മക്തി തങ്ങളുടെ പേരിൽ ഒരു റോഡ് പോലും ഇല്ലാതെ കൊച്ചി
18 January 2019 | Reports
എറണാകുളം: ആധുനിക കേരളശിൽപികളിൽ പ്രധാനിയും പ്രമുഖ മുസ്‌ലിം നവോത്ഥാന നായകനുമായ സയ്യിദ് ഥനാഉല്ലാഹ് മഖ്ദി തങ്ങളുടെ (1847-1912) പ്രവർത്തന സിരാകേന്ദ്രമായിരുന്ന കൊച്ചി അദ്ദേഹത്തെ ഓർമ്മിക്കുന്ന സ്മാരകങ്ങളൊന്നുമില്ലാതെ ഭരണകൂട മറവിയുടെ പരാധീനത നേരിടുന്നു. കടൽ കടന്നുവന്ന് നാട് ചവിട്ടിയരച്ച പറങ്കിഭീകരൻ വാസ്കോഡ ഗാമയുടെ അധിനിവേശസ്മൃതി ആഘോഷമാക്കുന്ന മത-മതേതര കെട്ടിടങ്ങളും സ്ഥലങ്ങളും അനേകമുള്ള ഫോർട്ട് കൊച്ചിയിൽ കൊളോണിയലിസത്തിന്റെ സാംസ്കാരികാധിനിവേശത്തെ വൈജ്ഞാനികമായി ചെറുത്ത് പതിറ്റാണ്ടുകൾ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലും നിറഞ്ഞുനിന്ന മഖ്ദി തങ്ങളുടെ പേരിൽ ഒരു തെരുവ് പോലും ഇല്ല. കൊളോണിയൽ ഓഫീസർമാരുടെയും ഉത്തരേന്ത്യൻ രാഷ്ട്രീയ നേതാക്കളുടെയും മുതൽ പ്രാദേശിക പ്രാമുഖ്യം മാത്രമുള്ള അപ്രശസ്ത വ്യക്തികളുടെ പേരിൽ വരെ നിരത്തുകളുള്ള കൊച്ചിയിൽ ആണ് കൊച്ചിയിൽ നിന്ന് മലയാള ഭാഷക്കും മതപരമായ പ്രബുദ്ധതക്കും മതാന്തര മനസ്സിലാക്കലുകൾക്കും മൗലികമായ സംഭാവനകൾ നൽകിയ മഖ്ദി തങ്ങളുടെ പേരിൽ ഒരു റോഡ് പോലും ഇല്ലാത്തത്. കേരളീയ നവോത്ഥാനം സജീവ ചർച്ചയാകുന്ന പശ്ചാതലത്തിൽ കൊച്ചി ഈ അനീതി തിരുത്താൻ സന്നദ്ധമാകുമോ എന്നാണ് ചരിത്രകുതുകികൾ ഉറ്റുനോക്കുന്നത്.