുണ്ടാവില്ല. ഭൗതികവാദത്തിന്റെ കണ്ണില്‍ പ്രതികൂലമെന്ന് തോന്നിക്കുന്ന കാര്യങ്ങള്‍പോലും ദൈവവിശ്വാസത്താല്‍ സമ്പുഷ്ടമായ ഒരു ആദര്‍ശത്തിന് മുമ്പില്‍ അനുഗ്രഹമായി വര്‍ത്തിക്കുന്നതിനാല്‍ പ്രതിസന്ധികളെ പ്രചോദനമാക്കാന്‍ സത്യവിശ്വാസികള്‍ക്ക് ക ഴിയുന്നു. നല്ല സ്വപ്നങ്ങള്‍ മനസ്സില്‍ നെയ്ത് അവ യാഥാര്‍ഥ്യമാക്കാന്‍ റബ്ബിനോടുള്ള പ്രാര്‍ഥനയാകുന്ന ചിറകുമായി മുന്നേറിയപ്പോള്‍ പ്രവര്‍ത്തന സ്വപ്നങ്ങളെല്ലാം നിറവേറ്റിത്തന്ന് റബ്ബ് അനുഗ്രഹിക്കുകയായിരുന്നു. അല്‍ഹംദുലില്ലാഹ്. പ്രാര്‍ഥനയെയും പരിശ്രമത്തെയും കൂട്ടുപിടിച്ചാല്‍ ഓരോരുത്തര്‍ക്കും കഴിയുന്നതാണിതൊക്കെയും. മനുഷ്യസ്വപ്നങ്ങള്‍ക്ക് ഒരായിരം ചിറകുകള്‍ വെക്കുന്നത് അപ്പോള്‍ മാത്രമാണ്…”

റാബിയ പറഞ്ഞുനിർത്തുന്നു, ഒരു മഴ പെയ്തു തോരുന്നു, ഒരായിരം പുൽനാമ്പുകൾ അത്‌ വീണ മണ്ണിൽ കിളിർക്കുന്നു


Tags :


mm

Admin