Logo

 

സ്ത്രീവിദ്യാഭ്യാസം, മഖ്ദി തങ്ങൾ, വക്കം മൗലവി

28 January 2019 | Study

By

മലയാളം, ഇംഗ്ലീഷ് ഭാഷാപഠനങ്ങള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസത്തിനും ആധുനിക വിജ്ഞാനീയങ്ങള്‍ക്കും പ്രേരണ നല്‍കിയ മഖ്ദി തങ്ങൾ (1847-1912) സ്ത്രീവിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അത്തരം ഒരു നിലപാട് സ്വീകരിച്ചതായി കാണാന്‍ കഴിയുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ സ്‌കൂളുകളിലും കോളജുകളിലും പോയി ആധുനിക വിദ്യാഭ്യാസം നേടണമെന്ന് മഖ്ദി തങ്ങള്‍ നിര്‍ദേശിക്കുകയോ പ്രചരിപ്പിക്കുകയോ ഒന്നും ചെയ്തതിന് രേഖകളില്ല. സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ തന്നെ പോകാന്‍ പാടില്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന അന്നത്തെ മുസ്‌ലിം സാമുദായികാവസ്ഥയില്‍ പെണ്‍പള്ളിക്കൂടപ്രവേശം ഒരു പ്രമേയമായിപ്പോലും മഖ്ദി തങ്ങളുടെ രചനകളില്‍ കടന്നുവരാതിരുന്നത് മനസ്സിലാക്കാന്‍ എളുപ്പമാണെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി ഇതിനുണ്ടായിരുന്നുവെന്ന് നിരീക്ഷിച്ചെടുക്കാവുന്നതാണ്.

പെണ്‍കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും പോകണമെന്ന നിലപാട് കൊളോണിയല്‍ കേരളത്തില്‍ വിവിധ ആധുനീകരണ ശ്രമങ്ങളുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത് പാശ്ചാത്യന്‍ സ്ത്രീസ്വാതന്ത്ര്യസങ്കല്‍പങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്. ബ്രിട്ടീഷ് ഇന്‍ഡ്യയില്‍ കൊളോണിയല്‍ ആധുനികതയുടെ പറുദീസയായിരുന്ന ബംഗാളില്‍ സ്ത്രീവിദ്യാഭ്യാസം യൂറോപ്യന്‍ ലോകവീക്ഷണങ്ങളുള്ള പെണ്‍കുട്ടികള്‍ വളര്‍ന്നുവരാനിടയാക്കിയതും അത് കുടുംബങ്ങളില്‍ ആശങ്കകള്‍ സൃഷ്ടിച്ചതും വ്യാപകമായ ചര്‍ച്ചകള്‍ ഇതു സംബന്ധമായി കൊളോണിയല്‍ ബംഗാളില്‍ സജീവമായതും ദിപേഷ് ചക്രബര്‍ത്തി പരിശോധിക്കുന്നുണ്ട്. ഇതിന്റെയെല്ലാം ഒരു പശ്ചാത്തലത്തിലാകാം, കുടുംബ വ്യവസ്ഥക്കും ഭാര്യ, മാതൃപദവികള്‍ക്കുമുള്ള പ്രാധാന്യത്തെ ന്യൂനീകരിക്കുകയും സ്ത്രീയും പുരുഷനും ഒരുപോലെ തൊഴിലെടുത്ത് സമ്പാദിക്കല്‍ ഉത്തരവാദിത്തമാക്കുകയും പെണ്‍ശരീരത്തിന്റെ തുറന്നിടലിനെ സിദ്ധാന്തവല്‍കരിക്കുകയും ഈ വിഷയങ്ങളിലെല്ലാം ഇസ്‌ലാമിനുള്ള പ്രതിവാദങ്ങളെ പിന്തിരിപ്പന്‍ എന്ന് ചാപ്പകുത്തി ആക്രമിക്കുകയും ചെയ്യുന്ന ലിബറല്‍ തത്ത്വങ്ങളെ കൂടെക്കൂട്ടിയാണ്  സ്ത്രീവിദ്യാഭ്യാസമുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത് എന്നൊരു പ്രതീതി ഇവിടെയുണ്ടായിരുന്നു. ഈ ആശയക്കുഴപ്പത്തെ മുറിച്ചുകടന്നുകൊണ്ട് പാശ്ചാത്യന്‍ ഉദാരവാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കുകയും എന്നാല്‍ പെണ്‍കുട്ടികളുടെ പള്ളിക്കൂട പ്രവേശനം ആവശ്യമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്ന മധ്യമനിലപാട് സ്വരൂപിക്കുന്നതില്‍ വിജയിച്ചത് വക്കം മൗലവിയാണ്. പടിഞ്ഞാറന്‍ സ്ത്രീവാദത്തെ ഇസ്‌ലാമിക പക്ഷത്തുനിന്ന് വിമര്‍ശനവിധേയമാക്കുകയും പെണ്‍കുട്ടികള്‍ ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകണോ എന്ന കാര്യത്തില്‍ സന്നിഗ്ധതയിലാവുകയുമാണ് മഖ്ദി തങ്ങള്‍ ചെയ്തത്. നാരിനരാഭിചാരി എന്ന തങ്ങളുടെ പുസ്തകം ഇതിന്റെ ദൃഷ്ടാന്തമാണ്.

പരിഷ്‌കാരവും പുരോഗതിയും യൂറോപ്യന്‍ ക്രൈസ്തവതയുടെയോ ഭൗതികവാദത്തിന്റെയോ ഉല്‍പന്നമല്ലെന്നും ഖുര്‍ആനില്‍നിന്നും പ്രവാചകപാഠങ്ങളില്‍നിന്നും വെളിച്ചം സ്വീകരിച്ച മധ്യകാല മുസ്‌ലിം പ്രതിഭാശാലികളാണ് ലോകത്ത് വൈജ്ഞാനിക വിപ്ലവത്തിന്റെയും ശാസ്ത്രപുരോഗതിയുടെയും അടിത്തറ കെട്ടിയതെന്നും ചരിത്രഗ്രന്ഥങ്ങളുദ്ധരിച്ച് സ്ഥാപിച്ചുകൊണ്ട് ഇസ്‌ലാം പിന്തിരിപ്പനാണെന്ന വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് പുസ്തകത്തിന്റെ ആദ്യഭാഗത്ത് ചെയ്യുന്നത്. തുടര്‍ന്ന് പടിഞ്ഞാറന്‍ സ്ത്രീസ്വാതന്ത്ര്യസങ്കല്‍പം പെണ്‍പ്രകൃതിയെ തകര്‍ത്തുകൊണ്ടുള്ളതാണെന്ന് വിശദമായി സമര്‍ത്ഥിക്കുന്നു. ഇസ്‌ലാമിലെ ബഹുഭാര്യത്വം, പര്‍ദ തുടങ്ങിയ നിയമങ്ങള്‍ പ്രകൃതിവിരുദ്ധമാണെന്ന ലിബറല്‍ മതേതര ബുദ്ധിജീവികളുടെ വാദത്തിനും അത്തരം നിയമങ്ങള്‍ ഇസ്‌ലാമിലില്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില ‘ലിബറല്‍ മുസ്‌ലിം’കളുടെ ശ്രമത്തിനും ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞുകൊണ്ടാണ് പുസ്തകത്തിന്റെ പ്രതിപാദനം പുരോഗമിക്കുന്നത്. മഖ്ദി തങ്ങളെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചത് പടിഞ്ഞാറന്‍ മതവിരുദ്ധാശയങ്ങളിലുള്ള ഭ്രമവും ഇസ്‌ലാമിക സംസ്‌കാരത്തെ സംബന്ധിച്ച അപകര്‍ഷതയുമാണെന്ന, ഇപ്പോള്‍ ഇസ്‌ലാഹീ ചരിത്രത്തെ ‘പ്രശ്‌നവല്‍കരിക്കാന്‍’ ഉദ്ദേശിച്ചുനടക്കുന്ന യാഥാസ്ഥിതിക പക്ഷത്തുനിന്നുള്ള ‘പുനര്‍വായനകള്‍’ ഉന്നയിക്കുന്ന നിരീക്ഷണം തീര്‍ത്തും കല്‍പിതവും വസ്തുതാവിരുദ്ധവുമാണെന്ന് നാരിനരാഭിചാരിയിലൂടെ കടന്നുപോകുന്ന ആര്‍ക്കും ബോധ്യമാകും. പടിഞ്ഞാറുവല്‍കരണത്തിനുള്ള ത്വരയായിരുന്നില്ല, മറിച്ച് പ്രമാണങ്ങളോടുള്ള പ്രതിബദ്ധതയാണ് ഇസ്‌ലാഹീ പരിഷ്‌കര്‍ത്താക്കളുടെ ‘പുരോഗമന’ത്തിന്റെ വൃത്തം നിര്‍ണയിച്ചത്.  പുരുഷന്മാര്‍ താടിവളര്‍ത്തണമെന്നും താടി വടിക്കുന്നത് തെറ്റാണെന്നും സമര്‍ഥിച്ചുകൊണ്ട് ‘താടി പുരുഷമോടി’ എന്ന പേരില്‍ ലഘുലേഖയെഴുതിയിട്ടുള്ളയാളാണ് മഖ്ദി തങ്ങള്‍. ആധുനികതയുടെ ‘ഷെയ്പിംഗ് പരിഷ്‌കാര’ത്തെപ്പോലും താടി വളര്‍ത്താനുള്ള പ്രവാചക കല്‍പനയുടെ ബലത്തില്‍ എതിര്‍ത്തുനിന്ന ഒരാളെ നയിച്ചിരുന്നത് പടിഞ്ഞാറിനോടുള്ള സാംസ്‌കാരിക ദാസ്യമാണെന്ന് ആരോപിക്കുന്നവര്‍ വസ്തുതകളെ ക്രൂരമായി വക്രീകരിക്കുകയാണ് ചെയ്യുന്നത്.

ഇംഗ്ലീഷിനും മലയാളത്തിനും ശാസ്ത്രപഠനത്തിനുമൊന്നും ഇസ്‌ലാമിക പ്രമാണങ്ങള്‍ എതിരല്ലെന്ന് ബോധ്യമുണ്ടായിരുന്ന മഖ്ദി തങ്ങള്‍ പടിഞ്ഞാറന്‍ സ്ത്രീവിമോചന പദ്ധതിയില്‍ ഇസ്‌ലാം വിരുദ്ധമായ ആശയങ്ങളുണ്ടെന്ന് കണ്ടെത്തുകയും അതിനെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഈ തിരിച്ചറിവിന്റെ വൈകാരികതയില്‍ പെണ്ണിന് അല്ലാഹു നല്‍കുന്ന അവകാശങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടുള്ള പുരുഷാധിപത്യ പ്രവണതകള്‍ മതവിരുദ്ധമായ രീതിയില്‍ മതസമൂഹങ്ങളില്‍ വേരുറപ്പിച്ചിട്ടുണ്ടെന്ന വസ്തുതയെ കാണുന്നതില്‍ മഖ്ദി തങ്ങള്‍ പരാജയപ്പെടുന്നുണ്ട്. നാരിനരാഭിചാരിയില്‍, തീര്‍ത്തും ഇസ്‌ലാംവിരുദ്ധമായ ബൈബിളിക ആദിപാപ സിദ്ധാന്തത്തെയും പൗലോസ് ലേഖനങ്ങളെയും മനുസ്മൃതിയെയുമെല്ലാം ഉദ്ധരിക്കുകയും അവയിലുള്ള സ്ത്രീവിരുദ്ധതയെ ന്യായീകരിക്കുകയും ഇസ്‌ലാമിനും ഉള്ളത് അതേ വീക്ഷണങ്ങളാണെന്ന് പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന മഖ്ദി തങ്ങളെ നാം കാണുന്നുണ്ട്. പടിഞ്ഞാറന്‍ സ്ത്രീവാദം യഥാര്‍ത്ഥത്തില്‍ പെണ്‍വിരുദ്ധമാണെന്ന് സ്ഥാപിക്കുകയും ഇസ്‌ലാമിക പ്രമാണങ്ങളുദ്ധരിച്ചുകൊണ്ട് സമുദായത്തിനുള്ളില്‍ യഥാര്‍ത്ഥ പെണ്ണവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയും ചെയ്യുന്ന കൃത്യതയിലേക്ക് മഖ്ദി തങ്ങളുടെ വിശകലനങ്ങള്‍ നാരിനരാഭിചാരിയില്‍ വികസിക്കുന്നില്ല. ബഹുമുഖമായ ദൗത്യങ്ങള്‍ വിപ്ലവകരമായ നിലയില്‍ നിര്‍വഹിച്ച ഒരു മഹാപരിഷ്‌കര്‍ത്താവ് തികച്ചും സ്വാഭാവികമായി തന്റെ സ്ഥലകാലങ്ങളുടെ ഫലമായി അകപ്പെട്ടുപോയ ഒരു പരിമിതി എന്ന നിലയിലേ അതിനെ മനസ്സിലാക്കേണ്ടതുള്ളൂ.

മഖ്ദി തങ്ങളുടെ ഈ വിഷയത്തിലുള്ള നിലപാടുകളെ ശ്രദ്ധാപൂര്‍വം പൊളിച്ചുപണിതുകൊണ്ടാണ് വക്കം മൗലവിയുടെ നേതൃത്വത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനം പിന്നീട് മുന്നോട്ടുപോയത്. വക്കം മൗലവിയുടെ ‘സ്വദേശാഭിമാനി’യില്‍ മുനമ്പം സ്വദേശിയും പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനുമായിരുന്ന പി.കെ മൂസാക്കുട്ടി സാഹിബ് സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടെഴുതിയ ലേഖനത്തെയും നാരിനരാഭിചാരി വിമര്‍ശനബുദ്ധ്യാ നോക്കുന്നുണ്ട്. എന്നാല്‍ പുസ്തകത്തിന്റെ ആദ്യപതിപ്പിലുണ്ടായിരുന്ന വിമര്‍ശനങ്ങളെ വളരെയേറെ നേര്‍പിച്ചുകൊണ്ടും പെണ്‍പള്ളിക്കൂട പ്രവേശത്തെ കുറെയൊക്കെ സാധൂകരിച്ചുകൊണ്ടുമാണ് രണ്ടാം പതിപ്പ് പുറത്തുവന്നത് എന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തുന്നുണ്ട്. നാരിനരാഭിചാരിയുടെ ഒന്നും രണ്ടും പതിപ്പുകള്‍ക്കിടയിലുള്ള കാലയളവില്‍ മഖ്ദി തങ്ങളും മൂസാക്കുട്ടി സാഹിബും തമ്മില്‍ നടന്ന തൂലികാസംവാദങ്ങള്‍ മഖ്ദി തങ്ങള്‍ സ്വന്തം നിലപാടുകള്‍ പുനഃപരിശോധിക്കുന്നതിലാണ് ചെന്നവസാനിക്കുന്നതെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. മൂസക്കുട്ടിക്കുത്തരം, മൂസാക്കുട്ടിക്കൊരു മൂക്കുകുത്തി തുടങ്ങിയവ മഖ്ദി തങ്ങള്‍ മൂസാക്കുട്ടി സാഹിബിനെ വിമര്‍ശിച്ചെഴുതിയ ലഘുകൃതികളാണ്. എന്നാല്‍ കാലം മുന്നോട്ടുപോയപ്പോള്‍ പള്ളിക്കൂട പ്രവേശനാഹ്വാനത്തെയും പടിഞ്ഞാറന്‍ സ്ത്രീവാദത്തെയും കൂട്ടിക്കുഴച്ച് മനസ്സിലാക്കേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് മഖ്ദി തങ്ങളും വളര്‍ന്നിരിക്കണം; അവ്വിഷയകമായ അദ്ദേഹത്തിന്റെ സന്നിഗ്ധതകള്‍ പൂര്‍ണമായി അവസാനിച്ചില്ലെങ്കിലും.

ഇസ്‌ലാഹീ പ്രസ്ഥാനം വ്യക്തിഗത ശ്രമങ്ങളിലൂടെയാണ് കേരളത്തില്‍ നാമ്പെടുത്തത്. അതൊരു സംഘടനയായി മാറുന്നത് പില്‍കാലത്താണ്. പരസ്പരം കണ്ടുമുട്ടുകയോ സംസാരിക്കുകയോ പോലും ചെയ്തിരിക്കണമെന്നില്ലാത്ത പരിഷ്‌കര്‍ത്താക്കള്‍ ചുറ്റുപാടുകളെ പുതുക്കിപ്പണിയുവാനുള്ള ശ്രമങ്ങളില്‍ ചില വിഷയങ്ങളിലെങ്കിലും വിഭിന്ന നിലപാടുകളുയര്‍ത്തുക സ്വാഭാവികമാണ്; ഒരാളുടെ തന്നെ നിലപാടുകള്‍ കാലക്രമേണ മാറിവരുന്നതും അതുപോലെ തന്നെ. അത്തരം സംവാദങ്ങളിലൂടെ സ്വയം നവീകരിച്ചുതന്നെയാണ് ഇസ്‌ലാഹീ മുന്നേറ്റം യാഥാര്‍ത്ഥ്യമായത്. ഇസ്‌ലാമിക പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട കാര്യങ്ങളെക്കുറിച്ചായിരുന്നില്ല, മറിച്ച് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാലിക പ്രവണതകളോട് സ്വീകരിക്കേണ്ട സമീപനങ്ങളെ സംബന്ധിച്ചായിരുന്നു ഗവേഷണാത്മകമായ ഈ അഭിപ്രായ ഭിന്നതകള്‍ എന്ന യാഥാര്‍ത്ഥ്യം ഇവിടെ മറന്നുകൂടാത്തതാണ്.

സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാൻ വക്കം മൗലവിയുടെ നേതൃത്വത്തിൽ സജീവമായ പരിശ്രമങ്ങളാണ്‌ മഖ്ദി തങ്ങളുടെ മരണത്തിന്‌ തൊട്ടുടനെയുള്ള വർഷങ്ങളിൽ നടന്നത്‌. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസാഭിവൃദ്ധിയുമായി ബന്ധപ്പെട്ട് വക്കം മൗലവിയുടെ അൽ ഇസ്‌ലാം മാസിക (1918 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ) ‌ഉന്നയിക്കുന്ന ഏറ്റവും സുപ്രധാനമായ വിഷയം പെണ്ണെഴുത്തിന് അന്നത്തെ ചില മലയാളി മുസ്‌ലിം പണ്ഡിതന്മാർ ഏർപ്പെടുത്തിയിരുന്ന വിലക്കാണ്. മുസ്‌ലിം സ്‌ത്രീ എഴുത്ത് പഠിക്കുന്നത് പ്രവാചകൻ വിലക്കിയിരിക്കുന്നു എന്ന അവരുടെ അവകാശവാദം വ്യാജമാണെന്നും പെണ്ണ് അക്ഷരം അഭ്യസിക്കണമെന്നാണ് യാഥർത്ഥത്തിൽ പ്രവാചകൻ നിർദേശിച്ചിട്ടുള്ളതെന്നും സ്ഥാപിച്ചുകൊണ്ട് ഒന്നാം ലക്കത്തിൽ ‘നമ്മുടെ സ്‌ത്രീകൾ’ എന്ന ലേഖനത്തിലെഴുതിയ ഖണ്ഡികകൾ വൻ ചർച്ചകൾക്ക് വഴിവെച്ചു. പെണ്ണക്ഷര വിരോധികൾ ആയിരുന്ന യാഥാസ്ഥിതിക മതപണ്ഡിതന്മാരെ ഇത് പ്രകോപിപ്പിക്കുകയും അവർ അൽ ഇസ്‌ലാമിനെതിരെ രംഗത്തുവരികയും ചെയ്തതിനെക്കുറിച്ച് തുടർ ലക്കങ്ങളിലെ വക്കം മൗലവിയുടെ എഴുത്തുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

സ്ത്രീകൾ എഴുത്ത്‌ പഠിക്കാൻ പാടില്ലെന്ന വിചിത്രമായ സങ്കൽപം കേരളീയ മുസ്‌ലിം സമൂഹത്തിൽ വ്യാപകമായിരുന്ന കാലത്ത്‌ അതിനെതിരിൽ വക്കം മൗലവി നടത്തിയ ബോധവൽകരണത്തിന്‌ സംഘടിതമായി തുടർച്ച നൽകിയത് 1922ൽ കൊടുങ്ങല്ലൂരിൽ സ്ഥാപിക്കപ്പെട്ട‌ കേരള മുസ്‌ലിം ഐക്യസംഘവും 1924ൽ ഐക്യസംഘം നേതാക്കൾ രൂപീകരിച്ച കേരള ജംഇയതുൽ ഉലമാഉം ആണ്‌. ഐക്യസംഘത്തിന്റെയും ജംഇയതുൽ ഉലമാഇന്റെയും പണ്ഡിതനേതൃത്വം ആയിരുന്ന, പിൽകാലത്ത്‌ 1950ൽ കേരള നദ്‌വതുൽ മുജാഹിദീൻ സ്ഥാപിക്കപ്പെട്ടപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റ്‌ ആയ വിശ്രുതനായ സലഫീ പരിഷ്കർത്താവ്‌ കെ എം മൗലവി സ്ത്രീകൾ‌ എഴുത്ത്‌ പഠിക്കുന്നത്‌ മതവിരുദ്ധമല്ലെന്ന് ഖുർആനും ഹദീഥും ഉദ്ധരിച്ച്‌ സ്ഥാപിക്കുന്നതിന്‌ മുന്നിൽ നിന്നു. ഐക്യസംഘവും ജംഇയതുൽ ഉലമാഉം ഇരുപതുകളിലും മുപ്പതുകളിലും സ്ത്രീസാക്ഷരതക്ക്‌ നൽകിയ പ്രോത്സാഹനത്തെ നഖശിഖാന്തം എതിർത്തത്‌ ‘വഹ്‌ഹാബീ’ ഐക്യസംഘത്തെ പുത്തനാശയക്കാരായി ചിത്രീകരിച്ച, അശ്‌അരീ-ശാഫിഈ പാരമ്പര്യം അവകാശപ്പെട്ടിരുന്ന യാഥാസ്ഥിതിക മുസ്‌ല്യാക്കന്മാർ ആയിരുന്നു. അവരുടെ സ്ത്രീവിദ്യാഭ്യാസവിരുദ്ധ വാദങ്ങൾക്ക്‌ മദ്‌ഹബുകളും ഹദീഥുകളും നിദാനശാസ്ത്രനിയമങ്ങളും ഉദ്ധരിച്ചുകൊണ്ട്‌ കെ എം മൗലവി നൽകിയ‌ വിശദമായ മറുപടി 1928 ഡിസംബർ ലക്കം അൽ ഇസ്‌ലാഹ്‌ മാസികയിൽ കാണാം. ഐക്യസംഘം വിരോധികളായ പണ്ഡിതന്മാർ ആണ്‌ 1926ൽ സമസ്ത കേരള ജംഇയതുൽ ഉലമാഅ് എന്ന് പേരിൽ സംഘടിതരൂപം ആർജ്ജിച്ചത്‌. പെണ്ണ്‌ എഴുത്ത്‌ പഠിക്കാൻ പാടില്ലെന്ന വാദത്തെ സമസ്ത ശക്തമായി ഉയർത്തിപ്പിടിച്ചു. ‘വഹ്ഹാബി’കളുടെ ‘ദുർവിലാസ നടപടികൾ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ സുന്ദരമായ വിശ്വാസത്തോട്‌ കേവലം മാറാകകൊണ്ട്‌ അവരുടെ വിശ്വാസനടപടികളോട്‌ പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നീ മുസ്‌ലിംകൾക്ക്‌ കേവലം പാടുള്ളതല്ല’ എന്ന് ‘തീർച്ചപ്പെടുത്തി’യ 1930 മാർച്ച്‌ 17ന്‌ മണ്ണാർക്കാട്‌ വെച്ച്‌ ചേർന്ന സമസ്തയുടെ വാർഷിക സമ്മേളനം, ‘സ്ത്രീകൾക്ക്‌ കയ്യെഴുത്ത്‌ പഠിക്കൽ ശറഇൽ മക്‌റൂഹാണെന്നും മറ്റും പലേ മഹാന്മാരായ ഉലമാക്കൾ തീരുമാനിച്ചിട്ടുള്ളതാകയാൽ അവർക്ക്‌ കയ്യെഴുത്ത്‌ പഠിക്കൽ പ്രത്യേകം പാടില്ലാത്തതാണെന്ന് ഈ യോഗത്തിൽ തീരുമാനിക്കുന്നു’ എന്നും പ്രഖ്യാപിച്ചു. പെണ്ണ്‌ എഴുതുന്നത്‌ മതവിരുദ്ധമാണെന്ന് സമസ്തക്കാരും അല്ലെന്ന് ഇസ്‌ലാഹീ പ്രസ്ഥാനക്കാരും വാദിച്ചുകൊണ്ടിരുന്ന ഈ കാലഘട്ടം കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വളരെ പ്രധാനപ്പെട്ടതാണ്‌‌.

(കെ. എൻ. എം പ്രസിദ്ധീകരിച്ച
മക്തിതങ്ങൾ: പ്രബോധകനും പരിഷ്കർത്താവും എന്ന പുസ്തകത്തിന്റെ രചയിതാവാണ് ലേഖകൻ)


Tags :


mm

Musthafa Thanveer